Thursday 07 November 2019 04:56 PM IST : By സ്വന്തം ലേഖകൻ

കഥയല്ല വെള്ള കാട്ടുപോത്ത്! ചിന്നാർ വനത്തിലെ അദ്‌ഭുതക്കാഴ്ച സമ്മാനിച്ച കൗതുകം പങ്കുവച്ച് ശബരി

sabariknknm

ശബരീ ദി ട്രാവലർ യൂട്യൂബ് ചാനലിനു വേണ്ടി വിഡിയോ ചിത്രീകരണവുമായി ചിന്നാർ കാടുകളിൽ നടക്കുമ്പോഴാണ് കഥകളിലെ അദ്ഭുതം ക്യാമറയ്ക്ക് മുന്നിൽ വന്നത്, വെള്ള കാട്ടുപോത്ത്!

ശബരിയുടെ യാത്രകളും ക്യാമറയും പതിവു കാഴ്ചകളല്ല സഞ്ചാര ലോകത്തിന് സമ്മാനിക്കുന്നത്. മനോരമ ട്രാവലറിലൂടെയും തന്റെ യൂട്യൂബ് ചാനൽ ശബരീ ദി ട്രാവലറിലൂടെയും സഞ്ചാരപ്രിയർക്ക് കൗതുകങ്ങൾ സമ്മാനിക്കുന്ന ശബരി ചിന്നാർ കാടുകളിലെത്തിയത് കാടിന്റെയും കാട്ടുമക്കളുടെയും ജീവിതം പകർത്താനായിരുന്നു. ആനയും പുലിയും കാട്ടുപോത്തുമെല്ലാമുള്ള ഘോര വനത്തിലേക്ക് രാത്രി 12 മണിക്ക് സ്ത്രീകൾ പ്രവേശിക്കുന്നത് ഉൾപ്പെടെ നിരവധി കാഴ്ചകൾ സമ്മാനിക്കുന്നതിന്റെ കൂട്ടത്തിൽ ആണ് വെള്ള കാട്ടുപോത്തിനെ കാട് ശബരിക്ക് സമ്മാനിച്ചത്. 

പകൽ മുഴുവൻ കാട്ടിൽ അലഞ്ഞുതിരിഞ്ഞ് വൈകുന്നേരമാകുമ്പോഴേക്കും മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ഏതെങ്കിലും ലോക് ഹൗസിനുമുന്നിൽ എത്തുന്നതായിരുന്നു ചിന്നാറിലെ പതിവ്. അങ്ങനെ നവംബർ രണ്ടാം തീയതിയും ശബരിയും കൂട്ടരും വൈകുന്നേരമായപ്പോൾ ലോക് ഹൗസിനു മുന്നിൽ എത്തി. 

അതിനു താഴെ താഴ്‌വാരത്തിൽ ഒരുപറ്റം കാട്ടുപോത്തുകൾ കൂട്ടംകൂട്ടമായി നിൽക്കുന്നു. അവ പരസ്പരം കൊമ്പു കോർക്കുന്നു, മേഞ്ഞു നടക്കുന്നു... ആ കാഴ്ചകൾ ആസ്വദിച്ച് നിൽക്കുമ്പോഴാണ്, അവയ്ക്കിടയിൽ നിന്നും ഒരു അദ്‌ഭുതം പോലെ അത് ഇറങ്ങി വന്നത്... ശരിക്കും ഒരു അദ്‌ഭുതം! വെള്ളനിറമുള്ള കാട്ടുപോത്ത്! വർഷങ്ങൾക്കു മുൻപെങ്ങോ ഈ അദ്‌ഭുതത്തെ കണ്ടിട്ടുള്ള വിജയൻ എന്ന ഗൈഡിനെ വിളിച്ച് കാഴ്ച ഉറപ്പിച്ചു. വിജയൻ ചേട്ടൻ തറപ്പിച്ചു പറഞ്ഞു, "അതെ അത് വെള്ള കാട്ടുപോത്ത് തന്നെയാണ്"

‘‘കറുത്ത കാട്ടുപോത്തുകളെ മാത്രം കണ്ടിട്ടുള്ള എന്റെ കണ്ണിനും ക്യാമറയ്ക്കും ആ കാഴ്ച തന്നത് ചെറിയ സന്തോഷം അല്ലായിരുന്നു. 300 എംഎം ലൈൻസ് മാത്രമുണ്ടായിരുന്ന ഞാൻ ആകും വിധം വലിച്ചു നീട്ടി കുറച്ചു ചിത്രങ്ങളും വിഡിയോകളും പകർത്തി. ജനിതകമായ കാരണങ്ങൾ കൊണ്ടാകാം ഇത്തരം കാട്ടുപോത്തുകൾ പിറവിയെടുക്കുന്നത് എന്ന് കണക്കാക്കപ്പെടുന്നു. വളരെ വിരളമായി മാത്രം കണ്ടിരുന്ന ഈ കാട്ടുപോത്തുകളെ കുറിച്ച് യാതൊരുവിധ പഠനങ്ങളും ഇന്ന് വരെ നടന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്...’’- ശബരി മനോരമ ട്രാവലറിനോട് പറഞ്ഞു.

Tags:
  • Manorama Traveller
  • Kerala Travel