Thursday 08 February 2018 04:28 PM IST

കല്ലുകളിൽ കഥകളുമായി ബദാമി!

Baiju Govind

Sub Editor Manorama Traveller

bhadhami10 Photo: Harikrishnan

വലിയ പാറ തുരന്നു ചെങ്കല്ലിനെ കഷണങ്ങളാക്കി ചാലൂക്യ രാജാക്കന്മാർ കോട്ടയും ക്ഷേത്രങ്ങളും നിർമിച്ചു. ഗുഹാക്ഷേത്രങ്ങളുടെ ഉള്ളറകളിൽ ക്യാമറയുടെ ഫ്ളാഷ് മിന്നിയപ്പോൾ പുതുലോകം മുന്നിൽ തെളിഞ്ഞു..

ബിജാപ്പുർ ഹൈവേയുടെ ഇരുവശ ത്തും പൂത്തു നിൽക്കുന്ന പരുത്തിച്ചെടികളിൽ പുലർകാല സൂര്യൻ സ്വർണം വിതറി.  കൊയ്ത്തു കഴിഞ്ഞ ചോളപ്പാടങ്ങളിലൂടെ മണ്ണിളക്കി കുതിച്ചു പായുകയാണ് ഉഴവുകാളകൾ. ഒക്കത്തു പ്ലാസ്റ്റിക് കുടങ്ങളുമായി ചെടികൾക്കു വെള്ളം നനയ്ക്കുന്ന പെണ്ണുങ്ങൾ പാടവരമ്പത്ത് ഓടിനടക്കുന്നു. കറുത്ത മണ്ണിനെ രണ്ടായി പകുത്ത റോഡിൽ വാഹനങ്ങൾ നന്നേ കുറവ്. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന സൂര്യകാന്തിത്തോട്ടങ്ങൾക്കു നടുവിലെ യാത്രയിൽ കാറിന്റെ വേഗതയ്ക്ക് ആവേശം കൂടി. ഇത്രയും കാലം എന്തുകൊണ്ടാണു നമ്മൾ ഈ വഴിക്കു വരാതിരുന്നത്...?  ബദാമിയിലേക്കുള്ള യാത്രയിൽ ഇതായിരുന്നു ആലോചന.

ഹുബ്ലിയിൽ നിന്നു പുറപ്പെട്ടാൽ ഒരു ചായ യെങ്കിലും കിട്ടണമെങ്കിൽ റോണയിലെത്തണം. ഇവിടെ നിന്നാണു ബദാമിയിലേക്കു വഴി തിരിയുന്നത്. ‘ബനശങ്കരിയമ്മൻ’ ക്ഷേത്രത്തി ൽ കയറി അനുഗ്രഹം വാങ്ങിയിട്ടു വേണം ചാലൂക്യൻമാരുടെ കോട്ടയിലേക്കു പോകാനെന്ന് ഡ്രൈവർ വീരേഷ് പറഞ്ഞു. ഹുബ്ലിയിൽ ജനിച്ചവരുടെ വിശ്വാസങ്ങളിൽ വരദായിനിയാണ് ബനശങ്കരി.

bhadhami6 ഇടതുകാലുയർത്തി വലതുകാലിൽ നിന്ന് അനുഗ്രഹം ചൊരിയുന്ന മഹാവിഷ്ണുവിന്റെ ശിൽപ്പം.

കൽത്തൂണുകൾ കൊണ്ടു ചുറ്റു മതിൽ കെട്ടിയ തീർഥക്കുളക്കരയിലാണ് ബനശങ്കരീക്ഷേത്രം. കരിങ്കല്ലിൽ നിർമിച്ച മുഖമണ്ഡപവും ശിലാ ചിത്രങ്ങൾ ആലേഖനം ചെയ്ത സ്തൂപങ്ങളുമുള്ള അമ്പലമാണിത്. ബനശങ്കരിയമ്മയ്ക്കു നിവേദ്യമർപ്പിക്കുമ്പോൾ സ ന്ദർശകർക്കു ശ്രീകോവിലിനകത്തു കയറാം. ആറടി ഉയരമുള്ള ദേവീവിഗ്രഹത്തിനു മുന്നിൽ, പൂജാരികൾക്കു തൊട്ടു പിന്നിൽ നിന്നു ബനശങ്കരിയെ കണ്ടു വണങ്ങാം. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഈ കീഴ് വഴക്കം ചാലൂക്യന്മാരുടെ കാലം മുതൽ മാറ്റമില്ലാതെ തുടരുന്നു. ‘ക്യാമറയുമായി ശ്രീകോവിലിൽ കയറരുത്’ എന്നതൊഴികെ മറ്റൊരു നിയന്ത്രണങ്ങളുമില്ല. ശത്രുനിഗ്രഹത്തിനു സംഹാരരുദ്രയായി അവതരിക്കുന്ന ബനശങ്കരി പണ്ട് ഇവിടെ പ്രത്യക്ഷപ്പെട്ടുവെന്ന് ഐതിഹ്യം. ചുറ്റമ്പലത്തിനു മുന്നിൽ ദേവിയുടെ കാൽപ്പാടുകൾ പതിഞ്ഞ ഒരു ശിലയുണ്ട്. പാദസ്പർശ സ്ഥാനത്തു വഴിപാടുകളർപ്പിക്കാൻ ദൂരദേശങ്ങളിൽ നിന്നുള്ളവർപോലും ഇവിടെയെത്തുന്നു.

പഴക്കം 1400 വർഷം

ബങ്കൽകോട്ട് ജില്ലയിലേക്കു വണ്ടി നീങ്ങി. ‌വീ തി കുറവാണെങ്കിലും നല്ല വഴി. പച്ചക്കറികളുമായി നീങ്ങുന്ന കാളവണ്ടികളെ മറികടന്നു മുന്നോട്ടു പോകുമ്പോൾ കാലം കുറച്ചു പിന്നിലേക്കു നീങ്ങിയ പോലെ...! അരിച്ചോളവും കുലച്ചോളവും പരുത്തിയും കൃഷി ചെയ്യുന്ന പാടങ്ങൾക്കിടയിലൂടെയാണ് റോഡ്. കടന്നു വന്ന അറുപതു കിലോമീറ്റർ കാഴ്ചയുടെ തനിയാവർത്തനങ്ങളായിരുന്നു. എങ്കിലും കണ്ണിനു മടുപ്പു തോന്നിയില്ല. വാകമരങ്ങൾ തണൽ വിരിച്ച റോഡിലേക്കു തിരിയുന്നിടത്ത് ‘ബദാമി’ എന്നെഴുതി ചൂണ്ടുപലക നാട്ടിയ ബോർഡുണ്ട്. ജിലേബിയും ലഡുവും മറ്റു മധുരപലഹാരങ്ങളും നിരത്തി വച്ച ചന്തയിലേക്കാണ് ചെന്നു കയറുന്നത്.

പാളത്താറും വെളുത്ത തൊപ്പിയുമണിഞ്ഞ പുരുഷന്മാർ. മുഖം കാണാൻ പറ്റാത്തവിധം മൂക്കുത്തിയും കമ്മലും തൂക്കിയ പെണ്ണുങ്ങൾ. കന്നഡയിലും ഹിന്ദിയിലും വിലപേശുന്ന  കച്ചവടക്കാരും ചിന്തുകടകളും... ചാലൂക്യന്മാരുടെ തലസ്ഥാന നഗരമായിരുന്ന ‘വാതാപി ബദാമി’യുടെ കവാടത്തിൽ ഇന്നത്തെ കാഴ്ചകൾ ഇങ്ങനെ.

bhadhami3

കത്തിജ്ജ്വലിക്കുന്ന സൂര്യനെ തൊടുംവണ്ണം പൊക്കത്തിൽ നിൽക്കുന്ന പാറക്കൂട്ടത്തിനു താ ഴെ, വട്ടത്തിൽ ചെത്തിയെടുത്ത മുറ്റത്താണ് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം. ഇടതുഭാഗത്ത് ഒരു മസ്ജിദ്. വലതുഭാഗത്തെ പടിക്കെട്ടുകൾ കയറിയാൽ ആദ്യത്തെ ശിലാക്ഷേത്രം. 1400 വർഷത്തിലേറെ പഴക്കമുള്ള കോട്ടയും ക്ഷേത്രങ്ങളും സംരക്ഷിക്കാൻ പുരാവസ്തു വകുപ്പിന്റെ ജോലിക്കാർ രാവും പകലും കാവലിരിക്കുന്നു. തൂത്തുവാരി, തുടച്ചു വൃത്തിയാക്കുന്നതിനാൽ ഗുഹാക്ഷേത്രങ്ങൾക്കു തിളക്കം കൂടിയിട്ടുണ്ട്.  

നാല് ശിലാക്ഷേത്രങ്ങളാണു  ബദാമിയിലുള്ളത്. ചെങ്കൽപ്പാറ തുരന്നെടുത്തുണ്ടാക്കിയ ഗുഹകളാണ് ഇവയെല്ലാം. ബുദ്ധപ്രതിമ സ്ഥാപിച്ച ഒരു ഗുഹയും ഇതോടൊപ്പമുണ്ടെങ്കിലും, പ്രാർഥനാ മണ്ഡപം ഇല്ലാത്തതിനാൽ ഇതിനെ ക്ഷേത്രമായി ഉൾപ്പെടുത്തിയിട്ടില്ല. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലത്തു നിന്ന് ആരംഭിക്കുന്ന കൽപ്പടവ് അവസാനിക്കുന്നത് ഏറ്റവും മുകളിലുള്ള ക്ഷേത്രത്തിനു മുന്നിലാണ്.

വലിയ പാറ തുരന്നു ചെങ്കല്ലിനെ കഷണങ്ങളാക്കി മുറിച്ചെടുത്ത് ചാലൂക്യന്മാരിലെ കല്ലാശാരികൾ മുറികളും ഇടനാഴിയും നിർമിച്ചു. പത്തടി ഉയരത്തിൽ കൊത്തിയെടുത്ത ഗുഹയ്ക്കു താങ്ങായി കരിങ്കൽത്തൂണുകൾ നാട്ടി. രാജാവിനും പരിവാരങ്ങൾക്കും ആരാധനയ്ക്കുള്ള മണ്ഡപമാക്കി മാറ്റിയ ഗുഹകൾക്കുള്ളിൽ അവർ ശ്രീകോവിൽ നിർമിച്ചു. ശിവനെയും വിഷ്ണുവിനെയും ബുദ്ധനേയും പ്രതിഷ്ഠിച്ചു. മുപ്പത്തിമുക്കോടി ദേവന്മാരുടെ കാരുണ്യം നേടാൻ തൂണിലും തുമ്പത്തും ബാഹുബലി വരെയുള്ള അതിമാനുഷരുടെ പ്രതിമ സ്ഥാപിച്ചു.

bhadhami5 ബാഹുബലിയുടെ പ്രതിമകളുള്ള ഗുഹാക്ഷേത്രം.

ചിത്രശിലാപാളികൾ കൊണ്ടൊരു...

എല്ലായിടത്തുമുള്ള കാഴ്ചകൾ ബദാമിയിലില്ല. ബദാമിയിലെ കാഴ്ചകൾ മറ്റൊരിടത്തും കാണാനുമാവില്ല... ആദ്യത്തെ ശിലാക്ഷേത്രം ഓർമിപ്പിക്കുന്നത് ഇങ്ങനെ വിശ്വാസത്തിന്റെ ഏടുകളാണ്. വരാന്തയും അകത്തളവുമുള്ള ക്ഷേത്രമാണിത്. കയറിച്ചെല്ലുന്നിടത്ത് വലതു ഭാഗത്തെ ചുമരിൽ 18 കൈകളുള്ള പരമശിവന്റെ പ്രതിമ. നടരാജവിഗ്രഹം എന്ന വിശേഷണമാണ് അനുയോജ്യം. ചാലൂക്യന്മാരുടെ ഭാവനയിൽ ത്രിശൂലമേന്തിയ ശിവനെക്കാൾ പല കൈകളുള്ള ശിവനാണു സംരക്ഷകൻ.

ദേവിയോടൊപ്പം നിൽക്കുന്ന ശിവപ്രതിമയാണ് മറ്റൊന്ന്. ഇതിന്റെ ഉയരം ആറടിയിലേറെ. വിഘ്നേശ്വരനും കാർത്തികേയനുമൊപ്പം നിൽക്കുന്ന ശിവന്റെ പ്രതിമ മനോഹരം. വരാന്തയിൽ നിന്നു കയറുന്നത് അകത്തളത്തിലേക്കാണ്. ശ്രീകോവിലിനുള്ളിലെ ശിവലിംഗത്തെ തൊഴുതു പ്രാർഥിക്കാനായി രാജാവും പ്രജകളും നിന്നിരുന്ന സ്ഥലമാണിത്.  ശിവന്റെ വാഹനമായ ‘നന്ദി’യുടെ ഒരു പ്രതിമ ഇവിടെയുണ്ട്. തലയില്ലാത്ത നന്ദിയുടെ ഈ വിഗ്രഹം കാഴ്ചക്കാരിൽ കൗതുകമുണർത്തും. ചാലൂക്യന്മാരുടെ ക്ഷേത്രങ്ങളിൽ ‘നന്ദി’ക്കു തലയില്ലെന്നു മനസ്സിലാകാൻ പിന്നേയും കുറേനേരം വേണ്ടി വന്നു.

നാലു വാതായനങ്ങളുള്ള വരാന്തയുടെ ഭിത്തികളിലും തൂണിലും മേൽക്കൂരയിലുമായി ശിൽപ്പങ്ങൾ വേറെയുമുണ്ട്. മഹിഷാസുരമർദിനിയുടെ ശിലാശിൽപ്പത്തിനു പതിനഞ്ചു നൂറ്റാണ്ടുകൾക്കു ശേഷവും  ജീവൻ  തുടിക്കുന്നു. പാർവതീസമേതനായ ശിവനൊപ്പം ലക്ഷ്മീ ദേവി നിൽക്കുന്ന ശിൽപ്പമാണു വേറൊരെണ്ണം. സർപ്പത്തെ മാലയാക്കി കഴുത്തിലണിഞ്ഞ് കൈയിൽ മഴുവേന്തിയ പരമശിവനും, അർധനാരീശ്വരനും ഇതേ ക്ഷേത്രത്തിന്റെ ചുമരുകളിൽ തലയെടുപ്പോടെ നിൽക്കുന്നു. മേൽക്കൂരയിലും നിറയെ ശിൽപ്പങ്ങളാണ്. പക്ഷികൾ, മരങ്ങൾ, പാമ്പുകൾ എന്നിവയാണ് മേൽക്കൂര അലങ്കരിക്കുന്നത്. ഒന്നാമത്തെ ശിലാക്ഷേത്രം പൂർണമായും നടരാജനുവേണ്ടി നിർമിച്ചതെന്നു പറയാം.

bhadhami9

ചുമരുകളിൽ ദൈവികത നിറച്ച തച്ചന്മാർ മനുഷ്യ രൂപങ്ങളേയും മാറ്റി നിർത്തിയില്ല. നർത്തകനായ പരമശിവനെ ദേവിമാർക്കൊപ്പം ശിലയിൽ പ്രതിഷ്ഠിക്കാനായി കലാകാരന്മാർ പരസ്പരം മത്സരിച്ചുവെന്നു വ്യക്തം.  ചതുരത്തിൽ മുറിച്ചെടുത്ത ഗുഹയ്ക്കുള്ളിൽ ഇത്രയധികം വിഗ്രഹങ്ങൾ എത്രകാലംകൊണ്ടു കൊത്തിയെടുത്തു എന്നത് ഇന്നും വ്യക്തമല്ല.

ക്ഷേത്രത്തിനുള്ളിൽ നിന്നു പുറത്തിറങ്ങിയ ശേഷം നേരേ മുകളിലേക്കു നോക്കിയാലാണ് ചാലൂക്യന്മാരുടെ അദ്ധ്വാനത്തിന്റെ വലുപ്പം തിരിച്ചറിയുക. ‘ഡ്രില്ലിങ് മെഷീൻ’ പോലുമില്ലാത്ത കാലത്താണ് നൂറടിയിലേറെ പൊക്ക‌മുള്ള കല്ലിന്റെ മധ്യഭാഗത്തു തുളയിട്ട് ചാലൂക്യന്മാർ വിശാലമായ ക്ഷേത്രം നിർമിച്ചത്. ചാലൂക്യരിലെ ശിൽപ്പികൾ ‘ബാഹുബലി’യെപ്പോലെ അമാനുഷിക ശക്തിയുള്ളവരാണെന്നു കരുതുന്നതിൽ തെറ്റില്ല. കാരണം, സാങ്കേതിക വിദ്യകൾ എത്രയോ മെച്ചപ്പെട്ടിട്ടും ബദാമിയിലെ ശിലാശിൽപ്പങ്ങളെ അനുകരിക്കാൻപോലും പിന്നിടൊരു ശിൽപ്പിക്കും സാധിച്ചില്ല.

തടാകക്കരയിലെ കോട്ടകൾ

ഗുഹാക്ഷേത്രങ്ങൾ പോലെ, ചാലൂക്യന്മാർ കെട്ടിപ്പൊക്കിയ കോട്ട അത്യപൂർവ സൃഷ്ടിയാണ്. ആറാം നൂറ്റാണ്ടിലെ ആദ്യ ദശകം. വ്യക്തമായി പറഞ്ഞാൽ, എഡി 610. വാതാപി ബദാമിയുടെ സുവർണകാലം. പുലികേശി രണ്ടാമനായിരുന്നു രാജാവ്. കദംബരെയും ബനവശികളേയും കീഴടക്കിയ പുലികേശി സ്വപ്നതുല്യമായൊരു കോട്ട നിർമിച്ചു. രണ്ട് കുന്നുകൾക്കു മുകളിൽ വടക്കും തെക്കുമായി പാറക്കെട്ടുകളിലാണ് കോട്ട പണിഞ്ഞത്. ചെങ്കൽപ്പാറയ്ക്കുള്ളിലെ കോട്ടയിലിരുന്ന് രാജ്യം ഭരിക്കാനൊരുമ്പെട്ട പുലികേശിക്ക് മുപ്പത്തി രണ്ടു വർഷമേ കിരീടഭാഗ്യമുണ്ടായുള്ളൂ.

bhadhami7

ആനപ്പടയും കാലാൾപ്പടയുമുണ്ടായിട്ടും തമിഴ്നാട്ടിൽ നിന്നു പടനയിച്ചെത്തിയ പല്ലവരാജാക്കന്മാർ 642ൽ പുലികേശിയെ കൊലപ്പെടുത്തി കോട്ട പിടിച്ചടക്കി. പാണ്ഡ്യനാട്ടിൽ നിന്നു പലപ്പോഴായി രാജാക്കന്മാർ പലരും പിന്നീടു വാതാപി ബദാമിയിലെത്തി. ഏറ്റവുമൊടുവിൽ, ടിപ്പു സുൽത്താൻ വരെയുള്ള ഭരണാധിപന്മാർ ബദാമിയിൽ വിജയക്കൊടി നാട്ടി. കാലത്തിന്റെ ഒഴുക്കിൽ ആനയും അമ്പാരിയും ആ മണ്ണിൽ നിന്നു മാഞ്ഞു. നഷ്ടപ്രതാപത്തിന്റെ അടയാളം രേഖപ്പെടുത്താൻ ബദാമിയിലെ കോട്ട ബാക്കിയായി.
ക്ഷേത്രങ്ങളുടെ മുകളിലും കുളത്തിന്റെ എ തിർവശത്തുമാണ് രണ്ടു കോട്ടകൾ സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ഓരോ മണൽത്തരിയിലും ജീവിതത്തിന്റെ ഗന്ധമുണ്ട്, അധികാരത്തിന്റെയും പകപോക്കലുകളുടെയും മുറിപ്പാടുകളുണ്ട്... ‘വാതാപി ഗണപതിം’ എന്ന കീർത്തനം ചിട്ടപ്പെട്ടത് ഈ കോട്ടയ്ക്കുള്ളിലെ ഗണപതി ക്ഷേത്രത്തിൽ വച്ചാണെന്ന് ഐതിഹ്യം. വാച്ച് ടവർ, തുരങ്കങ്ങൾ, കാരാഗൃഹം, അന്തപ്പുരം, കൊട്ടാരം എന്നിവയാണ് കോട്ടയ്ക്കുള്ളിലെ കാഴ്ച. ഇതെല്ലാം നടന്നു കാണാൻ രണ്ടു മണിക്കൂറെങ്കിലും വേണം. ഈ മനോഹര ദൃശ്യങ്ങൾ മലയാള സിനിമകളിൽ പതിയാൻ വൈകിപ്പോയതിന്റെ കാരണം എന്തായിരിക്കാം...?

കരിങ്കല്ലിലെ പുരാണം

അറുപത്തിനാലു പടികൾ കയറിയാണ് രണ്ടാമത്തെ ക്ഷേത്രത്തിനു മുന്നിലെത്തിയത്. പാറ മിനുക്കിയുണ്ടാക്കിയ മുറ്റം. ഒന്നാമത്തെ ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇതിന്റെയും നിർമാണം. വരാന്തയും കരിങ്കൽത്തൂണുകളും നടുത്തളവുമെല്ലാം ഒരേപോലെ. എന്നാൽ, ശിൽപ്പങ്ങൾ വേറെയാണ്. വലത്തേയറ്റത്തു ‘ത്രിവിക്രമ’നായി വിഷ്ണുരൂപം. ഇടത്തേയറ്റത്ത് വരാഹാവതാരത്തിന്റെ ശിലാശിൽപ്പം. ദ്വാരപാലകരായി നിർമിച്ചിട്ടുള്ള വിഗ്രഹങ്ങളുടെ കൈയിൽ ആയുധത്തിനു പകരം പൂക്കൾ...!

bhadhami8 മംഗള കർമങ്ങൾക്കുള്ള വേദിയായി മലപ്രഭ നദീതീരത്തു ചാലൂക്യന്മാർ നിർമിച്ച പട്ടടക്കൽ ശിലാക്ഷേത്രങ്ങൾ. ഇവിടെയാണ് യുവരാജാക്കന്മാർ കിരീടധാരണം നടത്തിയിരുന്നത്.

ഗോപികമാരോടൊപ്പം നിൽക്കുന്ന കൃഷ്ണനിൽ തുടങ്ങുന്നു ഈ ക്ഷേത്രത്തിലെ മറ്റു പ്രതിമകളുടെ നിര. ഇടതു കാൽ വടക്കോട്ടുയർത്തി, വലതു കാലിൽ നിൽക്കുന്ന വിഷ്ണുവും വരാഹ രൂപവും മാത്രമാണു വലിയ ശിൽപ്പങ്ങൾ. കൃഷ്ണന്റെ ജനനവും ഗോക്കളെ മേച്ച് കണ്ണൻ അമ്പാടിയിൽ കഴിഞ്ഞതും ചെറിയ പ്രതിമകളായി ചുമരുകളിൽ തെളിഞ്ഞു നിൽക്കുന്നു. ക്ഷേത്രത്തിന്റെ മേൽക്കൂരയിലാണ് ചക്രവ്യൂഹത്തിന്റെ മാതൃകയിലുള്ള വൃത്തം. വൃത്തത്തിനു നടുവിലെ ചതുരക്കള്ളിയിൽ 16 മീനുകളുണ്ട്. പറന്നുയരുന്ന ദമ്പതികളും, ഗരുഡവാഹനമേറിയ വിഷ്ണുവും ഇക്കൂട്ടത്തിലെ ജീവനുള്ള മറ്റു ശിൽപ്പങ്ങൾ. ഈ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിൽ തുറക്കാറില്ല; അതു വേറൊരു വിശേഷം.

പുല്ലു കിളിർക്കാത്ത ചെങ്കല്ലിലാണു കൃഷ്ണാവതാരത്തിന്റെ ഭാവഭേദങ്ങൾ കൊത്തിയെടുത്തിട്ടുള്ളതെന്ന് പ്രത്യേകം ഓർക്കണം. ഇനിയും വൈകിക്കാതെ ആ പ്രശംസ തുറന്നു പറയട്ടെ, കരിങ്കല്ലിൽ കഥയെഴുതിയ കരുത്തരായിരുന്നു ചാലൂക്യന്മാർ.

രണ്ടാമത്തെ ക്ഷേത്രത്തിൽ നിന്നു മുകളിലേക്കു പടി കയറുമ്പോൾ വലതു ഭാഗത്ത് കോട്ടയുടെ നെറുകയിലേക്കൊരു ചെറിയ വഴിയുണ്ട്. കുത്തനെയുള്ള കോട്ടയ്ക്കു മുകളിൽ അപകട സാധ്യത കണക്കിലെടുത്ത് ഈ വഴി ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.

badhami1 ബദാമിയിലെ ഗുഹാക്ഷേത്രങ്ങളിലേക്കുള്ള ആദ്യത്തെ ചവിട്ടുപടി. 18 കൈകളുള്ള പരമശിവന്റെ ശിൽപ്പം ഈ ഗുഹയിലാണ്.

ദേവന്മാർ ഉണർന്നിരിക്കുന്നു

ആദ്യത്തെ ക്ഷേത്രം ശിവമാഹാത്മ്യത്തിനു നീക്കിവച്ച ചാലൂക്യന്മാർ, മൂന്നാമത്തെ ഗുഹ മഹാവിഷ്ണുവിനു സമർപ്പിച്ചു. ആറ് കരിങ്കൽ തൂണുകളിൽ നിലനിൽക്കുന്ന വലിയ ശിലാക്ഷേത്രമാണിത്. ‌വലത്തേയറ്റത്തെ ചുമരിൽ വടക്കുദിക്ക് ലക്ഷ്യമാക്കി നിൽക്കുന്ന വിഷ്ണുവിന്റെ രൂപം. എതിർവശത്ത് ശംഖ–ചക്ര–ഗദാ–പങ്കജങ്ങളേന്തിയ മഹാവിഷ്ണു. നരസിംഹവും നൃത്തം ചെയ്യുന്ന വിഷ്ണുവുമാണു രണ്ടാമത്തെ വരാന്തയുടെ ഇരുവശങ്ങളിലുമുള്ളത്. ത്രിവിക്രമൻ, ശങ്കരനാരായണൻ, അനന്തശയനം, പരവാസുദേവൻ, ഭുവാര, ഹരിഹരൻ, നരസിംഹം എന്നിങ്ങനെ ഇവിടത്തെ ശിലാ ശിൽപ്പങ്ങളിൽ മഹാവിഷ്ണു പലതായി അവതരിച്ചിരിക്കുന്നു.

വിശാലമായ നടുത്തളത്തിനു മധ്യത്തിൽ ഇതളുകളോടുകൂടിയ പൂവിന്റെ രൂപം കല്ലിൽ കൊത്തിവച്ചിരിക്കുന്നു. ഈ ക്ഷേത്രത്തിൽ കണ്ട ഒരു പ്രത്യേകത ശ്രീകോവിലിൽ പ്രതിഷ്ഠയില്ല(നഷ്ടപ്പെട്ടതാണോ..?). ഒഴിഞ്ഞ പീഠമാണ് അകത്തളത്തിനു സമീപത്തെ ശ്രീകോവിലിൽ അവശേഷിക്കുന്നത്. ‘ബ്രഹ്മ’ എന്ന സങ്കൽപ്പം ശിലാലിഖിതങ്ങളായി ഈ ക്ഷേത്രത്തിന്റെ ചുമരുകളിൽ പതിഞ്ഞിട്ടുണ്ട്.

മേൽക്കൂരയിലും അലങ്കാരത്തിനു കുറവില്ല. തൂണുകളെ മേൽക്കൂരയുമായി ബന്ധിപ്പിക്കുന്നതു മാനുകളുടെ രൂപത്തിൽ കൊത്തിയെടുത്ത പാറയാണ്. ചില തൂണുകളിൽ കാളത്തലയുടെ രൂപമാണു നിർമിച്ചിട്ടുള്ളത്. വിഷ്ണു ഭക്തിയുടെ തീവ്രതയിലും ശിവപ്രീതിയെ കൈവിടാനുള്ള മനസ്സുണ്ടായിരുന്നില്ല ചാലൂക്യരാജാക്കന്മാർക്ക്. മഹാവിഷ്ണുവിന്റെ വിഗ്രഹങ്ങൾക്കായി നിർമിച്ച ക്ഷേത്രത്തിന്റെ മേൽക്കൂരയിലും പാർവതീ സമേതനായ പരമശിവന്റെ പ്രതിമ കൊത്തിവച്ചിട്ടുണ്ട്.

bhadhami2

ബാഹുബലി... ബാഹുബലി

സ്വപ്നലോകം മുന്നിലവതരിച്ചതുപോലെ ഒ രു തീരം. ബദാമിയിലെ നാലാമത്തെ ഗുഹാക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള കാഴ്ചയ്ക്ക് അതിൽ കുറഞ്ഞൊരു വിശേഷണമില്ല. വിശാലമായ ‘അഗസ്ത്യ തടാക’മാണു പ്രധാന കാഴ്ച. അങ്ങേക്കരയിൽ വടക്കേ കോട്ട. സൂര്യനുദിക്കുന്ന ദിക്കിൽ കിഴക്കേ കോട്ട. പടിഞ്ഞാറു ഭാഗം പട്ടണം. തെക്കേ കോട്ടയിലെ ക്ഷേത്രത്തിൽ നിന്നാൽ ഈ ദൃശ്യങ്ങളെല്ലാം ആസ്വദിക്കാം. മഴക്കാലത്തും വേനലിലും തെളിഞ്ഞു നിൽക്കുന്ന, ഇളം പച്ച നിറമുള്ള വെള്ളമാണ് തടാകത്തിലേത്. കരിങ്കൽപ്പടവുകളുള്ള ഈ തടാകത്തിനു ചുറ്റുമാണു കോട്ട. എത്ര വാക്കുകൾകൊണ്ടു വർണിച്ചാലും ആ കാഴ്ചയ്ക്കു പൂർണതയാകില്ല.

ചാലൂക്യൻമാർ ഭൂമിയിൽ നിർമിച്ച സ്വർഗം നേരിട്ടു പോയി കാണുക തന്നെ വേണം. നാലാമത്തെ ക്ഷേത്രത്തിന്റെ വാസ്തുവിലും ശിൽപ്പികൾ വേറിട്ട വഴികൾ തേടിയില്ല. ജൈന വിശ്വാസികളാണ് ഈ ക്ഷേത്രം നിർമിച്ചതെന്നു ചരിത്രം. മറ്റു ക്ഷേത്രങ്ങളിലേതുപോലെ കരവിരുതിന്റെ അത്ഭുതങ്ങൾക്ക് ഇവിടെ സ്ഥാനമില്ല. പ്രധാന വരാന്തയുടെ വലതുഭാഗത്തു ഗൗതമബുദ്ധനെയാണു സ്ഥാപിച്ചിട്ടുള്ളത്. ഇടതുഭാഗത്ത് പാർശ്വനാഥൻ. ഇതിനു സമീപത്തായി ബാഹുബലിയുടെ പ്രതിമയുണ്ട്. സിനിമാ പ്രേക്ഷകർക്ക് മാസ്മരിക ലോകം സമ്മാനിച്ച ‘ബാഹുബലി’ എന്ന സിനിമയിലെ കഥാപാത്രമല്ല ഈ ദിഗംബരൻ.

ആകാശത്തെ വസ്ത്രമാക്കി ജീവിച്ച ജൈനന്മാരിൽ ‘കേവലജ്ഞാനം’ നേടി ഇന്ദ്രിയങ്ങളെ ജയിച്ച വീരനാണ് ഈ ബാഹുബലി. ജൈന സങ്കൽപ്പങ്ങളിലെ ബാഹുബലി നഗ്നനാണ്. നടുത്തളത്തിലെ ചുമരുകളിലും തൂണുകളിലും പല വലുപ്പത്തിൽ ബാഹുബലിയുടെ ശിൽപ്പങ്ങളുണ്ട്. പ്രധാന ക്ഷേത്രത്തിൽ ഗൗതമ ബുദ്ധനാണു പ്രതിഷ്ഠ.  യക്ഷന്മാരും യക്ഷികളും തീർഥങ്കരന്മാരുമാണ് മറ്റു ശിൽപ്പങ്ങൾ.

bhadhami4 ബാഹുബലിയുടെ പ്രതിമയുള്ള ഗുഹാ ക്ഷേത്രത്തിനു മുന്നിൽ നിന്നു വടക്കേ കോട്ടയിലേക്കു നോക്കിയാൽ ബദാമി പട്ടണം മുഴുവനും കാണാം.

ചെങ്കൽപ്പാറയിൽ കൊത്തിയൊരുക്കിയ ബദാമി ശിലാക്ഷേത്രങ്ങളിൽ വ്യത്യസ്തമായി നിൽക്കുന്ന ഒരു ഗുഹയുണ്ട്. നാലു ക്ഷേത്രങ്ങ ൾക്കു നടുവിലാണ് ഇതിന്റെ സ്ഥാനം. പാറക്കെട്ടിലെ ഗുഹയ്ക്കുള്ളിൽ ബുദ്ധന്റെ ഒരു വിഗ്രഹം സ്ഥാപിച്ചു എന്നതൊഴികെ ഇവിടെ കാഴ്ചകളൊന്നുമില്ല. ആകാശം മുട്ടി നിൽക്കുന്ന കോട്ടകൾ സാക്ഷി, ചെങ്കല്ലിൽ വിരിഞ്ഞ പൂക്കൾ സാക്ഷി, ശിലാശിൽപ്പങ്ങളിൽ നിത്യവസന്തമൊരുക്കിയ രാജശിൽപ്പികൾ സാക്ഷി... ലോകാവസാനം വരെ ചാലൂക്യൻമാർ ഓർമിക്കപ്പെടും.

ഒരു തടാകം നിർമിച്ച് അതിനു ചുറ്റും ഒരു രാഷ്ട്രം പടുത്തുയർത്തിയ രാജാക്കൻമാരുടെ പെരുമ  ഇനി സഞ്ചാരികൾ വഴി കീർത്തി നേടട്ടെ... ലോകം മുഴുവൻ സഞ്ചരിച്ച് അത്ഭുതങ്ങളേറെ നേരിൽ കണ്ടവരോടായി ഒരു വാക്ക്; ബദാമി സന്ദർശിക്കാതെ ഈ ഭൂമിയിൽ നിങ്ങളുടെ യാത്ര പൂർണമാകില്ല, ഉറപ്പ്.

FACT FILE

Badami is a town in the Bagalkot district of Karnataka. It was the regal capital of the Badami Chalukyas, the rulers, from 540 to 757 AD. It was formerly known as Vatapi. Badami is located 30 kilometres from Bagalkot and 500 kilometres from Bangalore.

Nearest Railway Stations:

Hubballi (120km), Bijapur (60 km)
Nearest Airport:  Hubballi (HBX) 84 km
Pattadakkal: 30 km away from Badami cave temples.
Best time to visit: October - March