ഏപ്രിൽ തുടങ്ങിയതാടെ കേരളം കൊടിയചൂടിലേക്ക് നീങ്ങിത്തുടങ്ങി. പല ജില്ലകളിലും താപതരംഗം തന്നെഉണ്ടാകുന്നു. ചൂട് പതിവിലും 3 മുതൽ 4 വരെ ഡിഗ്രി സെൽഷ്യസ് ഒറ്റയടിക്കു വർധിക്കുന്ന അവസ്ഥയാണിത്. ഏതാണ്ട് 40ഡിഗ്രി താപനിലയുടെ മുകളിലേക്ക് കേരളം നീങ്ങുകയാണ്. ഈ ഉയർന്ന താപനില സൂര്യാതപവും സൂര്യാഘാതവും പോലെ പ്രത്യക്ഷത്തിലും പരോക്ഷമായി മറ്റു പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം.
*പ്രായമേറിയവരാണ് ചൂടിനെ ഏറ്റവും പേടിക്കേണ്ടവർ. അമിതമായ ചൂട് അവരിൽ നിർജലീകരണം മുതൽ ഹൃദയാരോഗ്യപ്രശ്നങ്ങൾ വരെ വരുത്താം.
•അമിതമായ അന്തരീക്ഷതാപനില മറ്റ് ഹൃദ്രോഗികളിലും ഹൃദയാരോഗ്യത്തെ ദുർബലപ്പെടുത്താം.
•ചൂട് പൊണ്ണത്തടിയുള്ളവരിൽ അസ്വാസ്ഥ്യം കൂട്ടും. ശരീരത്തിൽ നിന്നുള്ള താപത്തിന്റെ പുറന്തള്ളൽ സുഗമമാകാത്തതിനാലാണ് ഇതു സംഭവിക്കുന്നത്.
•തൈറോയിഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനമായ ഹൈപ്പർ തൈറോയിഡിസ മുള്ളവരിലും അമിത ചൂട് പ്രശ്നമുണ്ടാക്കാം.
• ചിലമരുന്നുകൾ കഴിക്കുന്നവരിൽ (മാനസിക രോഗം, പാർക്കിൻസോണിസം)
വിയർപ്പ് കുറയാറുണ്ട്. ഇത് അത്തരം രോഗികളിൽ ശരീരതാപനില പരിധിക്കുമുകളിൽ കൂടാൻ കാരണമാകും.
•സ്ക്ലീറോ ഡെർമ, സോറിയോസിസ് , എക്സിമ തുടങ്ങിയ ചർമരോഗങ്ങളും ചൂടുകൂടുന്ന സമയത്ത് വർദ്ധിക്കാം.
ഇത്തരം സാഹചര്യങ്ങളിലുള്ളവർ പകൽ രാവിലെ 9 നും വൈകിട്ട് നാലിനും ഇടയ്ക്കു സൂര്യപ്രകാശത്തിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണം
സൂര്യാഘാതം- പ്രഥമ ശുശ്രൂഷ

കൊടും ചൂടിൽ പകൽ പുറത്ത് അബോധാവസ്ഥയിലോ അർധബോധത്തിലോ ഒരാൾ തളർന്നുകിടക്കുന്നതു കണ്ടാൽ സൂര്യാഘാതമേറ്റതായി സംശയിച്ച് ഉടൻ തണലിലോ ചൂടില്ലാത്തതോ ആയ സ്ഥലത്തേക്ക് മാറ്റുക. തുടർന്ന് വസ്ത്രങ്ങൾ മാറ്റി തണുത്ത വെള്ളം ശരീരത്തിലൊഴിച്ച് തണുപ്പിക്കുക. തണുത്ത വെള്ളത്തിൽ കുതിർത്ത ടവലോ മറ്റോകൊണ്ട് ദേഹം പൊതിഞ്ഞാലും മതി. ഐസ് തുണിയിൽ പൊതിഞ്ഞ് കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നതും ഫലംചെയ്യും. കാറ്റ് ലഭിക്കാനുള്ള സൗകര്യങ്ങളും ചെയ്യാം. സൂര്യാഘാതം ഒരു അടിയന്തിര സാഹചര്യമായതിനാൽ തീവ്രപരിചരണത്തിനായി ഉടൻതന്നെ ആശുപത്രിയിലെത്തിക്കണം .
കടപ്പാട്:
ഡോ.ബി. പത്മകുമാർ