Monday 03 February 2020 12:29 PM IST

പട്ടിണി കിടന്നാൽ മാത്രം വണ്ണം കുറയില്ല; കഠിനമായ ഭക്ഷണ നിയന്ത്രണം നമുക്ക് നൽകുന്നത്; മറുപടി

Santhosh Sisupal

Senior Sub Editor

weight-loss മോഡൽ: സന

വണ്ണം കുറയ്ക്കാനായി നാട്ടു മരുന്നു കഴിച്ചയാൾ മരിച്ചതുപോലുള്ള സഭവങ്ങൾ ഇന്നു വിരളമല്ല. അശാസ്ത്രീയമായ വണ്ണം കുറയ്ക്കലുകൾ വലിയ അപകടം വിളിച്ചു വരുത്താറുണ്ട്. വണ്ണം കുറയ്ക്കുന്നതിനുവേണ്ടി പലരും ചെയ്തുകൂട്ടുന്ന അബദ്ധങ്ങൾ കാണുമ്പോൾ ചിലരെ ഉപദേശിക്കേണ്ടി വന്നിട്ടുണ്ട്, ‘‘ഇങ്ങനെ വണ്ണം കുറച്ച് ആരോഗ്യം കളയുന്നതിനേക്കാൾ വണ്ണം കുറയ്ക്കാതെ ഉള്ള ആരോഗ്യത്തോടെ ജീവിക്കുന്നതാണെന്ന്’’. ഇപ്പോൾ വിദഗ്ധ ഡോക്ടർമാർ പോലും പറയുന്നു. സത്യത്തിൽ വണ്ണമല്ല, അരവണ്ണം (വെയ്സ്റ്റ്) ആണ് കുറയ്ക്കേണ്ടത്. സ്ത്രീകളിൽ 80 സെ.മീ ഉം പുരുഷൻമാരിൽ 90 സെ.മീറ്ററുമാണ് ശരിയായ അളവ്. അരവണ്ണം ആ ആളവിലേക്ക് എത്തിക്കുകയാണ് ശരിയായ വണ്ണം കുറയ്ക്കൽ. വണ്ണം കുറയ്ക്കുന്നവർ പൊതുവെ ചെയ്തുകൂട്ടുന്ന അബദ്ധങ്ങളിലൊന്നാണ് പട്ടിണി കിടന്ന് വണ്മം കുറയ്ക്കുന്ന പരിപാ. ഇത് ശരീരത്തിനെ എങ്ങനെയാണ് ബാധിക്കുന്നത്, ശാസ്ത്രീയ അടിത്തറയെന്ത്?

1. ഭക്ഷണ നിയന്ത്രണം മാത്രം മതി വണ്ണം കുറയ്ക്കാൻ?

ഏറ്റവുമധികം പേർക്കുള്ള ഒരു വലിയ തെറ്റിദ്ധാരണയാണിത്. നമ്മുെട ശരീരത്തിന് ഹോമിയോസ്റ്റേസിസ് എന്ന സന്തുലന രീതിയുണ്ട്. ഇക്കാരണത്താൽ, മാറ്റം വരാനുള്ള ഏതു സാഹചര്യം വരുമ്പോഴും നിലവിലുള്ള അവസ്ഥ നില നിർത്താനായി ശരീരം പരിശ്രമിക്കും. വണ്ണം കുറയ്ക്കാൻ നമ്മൾ ശ്രമിക്കുമ്പോൾ ശരീരം എങ്ങനെയും ആ വണ്ണത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പരിശ്രമിക്കും.

ഭക്ഷണ നിയന്ത്രണം വരുത്തിയ ഉടനേതന്നെ ആദ്യം ശരീരം വിശപ്പിനെ കൂട്ടും. ഇതു വലിയ തോതിലുള്ള വിശപ്പായിരിക്കും. കുടലിൽ നിന്നുണ്ടാകുന്ന ഗ്രെലിൻ എന്ന ഹോർമോൺ കാരണമാണ് ഈ അസാധാരണ വിശപ്പ് രൂപപ്പെടുക. ഇങ്ങനെയുണ്ടാകുന്ന ശക്തമായ വിശപ്പിനെയും അതിജീവിച്ചു ഡയറ്റിങ് തുടർന്നാൽ അടുത്തതായി ശരീരം ഉപാപചയപ്രക്രിയയുടെ നിരക്ക് (േബസൽ െമറ്റബോളിക് റേറ്റ്) കുറച്ച് ഊർജവിനിയോഗം പരമാവധി ലാഭിക്കും. ഫലമായി ക്ഷീണം തളർച്ച, ഉൻമേഷക്കുറവ് തുടങ്ങിയവ അനുഭവപ്പെടും. നമ്മുെട പ്രവർത്തനങ്ങളെല്ലാം കുറയും. മടി ബാധിക്കും. അപ്പോഴും ശരീരഭാരം മാറ്റമില്ലാതെ നിലനിൽക്കും.

എന്നാൽ തുടർന്നും ഈ വ്യക്തി ശക്തമായ ഡയറ്റിങ് തുടരുകയാണെങ്കിൽ, ശരീരത്തിനാവശ്യമായ ഊർജം ഭക്ഷണത്തിൽ നിന്നും കിട്ടാതെ വരും. ആ സമയം ശരീരത്തിനുള്ളിൽ ശേഖരിച്ചുവച്ചിരിക്കുന്ന ഊർജം ഉപയോഗിക്കാൻ ശരീരം ശ്രമിക്കും.

സാധാരണ നമ്മൾ കരുതുന്ന പോലെ കൊഴുപ്പിൽ നിന്നായിരിക്കില്ല ഈ ഊർജമെടുക്കുന്നത്, മറിച്ച് പേശീകളിൽ നിന്നുള്ള പ്രോട്ടീനായിരിക്കും എടുക്കുക. അപ്പോൾ ശരീരം മെലിയും. പക്ഷേ കൊഴുപ്പു കുറയുകയുമില്ല.

ഇവിടെ മറ്റൊരു വലിയ പ്രശ്നം കൂടിയുണ്ട്, പേശികളാണ് ഒരു പരിധിവരെ, അമിതമായി കൊളസ്ട്രോൾ ഉണ്ടാകാതെ നോക്കുകയും പ്രമേഹസാധ്യത കുറയ്ക്കുകയും ബിപി നിയന്ത്രിക്കുകയുമൊക്കെ ചെയ്യുന്നത്. പ്രോട്ടീൻ ശരീരത്തിൽ കുറഞ്ഞ് മസിൽ മാസ് കുറഞ്ഞു കഴിഞ്ഞാൽ വളരെ വേഗം കൊളസ്ട്രോളും ബിപിയും പ്രമേഹവുമൊക്കെ വരാനോ നിലവിലുള്ളവർക്ക് അത് വഷളാകാനോ കാരണമാകും. ഇക്കാരണത്താൽ കഠിനമായ ഭക്ഷണനിയന്ത്രണം കൊണ്ടുമാത്രം വണ്ണം കുറയ്ക്കാൻ ശ്രമിക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്;

1.ഡോ. റോയ് ആർ. ചന്ദ്രൻ

അസോ.പ്രഫസർ

ഫിസിക്കൽ മെഡിസിൻ&

റീഹാബിലിറ്റേഷൻ.

ഇൻ–ചാർജ്, ഒബിസിറ്റി ക്ലിനിക്

ഗവ.മെ‍ഡി.കോളജ്, കോഴിക്കോട്

2. ഗീതു സനൽ

ചീഫ് ഡയറ്റീഷൻ

ജ്യോതി ദേവ്സ് ‌

ഡയബെറ്റിസ് സെന്റർ

തിരുവനന്തപുരം