സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് തന്നെയാണ് മറ്റേതു രീതിയിലൂടെ കൈ വൃത്തിയാക്കുന്നതിലും ഫലപ്രദം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എങ്കിലും കൈ കഴുകാൻ സാധ്യമല്ലാത്ത സന്ദർഭങ്ങളിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാതെ നിർവാഹമില്ല. മാത്രവുമല്ല സാനിട്ടൈസർ ആകുമ്പോൾ രണ്ടു മണിക്കൂർ നേരം അത് കയ്യിൽ ഒരു സംരക്ഷണ കവചം പോലെ നിലനിൽക്കും. പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
70 ശതമാനമെങ്കിലും ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിട്ടൈസർ ആണ് അണുനശീകരണത്തിന് ഫലപ്രദം. വീര്യം കുറഞ്ഞതോ കിഡ്സ് ഫ്രണ്ട്‌ലി ആയവയോ അത്ര ഫലം ചെയ്യില്ല.
സാനിറ്റൈസർ പുരട്ടുന്നതിനു മുൻപ് കൈകളിൽ നനവുണ്ടെങ്കിൽ തുടച്ചുണക്കണം. 2019ൽ അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് നനവ് സാനിറ്റൈസറിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്നാണ്. നനവുള്ള കയ്യിൽ സാനിറ്റൈസർ പുരട്ടിയപ്പോൾ വൈറസ് നിർവീര്യമാക്കാൻ നാലു മിനിറ്റെടുത്തുവെന്ന് ജപ്പാനിൽ നടന്ന ഒരു പഠനം പറയുന്നു. പക്ഷേ, ഉണങ്ങിയ കയ്യിൽ സാനിട്ടൈസർ തിരുമ്മിയപ്പോൾ 30 മിനിറ്റിനുള്ളിൽ ഫലം കണ്ടു. വേഗത്തിൽ സാനിട്ടൈസർ പുരട്ടിയിട്ട് കാര്യമില്ല. ഉള്ളം കയ്യിലെടുത്ത് രണ്ടു കൈകളിലെയും എല്ലാ ഭാഗങ്ങളിലും നന്നായി പുരട്ടണം. ഉണങ്ങുംവരെ കൈകൾ കൂട്ടിത്തിരുമ്മണം. കയ്യിൽ എണ്ണയോ അഴുക്കോ പറ്റിപ്പിടിച്ചിരുന്നാലും സാനിറ്റൈസർ വേണ്ടത്ര ഫലപ്രദമാകാതെ വരാം. ചൂട്, തീ എന്നിവ തട്ടാതെ സാനിട്ടൈസറുകൾ സൂക്ഷിച്ചുവയ്ക്കണം.
ഹാൻഡ് സാനിറ്റൈസർ നിർമാണത്തിന് കടപ്പാട്
എം. ആർ. പ്രദീപ്
റിട്ട. ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ