Friday 19 March 2021 03:04 PM IST

ഉടുതുണിയുരിഞ്ഞു; പക്ഷേ മാസ്ക് ധരിച്ചു: കോവിഡിനെ തോൽപിക്കാൻ നഗ്നതയുടെ സ്വാതന്ത്ര്യം

Baiju Govind

Sub Editor Manorama Traveller

spencer ph4

ലോകം വീണ്ടും സ്പെൻസർ ടൂണിക്കിനെ കുറിച്ചു ചർച്ച ചെയ്യുന്നു. കോവിഡ് പ്രതിരോധത്തെയും അദ്ദേഹം ക്രിയാത്മകതയ്ക്കു വിഷയമാക്കി. വസ്ത്രം മുഴുവൻ അഴിച്ചെറിഞ്ഞവർ മാസ്ക് ധരിച്ച് ക്യാമറയ്ക്കു പോസ് ചെയ്തു. യുകെയിലെ അലക്സാൻഡ്ര കൊട്ടാരത്തിനു മുന്നിലായിരുന്നു ഫോട്ടോ ഷൂട്ട്. ‘ജീവൻ ഉറപ്പാക്കുന്ന സ്വാതന്ത്ര്യം’ എന്നാണു പുതിയ ഇൻസ്റ്റലേഷന്റെ വിശേഷണം. ‘നഗ്നരായി മനുഷ്യർ തോളോടു തോൾ ചേർന്നു, അവരുടെ ചർമങ്ങൾ ഉരസി. ഒരുപക്ഷേ, മുൻപ് ഒരിക്കൽപ്പോലും സംഭവിച്ചിട്ടുള്ളതിനെക്കാൾ കൂടുതൽ അടുപ്പത്തോടെ’ ഇൻസ്റ്റലേഷൻ പൂർത്തിയാക്കിയ ശേഷം ഫോട്ടോഗ്രഫറുടെ പ്രതികരണം ഇങ്ങനെ.

spencer ph2

കോവിഡ് വ്യാപനത്തിനു ശേഷം സ്പെൻസർ ടൂണിക്കിന്റെ ആദ്യത്തെ ഇൻസ്റ്റലേഷനായിരുന്നു അലക്സാൻഡ്ര കൊട്ടാരത്തിനു മുന്നിലേത്. ലോകപ്രശസ്തനായ നൂഡ് ഫൊട്ടോഗ്രഫറുടെ ഇരുനൂറ് ആരാധകരാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇൻസ്റ്റലേഷനിൽ പങ്കെടുത്തത്. ‘സ്കൈ ആർട്സ്’ എന്ന സ്ഥാപനമാണ് ഇക്കുറി സെപൻസറിനു വേണ്ടി ഇൻസ്റ്റലേഷൻ ഒരുക്കിയത്. കൊട്ടാരത്തിനു മുന്നിലെത്തിയ ആളുകളെ കോവിഡ് മാനദണ്ഡപ്രകാരം ശരീരോഷ്മാവ് പരിശോധിച്ചു. രോഗ ലക്ഷണം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം അവർ വസ്ത്രങ്ങളഴിച്ചു. മൈനസ് ഡിഗ്രി താപനിലയുള്ള പ്രഭാതത്തിൽ അവർ കുളിരിനെ മറികടന്ന് ‘പിറന്ന പടി’ നിന്നു. രണ്ടു മണിക്കൂർ നീണ്ട ഇൻസ്റ്റലേഷനിൽ‌ പങ്കെടുത്തവർക്കു സ്പെൻസർ നന്ദി പറഞ്ഞു. ‘‘കോവിഡ് മഹാമാരി സാംസ്കാരിക മേഖലയ്ക്ക് വെല്ലുവിളി ഉയർത്തി. ഇവിടെ എത്തിയ കലാപ്രതിഭകൾ സാഹചര്യങ്ങളെ മറികടക്കാനുള്ള ശ്രമമാണു നടത്തിയത് ’’ പ്രതിസന്ധികൾ മറികടക്കാനുള്ള പ്രചോദനമാണ് പുതിയ ഇൻസ്റ്റലേഷനെന്നു അദ്ദേഹം പ്രതികരിച്ചു. സ്പെൻസറുടെ ഇൻസ്റ്റലേഷനിൽ മുൻപ് പങ്കെടുത്തിട്ടുള്ളവരാണ് ഇക്കുറിയും ഇൻസ്റ്റലേഷനിൽ പോസ് ചെയ്തത്. വീണ്ടും സ്വാതന്ത്ര്യം ആസ്വദിച്ചെന്ന് അവർ പറയുന്നു. പൊതുവഴിയിൽ നഗ്നരാകുന്നവർ മറ്റുള്ളവരെ വസ്ത്രത്തിന്റെ മേന്മ നോക്കി അളക്കില്ല’’ – നൂഡ് ഇൻസ്റ്റലേഷനിൽ പങ്കെടുത്തവർ പറഞ്ഞു.

spencer ph1

നൂറു കണക്കിന് ആളുകളെ നഗ്നരാക്കി ഇൻസ്റ്റലേഷൻ ഒരുക്കുന്ന ലോകപ്രശസ്ത ഫൊട്ടോഗ്രഫറാണ് അമേരിക്കയിൽ ജനിച്ച സ്പെൻസർ ടൂണിക്. ഫോട്ടോ–വ്യൂവർ ഫ്രാഞ്ചൈസി നടത്തിയിരുന്ന അച്ഛനിൽ നിന്നു ഫൊട്ടോഗ്രഫിയുടെ ബാലപാഠങ്ങൾ മനസ്സിലാക്കിയ ശേഷം ലണ്ടനിൽ എത്തിയപ്പോഴാണ് സ്പെൻസർ നൂഡ് ഫൊട്ടോഗ്രഫിയിലേക്കു തിരിഞ്ഞത്. ഇരുപതിലേറെ ആളുകളെ ബസ് േസ്റ്റാപ്പിൽ നഗ്നരാക്കി നിർത്തിയ സ്പെൻസർ നൂഡ് ഫൊട്ടോഗ്രഫിക്ക് പുതിയ സമവാക്യങ്ങളുണ്ടാക്കി.

spencer ph3

ഫാഷൻ ഫൊട്ടോഗ്രഫി എന്ന വാക്ക് ഒരിക്കലും അദ്ദേഹം ഉപയോഗിച്ചില്ല. നഗ്നശരീരങ്ങൾ ഉപയോഗിച്ചുള്ള ഇൻസ്റ്റലേഷനാണ് തന്റെ സൃഷ്ടിയെന്നു വിശദീകരിച്ചു. പിൽക്കാലത്ത് നൂറു കണക്കിനാളുകൾ സ്പെൻസറുടെ ക്യാമറയ്ക്കു വേണ്ടി നഗ്നരാവാൻ രംഗത്തെത്തി. അമേരിക്കയിലും യൂറോപ്പിലുമായി എഴുപത്തഞ്ച് ഇൻസ്റ്റലേഷനുകൾ ഒരുങ്ങി. ഇപ്പോൾ ശതകോടികളാണ് അൻപത്തിനാലു വയസ്സുകാരനായ സ്പെൻസറുടെ സൃഷ്ടികളുടെ മൂല്യം.

Tags:
  • Manorama Traveller