സ്വപ്നങ്ങൾ കയ്യെത്തിപ്പിടിച്ചവരോടുള്ള ആരാധന ബാല്യ കാലത്തു മനസ്സിലേക്ക് കുത്തിവച്ചത് മമ്മൂട്ടിയും മോഹൻലാലുമാണ്. മാരുതി എണ്ണൂറിലും കോണ്ടസയിലും ചീറിപ്പാഞ്ഞ് പണക്കാരായി മാറുന്ന കഥാപാത്രങ്ങളുള്ള സിനിമകൾ കുട്ടിക്കാലത്ത് അസൂയയോടെ കണ്ടിരുന്നിട്ടുണ്ട്. വിജയങ്ങൾ മാത്രം സ്വന്തമാക്കിയ ലീലാ ഗ്രൂപ്പ് കൃഷ്ണൻ നായരോടാണ് ഇതുപോലൊരു ആരാധന പിന്നീടു തോന്നിയിട്ടുള്ളത്. കൃഷ്ണൻ നായർക്ക് വിന്റേജ് കാറുകളോടു വലിയ കമ്പമായിരുന്നെന്ന് വായിച്ചറിഞ്ഞപ്പോൾ അദ്ദേഹത്തോടുള്ള ഇഷ്ടം കൂടി. കൗമാരം പിന്നിട്ടതോടെ വലിയ വ്യക്തിത്വങ്ങളോടുള്ള ആരാധന ബഹുമാനമായി മാറി. എങ്കിലും ക്ലാസിക് കാലഘട്ടത്തിലെ കാറുകളോടുള്ള പ്രണയം ആരാധനയായിത്തന്നെ മനസ്സിൽ നില കൊണ്ടു. ഹൃദയത്തിന്റെ ആഴങ്ങളിൽ തങ്ങി നിന്ന വിന്റേജ് കാർ പ്രേമം ഇക്കഴിഞ്ഞ മഞ്ഞു കാലത്ത് പുത്തുലഞ്ഞു. കോയമ്പത്തൂർ നഗര മധ്യത്തിലുള്ള ജി.ഡി നായിഡു കാർ മ്യൂസിയത്തിൽ പോയപ്പോഴാണ് അതു സംഭവിച്ചത്.
കാറുകളെ ആത്മാവിനു തുല്യം സ്നേഹിച്ച ജി.ഡി നായിഡുവിന്റെ ജീവിത കഥ ആദ്യം പറയാം. കോയമ്പത്തൂരിനടുത്ത് കലങ്കൽ ഗ്രാമത്തിലെ ഒരു കൃഷിക്കാരന്റെ മകനായി ജനിച്ച നായിഡുവിന് ബ്രിട്ടീഷുകാരൻ ഓടിച്ചിരുന്ന സ്കൂട്ടർ സ്വന്തമാക്കാൻ മോഹം. അതു വാങ്ങാൻ പണമെവിടെ? പതിനേഴാമത്തെ വയസ്സിൽ വലിയ മോഹവുമായി നായിഡു കോയമ്പത്തൂരിലെത്തി. ഒരു റസ്റ്ററന്റിൽ ജോലിക്കു കയറി. മൂന്നു വർഷം പണിയെടുത്തു കിട്ടിയ 300 രൂപ കൊടുത്ത് ഇംഗ്ലീഷുകാരനിൽ നിന്ന് നായിഡു മോട്ടോർ ബൈക്ക് വാങ്ങി. പിൽക്കാലത്ത് തമിഴ്നാട്ടിലെ അറിയപ്പെടുന്ന വ്യവസായിയായി മാറിയ നായിഡു ഇഷ്ടം തോന്നിയ കാറുകളെല്ലാം വാങ്ങിക്കൂട്ടി.
ജി.ഡി. നായിഡുവിൽ നിന്ന് മകൻ ഗോപാലിന് കാറുകളോടുള്ള ജന്മബന്ധം പകർന്നു കിട്ടി. അച്ഛന്റെ കാല ശേഷം ക്ലാസിക് കാറുകൾ വാങ്ങുന്ന ശീലം ഗോപാൽ പിന്തുടർന്നു. നൂറ്റിമുപ്പതു വർഷത്തിനുള്ളിൽ നായിഡു കുടുംബത്തിന്റെ വീട്ടു മുറ്റത്ത് വിന്റേജ് കാറുകളുടെ എണ്ണം അമ്പതിലേറെയായി. സ്വന്തമായി വാങ്ങിക്കൂട്ടിയ അമൂല്യ വസ്തുക്കൾ എല്ലാവരെയും കാണിക്കാൻ ജി.ഡി. ഗോപാൽ തീരുമാനിച്ചു. ‘ജിഡി കാർ മ്യൂസിയം’ ആരംഭിച്ചതോടെ കാർ പ്രേമികൾക്ക് വിശേഷപ്പെട്ട വിരുന്നൊരുങ്ങി.
കാഡിലാക് ഡെവില്ലെ ലിമോസിൻ നേരിൽ കാണാൻ, 1948ൽ പുറത്തിറങ്ങിയ ഓൾഡ്സ് മൊബൈൽ – ഡൈനാമിക് 60 കാറിനൊപ്പം സെൽഫിയെടുക്കാൻ, 1929ൽ ഇറങ്ങിയ ഡോഡ്ജെ ബ്രദേഴ്സ് വിക്ടറി 6 കണ്ടാസ്വദിക്കാൻ ജി.ഡി നായിഡു മ്യൂസിയത്തിൽ പോയാൽ മതി. വിൻഡേജ് വിഭാഗത്തിൽപ്പെടുന്ന അൻപത്തഞ്ച് കാറുകളാണ് അവിടെയുള്ളത്. ഏഴെണ്ണം ഒഴികെ ബാക്കിയെല്ലാം ഇപ്പോഴും വർക്കിങ് കണ്ടീഷൻ. ആഴ്ചയിലൊരിക്കൽ അഞ്ചെണ്ണം വീതം പുറത്തിറക്കി ഓടിക്കും. ജി.ഡി. നായിഡു ബ്രിട്ടീഷുകാരനിൽ നിന്നു വാങ്ങിയ മോട്ടോർ ബൈക്ക് ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കാറുകളിൽ ചിലതിന്റെ പേരു പറയാം. പ്ലൈമൗത്ത് പ്ളാസ (ക്രിസ്റ്റർ കോർപ്പറേഷൻ – 1957 മോഡൽ), ബിഎംഡബ്ല്യൂ ഇസെറ്റ 250 (ജർമൻ – 1955 മോഡൽ), റോൾസ് റോയ്സ് 20 ( യുകെ – 1925), വോൾസ്‌ലി 8 സീരീസ് (യുകെ –1948), ഓസ്റ്റിൻ ഷിയർലൈൻ എ 125 (ഇംഗ്ലണ്ട് – 1947), മോറിസ് 8 സീരീസ് ഇ (ഇംഗ്ലണ്ട് – 1948), മോറിസ് ബുൾനോസ് കൗളി (യുകെ – 1926)... ഇങ്ങനെ അപൂർവയിനം കാറുകളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
വോക്സ്‌വാഗൻ വെരിയന്റ് – ടൈപ്പ് 3 കാറിന്റെ നടു പിളർന്നാണു പ്രദർശിപ്പിച്ചിട്ടുള്ളത്. എൻജിന്റെയും സീറ്റിന്റെയും നിർമാണ രീതി കണ്ടറിയാം. 1961ൽ പുറത്തിറക്കിയ ഈ ജർമൻ കാറിന്റെ എൻജിൻ മാതൃകയാണ് പിന്നീട് ബീറ്റിൽ പിന്തുടർന്നത്. അമേരിക്കയിൽ 1926ലാണ് ഫോർഡ് ടി–റോഡ്സ്റ്റർ ഇറങ്ങിയത്. ഫോർഡ് മോട്ടോർ കമ്പനി പുറത്തിറക്കിയ ഈ കാറിന്റെ വേഗത പരമാവധി 72 കിലോമീറ്റർ. രണ്ടു ഡോറുകളുള്ള കാർ ക്ലാസിക് കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ലിമോസിന്റെ രജിസ്ട്രേഷൻ കെ.എൽ 01. തിരുവനന്തപുരത്തു നിന്നാണ് ആഡംബര കാർ നായിഡുവിന്റെ കയ്യിലെത്തിയത്. 1997ൽ നിർമിച്ച കാറിന്റെ എൻജിൻ 4600 സിസി. നാലു ഡോറുകളുള്ള കാറിൽ ഡ്രൈവർക്കും നാല് യാത്രക്കാർക്കും സഞ്ചരിക്കാം. കാറിന്റെ ഉൾ ഭാഗത്ത് ടിവിയും സത്കാര മേശയുമുണ്ട്. പാനീയം വിളമ്പാനുള്ള ഗ്ലാസുകളും തീൻമേശയിലേക്കുള്ള ഉപകരണങ്ങളും നിരത്തിയിട്ടുണ്ട്. സഞ്ചരിക്കുന്ന സ്വീകരണ മുറിയാണ് ലിമോസിന്റെ ഉൾഭാഗം.
ആൾവാർ രാജാവിയിരുന്ന മഹാരാജാ ജയ് സിങ്ങ് ഒരിക്കൽ ലണ്ടനിൽ പോയി. റോൾസ് റോയ്സ് കാറിനെക്കുറിച്ച് അന്വേഷിച്ച മഹാരാജാവിനെ അവിടുത്തെ സെയിൽസ് മാൻ അധിക്ഷേപിച്ചു. നാട്ടിലെത്തിയ രാജാവ് ആറ് റോൾസ് റോയ്സ് കാർ വാങ്ങി. ആ കാറുകൾ മുനിസിപ്പാലിറ്റിയിലെ ചവറു നീക്കാനുള്ള വണ്ടിയാക്കി. സംഭവം അറിഞ്ഞ് റോൾസ് റോയ്സ് നേരിട്ടു വിളിച്ച് രാജാവിനോടു ക്ഷമ പറഞ്ഞു. ഈ സംഭവം ജി.ഡി. നായിഡു എന്ന കാർ പ്രേമിയെ ഉത്സാഹഭരിതനാക്കി. അദ്ദേഹം റോൾസ് റോയ്സ് കാറുകൾ വാങ്ങിക്കൂട്ടി. അവയും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു വരെയാണ് കാർ മ്യൂസിയത്തിൽ സന്ദർശനം അനുവദിച്ചിട്ടുള്ളത്. പ്രവേശനത്തിന് ടിക്കറ്റെടുക്കണം.
തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ രജിസ്റ്റർ ചെയ്ത പഴയ കാറുകൾ കണ്ടപ്പോൾ മനസ്സിൽ കുളിർമഴ പെയ്തു. ലിമോസിൻ ഒരു തിരുവനന്തപുരത്തുകാരന്റേതാണെന്ന് അറിഞ്ഞപ്പോൾ പ്രാദേശികാഭിമാനം തലപൊക്കി. നമുക്കു മുൻപ് ഇവിടെ ജീവിച്ച തലമുറ ആത്മാഭിമാനത്തോടെ യാത്ര ചെയ്ത കാറുകൾ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ‘ക്ലാസിക് കാലഘട്ടത്തിലെ ഇംഗ്ലീഷ് സിനിമകളിൽ കണ്ടിട്ടുള്ള കാറുകൾ നേരിൽ കാണാൻ വേദിയൊരുക്കിയ നായിഡുവിനും മകനും നന്ദി.’ സന്ദർശക പുസ്തകത്തിൽ ഇങ്ങനെയൊരു കുറിപ്പ് എഴുതിയ ശേഷമാണ് കാർ മ്യൂസിയത്തിൽ നിന്നു മടങ്ങിയത്.