മലയാളി സീരിയൽ പ്രേക്ഷകർ ആദ്യമായിട്ടാവും ഒരു വില്ലനെ ഇത്രയധികം ഇഷ്ടപ്പെടുന്നത്. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലെ മനു പ്രതാപ് എന്ന ഒരൽപം വില്ലത്തരമുള്ള നായകനെ അവതരിപ്പിക്കുന്ന യുവ കൃഷ്ണയെ പ്രേക്ഷകർ വളരെ പെട്ടെന്നാണ് സ്വീകരിച്ചത്... അഭിനയം കൊണ്ടു മാത്രമല്ല ശരീരസൗന്ദര്യം കൊണ്ടും യുവ ശ്രദ്ധനേടിക്കഴിഞ്ഞു. മോഡലിങ്, മാജിക് എന്നിങ്ങനെ ഒന്നിലധികം മേഖലകളിൽ തിളങ്ങുന്ന യുവ തന്റെ ഫിറ്റ്നസ്–ആരോഗ്യ രഹസ്യങ്ങൾ ‘മനോരമ ആരോഗ്യ’വുമായി പങ്കുവയ്ക്കുന്നു.
ഫിറ്റ്നസ് പ്രേമം
രണ്ടു വർഷം മുൻപ് ഒരു ഹെൽത് ക്ലബിനു വേണ്ടി ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടി. ഒരു വർഷത്തോളം വർക് ഔട്ടും ഡയറ്റും ചെയ്തിട്ടാണ് അങ്ങനെയൊരു മസിൽ ബോഡിയിലേക്കെത്തിയത്. വർക് ഔട്ടെന്നു പറയുമ്പോൾ പ്രധാനമായും വെയിറ്റ് ട്രെയിനിങ്ങായിരുന്നു, കാർഡിയോയും ചെയ്തിരുന്നു. ഫോട്ടോഷൂട്ടിന് മൂന്നു മാസം മുൻപ് വർക് ഔട്ട് കുറച്ചുകൂടി കഠിനമാക്കി. രാത്രിയിലും രാവിലെയും ഒക്കെ വർക് ഔട്ട് ചെയ്തു.
കാലറിയും കൊഴുപ്പും കുറഞ്ഞ ഭക്ഷണമാണ് കഴിച്ചിരുന്നത്. രാവിലെ കോൺഫ്ളേക്സ്, 11 മണിക്ക് ഫ്രൂട്സ്, ഉച്ചയ്ക്ക് രണ്ടു ചപ്പാത്തി, മൂന്നുമണിക്ക് ഗ്രീൻ സാലഡ്, വൈകുന്നേരം വീണ്ടും പച്ചക്കറികൾ, രാത്രി ഒാട്സ്. പ്രോട്ടീനിനു വേണ്ടി ദിവസം മൂന്നു തവണ അഞ്ച് മുട്ട വെള്ള വീതം കഴിച്ചിരുന്നു. കൂടാതെ വർക് ഔട്ട് സമയത്ത് പ്രോട്ടീൻ ഷേക്കും സപ്ലിമെന്റുകളും കഴിച്ചിരുന്നു.
മത്സരങ്ങൾക്കും ഷോകൾക്കുമൊക്കെയായി ബോഡി ഒരുക്കുന്നത് ഒരു ത്രില്ലാണ്. പണ്ടുമുതലേ ഞാൻ ഹെൽത് കോൺഷ്യസ് ആണ്. നല്ലൊരു ബോഡി ഫ്രെയിം വേണമെന്ന് വലിയ ആഗ്രഹമായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴേ വർക് ഔട്ട് തുടങ്ങി. സ്കൂൾ കഴിഞ്ഞുവന്നിട്ട് വൈകുന്നേരം ഒരു മണിക്കൂറോളം വർക് ഔട്ട് ചെയ്തിരുന്നു.
ഫിറ്റ്നസ് പ്രേമം കൊണ്ട് ഒാൺലൈനായി ഫിറ്റ്നസ് ട്രെയിനറുടെ ഡിപ്ലോമ കോഴ്സ് ചെയ്തു. ഇപ്പോൾ ബിഗിനർ ലെവൽ ട്രെയിനറാണ്. സീരിയൽ ഷൂട്ട് ഉള്ളതുകൊണ്ട് പഴയതുപോലെ ജിം വർക് ഔട്ടിനൊന്നും സമയം കിട്ടാറില്ല. എന്നുകരുതി വ്യായാമം മുടക്കാറില്ല. ജിമ്മില്ലെങ്കിലെന്താ, കിട്ടുന്ന സമയത്ത് വീട്ടിൽ തന്നെ കാർഡിയോ–ഫ്ളോർ എക്സർസൈസ് ചെയ്യും.
കാലറി ഡെഫിസിറ്റ് ഡയറ്റ്
മത്സരങ്ങളില്ലാത്തപ്പോൾ കർശനമായ ഭക്ഷണനിയന്ത്രണമൊന്നുമില്ല. എന്നാൽ, അത്ര ഫൂഡിയുമല്ല. കൃത്യമായി എല്ലാ നേരവും ഭക്ഷണം കഴിക്കണമെന്നു നിർബന്ധമില്ല. ചില പ്രത്യേക ഭക്ഷണമേ കഴിക്കുകയുള്ളു എന്ന വാശിയുമില്ല. വിശക്കുമ്പോൾ മാത്രമാണ് കഴിക്കുക, അതു മിതമായിട്ടായിരിക്കും. ഡയറ്റ് ചെയ്യുമ്പോൾ കാലറി നിയന്ത്രണത്തിനാണ് പ്രാധാന്യം കൊടുക്കുക. നമ്മളെത്ര കാലറി ഭക്ഷണം കഴിക്കുന്നുവോ അതിനേക്കാൾ 500–600 കാലറി വർക് ഔട്ട് ചെയ്ത് എരിച്ചു കളയണം. അപ്പോൾ നമ്മുടെ ശരീരഘടനയും ഭാരവും എങ്ങനെയാണോ അത് അതേപടി നിലനിർത്താനാകും.
എന്റെ ഉയരത്തിനും ബോഡി ടൈപ്പിനും അനുസരിച്ചുള്ള നോർമൽ ശരീരഭാരം 74–77 കിലോയാണ്. ഇപ്പോൾ 75 കിലോയാണ് ഭാരം. ഉയരം അഞ്ചടി 11 ഇഞ്ചും.
കീറ്റോ ഡയറ്റ് വേണ്ട
വറുത്ത ഭക്ഷണം, ഫാസ്റ്റ് ഫൂഡ് ഇവ എന്റെ ബ്ലാക്ക് ലിസ്റ്റിലാണ്. കംപ്ലീറ്റ് ഒഴിവാക്കുമെന്നല്ല. വല്ലപ്പോഴുമുള്ള രുചിച്ചുനോക്കലേയുള്ളു. കീറ്റോ ഡയറ്റിനോട് എതിർപ്പൊന്നുമില്ല. പക്ഷേ, എല്ലാ ബോഡി ടൈപ്പിനും കീറ്റോ ഇണങ്ങില്ല. ദീർഘകാലത്തേക്ക് എടുക്കുന്നതും നല്ലതല്ല. ചെറിയ സമയം കൊണ്ട് വലിയ അളവു ഭാരംകുറയ്ക്കലാണ് കീറ്റോ ഡയറ്റിൽ നടക്കുന്നത്. അത് സ്വാഭാവികമായ ഒരു സംഗതിയല്ലല്ലൊ?