Saturday 30 May 2020 03:09 PM IST : By Aravind C

ഗോൽ ഗുംബസ്, കറുത്ത താജ്മഹൽ, കമാനങ്ങളുടെ പളളി..; ചരിത്രസ്മാരകങ്ങളുടെ വൈവിധ്യ കാഴ്ചകൾ സമ്മാനിച്ച് ബീജാപുർ

bijapur1

സഞ്ചാരികളുടെ പറുദീസയാണ് കർണാടകം. പശ്ചിമഘട്ടത്തിന്റെ മലനിരകളും കൊങ്കൺ തീരവും ഡക്കാൻ പീഠഭൂമിയുടെ ഭാഗവും നദികളും ജലധാരകളും പച്ചവിരിക്കുന്ന കാടുകളും വൈവിധ്യമാർന്ന ഭൂപ്രകൃതിയുടെ കാഴ്ചകൾ സമ്മാനിക്കുന്നു. വിനോദസഞ്ചാരികൾക്കുള്ള പട്ടിക എടുത്താൽ ചരിത്രസ്മാരകങ്ങളുടെ വൈവിധ്യമാർന്ന കാഴ്ചകളാണ് ഈ സംസ്ഥാനത്തിന്റെ ഹൈലൈറ്റാകുന്നത്. ഒട്ടേറെ ഭരണകൂടങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ഉദയവും അസ്തമയവും കണ്ട വിശാലമായൊരു ഭൂപ്രദേശമാണല്ലോ ഇത്. കദംബരും ബദാമി ചാലൂക്യരും വിജയനഗരവും ഹൊയ്സാലരും അടക്കം എത്ര ഭരണകൂടങ്ങൾ...

ഹംപി, പട്ടടക്കൽ, ഐഹോൾ, ബദാമി ഗുഹകൾ തുടങ്ങിയ പ്രശസ്തമായ സ്മാരകങ്ങൾ സന്ദർശിച്ച ശേഷമാണ് കർണ്ണാടകയുടെ വടക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന പട്ടണമായ ബീജാപുർ അഥവാ വിജയപുരിയിൽ എത്തിയത്. ബാംഗ്ലൂരിൽ നിന്ന് അഞ്ഞൂറ് കിലോമീറ്റർ അകലെ, മഹാരാഷ്ട്രയുടെ അതിർത്തിക്ക് വളരെ അടുത്താണ് ബീജാപുർ. കർണാടകത്തിലെ ഏറ്റവുമധികം ജനവാസമുള്ള പത്ത് നഗരങ്ങളിൽ ഒന്നായ വിജയപുര സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്.

ഗോൽ ഗുംബസ്

bijapur2

പട്ടണത്തിന്റെ ഹൃദയഭാഗത്തു ഗോൽഗുംബസ് എന്ന നിർമ്മിതി ആയിരുന്നു ആദ്യ കാഴ്ച. മുഹമ്മദ് ആദിൽ ഷാ ചക്രവർത്തിയുടെ ശവകുടീരമാണ് ഇത്. പതിനഞ്ചാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ടുവരെ ബീജാപുർ ആസ്ഥാനമാക്കി മദ്ധ്യ ഇന്ത്യ ഭരിച്ചിരുന്ന ഇസ്‌ലാമിക് രാജവംശമായിരുന്നു ആദിൽ ഷാ രാജവംശം. 1656-ൽ ആണ് ഗോൽ ഗുംബസ് നിർമിച്ചത്. വലുപ്പം കൊണ്ടും രൂപകൽപന കൊണ്ടും ഈ കെട്ടിടം ആരെയും ആകർഷിക്കും.

പനിനീർ പുഷ്പമകുടം എന്നാണ് ഗോൽഗുംബസിന് അർഥം. ക്യൂബിന്റെ ആകൃതിയിലുള്ള നിർമ്മിതി. മുകളിൽ അർധഗോളാകൃതിയിലുള്ള താഴികക്കുടം. കെട്ടിടത്തിന്റെ വശത്തായി വാതിലുകളും സുഷിരങ്ങളും ഉള്ള നാല് തൂണുകൾ. തൂണിനു മുകളിലായി ചെറുഗോളങ്ങൾ നിർമിച്ചിരിക്കുന്നു. ഗൈഡ് ഇതിന്റെ കൂടുതൽ സവിശേഷതകൾ വിവരിച്ചു. 44 മീറ്ററാണ് ഇതിന്റെ വ്യാസം. വലുപ്പത്തിൽ വത്തിക്കാനിലെ സെന്റ്പീറ്റേഴ്‌സ് ബസിലിക്കയുടെ താഴികക്കുടം കഴിഞ്ഞാൽ ലോകത്ത് രണ്ടാം സ്ഥാനത്ത് ഗോൽഗുംബസിന്റെ മേൽക്കുരയാണ്. 47.5 മീറ്റർ ഉയരവും ആയിരത്തി എഴുന്നൂറ് ചതുരശ്ര കിലോമീറ്റർ വ്യാപ്തിയും ഇതിനുണ്ട്. പുറമേ നിന്നുള്ള ഭംഗി ആസ്വദിച്ച ശേഷം ഉള്ളിലേക്ക് പ്രവേശിച്ചു.

bijapur3

പ്രതിധ്വനികളുടെ ഗാലറി

തൂണിന്റെ അകത്തുള്ള കോണിപടിയിലൂടെ ഗോൽഗുംബസിന്റെ മേൽക്കൂരയിലെത്താം. അവിടെ നിന്നാൽ ബീജാപുർ നഗരത്തിന്റെ മനോഹരമായ കാഴ്ച്ച കിട്ടും. മേൽക്കൂരയുടെ ചുവരിൽ പുഷ്പത്തിന്റെ ഇതൾ പോലെ അനേകം ഇതളുകൾ കല്ലിൽ കൊത്തിവച്ചിരിക്കുന്നു. അതിൽ ഒരിതൾ മാത്രം തുറന്നുകിടക്കുന്നു. ഗോൽ ഗുംബസിന്റെ ഉള്ളിലേക്കുള്ള പ്രവേശനകവാടമാണിത്. അകത്ത് ചെറിയൊരു ശബ്ദമുണ്ടായാൽ അതിന്റെ മാറ്റൊലി പലതവണ മുഴങ്ങും അവിടെ... അർദ്ധ ഗോളാകൃതിയിലുള്ള മേൽക്കൂര ശബ്ദതരംഗങ്ങളെ കേന്ദ്രീകരിച്ച് തറയിലേക്ക് വിടുന്നു. അവിടുന്ന് അത് അനേകം പ്രതിധ്വനികൾ സൃഷ്ടിക്കുന്നു. ചെറിയ ഒരു ശബ്ദം പോലും ഒൻപതു തവണ വീണ്ടും കേൾക്കാം എന്ന് ഗൈഡ് പറഞ്ഞു. പ്രതിധ്വനികളുടെ ഗാലറിയെന്നാണ് ഇവിടം അറിയപ്പെടുന്നത്. മുഹമ്മദ് ആദിൽഷായുടെ ശവകുടീരം അരണ്ട വെളിച്ചത്തിൽ കാണാം. ഉൾവശത്ത് തൂണുകളൊന്നും ഇല്ലാതെ, വശങ്ങളിലെ ചുമരിന്റെ മാത്രം സഹായത്താലാണ് ഭീമാകരമായ ഈ താഴികക്കുടം നിൽക്കുന്നത്. ഇത് അക്കാലത്തെ വാസ്തുവിദ്യയുടെ വൈഭവത്തിന്റെ ഉദാഹരണമാണ്.

മാലിക്-മെയ്ദാൻ

പീരങ്കികൾ എന്നും യുദ്ധവിജയത്തിൽ വലിയ പങ്കുവഹിച്ചിരുന്നു. അത്തരമൊരു വലിയ പീരങ്കിയാണ് അടുത്ത കാഴ്ച. ബീജാപുർ കോട്ടയിലെ കുന്നിന്റെ മുകളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. മാലിക്-മെയ്ദാൻ എന്നാണ് ഈ പീരങ്കിയുടെ പേര്. പേരിന് അർത്ഥം സമതലങ്ങളുടെ രാജാവ്. 1.5 മീറ്റർ വ്യാസവും 4 മീറ്റർ നീളവും 55 ടൺ ഭാരവും ഉള്ള ഈ പീരങ്കി മധ്യകാലഘട്ടത്തിൽ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ പീരങ്കിയാണ്. ആദിൽഷാ രണ്ടാമന്റെ കാലത്ത് അഹമ്മദ് നഗറിൽ നിന്നാണ് ഇത് ബീജാപുരിലേക്കു കൊണ്ടു വന്നത്. നാനൂറു കാളകളും, പത്ത് ആനകളും അനേകം പടയാളികളും ഒരുമിച്ചു പരിശ്രമിച്ചാണത്രേ ഈ പീരങ്കി സ്ഥാപിച്ചത്.

bijapur5

ശക്തിയുടെ പ്രതീകങ്ങളായ സിംഹവും ആനയും പീരങ്കിയുടെ ഉപരിതലത്തിൽ മനോഹരമായി കൊത്തിവച്ചിരിക്കുന്നു. ചെറിയ പച്ചനിറമുളള പീരങ്കി ചെമ്പും, ഇരുമ്പും, ടിനും ചേർന്ന ലോഹക്കൂട്ടുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പീരങ്കിയുടെ സമീപത്ത് കരിങ്കല്ലിൽ തീർത്ത, താഴ്ച്ചയുള്ള ഒരു അറ കാണാം. ഇത്രയും വലിയ പീരങ്കിയിൽനിന്നു വെടിയുണ്ട പുറത്തേക്ക് തെറിക്കുമ്പോൾ വലിയ ശബ്ദവും കുലുക്കവും ഉണ്ടാവും ഈ സമയത്ത് പീരങ്കി കൈകാര്യം ചെയ്യുന്ന പട്ടാളക്കാർക്ക് സുരക്ഷിതമായി ഇരിക്കുവാനാണത്രേ ഈ അറ.

കറുത്ത താജ്മഹൽ

കറുത്ത താജ്മഹൽ എന്ന് വിശേഷിപ്പിക്കുന്ന ഇബ്രാഹിം റൗസയിലേക്കാണ് പിന്നെ പോയത്. മനോഹരമായ ഒരു പൂന്തോട്ടത്തിനു നടുക്കാണ് ഈ കെട്ടിടം. ഇബ്രാഹിം ആദിൽഷാ ചക്രവർത്തിയുടെയും ഭാര്യയായ താജ് സുൽത്താനയുടെയും ശവകുടീരമാണ് ഇബ്രാഹിം റൗസ. പള്ളിയും ശവകുടീരവും ചേർന്ന് നിർമ്മിച്ചിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രതേ്യകത. 1627-ൽ പൂർത്തിയായ ഈ നിർമ്മിതി മൂന്നുകെട്ടിടങ്ങളുടെ ഒരു സമുച്ചയമാണ്. മനോഹരമായ കൊത്തുപണികളും ഗോപുരങ്ങളും കൊണ്ടു നിറഞ്ഞതാണ് ഇവിടം. മുഗർ ചക്രവർത്തിയായ ഷാജഹാന് ആഗ്രയിലെ പ്രശസ്തമായ താജ്മഹൽ നിർമ്മിക്കാനുള്ള പ്രചോദനം ലഭിച്ചത് ഇവിടെ നിന്നാണെന്ന് കരുതപ്പെടുന്നു. ഡക്കാനിലെ താജ് മഹൽ എന്നും ഇബ്രാഹിം റൗസയെ വിശേഷിപ്പിക്കാറുണ്ട്.

bijapur6

കമാനങ്ങളുടെ പളളി

ബീജാപുരിൽ അവസാനമായി സന്ദർശിച്ചത് ജുമാ മസ്ജിദ് എന്ന പള്ളിയാണ്. ഇവിടുത്തെ ഏറ്റവും വലുതും പഴക്കും ചെന്നതുമായ പള്ളിയാണിത്. രണ്ടായിരത്തി ഇരുന്നൂറ്റി അൻപത് കമാനങ്ങൾ (ആർച്ചസ്) ആണ് ഈ പള്ളിയുടെ മുഖ്യ ആകർഷണം. 1565-ൽ നടന്ന പ്രശസ്തമായ തളികോട്ട യുദ്ധത്തിനു ശേഷം അലി അദിൽഷായാണ് ഈ പള്ളി നിർമിച്ചത്. സ്വർണ്ണത്തിലെഴുതിയ ഖുറാനാണ് ഇവിടുത്തെ മറ്റൊരു സവിശേഷത. ധവളവർണ്ണത്തിലുള്ള പള്ളിയുടെ ഭംഗി കൂട്ടുന്നത് കമാനങ്ങളാണ്.

bijapur7

ബിജാപുരിൽ നിന്നുള്ള മടക്കയാത്രയിൽ ഇന്ത്യയിൽ പലഭാഗത്തായി സ്ഥിതി ചെയ്യുന്ന അറിയപ്പെടാത്ത ചരിത്ര സ്മാരകങ്ങളെപ്പറ്റി ചിന്തിച്ചു. ഇവയെപ്പറ്റിയുള്ള അറിവ് അത് സ്ഥിതിചെയ്യുന്ന സ്ഥലത്തോ ഏറിയാൽ ആ സംസ്ഥാനത്തോ മാത്രമായി ഒതുങ്ങുന്നു. ഈ സ്ഥിതിക്ക് മാറ്റം വരുകയും ഒട്ടേറെ സഞ്ചാരികൾ വരികയും ചെയ്താൽ പലതും ലോകോത്തര ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറുകയും നമ്മുടെ രാജ്യത്തിനു മുതൽക്കൂട്ടാകുകയും ചെയ്യും.