കോയമ്പത്തൂരിനെ ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നു വിശേഷിപ്പിച്ചതാരെന്ന് എവിടെയും എഴുതി വച്ചിട്ടില്ല. പാലക്കാടിന്റെ അയൽപക്കത്തുള്ള ഈ തമിഴ് നഗരത്തിന് മാറ്റുരയ്ക്കാൻ കഴിയാത്ത നാട്ടുഭംഗിയുടെ വശ്യതയുണ്ട്. പട്ടണത്തിന്റെ പടിഞ്ഞാറു ഭാഗത്ത് അതിരിട്ടു നിൽക്കുന്നതു ശിരുവാണി. വടക്കു ഭാഗത്ത് വേലേന്തിയ മുരുകൻ കാവലിരിക്കുന്ന മരുതമല. കഥയും പുരാണവും കവിഞ്ഞൊഴുകി കോവൈ കുറ്റാലം. സകല മലകൾക്കും പിതാവായി വെള്ളിയങ്കിരി... വ്യവസായ നഗരം മാത്രമാണു കോയമ്പത്തൂരെന്നു കരുതുന്നവർ തിരുത്തുക; നല്ലൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണത്. പട്ടണത്തിന്റെ മിന്നി മായുന്ന ആഡംബരങ്ങളെക്കുറിച്ചല്ല പറയുന്നത്. നഗരത്തിൽ നിന്ന് ഏറെ അകലെയല്ലാതെ, കാറുമായി യാത്ര ചെയ്ത് കണ്ടാസ്വദിക്കാവുന്ന ടൂറിസ്റ്റ് സ്പോട്ടുകളെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
‘കോവൈ’ നഗരത്തിന്റെ പശ്ചാത്തല ഭംഗി നുകരാൻ രണ്ടു പകൽ വേണം. ആദ്യം കോവൈ കുറ്റാലം, അതു കഴിഞ്ഞ് വെള്ളിയങ്കിരി, മുന്നാമതു ബൊട്ടാണിക്കൽ ഗാർഡൻ, ഒടുവിൽ മരുതമല – ഷെഡ്യൂൾ പ്രകാരം ആദ്യ ദിനം ഗാന്ധിപുരത്തു നിന്നു യാത്ര പുറപ്പെട്ടു.
കോവൈ കുറ്റാലം
ശരിക്കുമുള്ള കുറ്റാലം ചെങ്കോട്ടയ്ക്കപ്പുറത്താണ്. അതുപോലൊരു വെള്ളച്ചാട്ടം കോയമ്പത്തൂരിലുണ്ട് – കോവൈ കുറ്റാലം. ശിരുവാണി മലയുടെ മുകളിൽ നിന്ന് പാറപ്പുറത്തു കൂടി ഒഴുകിയിറങ്ങുന്നു സ കോവൈ കുറ്റാലം. കോയമ്പത്തൂരിൽ നിന്നു പേരൂർ വഴിയുള്ള ശിരുവാണി റോഡ് അവസാനിക്കുന്നത് കോവൈ കുറ്റാലത്തിലേക്കുള്ള ചെക് പോസ്റ്റിനു മുന്നിലാണ്.
രാവിലെ പത്തു മണിയാവാതെ വെള്ളച്ചാട്ടത്തിനടുത്തേക്ക് സന്ദർശകരെ കടത്തി വിടില്ല. ‘‘വഴിയിൽ യാനൈകൾ ഇരുക്കും.’’ വെയിലെറിച്ച ശേഷം ആനകൾ കാട്ടിലേക്കു കയറിയിട്ടേ സന്ദർശകരെ കാട്ടിലേക്ക് കടത്തി വിടുന്നുള്ളൂ. ചെക് പോസ്റ്റിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പത്തു മണിക്ക് പ്രവേശന ടിക്കറ്റ് തന്നു. തമിഴ്നാട് വനം വകുപ്പിന്റെ വാഹനത്തിലാണ് സവാരി. ടാറിട്ട പാതയിലൂടെ വണ്ടി നീങ്ങി. തേക്കിൻ തോട്ടവും മരക്കൂട്ടവും താണ്ടിയാണ് സഞ്ചാരം. കരടിയും ആനയുമുള്ള കൊടും കാടാണെന്നു ഡ്രൈവർ മുന്നറിയിപ്പു നൽകി.
‘‘വെള്ളച്ചാട്ടത്തിനരികിലേക്ക് നടക്കണം. ഇനിയുള്ള ദൂരം വണ്ടി പോകില്ല’’ ഡ്രൈവറുടെ നിർദേശം. പഴയ തൂക്കുപാലത്തിനടുത്തു കൂടിയാണ് നടപ്പാത. തേക്കു മരങ്ങളിൽ കെട്ടിത്തൂക്കിയ ഇരുമ്പു പാലം ബലക്ഷയം വന്ന ശേഷമാണ് അടച്ചിട്ടത്. അൽപ്പ ദൂരം മുന്നോട്ടു നടന്നപ്പോൾ വെള്ളച്ചാട്ടത്തിലേക്കുള്ള പാലമെത്തി.
കുന്നിനു മുകളിൽ നിന്നു കുതിച്ചിറങ്ങുന്ന വെള്ളച്ചാട്ടം പാറയുടെ തിട്ടകളിൽ തട്ടിച്ചിതറി. തെളിഞ്ഞ വെയിലിൽ വെള്ളിച്ചില്ലു വിതറി വെള്ളച്ചാട്ടം തുള്ളിയൊഴുകി. ഈ സമയത്ത് ഒരു സംഘമാളുകൾ ഓടിക്കിതച്ച് അവിടേക്കു വന്നു. ഓരോരുത്തരായി മേൽ വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് വെള്ളത്തിലേക്കു ചാടി. സ്വിമ്മിങ് പൂളുകളിൽ നീന്തി നീരാടിയ പരിചയത്തോടെ വിദേശികൾ കോവൈ കുറ്റാലത്തിൽ തുടിച്ചു തുള്ളി. പാട്ടു പാടിയും പന്തെറിഞ്ഞും അവർ കുറ്റാലത്തിന്റെ കുളിരിൽ ഉത്സവമേളം നടത്തി.
‘‘വഴുക്കുള്ള പാറയിൽ കയറരുത്. ബാഗും ആഭരണങ്ങളും സൂക്ഷിക്കുക. വെള്ളച്ചാട്ടത്തിലേക്ക് പാറപ്പുറത്തു നിന്നു ചാടരുത്... ’’ സഞ്ചാരികളുടെ ആവേശം കണ്ട് സുരക്ഷാ ഉദ്യോഗസ്ഥൻ മുന്നറിയിപ്പു നൽകി. ജന്മനാ കാഴ്ച നഷ്ടപ്പെട്ട അയ്യാ സ്വാമിയാണ് മൈക്ക് അനൗൺസർ. കഴിഞ്ഞ ഓഗസ്റ്റിൽ ഒരു സ്ത്രീ കുറ്റാലം വെള്ളച്ചാട്ടത്തിൽ വീണ് ഗുരുതരമായി പരിക്കേറ്റെന്ന് അയ്യാ സ്വാമി പറഞ്ഞു. അപ്പോൾ മുതലാണ് മൈക്കിലൂടെ വിളിച്ചു പറഞ്ഞുള്ള മുന്നറിയിപ്പു കർശനമാക്കിയത്.
കുറ്റാലത്തു നീരാടാൻ പോകുന്നവർ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കുക. ആവേശം നല്ലതാണ്, അമിതമാകരുത്.
കോവൈ കുറ്റാലം : കോയമ്പത്തൂരിൽ നിന്ന് 35 കിലോ മീറ്റർ. റൂട്ട് : പേരൂർ – ശിരുവാണി റോഡ്. സന്ദർശന സമയം : രാവിലെ 10 മുതൽ വൈകിട്ട് 3 വരെ. പ്രവേശനത്തിന് ടിക്കറ്റ് നിർബന്ധം. സന്ദർശകരുടെ വാഹനം ചെക്പോസ്റ്റിനടുത്ത് പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിടണം. വെള്ളച്ചാട്ടത്തിനടുത്തേക്ക് വനം വകുപ്പിന്റെ വാഹനത്തിലാണ് സവാരി.
വെള്ളിയങ്കിരിയിലെ ഗുഹാക്ഷേത്രം
ഹിമാലയത്തിലെ കൈലാസം കാണാൻ കഴിയാത്തവർ നിരാശപ്പെടേണ്ട. കോയമ്പത്തൂരിലെ വെള്ളിയങ്കിരി മലയിലുണ്ടൊരു കൈലാസം. സാക്ഷാൽ പരമശിവൻ സ്വയംഭൂവായി അവതരിച്ച ‘ദക്ഷിണ കൈലാസം’ കാണാൻ ഏഴു മലകൾ താണ്ടണം.
പൂണ്ടിയിലെ അമ്മൻ കോവിലിൽ നിന്നാണ് വെള്ളിയങ്കിരിയിലേക്കുള്ള പടികൾ ആരംഭിക്കുന്നത്. പരമശിവൻ നൃത്തമാടിയ മലയിലേക്ക് അമ്മൻ കോവിലിലെ പൂജാരിയോടു വഴി ചോദിച്ചു.
‘‘മലകൾ ഏഴുണ്ട്. ഏഴിലും ക്ഷേത്രങ്ങളുണ്ട്. ഗുഹാ ക്ഷേത്രത്തിൽ പോകണോ അതോ ധ്യാനലിംഗമായി കുടികൊള്ളുന്ന മഹാദേവനെ കാണണോ?’’ പൂജാരി നാരായണന്റെ മറുചോദ്യം.
‘‘ സ്വയംഭൂലിംഗ പ്രതിഷ്ഠ കാണാൻ ആറര കിലോമീറ്റർ നടക്കണം. ഇപ്പോൾ പോയാൽ ഇരിട്ടുന്നതിനു മുൻപ് തിരിച്ചു വരാൻ കഴിയില്ല. കൈലാസത്തിൽ താമസ സൗകര്യമില്ല. മലമുകളിലേക്ക് ആയിരം കൽപ്പടികളുണ്ട്. അതിനിടയിൽ രണ്ടു ഗുഹാക്ഷേത്രങ്ങൾ കാണാം. തത്കാലം അവിടം വരെ പോയി വരൂ’’ പുജാരി പറഞ്ഞതനുസരിച്ച് പടി കയറി. അർജുനൻകുണ്ട്, ഭീമൻകുണ്ട്, വിഭൂതിമല, മുത്തുക്കുളം, പാമ്പാട്ടി, സീതവനം, കൈലാസം – ഇങ്ങനെ ഏഴു മലകളാണ് വെള്ളിയങ്കിരിയിലുള്ളത്. കൈലായമെന്നു തമിഴർ പറയുന്ന കൈലാസത്തിലെത്താൻ ആറു മലകൾ താണ്ടണം.
കൽപ്പടവുകൾ തീരുന്നിടം വരെ നടക്കാൻ തീരുമാനിച്ചു. കാൽ മുട്ടുകൾ നെഞ്ചിലിടിക്കും വിധം ചെങ്കുത്താണ് വഴി. കാട്ടുവള്ളികൾ തൂങ്ങിയ പടുമരങ്ങൾക്കിടയിലൂടെ നടത്തം ഭയപ്പാടുണ്ടാക്കി. കൈലാസത്തിലേക്കുള്ള യാത്രയിലെന്തിനു ഭയം? ഇതോർത്തപ്പോൾ കാലുകൾക്കു വേഗം കൂടി. അൽപ്പദൂരം പിന്നിട്ടപ്പോഴേക്കും വലത്തോട്ടുള്ള ചെറിയ വഴി കണ്ടു. പാറയുടെ അരികിലൂടെ വലത്തോട്ടു നീങ്ങി. ഗുഹാമുഖം മുന്നിൽ തെളിഞ്ഞു. മല തുരന്നുണ്ടാക്കിയ ഗുഹയ്ക്കുള്ളിലെ ശിവലിംഗ പ്രതിഷ്ഠ ദൃശ്യമായി. ഗുഹാമുഖത്ത് മഞ്ഞളണിഞ്ഞൊരു കല്ലുണ്ട്, ‘നന്ദി’യുടെ പ്രതീകം. ഗുഹയുടെ ഉള്ളിൽ ഒരാൾക്കു സുഖമായിരുന്നു ധ്യാനിക്കാം. ഇരുവശത്തേക്കും ഗുഹ രണ്ടായി പിരിയുകയാണ്. എത്ര നീളമാണു തുരങ്കമെന്നു നോക്കി തിരിച്ചെത്തിയവരില്ല. പൂജാരി നാരായണൻ പറഞ്ഞതു ശരിയാണ്. മനുഷ്യാധീതമായ കഴിവുള്ളവർക്കേ അവിടെ ധ്യാനത്തിന് ചങ്കുറപ്പുണ്ടാകൂ.
ദക്ഷിണ കൈലാസത്തിലേക്കുള്ള യാത്ര പിന്നീടൊരിക്കലാകാമെന്നു തീരുമാനിച്ച് പടികളിറങ്ങി. ഫെബ്രുവരി മുതൽ മേയ് മാസം വരെയാണ് വെള്ളിയങ്കിരിയിലേക്ക് ആളുകൾ തീർഥാടനം നടത്താറുള്ളത്. അതാണ് ട്രെക്കിങ്ങിനു പറ്റിയ സമയം.
ക്ഷിണ കൈലാസത്തിലെ സ്വയംഭൂവായ പരമശിവനെ കാണാൻ പൂണ്ടി ക്ഷേത്രത്തിൽ നിന്ന് അഞ്ചു മണിക്കൂർ നടക്കണം. കൈത്തട്ടി, വഴുക്കുപാറ തുടങ്ങിയ മലഞ്ചെരിവുകൾ ട്രെക്കിങ്ങിൽ താത്പര്യമുള്ളവരുടെ ഇഷ്ട സ്ഥലങ്ങളാണ്. പൂണ്ടിയിലാണ് ഈശാ യോഗ സെന്റർ എന്ന ‘ധ്യാനലിംഗ’ പ്രാർഥനാ സംഘത്തിന്റെ ആസ്ഥാനം.
നഗരയാത്രയിലൊരു തീർഥാടനമെന്നോ, നഗരത്തിനോടു ചേർന്നൊരു ട്രെക്കിങ് കേന്ദ്രമെന്നോ വെള്ളിയങ്കിരി മലയെ വിശേഷിപ്പിക്കാം.
വെള്ളിയങ്കിരി ട്രെക്കിങ് : കോയമ്പത്തൂരിൽ നിന്നു പൂണ്ടി ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ സഞ്ചരിക്കുക, 26 കിലോ മീറ്റർ. ഈശ യോഗ സെന്റർ എന്ന ധ്യാന കേന്ദ്രവും, വെള്ളിയങ്കിരി മലയിലെ സ്വയംഭൂലിംഗവും വെവ്വേറെ ചോദിച്ചറിഞ്ഞ് മല കയറുക. ട്രെക്കിങ്ങിനുള്ള ഒരുക്കങ്ങളോടെ യാത്ര പുറപ്പെടുക. ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കുക. ദക്ഷിണ കൈലാസത്തിൽ താമസ സൗകര്യങ്ങളില്ല. ഹൃദ്രോഗമുള്ളവർ ട്രെക്കിങ് ഒഴിവാക്കുക. കൈലാസ തീർഥാടനത്തിന് സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കം ചെയ്തിട്ടുണ്ട്. സ്വന്തം ഉത്തരവാദിത്തത്തിൽ സുരക്ഷ ഉറപ്പു വരുത്തുക.
ബൊട്ടാണിക്കൽ ഗാർഡൻ
കോയമ്പത്തൂർ നഗരത്തിലൊരു ബൊട്ടാണിക്കൽ ഗാർഡൻ ഉണ്ടെന്ന കാര്യം അറിയാമോ ? പുൽത്തകിടി പരവതാനി വിരിച്ച ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനല്ല. കോയമ്പത്തൂർ കാർഷിക സർവകലാശാലയുടെ ഭാഗമായി തടാകം റോഡിൽ മൂന്നൂറേക്കർ സ്ഥലത്തു പരന്നു കിടക്കുന്നു ബൊട്ടാണിക്കൽ ഗാർഡൻ. തമിഴ്നാട്ടുകാരുടെ അവധി ദിനങ്ങൾക്ക് നിറം പകരുന്ന സ്ഥലമാണ് ഈ തോട്ടം. വിശാലമായ പൂന്തോട്ടം, ഔഷധ സസ്യങ്ങളുടെ തോട്ടം, കുട്ടികൾക്കുള്ള കളി സ്ഥലം, സഞ്ചാരികൾക്ക് ഇരിപ്പിടമൊരുക്കിയ കാനനം, മരങ്ങൾ നിരയിട്ട നടവരമ്പുകൾ, വാട്ടർ ഫൗണ്ടൻ, അലങ്കാരച്ചെടികൾ തുടങ്ങി 300 ഏക്കർ സ്ഥലം മുഴുവൻ കാഴ്ചയുടെ വസന്തമാണ്.
പത്തു വർഷം മുൻപു വരെ കാടു പിടിച്ചു കിടന്ന ഔഷധ സസ്യങ്ങളുടെ തോട്ടമായിരുന്നു ബൊട്ടാണിക്കൽ ഗാർഡൻ. എല്ലാ സൗകര്യങ്ങളും അന്നുമുണ്ടായിരുന്നെങ്കിലും ഇത്രത്തോളം അടുക്കും ചിട്ടയുമില്ലായിരുന്നു. ഇരുവശത്തും അശോക മരങ്ങൾ അതിരിടുന്ന ടാറിട്ട നടപ്പാതയാണ് സന്ദർശകരെ വരവേൽക്കുന്നത്. നീലയും പച്ചയും മഞ്ഞയും ചുവപ്പുമായി ഇടകലർന്നു വിടർന്നു നിൽക്കുന്ന കടലാസു പൂക്കളാണ് വഴിയോരക്കാഴ്ച. വലിയ പുളി മരങ്ങളും ശാസ്ത്ര നാമം എഴുതി വച്ച ഔഷധ മരങ്ങളും പറമ്പിൽ നിറഞ്ഞു നിൽക്കുന്നു. ഭംഗിയായി വെട്ടിയൊരുക്കിയ പുൽമേടയ്ക്കു നടുവിലാണ് മരങ്ങൾ നിൽക്കുന്നത്. ഇതിനു താഴെ സന്ദർശകർക്ക് ഇരിക്കാനുള്ള ബെഞ്ചുകൾ. തിരുവള്ളുവരുടെ പ്രതിമയ്ക്കു മുന്നിൽ വഴി രണ്ടായി പിരിയുന്നു.
വലത്തോട്ടുള്ള വഴി സസ്യ ഗവേഷണ തോട്ടത്തിലേക്കാണ്. സമൃദ്ധമായി വെള്ളമൊഴുകുന്ന കൈത്തോട്ടുകൾക്കരികിൽ അപൂർവയിനം ചെടികൾ പന്തലിട്ടു നിൽക്കുന്നുണ്ട്. മരങ്ങളുടെ പേരും സവിശേഷതയും എഴുതി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മരത്തോപ്പിനുള്ളിലെ വിശ്രമക്കസേരകളിൽ ഫോട്ടോ എടുക്കുന്ന തിരക്കിലാണ് സന്ദർശകർ. പുൽമേടയിൽ കിടന്നുരുണ്ട് കുട്ടികൾ പന്തു കളിക്കുന്നു.
ചുവപ്പു ചീര കൃഷി ചെയ്യുന്ന പാടം വരെ നീണ്ട മൺപാത. ഇരുവശത്തും ഈന്തപ്പനകളുടെ നിര. ഔഷധച്ചെടികൾ നട്ടു നനച്ചുണ്ടാക്കുന്നവരുടെ മുഖത്ത് ഗവേഷകരുടെ ഗൗരവം. മരങ്ങളെക്കുറിച്ചും ചെടികളെക്കുറിച്ചും പഠിക്കാനും മനസ്സിലാക്കാനുമുള്ള യാത്രയാണിതെന്ന് അവരിലൊരാളുടെ കമന്റ്. ഭൂമിക്കടിയിലേക്ക് തുരങ്കമിട്ട്, മേൽക്കൂരയ്ക്കു താഴെ പൂക്കളും സസ്യങ്ങളും വിളഞ്ഞു നിൽക്കുന്നു. ചീരത്തോട്ടത്തിനു മുന്നിൽ നാലഞ്ചു മയിലുകളെ കണ്ടു. പടർന്നു നിൽക്കുന്ന പുളിമരച്ചുവട്ടിലെ വഴിയിലൂടെ അവ പരക്കം പാഞ്ഞു.
വർഷത്തിൽ ഒരു ലക്ഷമാളുകൾ ബൊട്ടാണിക്കൽ ഗാർഡൻ കാണാനെത്തുന്നുണ്ട്. അവരിൽ മലയാളികൾ കുറവ്. പുഷ്പമേള കാണാനാണ് കൂടുതലാളുകൾ വരാറുള്ളത്. നെൽപ്പാടം പോലെ വരമ്പിട്ട് പൂക്കൾ വളർത്തുന്ന കാർഷിക ഗവേഷണം കാഴ്ചക്കാർക്കു മുന്നിൽ തുറന്നിട്ടതു നന്നായി. പലയിനം പൂക്കൾ കണ്ടാസ്വദിക്കാം, ചെടി നട്ടു വളർത്തുന്നതു നോക്കി പഠിക്കുകയും ചെയ്യാം.
മരുതമല
ആണഴകനാണു മുരുകൻ. വേലായുധൻ, പഴനിയാണ്ടവൻ എന്നൊക്കെ തമിഴ്നാട്ടുകാർ അരുമയോടെ വിളിക്കും. ജ്ഞാനപ്പഴം വിടരുന്ന പഴനിമലയിലേതു പോലെ മുരുകൻ കുടികൊള്ളുന്ന കോയമ്പത്തൂരിലെ കാനന ക്ഷേത്രമാണു മരുതമല. വളഞ്ഞു പുളഞ്ഞ റോഡും കുത്തനെയുള്ള കരിങ്കൽപ്പടവും പാതയാക്കിയ കുന്നിനു മുകളിലെ കോവിലിലാണ് മുരുകൻ കുടികൊള്ളുന്നത്. അഗതികളുടെ ആശ്രയമാണ് വിശ്വാസ ലോകത്തു മരുതമല. അതേസമയം, കാടിനു നടുവിലെ കമനീയ ചാരുതയാണ് സഞ്ചാരികളുടെ കാഴ്ചപ്പാടിൽ മരുതമല. ഇരുകൂട്ടരുടെയും ലക്ഷ്യവും സാഫല്യവും ദർശനഭംഗി തന്നെ.
കോയമ്പത്തൂർ നഗരത്തിന്റെ ‘ഏരിയൽ വ്യൂ’ ക്യാമറയിലാക്കാൻ പറ്റിയ ലൊക്കേഷൻ മരുതമലയാണ്. ‘പനോരമിക്’ വിഷ്വൽ താത്പര്യമുള്ള നാലഞ്ചു ഫോട്ടൊഗ്രഫർമാരെ മരുതമലയിലേക്കുള്ള നടപ്പാതയിൽ കണ്ടു. വെള്ളപ്പൊട്ടു ചാർത്തിയ ലാൻഡ് സ്കേപ്പുകൾ പലവിധം അവരുടെ ക്യാമറയിൽ പ്രതിഫലിച്ചു.
കള്ളിമുൾച്ചെടിയും കുറ്റിക്കാടും നിറഞ്ഞ കാടിനു നടുവിലെ പാത ക്ഷേത്രമുറ്റത്തെ പാർക്കിങ് ഗ്രൗണ്ടിൽ ചെന്നവസാനിച്ചു. പടികൾക്കു മീതെ മണ്ഡപത്തിനും പന്തീരടി വാതിലിനുമകത്ത് രാജമണ്ഡപം തെളിഞ്ഞു. ‘കരുണയുടെ കടലായ മുരുകാ, രക്ഷിക്കണേ’ എന്നെഴുതിയ ബോർഡിനു താഴെ സഞ്ചാരികൾ വിശ്രമിക്കുന്നു. ഗോപുരം കടന്നാൽ ക്ഷേത്രമുറ്റം. കൽപ്പടി താണ്ടിയാൽ ശ്രീകോവിൽ. പഞ്ചാഭിഷേകം കഴിഞ്ഞ് അണിഞ്ഞൊരുങ്ങി നിൽക്കുന്ന ആണ്ടവനെ കണ്ടു തൊഴുതു. എണ്ണൂറാണ്ടുകൾ പഴക്കമുള്ള ശ്രീകോവിലിനെ മനസ്സിൽ പ്രതിഷ്ഠിച്ചു.
‘മരുതമലൈ മാമുനിയേ മുരുകയ്യാ’ എന്നു തുടങ്ങുന്ന ഭക്തിഗാനം മുഴങ്ങിയ ശേഷമാണു പടിയിറങ്ങിയത്. തൊഴുതിറങ്ങിയ ഭക്തരുടെ നിര അടിവാരം വരെ നീണ്ടു. മരുതമലയുടെ തണലിൽ സായാഹ്ന സൂര്യന്റെ തിളക്കത്തെ കിരീടമാക്കി ക്ഷേത്രം വിളങ്ങി. തൈപ്പൂയത്തിന് ഈ നടപ്പാത മുഴുവൻ ജനം തിങ്ങി നിറയും. അതിനു മുൻപുള്ള നാളുകളാണ് മരുതമലയെ കണ്ടറിയാൻ അനുയോജ്യമായ സമയം.
മരുതമല: ഗാന്ധിപുരത്തു നിന്ന് 13 കിലോമീറ്റർ. മരുതമല വരെ ബസ് സർവീസുണ്ട്. ക്ഷേത്രത്തിനു മുൻവശം വരെ വാഹനം കടന്നു ചെല്ലും. രാവിലെ 6 – 1, ഉച്ചയ്ക്ക് 2 – രാത്രി 8.30 വരെയാണ് ദർശനം.
ഏഷ്യയിലെ ഏറ്റവും വലിയ ഗണപതി
ഏഷ്യയിലെ ഏറ്റവും വലുപ്പമുള്ള ഗണപതി വിഗ്രഹം കോയമ്പത്തൂർ നഗരമധ്യത്തിലാണ്. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സഞ്ചാരികൾ ഈ വിഗ്രഹം കണ്ടു വണങ്ങാനെത്തുന്നു. 19.10 അടി ഉയരം. 190 ടൺ ഭാരം. നെറ്റിയുടെ വീതി 2.5 അടി. പാശംഗുശമേന്തിയ രണ്ടു കൈകളും ആനക്കൊമ്പും ചക്കയുമേന്തിയ ഇരു കരങ്ങളുമായാണ് ശിൽപ്പം നിലകൊള്ളുന്നത്. കാൽപ്പാദത്തിനു സമീപത്തുള്ള താമര, സർപ്പം എന്നിവയാണ് ശിൽപ്പത്തിന്റെ മറ്റു ഭാഗങ്ങൾ. ഇരുപത്തൊന്നു ശിൽപ്പികൾ ആറു വർഷം കഠിനാധ്വാനം ചെയ്തുണ്ടാക്കിയ വിഗ്രഹം ഈ നൂറ്റാണ്ടിലെ അദ്ഭുതമായതിൽ അതിശയമില്ല.
രാമനാഥപുരത്തിനു സമീപത്ത് പുളിയകുളം എന്ന ജംക്‌ഷനിലാണ് മുന്തി വിനായക ക്ഷേത്രം. പുളിയകുളം – ശൗരിപ്പാളയം – പങ്കജ മിൽസ് റോഡുകൾ കൂടിച്ചേരുന്ന സ്ഥലത്താണിത്.
പുളിയകുളം വിനായകരെ കൊത്തിയുണ്ടാക്കാൻ വലിയ ശില തേടി ശിൽപ്പികൾ രാജ്യം മുഴുവൻ നടന്നു. ഒടുവിൽ കോയമ്പത്തൂരിനടുത്തുള്ള ഊത്തുക്കുളിയിൽ ഒറ്റക്കല്ല് കണ്ടെത്തി. വ്രത ശുദ്ധിയോടെ, മെഷിനുകളൊന്നും ഉപയോഗിക്കാതെ ആറു വർഷംകൊണ്ട് വിനായക ശിൽപ്പത്തിന്റെ നിർമാണം പൂർത്തിയാക്കി.
വിശ്വാസവും അദ്ഭുതവുമൊരുക്കുന്ന മന്ദിരമാണ് പുളിയകുളം വിനായക ക്ഷേത്രം. വിശ്വാസികൾ നാളികേരമുടച്ചും സന്ദർശകർ ഫോട്ടോയെടുത്തും ഏഷ്യയിലെ ‘മുന്തിയ വിനായകരെ’ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു.
പുളിയകുളം വിനായക ക്ഷേത്രം : ഗാന്ധിപുരത്തു നിന്നു നാലു കിലോമീറ്റർ. ദർശന സമയം: രാവിലെ 8 മുതൽ 12 വരെ. ഉച്ചയ്ക്ക് 2 മുതൽ രാത്രി 8.30 വരെ.
വനം മ്യൂസിയം
വനത്തിനുള്ളിൽ കാണുന്ന എല്ലാ ജീവികളുടെയും മൃതദേഹം അനശ്വരമാക്കിയ മ്യൂസിയം കോയമ്പത്തൂരിലുണ്ട്. സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മൃഗങ്ങളുടെ മൃതദേഹം ‘ഗാസ് ഫോറസ്റ്റ് മ്യൂസിയ’ത്തിൽ സൂക്ഷിച്ചിട്ടുള്ളത്. ഫോസ്റ്റ് അക്കാഡമിയിലെ മുളങ്കാടിനു നടുവിലാണ് ഇരുനില മന്ദിരം.
ബ്രിട്ടിഷ് ഭരണകാലത്ത് തമിഴ്നാട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന എച്ച്.എ. ഗാസ് എന്ന ഇംഗ്ലിഷുകാരൻ 1993ലാണ് ഫോറസ്റ്റ് മ്യൂസിയം ആരംഭിച്ചത്. നാലായിരം കാട്ടുജന്തുക്കളുടെ മൃതശരീരം ‘സ്റ്റഫ് ’ ചെയ്ത് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മുഴുവൻ സമയം സിസിടിവി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുള്ള മ്യൂസിയത്തിൽ ക്യാമറയ്ക്കു പ്രവേശനമില്ല.
തലയെടുപ്പോടെ നിൽക്കുന്ന കാട്ടുപോത്തിന്റെ പ്രതിമയാണ് മ്യൂസിയത്തിൽ സഞ്ചാരികളെ വരവേൽക്കുന്നത്. മൈസൂർ രാജാവ് സമ്മാനമായി നൽകിയ കാട്ടുപോത്തിന്റെ തോലിനുള്ളിൽ കൃത്രിമ വസ്തുക്കൾ കുത്തിനിറച്ചാണ് നിലനിർത്തിയിട്ടുള്ളത്. പക്ഷി, പാമ്പ്, ആട്, തവള, ആന തുടങ്ങി സകല ജീവികളുടേയും കൃത്രിമ രൂപങ്ങൾ ഇവിടെയുണ്ട്. ചത്ത മൃഗങ്ങളെ ലായനിയിലിട്ട് സംരക്ഷിച്ചാണ് ചില്ലു ഭരണികളിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
456 വർഷം പഴക്കമുള്ള തേക്കു തടിയും ആനയുടെ അസ്ഥികൂടങ്ങളും അദ്ഭുതകരം. പൂമ്പാറ്റ മുതൽ തേൾ വരെ പലയിനം ജീവജാലങ്ങൾ ഇവിടെ ‘ജീവിക്കുന്നു’. മലമ്പാമ്പിന്റെ തോലും മാനിന്റെ ഉടലും അവിടെയുണ്ട്. അപൂർവയിനം പാറ, പഴക്കമേറിയ മുള, വേരുകൾ, ഇലകൾ, മണ്ണ്, മരം, റബർ എന്നിവയാണ് ഫോറസ്റ്റ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള മറ്റു വസ്തുക്കൾ.
കാടിന്റെ ശേഷിപ്പുകൾ എന്തായിരിക്കുമെന്നു കാണാൻ ഫോറസ്റ്റ് മ്യൂസിയത്തിൽ പോയാൽ മതി.
ഗാസ് ഫോറസ്റ്റ് മ്യൂസിയം : ഉക്കടം ബസ് സ്റ്റാൻഡിൽ നിന്ന് എട്ടു കിലോമീറ്റർ. സന്ദർശന സമയം : രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. ഞായറാഴ്ച അവധി. ഫോട്ടോ എടുക്കാൻ അനുമതിയില്ല. പ്രദർശന വസ്തുക്കളിൽ തൊടരുത്. ഫോൺ : 0422 2450307.
വിന്റേജ് കാറുകൾ, ക്ലാസിക് കാറുകൾ
കാറുകളെ ആത്മാവിനു തുല്യം സ്നേഹിച്ച ജി.ഡി നായിഡുവിന്റെ ജീവിത കഥ പറയാം. കോയമ്പത്തൂരിനടുത്ത് കലങ്ങൽ ഗ്രാമത്തിൽ കൃഷിക്കാരന്റെ മകനായി ജനിച്ച നായിഡുവിന് ബ്രിട്ടീഷുകാരൻ ഓടിച്ചിരുന്ന സ്കൂട്ടർ സ്വന്തമാക്കാൻ മോഹം. അതു വാങ്ങാൻ പണമെവിടെ? പതിനേഴാമത്തെ വയസ്സിൽ വലിയ മോഹവുമായി നായിഡു കോയമ്പത്തൂരിലെത്തി. ഒരു റസ്റ്ററന്റിൽ ജോലിക്കാരനായി. മൂന്നു വർഷം പണിയെടുത്തു കിട്ടിയ 300 രൂപ കൊടുത്ത് ഇംഗ്ലീഷുകാരനിൽ നിന്ന് നായിഡു മോട്ടോർ ബൈക്ക് വാങ്ങി. പിൽക്കാലത്ത് തമിഴ്നാട്ടിലെ അറിയപ്പെടുന്ന വ്യവസായിയായി മാറിയ നായിഡു ഇഷ്ടം തോന്നിയ കാറുകളെല്ലാം വാങ്ങിക്കൂട്ടി.
കാറുകളോടുള്ള ജന്മബന്ധം ജി.ഡി. നായിഡുവിൽ നിന്ന് മകൻ ഗോപാലിന് അതേപടി പകർന്നു കിട്ടി. അച്ഛന്റെ കാല ശേഷം ക്ലാസിക് കാറുകൾ വാങ്ങുന്ന ശീലം ഗോപാൽ പിന്തുടർന്നു. നൂറ്റിമുപ്പതു വർഷത്തിനുള്ളിൽ നായിഡു കുടുംബത്തിന്റെ വീട്ടു മുറ്റത്ത് വിന്റേജ് കാറുകളുടെ എണ്ണം അമ്പതിലേറെയായി. സ്വന്തമായി വാങ്ങിക്കൂട്ടിയ അമൂല്യ വസ്തുക്കൾ എല്ലാവരെയും കാണിക്കാൻ ജി.ഡി. ഗോപാൽ തീരുമാനിച്ചു. ‘ജിഡി കാർ മ്യൂസിയം’ ആരംഭിച്ചതോടെ കാർ പ്രേമികൾക്ക് വിശേഷപ്പെട്ട വിരുന്നൊരുങ്ങി.
കാഡിലാക് ഡെവില്ലെ ലിമോസിൻ നേരിൽ കാണാൻ, 1948ൽ പുറത്തിറങ്ങിയ ഓൾഡ്സ് മൊബൈൽ – ഡൈനാമിക് 60 കാറിനൊപ്പം സെൽഫിയെടുക്കാൻ, 1929ൽ ഇറങ്ങിയ ഡോഡ്ജെ ബ്രദേഴ്സ് വിക്ടറി 6 കണ്ടാസ്വദിക്കാൻ ജി.ഡി നായിഡു മ്യൂസിയത്തിൽ പോയാൽ മതി. വിൻഡേജ് വിഭാഗത്തിൽപ്പെടുന്ന അൻപത്തഞ്ച് കാറുകളാണ് അവിടെയുള്ളത്. ഏഴെണ്ണം ഒഴികെ ബാക്കിയെല്ലാം ഇപ്പോഴും വർക്കിങ് കണ്ടീഷൻ. ആഴ്ചയിലൊരിക്കൽ അഞ്ചെണ്ണം വീതം പുറത്തിറക്കി ഓടിക്കും. ജി.ഡി. നായിഡു ബ്രിട്ടീഷുകാരനിൽ നിന്നു വാങ്ങിയ മോട്ടോർ ബൈക്ക് ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കാറുകളിൽ ചിലതിന്റെ പേരു പറയാം. പ്ലൈമൗത്ത് പ്ളാസ (ക്രിസ്റ്റർ കോർപ്പറേഷൻ – 1957 മോഡൽ), ബിഎംഡബ്ല്യൂ ഇസെറ്റ 250 (ജർമൻ – 1955 മോഡൽ), റോൾസ് റോയ്സ് 20 ( യുകെ – 1925), വോൾസ്‌ലി 8 സീരീസ് (യുകെ –1948), ഓസ്റ്റിൻ ഷിയർലൈൻ എ 125 (ഇംഗ്ലണ്ട് – 1947), മോറിസ് 8 സീരീസ് ഇ (ഇംഗ്ലണ്ട് – 1948), മോറിസ് ബുൾനോസ് കൗളി (യുകെ – 1926)... ഇങ്ങനെ അപൂർവയിനം കാറുകളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
വോക്സ്‌വാഗൻ വെരിയന്റ് – ടൈപ്പ് 3 കാറിന്റെ നടു പിളർന്നാണു പ്രദർശിപ്പിച്ചിട്ടുള്ളത്. എൻജിന്റെയും സീറ്റിന്റെയും നിർമാണ രീതി കണ്ടറിയാം. 1961ൽ പുറത്തിറക്കിയ ഈ ജർമൻ കാറിന്റെ എൻജിൻ മാതൃകയാണ് പിന്നീട് ബീറ്റിൽ പിന്തുടർന്നത്. അമേരിക്കയിൽ 1926ലാണ് ഫോർഡ് ടി–റോഡ്സ്റ്റർ ഇറങ്ങിയത്. ഫോർഡ് മോട്ടോർ കമ്പനി പുറത്തിറക്കിയ ഈ കാറിന്റെ വേഗത പരമാവധി 72 കിലോമീറ്റർ. രണ്ടു ഡോറുകളുള്ള കാർ ക്ലാസിക് കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ലിമോസിന്റെ രജിസ്ട്രേഷൻ കെ.എൽ 01. തിരുവനന്തപുരത്തു നിന്നാണ് ആഡംബര കാർ നായിഡുവിന്റെ കയ്യിലെത്തിയത്. 1997ൽ നിർമിച്ച കാറിന്റെ എൻജിൻ 4600 സിസി. നാലു ഡോറുകളുള്ള കാറിൽ ഡ്രൈവർക്കും നാല് യാത്രക്കാർക്കും സഞ്ചരിക്കാം. കാറിന്റെ ഉൾ ഭാഗത്ത് ടിവിയും സത്കാര മേശയുമുണ്ട്. പാനീയം വിളമ്പാനുള്ള ഗ്ലാസുകളും തീൻമേശയിലേക്കുള്ള ഉപകരണങ്ങളും നിരത്തിയിട്ടുണ്ട്. സഞ്ചരിക്കുന്ന സ്വീകരണ മുറിയാണ് ലിമോസിന്റെ ഉൾഭാഗം.
ആൾവാർ രാജാവിയിരുന്ന മഹാരാജാ ജയ് സിങ്ങ് ഒരിക്കൽ ലണ്ടനിൽ പോയി. റോൾസ് റോയ്സ് കാറിനെക്കുറിച്ച് അന്വേഷിച്ച മഹാരാജാവിനെ അവിടുത്തെ സെയിൽസ് മാൻ അധിക്ഷേപിച്ചു. നാട്ടിലെത്തിയ രാജാവ് ആറ് റോൾസ് റോയ്സ് കാർ വാങ്ങി. ആ കാറുകൾ മുനിസിപ്പാലിറ്റിയിലെ ചവറു നീക്കാനുള്ള വണ്ടിയാക്കി. സംഭവം അറിഞ്ഞ് റോൾസ് റോയ്സ് നേരിട്ടു വിളിച്ച് രാജാവിനോടു ക്ഷമ പറഞ്ഞു. ഈ സംഭവം ജി.ഡി. നായിഡു എന്ന കാർ പ്രേമിയെ ഉത്സാഹഭരിതനാക്കി. അദ്ദേഹം റോൾസ് റോയ്സ് കാറുകൾ വാങ്ങിക്കൂട്ടി. അവയും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ജി.ഡി. നായിഡു കാർ മ്യൂസിയം : ഗാന്ധിപുരത്തു നിന്ന് മൂന്നു കിലോമീറ്റർ. സന്ദർശന സമയം : രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ. തിങ്കളാഴ്ച അവധി. പ്രവേശനത്തിന് ടിക്കറ്റ് എടുക്കണം. ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം.
കോയമ്പത്തൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ രണ്ടു പകലുകൾ ചുറ്റിക്കറങ്ങി. രസകരമായിരുന്നു യാത്ര. അഞ്ഞൂറു വർഷം പഴക്കമുള്ള പേരൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. സുലൂരിലെ തടാകക്കരയിൽ വിശ്രമിച്ചു. റേസ് കോഴ്സ് റോഡിൽ സായാഹ്ന സവാരി നടത്തി... ഫ്ളവർ മാർക്കറ്റ്, വിഒസി പാർക്ക്, സുലൂർ എയ്റോ തുടങ്ങി ആളുകൾ വിശ്രമിച്ചുല്ലസിക്കുന്ന വേറെ ചില സ്ഥലങ്ങളും സന്ദർശിച്ചു. പുതുമയുള്ളൊരു നഗരസഞ്ചാരത്തിനു പദ്ധതിയുണ്ടെങ്കിൽ കോയമ്പത്തൂരിലേക്കു നീങ്ങുക, ഹാപ്പി ജേണി...