Thursday 13 August 2020 04:11 PM IST

കൊവിഡ് രോഗി ഇരുന്നാൽ സീറ്റിന്റെ നിറം മാറും; വിമാനയാത്ര സുരക്ഷിതമാക്കുന്ന ടെക്നോളജി

Baiju Govind

Sub Editor Manorama Traveller

safe 1

കൊവിഡ് വൈറസ് ഒരിക്കലും ഇല്ലാതാകില്ലെന്നും വൈറസിനൊപ്പമുള്ള ജീവിതമാണ് ഇനിയുള്ള മാർഗമെന്നും ആരോഗ്യ ഗവേഷകർ വ്യക്തമാക്കിയതോടെ യാത്രാ രംഗത്തു 9-വലിയ മാറ്റം ഒരുങ്ങുന്നു. കൊവിഡ് വൈറസ് തൊട്ടടുത്ത് ഉണ്ടെന്നുള്ള തിരിച്ചറിവോടെ യാത്രക്കാരെ സുരക്ഷിതരാക്കാനുള്ള വഴി തേടുകയാണ് വിമാന കമ്പനികൾ. ഈ സാഹചര്യത്തിൽ വൈറസ് ബാധിക്കാത്ത ഇരിപ്പിടം ഒരുക്കാനുള്ള ഗവേഷണത്തിലാണ് എയർലൈൻ മേഖലയിലെ ഇന്റീരിയർ ഡിസൈനർമാർ. ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രീസ്റ്റ്മാൻഗൂഡേ എന്ന സ്ഥാപനം ഡിസൈൻ ചെയ്ത സീറ്റുകളും പ്രൈവറ്റ് ക്യാബിനും വിമാന കമ്പനികളുടെ ശ്രദ്ധയാകർഷിച്ചു. നിറം മാറുന്ന സീറ്റുകളും പ്രൈവറ്റ് റൂമുകളുമാണ് പ്രീസ്റ്റ്മാൻഗൂഡേ ഡിസൈൻ ചെയ്തിട്ടുള്ളത്. ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് വൈറസ് പകരാനുള്ള സാഹചര്യം ഒഴിവാക്കിയിട്ടുള്ള ഡിസൈനിന്റെ പേര് ‘പ്യുവർ സ്കൈസ്.’ സോൺ, റൂം എന്നിങ്ങനെ രണ്ടായി തിരിച്ചാണ് സീറ്റ് അറേഞ്ച്മെന്റ്. ‘ഫോട്ടോക്രോമിക്, തെർമോക്രോമിക് ഇങ്ക്’ ഉപയോഗിച്ചാണ് സീറ്റുകളുടെ നിർമാണം. അണുമുക്തമായാൽ സീറ്റുകളുടെ നിറം മാറും. ലോകത്ത് ആദ്യമാണ് ഇങ്ങനെയൊരു സാങ്കേതികവിദ്യയെന്ന് പ്രീസ്റ്റ്മാൻഗൂഡേ മേധാവി മരിയ കഫേൽ അവകാശപ്പെട്ടു. എല്ലാ വിമാന കമ്പനികളും പ്യുവർ സ്കൈസ് ടെക്നോളജി പിൻതുടരുമെന്നാണ് മരിയ പ്രതീക്ഷിക്കുന്നത്.

safe2 Photo credit: PriestmanGoode

വിമാനത്തിനുള്ളിൽ കൊവിഡ് ബാധയുണ്ടാകുന്നത് സഹയാത്രികരിൽ നിന്നാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ യാത്രയ്ക്കു ശേഷവും ക്യാബിൻ അണുമുക്തമാക്കിയിട്ടും രോഗബാധയ്ക്ക് ശമനമില്ല. അതിന്റെ കാരണത്തെ കുറിച്ച് ഗവേഷണം നടത്തിയ കമ്പനിയാണ് പ്രീസ്റ്റ്മാൻഗൂഡേ. ക്യാബിനുള്ളിൽ വൈറസ് സംക്രമണത്തിനുള്ള സാഹചര്യങ്ങൾ അവർ തിരിച്ചറിഞ്ഞു. വൈറസിന്റെ ‘ഇരിപ്പിടങ്ങൾ’ കണ്ടെത്തി. അവ ഒഴിവാക്കിക്കൊണ്ട് അണുനശീകരണം നടത്താനായി പ്യുവർ സ്കൈ ടെക്നോളജി അവതരിപ്പിച്ചു.

safe3

മൂന്നു പേർ ഇരിക്കുന്ന സീറ്റിൽ, സീറ്റുകളെ തമ്മിൽ വേർതിരിക്കുന്ന സ്ഥലത്തുള്ള ഗ്യാപ്പ് ഒഴിവാക്കി. മൂന്നു പേരും പരസ്പരം സ്പർശിക്കാത്ത വിധം ഡിവൈഡർ നിർമിച്ചു. സീറ്റ് പോക്കറ്റ് ഉപേക്ഷിച്ചു. ഭക്ഷണപ്പാത്രം വയ്ക്കാനുള്ള ട്രേ ഒഴിവാക്കി. ടച്ച് ഓപ്പറേറ്റിങ് സ്ക്രീൻ ഇല്ല.

safe 4

‘‘സീറ്റുകളെ നിലനിർത്തുന്ന പൈപ്പുകളിലും ഡിവൈഡറിലും ഹീറ്റ് വെൽഡഡ് ടേപ്പ് ഘടിപ്പിച്ചിട്ടുണ്ട്. യാത്രയ്ക്കു മുൻപ് വൈദ്യുത തരംഗങ്ങൾ കടത്തിവിട്ട് അണു നശീകരണം നടത്താം. ഫോട്ടോക്രോമിക്, തെർമോക്രോമിക് ഇങ്ക് ഉപയോഗിച്ചാണ് സീറ്റുകൾ തയാറാക്കിയിട്ടുള്ളത്. പർപ്പിൾ നിറമാണ് സീറ്റിന്. അണുമുക്തമാകുമ്പോൾ പീച്ച്, യെല്ലോ നിറത്തിലേക്കു മാറും. യാത്രക്കാരുടെ മൊബൈൽ ഫോൺ അതാതു സീറ്റുകളിലെ സ്ക്രീനുമായി സിങ്ക് ചെയ്യാം. സ്വന്തം ഫോണിൽ സ്പർശിക്കുക, സ്ക്രീൻ ടച്ച് ഒഴിവാക്കുക. ചായ വയ്ക്കാനും ഭക്ഷണം വയ്ക്കാനുമുള്ള ട്രേ അതാതു സമയത്ത് ട്രോളിയിൽ എത്തിക്കും. സീറ്റ് പോക്കറ്റിന്റെ സ്ഥാനത്ത് ഒരു കൊളുത്തുണ്ട്. യാത്രക്കാർക്ക് സ്വന്തം ബാഗ് അതിൽ തൂക്കിയിടാം. ഇത്രയുമാണ് ഇക്കണോമി ക്ലാസ് സീറ്റിന്റെ പ്രത്യേകത. ബിസിനസ് ക്ലാസ് സീറ്റുകൾ സ്യൂട് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രൈവറ്റ് റൂമിന്റെ സൗകര്യങ്ങളോടെയാണ് ഡിസൈൻ. മുകളിൽ നിന്ന് അടിഭാഗം വരെ മറയ്ക്കുന്ന കർട്ടനുണ്ട്. ’’ സാങ്കേതിക വിവരങ്ങൾ മരിയ കഫേൽ പങ്കുവച്ചു.

safe 5

അൾട്രാവയലറ്റ് ട്രീറ്റ്മെന്റ് നടത്തി ക്യാബിൻ അണുമുക്തമാക്കുന്ന രീതി തുടരും. അതിനൊപ്പം ഫോട്ടോക്രോമിക്, തെർമോക്രോമിക് ഇങ്ക് ടെക്നോളജിയിൽ ക്ലീനിങ് നടത്തും. സീറ്റുകളുടെ ‘ഫാബ്രിക് സർഫേസ്’ അണുമുക്തമെന്ന് ഉറപ്പാക്കാനാണ് നീറം മാറുന്ന രീതി ഉപയോഗിക്കുന്നത്. ‘‘മറഞ്ഞിരിക്കുന്ന കീടാണുവിനെ സാങ്കേതികവിദ്യ ഉപയോഗിച്ച് വെളിച്ചത്തു കൊണ്ടുവരുന്ന ടെക്നോളജിയാണ് പ്യുവർ സ്കൈസ്’’ – മരിയ വ്യക്തമാക്കി.

safe 6

മുപ്പതു വർഷമായി ഇന്റീരിയർ ഡിസൈനിങ് രംഗത്തുള്ള സ്ഥാപനമാണ് പ്രീസ്റ്റ്മാൻഗൂഡേ. അണുസംക്രമണത്തെ കുറിച്ച് ഗവേഷണം നടത്തിയാണ് പ്യുവർ സ്കൈ ഡിസൈൻ ചെയ്തത്. യാത്ര സുരക്ഷിതമെന്ന് യാത്രക്കാരെ വിശ്വസിപ്പിക്കാൻ കെൽപുള്ള ടെക്നോളജിയാണ് പ്യുവർ സ്കൈ. കൊവിഡ് വൈറസ് ഉണ്ടാക്കിയ ഭീതി യാത്രക്കാരുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തും. ഇനിയുള്ള വർഷങ്ങളിൽ എല്ലാ വിമാന കമ്പനികളും ഈ ടെക്നോളജി ഉപയോഗിക്കും – പ്രീസ്റ്റ്മാൻഗൂഡേ ഡയറക്ടർ നിഗർ ഗൂഡേ പറഞ്ഞു.