ഹവാന നഗരത്തിൽ വിമാനമിറങ്ങിയപ്പോൾ ആദ്യം ശ്രദ്ധിച്ചത് തലങ്ങും വിലങ്ങും പായുന്ന കാറുകളാണ്. നിരത്തു നിറയെ വിന്റേജ് കാറുകൾ. ചുരുട്ടു പുകയ്ക്കുന്ന പുരുഷന്മാരും പഴയ കെട്ടിടങ്ങളും വഴിയോര കച്ചവടക്കാരും വിന്റേജ് കാറുകളുമാണ് ക്യൂബയുടെ ആദ്യ ചിത്രം.
അമേരിക്കയിലെ മിയാമിയിൽ നിന്നു ഹവാനയിലേക്കുള്ള വിമാനയാത്ര സുഖകരമായിരുന്നു. അതേസമയം സൗഹൃദം അവസാനിപ്പിച്ച രണ്ടു രാജ്യങ്ങളാണ് ക്യൂബയും അമേരിക്കയും. ഓരോ ഇടപെടലുകളിലും അതു തിരിച്ചറിഞ്ഞു. പണ്ട് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ക്യൂബയുടെ ആഭ്യന്തര മേഖലയെ ശക്തിപ്പെടുത്തിയെന്നു പറയാം. അമേരിക്കയിൽ നിന്നു മൊട്ടുസൂചി പോലും ഇറക്കുമതി ചെയ്യില്ലെന്നു ക്യൂബയിലെ ഭരണാധികാരികൾ പണ്ട് തീരുമാനിച്ചതിനാൽ ആവശ്യമുള്ളതെല്ലാം പ്രാദേശികമായി നിർമിക്കാൻ നാട്ടുകാർ ശീലിച്ചു. നാലു പതിറ്റാണ്ടിലേറെ കാലമായി രാജ്യത്തിന് ആവശ്യമുള്ള വസ്തുക്കളിൽ തൊണ്ണൂറ്റഞ്ചു ശതമാനം ക്യൂബ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നു. പുകയിലയും കരിമ്പുമാണ് പ്രധാന തൊഴിൽമേഖലയും വരുമാന മാർഗവും. വലിയ പോരാട്ടങ്ങൾക്കു സാക്ഷ്യം വഹിച്ച ക്യൂബൻ സമൂഹത്തിൽ ഇപ്പോഴും രാഷ്ട്രീയ ആശയങ്ങൾക്കു തന്നെയാണു മുൻതൂക്കം. ഹോട്ടലിലും കടകളിലും ചെഗവര അല്ലെങ്കിൽ ഫിഡൽ കാസ്ട്രോയുടെ ഫോട്ടോയുണ്ട്.
ട്രോപ്പിക്കാന, ബാലെറ്റ് ഡാൻസ്
ഫോട്ടൊഗ്രഫിയിൽ താൽപര്യമുള്ളവർക്കു സംതൃപ്തി ലഭിക്കുന്ന രാജ്യമാണ് ക്യൂബ. വിന്റേജ് കാറുകളും ഹാർലി ഡേവിസൻ ബൈക്കുകളും മുച്ചക്ര വാഹനങ്ങളുമാണ് ലോക്കൽ ഫ്രെയിം. നാൽപ്പതോ അതിലേറെയോ വർഷം പഴക്കമുള്ള ജാവ ബൈക്കിലും ഹാർലിയിലും റോന്തു ചുറ്റുന്ന ചെറുപ്പക്കാരെ കണ്ടു. പണ്ട് അമേരിക്കയിൽ നിന്നു ക്യൂബയിൽ ചൂതാട്ടത്തിനു വന്നവർ പണയം വച്ചതാണത്രേ വിന്റേജ് കാറുകളും ബൈക്കും.
കരീബിയൻ കടൽ, ഗൾഫ് ഓഫ് മെക്സിക്കോ, അറ്റ്ലാന്റിക് സമുദ്രം എന്നിവയുടെ സംഗമ സ്ഥാനത്തിനരികെ വടക്കു വശത്താണു ക്യൂബ. ദ്വീപ് എന്നു വിശേഷിപ്പിക്കുന്നതിൽ പിഴവില്ല. അമേരിക്കയുടെ നിയന്ത്രണത്തിൽ നിന്നു വിടുതൽ നേടിയ ശേഷം ‘റിപ്പബ്ലിക് ഓഫ് ക്യൂബ’ രൂപീകരിച്ചു. കമ്യൂണിസ്റ്റ് വിപ്ലവങ്ങളും അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധവും പിൽക്കാല ചരിത്രം. സോവിയറ്റ് യൂണിയനിൽ നിന്ന് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ക്യൂബയുടെ നാൾവഴി കഠിന പോരാട്ടങ്ങളുടേതാണ്. അതൊക്കെ പഴയകഥ. ഇപ്പോൾ അമേരിക്ക – ക്യൂബ ബന്ധം ഊഷ്മളമാണ്. ക്യൂബയുടെ തലസ്ഥാന നഗരമായ ഹവാനയിൽ അമേരിക്കൻ എംബസി പ്രവർത്തിക്കുന്നു. അമേരിക്കയിലെ വാഷിങ്ടൺ ഡിസിയിൽ ക്യൂബയുടെ എംബസിയുണ്ട്.
ക്യൂബക്കാരുടെ കലാ–സാംസ്കാരിക പരിപാടികൾക്ക് സ്പെയിനിന്റെ കലാരൂപങ്ങളുമായി സാമ്യമുണ്ട്. അമേരിക്ക – സ്പെയിൻ യുദ്ധത്തിനു മുൻപുള്ള ക്യൂബൻ ബന്ധമാണ് അതിനു കാരണം. ഹവാനയിൽ പലയിടത്തും ട്രോപ്പിക്കാന ഷോ നടത്തുന്നുണ്ട്. യുവതികളുടെ ചടുല നൃത്തവും മേളവുമാണ് ട്രോപ്പിക്കാന ഷോ. എല്ലാ ദിവസവും വൈകിട്ട് അവതരിപ്പിക്കുന്ന നൃത്തത്തിന്റെ കാഴ്ചക്കാർ വിനോദസഞ്ചാരികളാണ്. നൃത്ത രൂപങ്ങൾക്കു സ്പാനിഷ് ആർടുമായി സാമ്യമുണ്ട്.
ബാലറ്റ് ഷോയാണ് മറ്റൊരു പ്രോഗ്രാം. ഹവാനയിലെ ചെറുപ്പക്കാരുടെ വികാരമാണ് ഈ നൃത്തരൂപം. വ്യായാമത്തിനായി ബാലറ്റ് നൃത്തം പരിശീലിക്കുന്നവരും അവിടെയുണ്ട്. ബാലെറ്റ് നർത്തകരുടെ മെയ്‌വഴക്കം കണ്ടാൽ അദ്ഭുതം തോന്നും.
വസ്ത്രധാരണയിൽ എടുത്തു പറയത്തക്ക സവിശേഷത ഇല്ലെങ്കിലും ക്യൂബയുടെ ഫാഷൻ മേഖല സജീവമാണ്. മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന യുവത്വം നല്ല വരുമാനം ഉണ്ടാക്കുന്നു.
ക്യൂബക്കാർ ആയോധന കലയിലും പുറകിലല്ല. ബോക്സിങ്ങാണ് മെയിൻ ഐറ്റം. ഗ്രാമങ്ങളിലും നഗരങ്ങളിലും ബോക്സിങ് മത്സരം സംഘടിപ്പിക്കുന്നുണ്ട്. സംഗീത പ്രേമികളാണ് ക്യൂബക്കാർ. പാശ്ചാത്യ സംഗീതത്തിന്റെ പൊട്ടിത്തെറിക്കുന്ന ഈണമല്ല. കുഴലൂതിയും സ്വരം താഴ്ത്തിയുമാണ് ആലാപനം. ഉറക്കുപാട്ടിന്റെ ഈണമെന്നു തോന്നുമെങ്കിലും പ്രണയവും വിരഹവുമാണ് വിഷയം. വഴിയോരത്തെ പുരാവസ്തു വിൽപ്പന ശാലകളാണ് മറ്റൊരു കാഴ്ച. വിളക്ക്, റേഡിയോ, തൊപ്പി, വീട്ടുപകരണങ്ങൾ തുടങ്ങി എല്ലാം ‘എക്സ്ക്ലൂസിവ് ക്യൂബൻ നിർമിതി’. ഹവാന സന്ദർശിക്കുന്നവർ അവയിലൊന്ന് ഓർമയ്ക്കായി വാങ്ങുന്നു.
രാഷ്ട്രീയ സാഹചര്യങ്ങളാൽ വിദേശികളെ അകറ്റി നിർത്തിയിരുന്ന ക്യൂബ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്തു തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. ടൂറിസം സെക്ടർ ഇപ്പോൾ ക്യൂബയുടെ ആഭ്യന്തര വരുമാനത്തിൽ വലിയ പങ്കു വഹിക്കുന്നു.
ചുരുട്ടിന്റെ തോട്ടം
ക്യൂബ സന്ദർശിക്കുന്നവർ നിർബന്ധമായും അവിടുത്തെ വഴിയോര ഭക്ഷണ ശാലകളിൽ കയറണം. ബാർബി ക്യു മുതൽ നാടൻ വിഭവങ്ങൾ വരെ മിതമായ നിരക്കിൽ ലഭിക്കും. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ലഭ്യമാണ്. ഇറച്ചി വിഭവങ്ങൾക്ക് എരിവു കൂടുതലാണ്.
കൊളോണിയൽ കാലഘട്ടത്തിൽ നിർമിച്ച കെട്ടിടങ്ങൾക്ക് മാറ്റം വന്നിട്ടില്ല. തൂണുകളോടുകൂടിയ വരാന്തയുളള ഇരുനില കെട്ടിടങ്ങളാണ് ഏറെയും. ഗവൺമെന്റ് ഓഫിസ്, ഹോട്ടൽ, റസ്റ്ററന്റ് തുടങ്ങി എല്ലാ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ഇത്തരം കെട്ടിടങ്ങളിലാണ്. അര നൂറ്റാണ്ട് പിന്നിലേക്ക് ക്യാമറ തിരിച്ചു പിടിച്ചാൽ കിട്ടുന്ന വിഷ്വലുകൾ ക്യൂബൻ നഗരം ഫോട്ടൊഗ്രഫർക്കു സമ്മാനിക്കുന്നു. ക്യൂബ സന്ദർശനത്തിൽ ഒരു ദിവസം കടൽത്തീരത്തു സൂര്യാസ്തമയം ആസ്വദിക്കാൻ മാറ്റിവയ്ക്കണം. കാറ്റു കൊണ്ടിരിക്കാനും നീന്താനും പറ്റിയ അതിമനോഹരമായ ബീച്ചുകളുണ്ട്.
ക്യൂബ എന്നു കേൾക്കുമ്പോൾ പെട്ടന്ന് ഓർമയിലെത്തുന്ന മുഖം ചെഗവരയുടേതാണ്. സൈനിക – രാഷ്ട്രീയ മേധാവിയായി തിളങ്ങിയ ഫിഡൽ കാസ്ട്രോയാണ് മറ്റൊരു നായകൻ. ഇപ്പോഴും എല്ലാ രംഗത്തും ശക്തമായ നിരീക്ഷണം ഉണ്ടെങ്കിലും സഞ്ചാരികൾക്ക് ക്യൂബ സുരക്ഷിതമാണ്.
ക്യൂബൻ ചുരുട്ടിന്റെ പ്രത്യേകത ലോകപ്രശസ്തം. പുകയില പ്ലാന്റേഷനുകൾ ക്യൂബയുടെ ജീവനാഡിയാണ്. തേക്കിന്റെ ഇലയോളം വലുപ്പമുള്ള ഇല ഉണക്കിയാണ് ചുരുട്ടുണ്ടാക്കുന്നത്. വൻകിട ബ്രാൻഡഡ് ഫാക്ടറികളിലാണ് ചുരുട്ട് ഉണ്ടാക്കുന്നത്. പതിനായിരക്കണക്കിന് ആളുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നു. ആഗോള വിപണിയിൽ മൂല്യമേറിയ ഡ്രിങ്കാണ് ക്യൂബൻ റം. സുരക്ഷാ പരിശോധന നേരിടേണ്ടതിനാൽ ക്യൂബയിൽ നിന്ന് ഇത്തരം വസ്തുക്കളുമായി യാത്ര എളുപ്പമല്ല.
പത്തു ദിവസത്തെ ക്യൂബാ സന്ദർശനം രസകരമായ അനുഭവമായി. അഞ്ച് നഗരങ്ങളിലൂടെയാണ് യാത്ര നടത്തിയത്. അത്യാധുനിക ചികിത്സ ലഭിക്കുന്ന ആശുപത്രിയും ആരോഗ്യ ഗവേഷണ കേന്ദ്രങ്ങളും ക്യൂബയിലുണ്ട്. അമേരിക്കയുമായുള്ള ദീർഘകാല വിരോധത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് കൊക്കക്കോളയ്ക്കു പകരം ക്യൂബക്കാർ സ്വന്തമായി ‘കോള’ ഉൽപാദിപ്പിക്കുന്നു. കൗതുകവും സന്തോഷവും നൽകിയ ക്യൂബാ യാത്ര ഒരിക്കലും മറക്കില്ല. അവിടെ നിന്നു പകർത്തിയ ഫോട്ടോകൾ വലിയ നേട്ടമായി കരുതുന്നു.