Saturday 02 February 2019 03:59 PM IST

നൂറ്റിപ്പത്തു കിലോയും രോഗം തളർത്തിയ ശരീരവും; 22 കിലോ വരെ കുറച്ച് ഷാഹിന്റെ ഡയറ്റ് പോരാട്ടം

Asha Thomas

Senior Sub Editor, Manorama Arogyam

shahin

ഫാറ്റിലിവർ, പ്രമേഹപൂർവാവസ്ഥ, അമിതരക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങി ഒരുകൂട്ടം രോഗാവസ്ഥകളുടെ നടുവിലായിരുന്നു 2010ൽ ഷാഹിൻ. വൃക്കയിലെ കല്ലു നീക്കാൻ റോബട്ടിക് സർജറി നടത്തേണ്ടിവന്നു. കൈക്കുഞ്ഞായ മകൾ എറിനയെ ഒന്നെടുക്കാൻ സമ്മതിക്കാതെ, ഒന്നു പടി കയറാൻ അനുവദിക്കാതെ സന്ധികളും പണിമുടക്കിത്തുടങ്ങി. ചിലനേരങ്ങളിൽ പാനിക് അറ്റാക്ക് പോലും ഉണ്ടായി. വയസ്സ് 30 ആയിട്ടേയുള്ളു. തിരുവനന്തപുരം സ്വദേശിയായ ഷാഹിനും ഭാര്യ ഡോ. റജീനയും ജീവിതം തുടങ്ങിയതേയുള്ളു. ഇനിയും വണ്ണം കുറച്ചില്ലെങ്കിൽ ശരിയാകില്ല എന്ന് ഷാഹിന് വെളിപാടുണ്ടാകുന്നത് ശരീരഭാരം 110ൽ എത്തിനിൽക്കുന്ന ഘട്ടത്തിലാണ്.

ജീവിതശൈലി തന്നെയാണ് ഭാരം കൂടാൻ ഇടയാക്കിയത്. ആറടി രണ്ടിഞ്ച് ഉയരമുണ്ട് ഷാഹിന്. 20 വർഷം മുൻപ് കോളജിന്റെ പടി ഇറങ്ങുമ്പോൾ ഭാരം 76 കിലോയേ ഉണ്ടായിരുന്നുള്ളു. ജോലിസംബന്ധമായി ദുബായിലേക്ക് പോയതോടെ രണ്ടുവർഷം കൊണ്ട് 20 കിലോ കൂടി. യാത്രകൾ കൂടിയതോടെ ഭാരസൂചി മേൽപോട്ട് ഉയർന്നുകൊണ്ടിരുന്നു.; 96 കിലോ എന്നത് അഞ്ചുവർഷം കൊണ്ട് 110ൽ എത്തി കിതച്ചുനിന്നു.

ജീവിതശൈലി മാറിയേതീരൂ എന്നറിയാം. എന്നാൽ എട്ടുവർഷം മുൻപ് ഭാരം കുറയ്ക്കാൻ ഇപ്പോഴുള്ളത്ര വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഡോക്ടറെന്ന നിലയിലുള്ള അറിവും ഗവേഷണബുദ്ധിയും വച്ച് റജീന ഭർത്താവിനായി ഒരു വെയ്റ്റ് ലോസ് പ്ലാൻ തയാറാക്കി.

s1

ഭക്ഷണപ്രിയനാണ് ഷാഹിൻ. ഡയറ്റ് വല്ലാതങ്ങ് കർശനമാക്കിയാൽ തുടക്കത്തിലേ പരാജയപ്പെടും. അതുകൊണ്ട് ദിവസം ഒരുനേരം ആരോഗ്യകരമായി കഴിച്ചുതുടങ്ങി. ആദ്യം ഉച്ചഭക്ഷണം ഹെൽത്തിയാക്കി. പച്ചക്കറികളും പഴങ്ങളും പച്ചയ്ക്കോ പുഴുങ്ങിയോ കഴിച്ചുതുടങ്ങി. ഭാരം കാര്യമായി കുറഞ്ഞില്ലെങ്കിലും രുചിമുകുളങ്ങൾ പുതിയരുചിയുമായി കൂട്ടുകൂടിതുടങ്ങി. അടുത്തതായി അഞ്ചുദിവസം പോർഷൻ നിയന്ത്രണവും രണ്ട് ദിവസം ഇഷ്ടമുള്ളതെന്തും കഴിക്കാം എന്ന രീതിയും കൊ ണ്ടുവന്നു. കാലറി കുറഞ്ഞതും വയറ് പെട്ടെന്നു നിറയ്ക്കുന്നതുമായ ഭക്ഷണങ്ങൾ (പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ) തിരഞ്ഞെടുത്തു കഴിച്ചു. ഏതാനും ആഴ്ച കഴിഞ്ഞതോടെ ഷാഹിൻ സ്വയം ഭക്ഷണത്തിന്റെ അളവ് കുറച്ചുതുടങ്ങി. ചീറ്റ് ഡേ ആഴ്ചയിൽ ഒരുപ്രാവശ്യം മാത്രമാക്കി. പ്രധാനഭക്ഷണം അളവു കുറച്ച് മൂന്നു നേരം മാത്രം. രണ്ട് മൂന്ന് തവണ സ്നാക്സ് കഴിക്കും. പച്ചക്കറികൾ, പഴങ്ങൾ, പാൽ ഉൽപന്നങ്ങൾ, പ്രോട്ടീൻ, ധാന്യം എന്നീ വിഭാഗത്തിൽപെട്ട വിഭവങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തി. പ്ലേറ്റിന്റെ മുക്കാൽഭാഗവും പഴങ്ങളും പച്ചക്കറികളും പ്രോട്ടീനും എടുക്കും. കാൽഭാഗം ധാന്യവിഭവങ്ങൾ.. പലഹാരങ്ങളും ബ്രെഡുമൊക്കെ ഒരെണ്ണം, കൂടിപ്പോയാൽ രണ്ട്. ചോറ് നാല് ടേബിൾസ്പൂൺ മാത്രം. പാൽചായ, മോരുംവെള്ളം, ചീസ്, കൊഴുപ്പുനീക്കിയ തൈര് എന്നിങ്ങനെ പാൽ ഉൽപന്നങ്ങളും കഴിച്ചു. പുറത്തുപോയി ഭക്ഷണം കഴിക്കുന്നത് നിർത്തി. കഴിവതും വീട്ടിൽ തന്നെ ഡയറ്റനുസരിച്ച് ആരോഗ്യകരമായ രീതിയിലുള്ള പാചകം തുടങ്ങി.

കഴിക്കുന്ന രീതിയും മാറ്റി. ആദ്യം ഒരു ഗ്ലാസ്സ് വെള്ളം, പിന്നെ പഴങ്ങളും പച്ചക്കറികളും , ശേഷമാണ് ബാക്കി വിഭവങ്ങൾ കഴിക്കുക. സ്നാക്സെല്ലാം ആരോഗ്യകരമാക്കി. പഴങ്ങൾ, നട്സ്, വിത്തുകൾ എന്നിവ കൊറിച്ചുതുടങ്ങി, ബേക്കറി സ്നാക്സ് ഒഴിവാക്കി. രാവിലെ എട്ടിന് പ്രാതൽ കഴിഞ്ഞാൽ 11 മണിക്ക് സ്നാക് കഴിക്കും. ഒന്നരയ്ക്ക് ഊണ് കഴിഞ്ഞ് നാലരയ്ക്ക് അടുത്ത സ്നാക്. രാത്രിഭക്ഷണം എട്ടിനു മുൻപേ കഴിക്കും. പഴങ്ങളിൽ ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള ഏത്തപ്പഴം, സപ്പോട്ട, മാങ്ങ പോലുള്ളവ ഒഴിവാക്കി. ഒാറഞ്ച്, പേരയ്ക്ക, ഗ്രീൻ ആപ്പിൾ, മുസമ്പി, മാതളം എന്നിവ കൂടുതലായി കഴിച്ചു. മീനുകളിൽ തന്നെ മെർക്കുറി അളവു കുറഞ്ഞതും ഒമേഗ 3 ഫാറ്റി കൊഴുപ്പ് കൂടിയതുമായ മത്തി, അയല, കൊഴുവ എന്നിവ ഉപയോഗിച്ചു. ചുവന്ന മാംസം മാസത്തിലൊരിക്കലോ വിശേഷാവസരങ്ങളിലോ മാത്രമാക്കി.

s2

103 കിലോ എത്തുന്നതുവരെ കാര്യമായ വ്യായാമം ചെയ്തിരുന്നില്ല. ഷട്ടിൽ കളിക്കുമായിരുന്നെങ്കിലും മുട്ടുവേദനയും പേശികൾ കോച്ചിപ്പിടിക്കലും പതിവായിരുന്നു. 103 കിലോയെത്തിയപ്പോൾ സ്ഥിരമായി ഷട്ടിൽ കളിക്കാൻ തുടങ്ങി. ജോഗിങ്ങും ആരംഭിച്ചു. ബെംഗളൂരൂവിലെ ചില റണ്ണിങ് ഗ്രൂപ്പുകളുമായി ചെർന്ന് ആഴ്ചാവസാനങ്ങളിൽ ഒാടാൻ തുടങ്ങി. പതിയെ അതൊരു പാഷനായി. ഇപ്പോൾ മാരത്തണുകളിലൊക്കെ സ്ഥിരം പങ്കെടുക്കും. ഒാടിത്തുടങ്ങിയതോടെ വളരെ പെട്ടെന്നു തന്നെ ഭാരം കുറഞ്ഞുതുടങ്ങി. 6–8 മാസം കൊണ്ട് 88 കിലോയിലെത്തി. 97 കിലോ ആയപ്പോൾ മുതൽ കുറേശ്ശെ ഭാരമെടുത്തുള്ള വ്യായാമങ്ങൾ തുടങ്ങിയിരുന്നു. അതിനുശേഷം മുട്ടുവേദനയും കാൽ കോച്ചലും ശല്യപ്പെടുത്തിയില്ല.

ഭാരം കൂടിയ സമയത്ത് അരക്കെട്ട് അളവ് 44 ആയിരുന്നു. കാർബോഹൈഡ്രേറ്റ് കുറഞ്ഞ, പ്രോട്ടീൻ കൂടിയ ഭക്ഷണം വയറു കുറയാൻ സഹായിച്ചു. 50 എണ്ണം വീതം ആബ് ക്രഞ്ചസും 10 മിനിറ്റ് ഹൈ ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിങ്ങും ചെയ്യുമായിരുന്നു. ഇപ്പോൾ ആഴ്ചയിൽ 4–5 ദിവസം ഒാടാൻ പോകും. രണ്ട് ദിവസം ഭാരമെടുത്തുള്ള വ്യായാമങ്ങളും ചെയ്യും. ഇപ്പോൾ അരവണ്ണം 38 ഇഞ്ച് ആണ്.

മകൾ സ്വന്തം കാലിൽ നിൽക്കുംവരെയെങ്കിലും ആരോഗ്യത്തോടെയിരിക്കണമെന്നായിരുന്നു ഭാരം കുറച്ചുതുടങ്ങിയപ്പോൾ ഷാഹിന്റെ ചിന്ത. ജീവിതശൈലി ആരോഗ്യകരമായതോടെ രോഗങ്ങളും ക്ഷീണവും പാടേയകന്നു. ഈ മാറ്റം കണ്ട് പലരും ഉപദേശം തേടിയെത്താറുണ്ട്. ‘‘ഏതു സാഹചര്യത്തിലായാലും ബുദ്ധിപൂർവം കഴിക്കുക ശരീരഭാരം കൂടാതിരിക്കാൻ പ്രധാനമാണ്. ആരോഗ്യകരമായ ഒരു മീൽ പ്ലേറ്റിനെക്കുറിച്ച് ധാരണയുണ്ടായാൽ എവിടെ പോയാലും ശരിയായി കഴിക്കാനാകും. കാലറി കൂടുതൽ കഴിച്ചാൽ വ്യായാമം ചെയ്ത് അത് എരിച്ചുകളയാൻ ശ്രദ്ധിക്കണം’’.

ഷാഹിൻ പറയുന്നു.