Tuesday 09 June 2020 04:21 PM IST : By Gopika K

ചിമ്മിണിയിൽ ലോക്ക്ഡൗൺ ആകും മുൻപ്

chimminy forest5

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണിലേക്കു പ്രവേശിക്കുന്നതിനു തൊട്ടു മുൻപ് ഒരു യാത്ര, അതും കേരളത്തിലെ മനോഹരമായൊരു കാടിനുള്ളിലേക്ക്... എന്നും ഓർക്കാനൊരു അനുഭവമായിരിക്കും ആ യാത്ര. കോഴിക്കോട് സ്വദേശിയും കേരള കേന്ദ്ര സർവകലാശാലയിലെ ബിരുദാനന്തര ബിരു വിദ്യാർഥിനിയുമായ ഗോപിക കെ ആ അനുഭവം ഓർത്തെടുക്കുന്നു. പശ്ചിമഘട്ടത്തിലെ സംരക്ഷിത മേഖലകളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ ചിമ്മിണി വന്യജീവിസങ്കേതത്തിലേക്കാണ് സഹപാഠികൾക്കൊപ്പം ലേഖിക യാത്ര ചെയ്തത്.

ചിമ്മിണിയിലേക്ക്

chimminy forest2

2020 മാർച്ച്‌ 8 ന് രാവിലെ 7.00 മണിക്ക് പെരിയയിൽ നിന്ന് ആരംഭിച്ച യാത്ര ചിമ്മിണിയിൽ എത്തിയപ്പോൾ സൂര്യൻ പടിഞ്ഞാറേക്കു ചാഞ്ഞിരുന്നു. പശ്ചിമഘട്ടത്തിലെ സംരക്ഷിത മേഖലകളെക്കുറിച്ചുള്ള ഒരു ഫീൽഡ് സ്‌റ്റഡിക്കാണ് ഗവേഷണ വിദ്യാർഥിയായ നാദിർഷ പി എസ് നവാബ്, സഹപാഠിയായ ദിവ്യ ദിനേശൻ എന്നിവർക്കൊപ്പം യാത്ര പുറപ്പെട്ടത്. മുൻകൂട്ടി അറിയിച്ച് അനുമതി വാങ്ങിയിരുന്നതിനാൽ വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥനായ പ്രസാദ് സാർ ഞങ്ങളെ പ്രതീക്ഷിച്ച് നിന്നിരുന്നു. ഇൻസ്പെക്ഷൻ ബംഗ്ലാവിൽ താമസസൗകര്യം ഒരുക്കിയിരുന്നു. തണുത്ത അന്തരീക്ഷം പ്രതീക്ഷിച്ചു ചെന്ന ഞങ്ങൾ ആദ്യം കണ്ടത് കാട്ടുതീയ്ക്ക് എതിരായ സന്ദേശങ്ങളും പ്രചരണങ്ങളും ആയിരുന്നു.

ഓഹ്.. എന്തൊരു തെളിനീർ

ഫീൽഡ് സ്റ്റഡിയുടെ ആദ്യ ദിനം; രാവിലെ 8 മണിക്കു ഗൈഡായ ബാലകൃഷ്ണൻ ചേട്ടനൊപ്പം ഞങ്ങൾ കാടിനുള്ളിലേക്ക് പുറപ്പെട്ടു. വിറകുതോട് എന്ന പ്രദേശത്തേക്കാണ് നടന്നത്. പ്രദേശവാസികളായ മനുഷ്യരുടെ ജീവിതവും വിശ്വാസങ്ങളും കാടുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും മനസിലാക്കി. കാടിന്റെ ഉള്ളിലേക്കു പോകുന്തോറും ചൂട് കുറഞ്ഞു വന്നു. എങ്കിലും മൊത്തത്തിൽ ഒരു വരണ്ട കാലാവസ്ഥ ആയിരുന്നു. പൊഴിഞ്ഞു കിടക്കുന്ന ഇലകളിൽ ചവിട്ടി നടക്കുമ്പോഴുണ്ടാകുന്ന ശബ്ദം കാട്ടിനുള്ളിലെ ജീവജാലങ്ങളുടെ ശബ്ദവുമായി ചേർന്ന് നല്ലൊരു സിംഫണി ഒരുക്കി.

chimminy forest1

ഓരോ കിലോമീറ്റർ കഴിയുമ്പോഴും ഓരോ പ്ലോട്ട് എടുത്ത് ഞങ്ങൾ സ്പീഷീസ് കളുടെ എണ്ണം രേഖപ്പെടുത്തി. അതിന്റെ കോമൺ നെയിം ബാലകൃഷ്ണൻ ചേട്ടൻ പറഞ്ഞു തന്നു... എല്ലൻ, പൂവം, കറുവപ്പട്ട, കൽപ്പൈൻ, ഞാവൽ, പേരാൽ, ചോരപ്പത്തിരി, അകിൽ, വെൺതേക്ക്, മരോട്ടി, ഈട്ടി, കരിമരുത് തുടങ്ങിയ മരങ്ങൾ ആയിരുന്നു ആ ഭാഗത്തെ പ്രധാന സസ്യങ്ങൾ. ലാബിൽ അനാലൈസ് ചെയ്യുവാൻ പലയിടങ്ങളിൽ നിന്നായി മണ്ണിന്റെ സാംപിളുകളും ശേഖരിച്ചു. കാട്ടിനുള്ളിലെ അരുവികളിലൊന്നും തന്നെ വെള്ളമുണ്ടായിരുന്നില്ല... പലതും വറ്റി വരണ്ട നിലയിലായിരുന്നു. ഞങ്ങൾ കയ്യിൽ കരുതിയ വെള്ളം തീർന്നു പോയതിനാൽ ബാലകൃഷ്ണൻ ചേട്ടൻ നടക്കുന്ന വഴിയിൽ ഒരു നീരുറവയിൽ നിന്നും വെള്ളമെടുത്തു തന്നു... ഓഹ്.. എന്തൊരു തെളിനീർ. പലയിടത്തും ഫയർ ബ്രേക്ക് ലൈനുകൾ തീർത്തിട്ടുണ്ടായിരുന്നു. വഴിയിലുള്ള റിസർവോയർ ഏരിയയിൽ ആനകൾ വെള്ളം കുടിക്കാൻ ഇറങ്ങുന്ന സമയം ആകാറായതുകൊണ്ട് അവിടെ അധികനേരം പിന്നെ ചെലവഴിച്ചില്ല. അന്നത്തെ നടപ്പു മതിയാക്കി മടങ്ങി.

ആനപ്പോരിൽ

chimminy forest4

രണ്ടാം ദിവസം പോകുന്നത് "ആനപ്പോര് " എന്ന ഭാഗത്തേക്ക് ആയിരുന്നു. ഒരുപാട് നടക്കാൻ ഉണ്ടെന്നു മുൻകൂട്ടി പറഞ്ഞിരുന്നു.അതിനാൽ പഴങ്ങളും വെള്ളവും ബാഗിൽ കരുതി, പുലർച്ചെ തന്നെ നടത്തം ആരംഭിച്ചു. ഇടതൂർന്ന വനങ്ങൾ അതിനിടക്ക് പുൽമേടുകൾ ഇതായിരുന്നു വഴിയിലെ കാടിന്റെ പാറ്റേൺ.

മരങ്ങളുടെ എണ്ണമെടുക്കവേ വളരെ കൗതുകം തോന്നിയത് കുന്തിരിക്കത്തിന്റെ മരം കണ്ടപ്പോളാണ്. അതിന്റെ കറയാണ് കുന്തിരിക്കം എന്നു പറഞ്ഞ് ബാലകൃഷ്ണൻ ചേട്ടൻ അത് മരത്തിൽ നിന്ന് എടുത്ത് തന്നു. ഞങ്ങളത് കൈയിൽ വെച്ച് മണത്തു നോക്കി. ആ ഭാഗത്തു ധാരാളമായി കാണപ്പെട്ടത് തൊണ്ടുപൊളിയൻ എന്ന മരമായിരുന്നു. ഏകദേശം 12 കി മീ നടന്നു കാണും ഞങ്ങൾ ആനപ്പോരിൽ ഉള്ള ബേസ് ക്യാമ്പിൽ എത്താൻ. അവിടുത്തെ ചെറിയൊരു കുളത്തിൽ നിന്ന് കുപ്പികളിൽ വെള്ളമെടുത്തു. മുഖം കഴുകി.. എന്തെന്നില്ലാത്ത ഉന്മേഷം.

പിന്നീട് അവിടെനിന്നു മണ്ണ് ശേഖരിച്ചു, അൽപം വിശ്രമിച്ച ശേഷം തിരിച്ചു നടന്നു. അങ്ങോട്ടു പോയ വഴി തന്നെയാണ് തിരിച്ചു വരുന്നതെന്ന് മനസ്സിലാകുകയേ ഇല്ല, അത്രമാത്രം വ്യത്യസ്തമായൊരു കാഴ്ചാനുഭവമാണ് ആ വനമേഖല. കാഴ്ചകളിൽ ആവർത്തനവിരസത ഒട്ടും അനുഭവപ്പെട്ടില്ല.. അല്ലേൽ തന്നെ കാട്ടിലെന്ത് വിരസത.. സകല മുറിവും ഉണക്കാൻ കഴിയുന്ന ഭിഷഗ്വരൻ... അതല്ലേ കാട്.

മടക്കം

chimminy forest3

തിരിച്ചു താമസസ്ഥലത്ത് എത്തിയപ്പോഴാണ് ആകെ കിട്ടിയ നെറ്റ്‌വർക്കിൽ കൊറോണ സംബന്ധിച്ച വാർത്ത അറിയുന്നത്... വന്യജീവി സങ്കേതങ്ങൾ അടയ്ക്കണമെന്നുള്ള ഔദ്യോഗിക അറിയിപ്പു വന്നതായി പിറ്റേന്ന് രാവിലെ അജയ് സാർ അറിയിച്ചു. ഞങ്ങളുടെ വർക്ക് തീർന്നത് കൊണ്ടും ഇനിയവിടെ നിൽക്കാൻ മാർഗമൊന്നുമില്ലാത്തത് കൊണ്ടും 11–ാം തിയ്യതി രാവിലെ ഞങ്ങൾ ചിമ്മിണിയോട് യാത്ര പറഞ്ഞു.

Tags:
  • Manorama Traveller
  • Travel Destinations
  • Kerala Travel
  • Wild Destination