Wednesday 31 March 2021 12:37 PM IST

അസ്ഥികൾക്ക് കരുത്തേകാൻ വൈറ്റമിൻ ഡിയും കാത്സ്യവും കാഴ്ചയ്ക്ക് വൈറ്റമിൻ എ: വാർധക്യത്തിലും ചുറുചുറുക്കോടെയിരിക്കാൻ കഴിക്കാം ഈ സപ്ലിമെന്റുകൾ

Asha Thomas

Senior Sub Editor, Manorama Arogyam

oldage423

പ്രായമാകുന്നതോടെ ഒാരോ അസുഖങ്ങളായി ശല്യത്തിനെത്തും. വായ്ക്കു കയ്പ്, രുചിക്കുറവ്, വിശപ്പില്ലായ്മ, ഗ്യാസ്, ദഹനപ്രശ്നങ്ങൾ, മലബന്ധം എന്നിങ്ങനെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ വേറെയും വരും. ഇതെല്ലാം വാർധക്യത്തിലെത്തിയവരിലെ പോഷകനിലയെ സാരമായി ബാധിക്കാം. പോഷകആവശ്യം ഏറെ ആവശ്യമായി വരുന്ന സമയമാണ് വാർധക്യം. രോഗങ്ങൾ തടയാനും പ്രായം ബാധിച്ച അസ്ഥികൾക്കു കരുത്തു പകരാനും ചുളിവു വീണുകൊണ്ടിരിക്കുന്ന ചർമത്തിന് മിനുക്കം കുറയാതിരിക്കാനുമൊക്കെ ഏറെ പോഷകങ്ങൾ വേണം. പക്ഷേ, അവയെല്ലാം ഭക്ഷണത്തിലൂടെ ലഭിക്കുകയെന്നത് വാർധക്യത്തിൽ അസാധ്യമായ കാര്യമാണ്. അതുകൊണ്ട് പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കാൻ കഴിയുന്നത്ര ശ്രമിക്കുന്നതോടൊപ്പം അത്യാവശ്യം ചില പോഷകങ്ങൾ സപ്ലിമെന്റുകളായി കഴിക്കാനും ശ്രദ്ധിക്കണം. വാർധക്യത്തിൽ അത്യാവശ്യം കഴിക്കേണ്ടുന്ന സപ്ലിമെന്റുകളെക്കുറിച്ചറിയാം.

വൈറ്റമിൻ ഡി

പ്രായമായവരിൽ ഏറ്റവും അത്യാവശ്യം വേണ്ടത് വൈറ്റമിൻ ഡിയാണ്. സാധാരണഗതിയിൽ സൂര്യപ്രകാശം നമ്മുടെ ചർമത്തിൽ പതിക്കുമ്പോൾ ശരീരത്തിൽ വൈറ്റമിൻഡി ഉൽപാദിപ്പിക്കപ്പെടും. പ്രായമേറുന്നതോടെ പുറത്തിറങ്ങലൊക്കെ കുറയുന്നതുകൊണ്ട് സൂര്യപ്രകാശമേൽക്കുന്നതും കുറയും. ഇതു വൈറ്റമിൻ ഡിയുടെ കുറവു വരാൻ ഇടയാക്കും. രക്തപരിശോധന വഴി വൈറ്റമിൻ ഡിയുടെ കുറവുണ്ടോ എന്നറിയാനാകും. വൈറ്റമിൻ ഡി 30 നും 100 നും ഇടയിലാണെങ്കിൽ ആരോഗ്യകരമാണ്. 30നും 20നും ഇടയിലാണെങ്കിൽ അപര്യാപ്തവും 20 നു താഴെയാണെങ്കിൽ വൈറ്റമിൻ ഡി അഭാവവും ആണ്.

അസ്ഥിവേദന, ക്ഷീണം നടുവിനും കൈക്കും കാലിനുമൊക്കെ വേദന, തളർച്ച എന്നിവയൊക്കെ വൈറ്റമിൻ ഡി അഭാവത്തിന്റെ സൂചനകളാണ്.

വൈറ്റമിൻ ഡി അപര്യാപ്തത ഉള്ളവർ സപ്ലിമെന്റുകൾ കഴിക്കുന്നതാകും ഉത്തമം. മാസത്തിലൊരിക്കൽ 60,000 IU വൈറ്റമിൻ ഡി ഗുളിക കഴിക്കാം. ഇത് ഗുളിക രൂപത്തിലും പൗഡർ രൂപത്തിലും ലഭിക്കും.

വൈറ്റമിൻ ബി കോംപ്ലക്സ്

പ്രായമായവർക്ക് മറ്റുള്ളവരേക്കാൾ ബി വൈറ്റമിനുകൾ ആവശ്യമാണ്. പല ബി വൈറ്റമിനുകളും സാധാരണ ഭക്ഷണം വഴി ശരീരത്തിനു ലഭിക്കും. ചിലത് നമ്മുടെ കുടലിലെ ബാക്ടീരിയയുടെ പ്രവർത്തനം മൂലം ഉൽപാദിപ്പിക്കപ്പെടുകയും അതു പിന്നീട് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. എന്നാൽ വാർധക്യമാകുമ്പോൾ വായ്ക്കു രുചിക്കുറവു മൂലവും വിശപ്പില്ലാത്തതുകൊണ്ടും പോഷകഭക്ഷണം ആവശ്യത്തിനു കഴിക്കാതെ വരാം. ബി12 പോലുള്ള ചില വൈറ്റമിനുകളുടെ ശരീരത്തിലേക്കുള്ള ആഗിരണം കുറയാം. ഇതെല്ലാം ബി വൈറ്റമിനുകളുടെ അഭാവത്തിന് ഇടയാക്കാം. ബി1 മുതൽ ബി12 വരെയുള്ള വൈറ്റമിനുകൾ നിശ്ചിത അനുപാതത്തിൽ ക്രമീകരിച്ച് തയാറാക്കുന്ന ബി കോംപ്ലക്സ് ഗുളികകൾ ബി വൈറ്റമിനുകളുടെ കുറവു നികത്താൻ സഹായിക്കും. വാർധക്യത്തിലെത്തിയവർക്ക് ഒരു ബി കോംപ്ലക്സ് ഗുളിക ഒരു ദിവസത്തേക്ക് കഴിക്കാം.

വൈറ്റമിൻ സി

വൈറ്റമിൻ സി പ്രതിരോധ വൈറ്റമിനാണ്.ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും അണുബാധകൾ തടയാനും ശരീരകലകളുടെ പുനർനിർമാണത്തിനും ഒക്കെ ഈ വൈറ്റമിനുകൾ അത്യാവശ്യമാണ്. വൈറ്റമിൻ സിയുടെ കുറവുണ്ടായാൽ മുറിവുണങ്ങാൻ താമസം വരിക, അടിക്കടി അണുബാധകൾ വരുക, മോണവീക്കവും മോണയിൽ നിന്നു രക്തസ്രാവവും വരുക എന്നീ ലക്ഷണങ്ങൾ കാണാം.

500 മി.ഗ്രാം വൈറ്റമിൻ ഗുളിക ഒരെണ്ണം വച്ച് ദിവസവും കഴിക്കാം. വൈറ്റമിൻ സി സപ്ലിമെന്റ് കഴിക്കുന്നവർ വെള്ളം നന്നായി കുടിക്കണം. നിർജലീകരണം വന്നാൽ വൈറ്റമിൻ സി ക്രിസ്റ്റൽ രൂപത്തിലായി മൂത്രക്കല്ലിന് ഇടയാക്കാം.

വൈറ്റമിൻ ഇ

ചർമത്തിന്റെയും രക്തക്കുഴലുകളുടെ ആരോഗ്യത്തിനും നല്ലത്. 400 ഗ്രാം വൈറ്റമിൻ ഇ ഗുളിക ദിവസവും ഒന്നു വീതം കഴിക്കാം.

വൈറ്റമിൻ എ

കാഴ്ചയുടെ വൈറ്റമിനാണ് വൈറ്റമിൻ എ. അഭാവം വന്നാൽ കണ്ണിൽ നിന്നും വെള്ളം വരിക, ചർമം ചൊറിഞ്ഞുതടിക്കുക എന്നീ പ്രശ്നങ്ങൾ വരാം. വൈറ്റമിൻ എ കാപ്സ്യൂളോ മീനെണ്ണ (ഫിഷ് ലിവർ ഒായിൽ) ഗുളികയോ ഏതെങ്കിലും ഒന്ന് ദിവസവും കഴിക്കാം.

കാൽസ്യം

നമ്മുടെ നാട്ടിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ള 80 ശതമാനം പേർക്കും അസ്ഥിയിലെ കാത്സ്യം കുറവായാണ് കാണുന്നത്. അസ്ഥിസാന്ദ്രത കുറയുന്ന ഒാസ്റ്റിയോപൊറോസിസ് രോഗത്തിന് ഇതു കാരണമാകാം. തന്മൂലം എളുപ്പം അസ്ഥി ഒടിയാനിടയാകാം. കാത്സ്യം കുറവുള്ളവർ വൈറ്റമിൻ ഡിയും കാത്സ്യവും കഴിക്കണം. പക്ഷേ, രണ്ടും ചേർന്ന് ഒറ്റ ഗുളികയായിട്ടു കഴിക്കുന്നതിലും പോഷകഗുണം ലഭിക്കുക രണ്ടു ഗുളികകളും വെവ്വേറേ കഴിക്കുമ്പോഴാണ്. 500 മി,ഗ്രാമിന്റെ കാത്സ്യം ഗുളിക ഒരെണ്ണം വീതം ദിവസവും കഴിക്കണം. വൈറ്റമിൻ ഡി മാസത്തിൽ ഒന്നു കഴിച്ചാൽ മതി.

ഒമേഗ 3 ഫാറ്റി ആസിഡ്

ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ അളവു കൂടുതലുള്ളവർ മാത്രം ഒമേഗ 3 ഫാറ്റി ആസിഡ് ഗുളിക കഴിച്ചാൽ മതിയാകും. സാധാരണഗതിയിൽ ദിവസവും 3000 യൂണിറ്റ് ആണ് കഴിക്കേണ്ടത്.

ഈ സപ്ലിമെന്റുകൾ കഴിക്കുന്നതോടൊപ്പം നാരുകൾ ധാരാളമുള്ള, നല്ല കൊഴുപ്പ് അടങ്ങിയ, പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. എങ്കിൽ വാർധക്യം തികച്ചും ആരോഗ്യപൂർണമായിത്തന്നെയിരിക്കും.

വിവരങ്ങൾക്ക് കടപ്പാട്

ഡോട ടി. എസ്. ഫ്രാൻസിസ്

പ്രഫസർ, മെഡിസിൻ വിഭാഗം

എംഒഎസ്‌സി മെഡി. കോളജ്, കോലഞ്ചേരി

Tags:
  • Manorama Arogyam
  • Health Tips