Monday 20 April 2020 12:12 PM IST

ലിപ്‌സ്‌റ്റിക്കിനു പകരം ലിപ് ബാം, സൺസ്ക്രീൻ നിർബന്ധം: വേനലിലെ സൗന്ദര്യപരിചരണം അറിയേണ്ടതെല്ലാം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

lismi-bty

വേനല്‍ക്കാലത്തെ സൗന്ദര്യപരിചരണത്തെക്കുറിച്ച് മിക്കവർക്കും ധാരാളം സംശയങ്ങളുണ്ട്. കനത്ത സൂര്യതാപത്തില്‍ ചര്‍മം കറുത്ത് ‘ടാന്‍’ വരും, ചര്‍മത്തിന്റെ സ്‌നിഗ്ധതയും ഭംഗിയുമൊക്കെ പോയ്മറയും, ചൂടും വിയര്‍പ്പുമെല്ലാം ചേര്‍ന്നു മേക്കപ്പ് ഒലിച്ചുപോകും... വേനല്‍ അഴകിനു നേരേ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നിരവധിയാണ്. എന്നാല്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെ വേനലിനെ നേരിട്ടാല്‍ അഴകു പത്തരമാറ്റോടെ അവിടെത്തന്നെയുണ്ടാകും. സൗന്ദര്യപരിചരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം.

∙ വസ്ത്രധാരണത്തിലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കട്ടി കുറഞ്ഞ കോട്ടൻ വസ്ത്രങ്ങളാണ് വേനല്‍ക്കാലത്തു ധരിക്കാന്‍ അഭികാമ്യം. വായുസഞ്ചാരം ലഭിക്കുന്നത്ര അയവുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. ഇളംനിറങ്ങളാണു നല്ലത്. കടുംനിറങ്ങള്‍ ഒഴിവാക്കാം.

∙ സണ്‍സ്ക്രീന്‍ വേനലില്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. വീട്ടിലിരിക്കുന്ന സ്ത്രീകളും സണ്‍സ്ക്രീൻ പുരട്ടണം. സണ്‍സ്ക്രീന്‍ ലോഷനുകളാണ് വേനലില്‍ നല്ലത്. ക്രീം കുറച്ചുകൂടി കട്ടിയുള്ളവ ആയതിനാല്‍ അവ വേനലില്‍ ഒഴിവാക്കാം.

∙ വേനല്‍ക്കാലത്ത് , അതായത് ലോക് ഡൗൺ സമയത്ത് വീട്ടിലിരിക്കുമ്പോള്‍ മേക്കപ്പ് വേണോ? എന്നു ചിന്തിക്കാം. ചിലര്‍ക്കെങ്കിലും വീട്ടിലാണെങ്കിലും ചെറിയൊരു മേക്കപ്പ് ഇടാനിഷ്ടമാണ് അവർക്കു വേണ്ടിയാണ് പറയുന്നത്. മേക്കപ്പ് വളരെ നേര്‍ത്ത രീതിയില്‍ മതി. അതായത് െെലറ്റ് മേക്കപ്പ്. ഫൗണ്ടേഷന്‍ ഇടാെതയുള്ള മേക്കപ്പ് ആണ് ഉദ്ദേശിക്കുന്നത്. അവർ ഒരു സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടിയ ശേഷം ഒരു െെലറ്റ് ടാല്‍ക്കം പൗഡര്‍ കൂടിയിട്ടാല്‍ സിംപിള്‍ മേക്കപ്പ് ആയി. ഇതുകൊണ്ടു ചര്‍മത്തിനു ദോഷമൊന്നുമില്ല.

∙ ദിവസവും കുളി കഴിഞ്ഞു െെകകാലുകളിലും മുഖത്തും മോയ്‌സ്ചറൈസർ പുരട്ടുന്ന പതിവുണ്ടോ? അതു വേനലിലും തുടരാം. ചര്‍മം തിളങ്ങുമെന്നു പ്രത്യേകം പറയേണ്ടതില്ല. ഏതു സീസണിലും മോയ്സ്ച‌െെറസറിനെ മാറ്റിനിര്‍ത്തേണ്ടതില്ല.

∙ ദിവസവും തലയും മുടിയും കഴുകണമെന്നതാണ് വേനലില്‍ ഏറെ പ്രധാനപ്പെട്ട മറ്റൊരു കാര്യം. ദിവസവും ഒരു നേരം നിര്‍ബന്ധമായും കുളിക്കണം. തല നന്നായി കഴുകുകയും വേണം. തല വിയര്‍ക്കുന്നതു കൊണ്ട് ദിവസവും കഴുകാതിരുന്നാല്‍ തലമുടിക്കു ദുര്‍ഗന്ധമുണ്ടാകാം, തലമുടി കൊഴിയാം, പേന്‍ പോലുള്ള പ്രശ്നങ്ങളും വരാം. മറ്റൊരു കാര്യം എണ്ണ വേനല്‍ക്കാലത്തു മുടിയില്‍ അധികമായി ഉപയോഗിക്കുന്നതു നല്ലതല്ല എന്നതാണ്. മുടിയിലും തലയോടിലും വളരെ നേര്‍ത്ത രീതിയില്‍ എണ്ണ പുരട്ടിയാല്‍ മതി. അതും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം മതിയാകും.

∙ ഷാംപൂ ഉപയോഗിക്കാമോ എന്നൊരു സംശയം വരാം. ഒരാഴ്ചയില്‍ രണ്ടു തവണ ഷാംപൂ ഉപയോഗിക്കാം. ഷാംപൂവിനൊപ്പം കണ്ടീഷനറും കൂടി ചേര്‍ന്നുവരുന്നവ വാങ്ങാം. അല്ലെങ്കില്‍ കണ്ടീഷനര്‍ പ്രത്യേകമായി വാങ്ങിയാലും മതിയാകും. ഏതു സീസണില്‍ ആണെങ്കിലും ഷാംപൂ ഉപയോഗിക്കുന്നതിനൊപ്പം കണ്ടീഷനറും ഉപയോഗിക്കണം എന്നോർമിക്കുക.

∙ ഹെയര്‍ കളറിങ്ങും വാക്സിങ്ങുമൊക്കെ വേനല്‍ക്കാലത്തു ചെയ്യാമോ? എന്നു ചിലര്‍ക്കെങ്കിലും സംശയങ്ങളുണ്ട്. വേനല്‍ക്കാലത്ത് ഇതൊക്കെ ചെയ്യുന്നതിനു കുഴപ്പമില്ല. മൂന്നാഴ്ചയിലൊരിക്കൽ സാധാരണ പോലെ ഹെയര്‍ കളറിങ് ചെയ്യാം.

∙ ലിപ്സ്റ്റിക് വേനലില്‍ നിര്‍ബന്ധമാക്കേണ്ടതില്ല. ബ്രാന്‍ഡഡ് ആയ ലിപ് ബാം ഉപയോഗിക്കാം. അതു ചൂടു സമയത്ത് ചുണ്ടുകള്‍ക്ക് സംരക്ഷണം നല്‍കും.. ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന ലിപ് ബാമുകള്‍ക്കു ചെറിയ തോതില്‍ നിറവുമുണ്ട്. അതിനാല്‍ അവ ലിപ്സ്റ്റിക്കിനു പകരമായി തോന്നിക്കും. ലിപ് ബാമുകള്‍ ചുണ്ടുകളെ മോയ്സ്ച‌െെറസ് ചെയ്യും. ചുണ്ടുകള്‍ വിണ്ടുപൊട്ടാതെ ആരോഗ്യത്തോടെയിരിക്കും.

∙ കണ്ണുകളുടെ ആരോഗ്യവും വേനല്‍ക്കാലത്തു പ്രധാനമാണ്. വേനലില്‍ െഎ ബ്രോ പെന്‍സില്‍ ഉപയോഗിക്കുന്നതാണു നല്ലത്. പെന്‍സില്‍ രൂപത്തിലുള്ള െഎ െെലനര്‍ ഉപയോഗിക്കാം. ലിക്വിഡ് രൂപത്തിലുള്ള െഎ െെലനര്‍ വേണ്ട. െഎ ഷാഡോ, മസ്കാര ഇതൊക്കെ ഒഴിവാക്കുന്നതാണു നല്ലത്.

∙ അമിതമായി വിയര്‍ക്കുന്ന ശരീരപ്രകൃതമുള്ളവര്‍ കുളിക്കുന്ന വെള്ളത്തില്‍ അല്പം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ചേർക്കുന്നതു നല്ലതാണ്. മറ്റുള്ളവര്‍ക്കും ഇതു ചെയ്യാം. വിയര്‍പ്പുഗന്ധം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുന്നതിന് ഇതു സഹായിക്കും. വീട്ടിലിരിക്കുമ്പോള്‍ പെര്‍ഫ്യൂമുകളും ഡിയോഡറന്റുകളും ഉപയോഗിക്കേണ്ടതില്ല. അത്യാവശ്യ യാത്രകളില്‍ മാത്രം ഉപയോഗിച്ചാല്‍ മതി.

∙ മുഖം ഇടയ്ക്കു കഴുകി വൃത്തിയാക്കണം. മുഖം കഴുകുമ്പോള്‍ കുറച്ചു ഫ്രെഷ് ലുക് കൂടി കിട്ടുന്നതിനുള്ള ഒരു ടിപ് ഇതാ: മുഖം കഴുകുമ്പോള്‍ കുറച്ച് ഇടത്തരം പഞ്ചസാരത്തരികള്‍ അല്പം വെള്ളം കൂടി ചേര്‍ത്തു മുഖം കഴുകിയാല്‍ ചര്‍മം നാച്വുറല്‍ ആയി എക്സ്ഫോളിയേറ്റ് ചെയ്യും. ആദ്യം മുഖം കഴുകുക. പിന്നീട് പഞ്ചസാരത്തരികള്‍ മുഖത്തു തിരുമ്മിക്കഴുകുക. പിന്നീട് കുറച്ചു നാരങ്ങാനീരു കൂടി ചേര്‍ത്തു മുഖം കഴുകിയാല്‍ ഫ്രെഷ് ആയിരിക്കും.

∙ വേനലില്‍ ആഴ്ചയിലൊരിക്കല്‍ ഒരു െഫയ്സ് പായ്ക്ക് ഇടാം. ഒാട്സ് മിക്സിയിലടിച്ച് ചെറിയ തരികളാക്കുക. ഇതിലേക്ക് കുറച്ചു തേന്‍ കൂടി ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് ഒരു 15 മിനിറ്റ് മുഖത്തു പുരട്ടി വയ്ക്കാം. മുഖത്ത് വലിയുന്നതു പോലെ തോന്നുമ്പോള്‍ കഴുകിക്കളയാം.

∙ കിടക്കുന്ന മുറിയില്‍ നല്ല വെന്റിലേഷന്‍ വേണം. ഏസി ഉപയോഗിക്കുന്നതിനു തടസ്സമില്ല. അല്ലാത്ത സമയങ്ങളില്‍ ജനലുകളും വാതിലുകളും തുറന്നിട്ടു മുറിയില്‍ വായു സഞ്ചാരമുണ്ടാക്കണം.

∙ ലോക്ഡൗണ്‍ കാലത്ത് ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്ന സമയം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ സൗന്ദര്യവര്‍ധക പരീക്ഷണങ്ങളും പലരും കൂടുതലായി ചെയ്യുന്ന കാലമാണിത്. എന്നാല്‍ അശാസ്ത്രീയ പരീക്ഷണങ്ങള്‍ ചര്‍മത്തില്‍ ചെയ്യുമ്പോള്‍ അതു ഗുണത്തേക്കാളേറെ കൂടുതല്‍ ദോഷം ചെയ്യുമെന്നുകൂടി ചിന്തിക്കുക. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടുന്നതും നല്ലതാണ്.

∙ കാപ്പി, ചായ എന്നിവ അത്യാവശ്യത്തിനു മാത്രമേ കുടിക്കാവൂ. അതിനു പകരമായി പഴച്ചാറുകള്‍ ധാരാളം കുടിക്കാം. വെള്ളവും കുടിക്കാം. എണ്ണ കലര്‍ന്നതും വറുത്തതുമായ ആഹാരം ഒഴിവാക്കേണ്ട കാലമാണ്. വേനല്‍ക്കാലം നോണ്‍വെജ് ആഹാരങ്ങളും കഴിയുന്നത്ര കുറയ്ക്കുക. പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക.

വേനലില്‍ സൗന്ദര്യപരിചരണം എന്നത് ഏറെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. അതിനു വേണ്ടതൊക്കെ കൃത്യമായി ചെയ്യുക തന്നെ േവണം. അല്ലെങ്കില്‍ ചൂടുകാലം കടന്നുപോകുമ്പോള്‍ നമ്മുടെ ചര്‍മഭംഗിയും അക്കൂട്ടത്തില്‍ നഷ്ടമാകും.

വിവരങ്ങൾക്കു കടപ്പാട്

ഡോ. കുക്കു മത്തായി

കൺസൽറ്റന്റ് ഡെർമറ്റോളജിസ്‌റ്റ്

നെടുംചാലിൽ ട്രസ്‌റ്റ് ഹോസ്‌പിറ്റൽ

മൂവാറ്റുപുഴ

Tags:
  • Manorama Arogyam
  • Health Tips