Thursday 15 April 2021 05:10 PM IST : By സ്വന്തം ലേഖകൻ

ദീർഘശ്വാസം എടുത്ത് പുറത്തുവിടാം, പേശികൾ മുറുക്കി അയയ്ക്കാം: ടെൻഷൻ കൂടി പഠിച്ചതു മറക്കാതിരിക്കാൻ ഈസി ടിപ്സ്

memory23423

മീനു വന്നത് അവളുടെ പ്ലസ് വൺ മോഡൽ എക്സാമിന് പഠിച്ചത്  ഒന്നും എഴുതാൻ സാധിച്ചില്ല എന്ന പരാതിയുമായിട്ടാണ്. നന്നായി പഠിച്ചിരുന്ന കുട്ടി പെട്ടെന്ന് പഠനത്തിൽ പിന്നോട്ടു പോയത് മാതാപിതാക്കൾക്കും ആശങ്കയുണ്ടാക്കി. അവൾക്ക് തന്റെ പഠനത്തിൽ അതിയായ ആശങ്കയുണ്ടായിരുന്നു. പഠനശൈലി ശരിയല്ല, മറ്റുള്ളവർ തന്നെക്കാൾ മികച്ചരീതിയിൽ പഠിക്കുന്നുണ്ട്, താനൊരു മോശം വിദ്യാർത്ഥിയാണ് തുടങ്ങിയ ആശങ്കകൾ അലട്ടിയിരുന്നു. ഈ ചിന്തകൾ അമിത ഉത്കണ്ഠയ്ക്കു കാരണമായി. അതോടൊപ്പം പരീക്ഷ പേപ്പർ കിട്ടിയപ്പോൾ ചില ചോദ്യങ്ങൾക്ക് ഉത്തരം അറിയില്ലല്ലോ എന്ന ഭയം മീനുവിന് അറിയുന്ന ഉത്തരങ്ങൾ പോലും എഴുതുന്നതിന് തടസ്സമായി. 

അമിതമായ ഉത്കണ്ഠ പലപ്പോഴും ഓർമയെ തകരാറിലാക്കും. പഠിച്ച കാര്യങ്ങൾ പോലും ഉദ്ദേശിക്കുന്ന രീതിയിൽ എഴുതി പ്രതിഫലിപ്പിക്കാൻ സാധിക്കാത്തതിന്  കാരണമായേക്കാം. ഇതു നെഗറ്റീവ് സ്ട്രെസ്സ് അല്ലെങ്കിൽ ഡിസ്ട്രസ് എന്ന് പറയാം.  പരീക്ഷയെക്കുറിച്ചുള്ള തെറ്റിധാരണയും ആത്മവിശ്വാസത്തിലെ കുറവുമാണ് വേണ്ടരീതിയിൽ പരീക്ഷ എഴുതാൻ മീനുവിന് പറ്റാതിരുന്നതിന് കാരണം. 

എന്നാൽ സമ്മർദത്തിനു പൊസിറ്റീവായ ഒരു വശം കൂടിയുണ്ട്. ഇതേ സമ്മർദം  നന്നായി പഠിക്കാനും വിദ്യാർഥികളെ സഹായിക്കുന്നു. 

പഠിക്കുന്ന വിഷയങ്ങളെക്കുറിച്ച് മനസ്സിലാക്കിയാൽ മാത്രം പോരാ, ആ വിഷയങ്ങൾ നമ്മുടെ ഓർമയിൽ സൂക്ഷിക്കുകയും പരീക്ഷാസമയത്ത് ഓർത്തെടുത്ത് എഴുതാനും സാധിക്കണം. അപ്പോൾ ഇവിടെ പ്രധാനമായും ഓർമയാണ് സുപ്രധാന ഘടകമായി കടന്നു വരുന്നത്.

പഠനരീതി  അറിഞ്ഞ് പഠിക്കാം

ഓരോരുത്തരുടെയും പഠനരീതികൾ വ്യത്യസ്തമായിരിക്കും. ചിലർ എഴുതി പഠിക്കും, ചിലർ വായിച്ചു പഠിക്കും, ചിലർ കേട്ട് പഠിക്കും. എന്നാൽ  യോജിക്കുന്ന ശൈലി  കണ്ടെത്തി ആ രീതിയിൽ പഠിക്കുന്നത് പഠിച്ചത് മറക്കാതിരിക്കാൻ സഹായിക്കുന്ന പ്രധാന കാര്യമാണ്. ഈ ശൈലി നിശ്ചയിക്കാൻ നിങ്ങൾ ഏതുതരം പഠിതാവാണ് എന്നു ആദ്യം കണ്ടെത്തണം. മൂന്നുതരം പഠിതാക്കളുണ്ട്.

1.വിഷ്വൽ ലേണേഴ്സ്: ചിത്രങ്ങളും ചാർട്ടുകളും ഗ്രാഫുകളുമൊക്കെ ഉപയോഗിച്ച്   പഠിക്കുവാൻ സാധിക്കുന്ന കുട്ടികളാണ് വിഷ്വൽ ലേണേഴ്സ്.  

2.വെർബൽ ലേണേഴ്സ്: വായിച്ചു പഠിക്കുന്നവരാണ് ഇക്കൂട്ടർ. ഭാഷ നന്നായി കൈകാര്യം ചെയ്യാൻ പറ്റുന്നവരും, അർത്ഥങ്ങൾ മനസ്സിലാക്കി വാക്കുകൾ വളരെ കൃത്യമായി ഉപയോഗിക്കുകയും അത് മനസ്സിലാക്കി പഠിക്കുകയും ചെയ്യുന്നു. ഇത്തരം പഠനശൈലി ഇഷ്ടപ്പെടുന്നവർ കവിതകളും കഥകളും ഒക്കെ നന്നായി ഓർത്തുവയ്ക്കാൻ പറ്റുന്നവർ ആയിരിക്കും .

3. ഓറൽ ലേണേഴ്സ്: കേട്ടു പഠിക്കുന്നവർ ആയിരിക്കും ഇക്കൂട്ടർ. അവർ പാട്ടുകളും  ശബ്ദങ്ങളും താളവും ഒക്കെ ഓർത്തുവയ്ക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും.

ഇതിൽ ഏതു രീതിയിലുള്ളവരാണോ നിങ്ങൾ, അതിനനുസരിച്ച് പഠനം മാറ്റിയാൽ  പഠനം കൂടുതൽ ഫലപ്രദമാക്കാം. മറവി കുറയുകയും ചെയ്യും.

 പരീക്ഷാ പഠനം എളുപ്പമാക്കാം

പഠനം എളുപ്പമാക്കാനും സൂക്ഷ്മമായി പഠിക്കാനും ഒാർത്തുവയ്ക്കാനും പരക്കെ അംഗീകരിക്കപ്പെട്ട ചില രീതികളുണ്ട്. അതിൽ പ്രധാനമായും ഉപയോഗിച്ച് വരുന്ന രീതികളാണ് SQ3R, KWL എന്നിവ. 

SQ3R: സർവേ (Survey)- പഠിക്കാനുള്ള വിഷയം, ഗ്രാഫുകൾ, ചിത്രങ്ങൾ എന്നിവ നിരീക്ഷിക്കുന്ന പ്രാഥമിക ഘട്ടം.

ചോദ്യങ്ങൾ (Questionnaire) -പാഠഭാഗങ്ങൾ നിരീക്ഷിക്കുന്നതിൽ നിന്നും നമ്മുടെ മനസ്സിലേക്ക് വരുന്ന ചോദ്യങ്ങൾ, സംശയങ്ങൾ എന്നിവ കുറിച്ചു വയ്ക്കുക 

വായന (Read) - എഴുതിവച്ച സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രദ്ധയോടുകൂടി പാഠഭാഗങ്ങൾ വായിക്കുക 

ഒാർത്തു നോക്കൽ (Recite)–  പഠിച്ചവ ഓർമയിൽ പതിഞ്ഞു എന്ന് ഉറപ്പു വരുത്താൻ ഓർത്ത് നോക്കുകയോ, എഴുതിവയ്ക്കുകയോ, മറ്റാരെയെങ്കിലും പറഞ്ഞു കേൾപ്പിക്കുകയോ ചെയ്യുക. 

വിലയിരുത്തൽ (Review): പഠിച്ച കാര്യങ്ങൾ ഒന്നും വിട്ടുപോയിട്ടില്ല എന്ന സ്വയം അവലോകനം നടത്തുക. ഓർത്തുവയ്ക്കാൻ  ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ വീണ്ടും പഠിക്കാൻ ശ്രദ്ധിക്കുക. 

പഠനം ഫലപ്രദമാക്കാം

∙ പഠനവിഷയങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക. പഠിക്കുന്ന വിഷയങ്ങളെക്കുറിച്ചും പരീക്ഷയുടെ ഫോർമാറ്റിനെക്കുറിച്ചും ധാരണ ഉണ്ടായിരിക്കുക.

∙ സമയബന്ധിതമായി പ്ലാൻ തയ്യാറാക്കുക.  ആ പ്ലാൻ പിന്തുടരുക. ശ്രദ്ധിക്കുക, ഒന്നും 100% കൃത്യമായി പിന്തുടരാൻ ആകില്ല. . അതുകൊണ്ട് വിവേകത്തോടെ പ്രായോഗികമായ പ്ലാനുകൾ തയാറാക്കുക.

∙പഠിക്കാൻ ഉള്ള സ്ഥലം മുൻകൂട്ടി തീരുമാനിക്കുക. പഠിക്കാനിരിക്കുന്ന സ്ഥലത്ത് ആവശ്യത്തിന് വായുവും വെളിച്ചവും ഉറപ്പാക്കുക. ഏകാഗ്രമായി പഠിക്കാൻ സാധിക്കുന്ന സ്ഥലം ആവണം. കഴിവതും ടിവി, മൊബൈൽ ഫോൺ എന്നിവ ശല്യം ചെയ്യാതെ നോക്കുക. കിടന്നോ, ചാരി ഇരുന്നോ പഠിക്കരുത്. നട്ടെല്ല് നിവർന്നിരുന്നു പഠിക്കുക.

∙ ഓർമ കൂട്ടുന്ന നിമോണിക്സ് (Mnemonics) രീതികൾ ശീലിക്കുക. ഉദാഹരണത്തിന് നോർത്ത് ഈസ്റ്റ് വെസ്റ്റ് സൗത്ത് എന്നതിന്റെ ഷോർട്ട് ഫോം ആണല്ലോ NEWS. അതുപോലെ VIBGYOR. ഇതൊക്കെ തന്നെ നിമോണിക്സ് ഉദാഹരണങ്ങളാണ്. വലിയ ഉത്തരങ്ങൾ  ചെറുവാക്കുകളായി ക്രോഡീകരിക്കുക. ഇതു മറവി കുറയ്ക്കും

∙പഠിക്കുന്ന കാര്യങ്ങൾ പലതവണ ആവർത്തിച്ചു പഠിക്കാൻ ശ്രമിക്കുക, എത്രത്തോളം റിവിഷൻ കൂടുതലായി ചെയ്യുന്നുവോ അത്രത്തോളം നമ്മുടെ ലോങ് ടേം  മെമ്മറിയിലേക്ക് വിവരങ്ങൾ ശേഖരിക്കപ്പെടുന്നു. അത് മികച്ച രീതിയിൽ പരീക്ഷ എഴുതാൻ സഹായിക്കുന്നു .

∙ഫ്ലാഷ് കാർഡ്, പഠനത്തെ നന്നായി സഹായിക്കുന്ന ഒരു ടെക്നിക് ആണ്. വിഷയത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കുകൾ (Key words), ഒരുവശത്തും, അതിന്റെ വിവരണം മറുവശത്തും എഴുതി സൂക്ഷിക്കുക. ശ്രദ്ധിക്കുക ഇത് അവസാനനിമിഷത്തിൽ ചെയ്യേണ്ട കാര്യമല്ല. പഠനപ്രക്രിയ നടക്കുമ്പോൾ തന്നെ ഫ്ലാഷ് കാർഡുകൾ എഴുതാൻ നമ്മൾ ശീലിക്കുക. ഇങ്ങനെ എഴുതുന്ന ഫ്ലാഷ് കാർഡിലെ  വാക്കുകൾ ഓർക്കുമ്പോൾ തന്നെ അതിനെ കുറിച്ചുള്ള വിവരണങ്ങൾ മനസ്സിലേക്ക് വരാൻ സഹായിക്കുന്നു. കാർഡുകളുെട നിറത്തിലോ രൂപത്തിലോ മാറ്റം വരുത്തി ഓരോ വിഷയങ്ങൾക്കും പ്രാധാന്യമർഹിക്കുന്ന രീതിയിൽ ക്രോഡീകരിച്ച് വച്ച് പഠിക്കാം. 

∙മൈൻഡ് മാപ്പ് ഉണ്ടാക്കി പഠിക്കുക. വിവരങ്ങൾ ദൃശ്യപരമായി ഓർഗനൈസ് ചെയ്യുന്ന ഒരു ഡയഗ്രമാണ് മൈൻഡ് മാപ്പ്. ഒരു വെള്ളപേപ്പറിൽ  ടോപ്പിക്കിനോട് ചേർന്നു വരുന്ന സബ് ടോപ്പിക്കുകളും അതിനോടനുബന്ധിച്ച് വരുന്ന വിവരണങ്ങളും സംയോജിപ്പിച്ച് ഒരു ഡയഗ്രമായി ചിത്രീകരിക്കുന്നു. ഇത്തരത്തിൽ പഠിക്കുന്നത് പരീക്ഷയിൽ പോയിന്റുകൾ വിട്ടുപോകാതെ എഴുതുവാൻ സഹായിക്കും.

∙അർത്ഥം മനസ്സിലാക്കി തന്നെ പഠിക്കുക. കാണാതെ പഠിക്കുന്നത് പലപ്പോഴും പരീക്ഷയ്ക്ക് സഹായിക്കാറില്ലേ.

∙കഥകളിലൂടെയും കവിതകളിലൂടെയും പഠിക്കുക. കവിതകൾ പോലെ ഈണത്തിലും താളത്തിലും പഠിക്കുന്നത് ഓർത്തുവയ്ക്കാൻ സഹായിക്കും .

പരീക്ഷയ്ക്കു പോകുമ്പോൾ

∙പരീക്ഷയോട് അടുത്ത ദിവസങ്ങളിൽ സ്ക്രീൻ ടൈം (പഠനാവശ്യങ്ങൾക്കല്ലാതെയുള്ള ടിവി, മൊബൈൽഫോൺ, ടാബ്‌ലറ്റ്, ലോപ്ടോപ് ഉപയോഗം) കുറക്കുക. ഇത് ഓർമയെ മെച്ചപ്പെടുത്തും.

∙ പരീക്ഷയ്ക്കു തൊട്ടുമുൻപ് പുതുതായി ഒന്നും പഠിക്കാൻ ശ്രമിക്കരുത്. ഇത് ദോഷം ചെയ്തേക്കാം.

∙പരീക്ഷയ്ക്ക് മുൻപുള്ള ദിവസങ്ങൾ നല്ല ഉറക്കം ശീലമാക്കുക. പരീക്ഷാസമയത്ത് ഓർമ നന്നായി പ്രവർത്തിക്കാൻ ഇതു സഹായിക്കും.

∙പരീക്ഷാദിവസങ്ങളിൽ ഭക്ഷണം ഒഴിവാകാതിരിക്കുക. പോഷകാഹാരവും
ശീലമാക്കുക.

മറവി മാറ്റാൻ റിലാക്സാവാം

പരീക്ഷ തുടങ്ങുന്നതിനു മുൻപുതന്നെ മനസ്സിനെ നന്നായി റിലാക്സ് ചെയ്താൽ പഠിച്ച കാര്യങ്ങൾ വെപ്രാളം കൊണ്ടു മറന്നു പോകാതു തടയാം രണ്ടു രീതികൾ പറയാം.

1. ഡീപ്  ബ്രീത്തിങ് ടെക്നിക്: 

∙ദീർഘമായി ശ്വാസം എടുത്ത് രണ്ട് മൂന്നു സെക്കന്റ് നേരം ഉള്ളിൽ നിർത്തുക.

∙സാവധാനം ആ ശ്വാസത്തെ പുറത്തേക്കു വിടുക.

∙ ആ ശ്വസനപ്രക്രിയയിൽ മാത്രം ശ്രദ്ധിച്ചിരിക്കുക. 

ഇത്തരത്തിൽ  മൂന്നു മുതൽ അഞ്ചു തവണ വരെ ചെയ്യാം. ഒന്നോ രണ്ടോ മിനിട്ടു മതിയാവും ഇതു പൂർത്തിയാക്കാൻ. പരീക്ഷയ്ക്കിടയിൽ പിരിമുറുക്കം അനുഭവപ്പെട്ടാലും ഇതു ചെയ്യാം.

2. മസ്കുലാർ റിലാക്സേഷൻ ടെക്നിക്:

ശരീരത്തിലെ പേശികളെ ഉപയോഗിച്ചുകൊണ്ട് സമ്മർദത്തെ കുറയ്ക്കുന്ന ഒരു റിലാക്സേഷൻ ടെക്നിക് ആണിത്. പേശികൾ നന്നായി വലിഞ്ഞു മുറുക്കി സാവധാനം അവ അയച്ചു വിടുന്നതാണ് രീതി. ഇത് സമ്മർദത്തെ കുറക്കാൻ സഹായിക്കുന്നു.

പരീക്ഷാഹാളിൽ ഇരുന്നുകൊണ്ടു തന്നെ ചെയ്യാൻ പറ്റുന്ന റിലാക്സേഷൻ ടെക്നിക്കുകൾ ആണ് എന്നതാണ് ഇവയുടെ മെച്ചം. ഇവ ചെയ്യുന്നതിലൂടെ ഓർമ കൂടുതൽ സജീവമായി മാറുന്നതും മനസ്സിലാക്കാനാവും.

ബർസ്ലീബി അലക്സ് ഡാനിയേല്‍

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

മന്ദിരം ഹോസ്പിറ്റൽ,

കോട്ടയം  

Tags:
  • Manorama Arogyam
  • Kids Health Tips