ഗോവയിൽ പോകുന്നവർ ട്രെക്കിങ്ങിനു തിരഞ്ഞെടുക്കുന്ന ദൂധ് സാഗർ വെള്ളച്ചാട്ടത്തിലേക്കു പ്രവേശനം പുനരാരംഭിച്ചു. കാസിൽറോക്ക് പ്രദേശത്തേക്ക് ജീപ്പ് സഫാരി ബുക്കിങ് ആരംഭിച്ചു. സാഹസിക ടൂറിസം മേഖല തുറന്നതായി കർണാടക അഡ്വഞ്ചറസ് കമ്മിറ്റിയാണ് അറിയിച്ചത്. ബീച്ചുകളും തോട്ടംമേഖലകളും മാത്രമല്ല സാഹസിക സഞ്ചാരവും ഗോവ ടൂറിസത്തിന്റെ ഭാഗമാണെന്ന് അഡ്വഞ്ചറസ് കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഗോവയിൽ നിന്നു ഹുബ്ലിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ കാണുന്ന മനോഹരമായ വെള്ളച്ചാട്ടമാണു ദൂധ് സാഗർ. സാഹസികരായ സഞ്ചാരികൾ കാസിൽ റോക്ക് റെയിൽവേ േസ്റ്റഷനിൽ ഇറങ്ങി അവിടെ നിന്നു വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിങ് നടത്തുന്നു. ഭംഗിയുള്ള പാറകളോടുകൂടിയ വനമാണു കാസിൽ റോക്കിന്റെ പരിസര പ്രദേശം. കാടിനുള്ളിലേക്കു പ്രവേശനമില്ല. റെയിൽ ട്രാക്കിനു സമീപത്തു കൂടി നടന്നു വെള്ളച്ചാട്ടത്തിലെത്താം. മുകളിൽ നിന്നു കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം പാറയിടുക്കിലൂടെയാണു താഴേക്കു പതിക്കുന്നത്. പാറയ്ക്കു മുകളിലാണ് റെയിൽപാലം നിർമിച്ചിട്ടുള്ളത്. മഴക്കാലത്ത് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ദൂധ് സാഗറിൽ നിന്നു വെള്ളത്തുള്ളികൾ ബോഗികളിലേക്കു തെറിക്കും. ട്രെയിനിലിരുന്നാൽ വെള്ളച്ചാട്ടത്തിന്റെ ചിത്രം പകർത്താം. പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ പേരു സൂചിപ്പിക്കുന്ന പോലെ ‘പാലാഴി’ (ദൂധ്, സാഗർ) തന്നെ.
വെള്ളച്ചാട്ടത്തിനു സമീപത്തുകൂടി ട്രെയിൻ കടന്നു പോകുന്ന മനോഹര ദൃശ്യം പകർത്താൻ അടിവാരത്തു ചെല്ലണം. ട്രെക്കിങ് നടത്തുന്നവർ വെള്ളച്ചാട്ടത്തിന്റെ അടിവാരത്തു ക്യാംപ് ചെയ്യാറുണ്ട്. ഗോവയിലെ കോലേം പ്രദേശത്തുള്ള ഹോട്ടലുകൾക്കു ‘ദൂധ് സാഗർ ടൂർ പാക്കേജ് ’ ഉണ്ട്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് താൽകാലികമായി അവസാനിപ്പിച്ച ട്രെക്കിങ് പുനരാരംഭിച്ചതായി ഹോട്ടലുകൾ അറിയിച്ചു. തംപ്ഡി സുർലയാണ് ഗോവയിലെ മറ്റൊരു വെള്ളച്ചാട്ടം. ഒക്ടോബർ ആദ്യവാരം മുതൽ സുർലയിലേക്കും ട്രെക്കിങ് ആരംഭിക്കുമെന്നു വിനോദസഞ്ചാര വിഭാഗം അറിയിച്ചു.
ദൂധ് സാഗർ വെള്ളച്ചാട്ടം കാണാൻ പ്രതിവർഷം പതിനായിരക്കണക്കിന് ആളുകൾ എത്താറുണ്ട്. ബെംഗളൂരു, മുംബൈ, ഹൈദരാബാദ് നഗരങ്ങളിൽ നിന്നുള്ളവരാണ് ഏറെയും. ഗോവ ട്രിപ്പിനൊപ്പം ബദാമി പ്ലാൻ ചെയ്യുന്ന മലയാളികൾ ഒരു ഡെസ്റ്റിനേഷനായി ദൂധ് സാഗർ തിരഞ്ഞെടുക്കാറുണ്ട്.