പൂരത്തിന് നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളിക്കുന്ന ആനകളെ തലയെടുപ്പു നോക്കി ഗമയുള്ള പേരിട്ടു ആരാധിക്കുന്ന ആനപ്രേമികൾ അറിയുക, ആഫ്രിക്കയിലെ ആനകളുടെ ദുരവസ്ഥ. കള്ളക്കടത്തുകാരുടെ പിന്തുണയുള്ള വേട്ടക്കാരുടെ ആക്രമണത്തിനു വിധേയമായി ആഫ്രിക്കൻ ആനകൾ ഇല്ലാതാകുന്നു. സാവന്ന, ആഫ്രിക്കൻ കാട്ടാന – ഇങ്ങനെ രണ്ട് ഇനം ആനകളാണ് സെൻട്രൽ, വെസ്റ്റ് ആഫ്രിക്കൻ വനങ്ങളിലുള്ളത്. വലിയ ശരീരവും ചാര നിറവും വട്ടച്ചെവിയുമുള്ളതു സാവന്ന, ചെറിയ ശരീരവും കറുപ്പു നിറവുമുള്ളതു ആഫ്രിക്കൻ കാട്ടാന. ഈ രണ്ടു വിഭാഗത്തെയും രണ്ടും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ആഫ്രിക്കൻ വന്യജീവി സംരക്ഷണ സമിതി സർക്കാരിനോടു നിർദേശിച്ചു.
സബ് സഹാറൻ ആഫ്രിക്കയാണ് സാവന്ന ആനകളുടെ വാസകേന്ദ്രം. പടിഞ്ഞാറൻ ആഫ്രിക്കയിലെ കാടുകളിലാണ് കറുത്ത കാട്ടാനകളുള്ളത്. രണ്ടു വനങ്ങളിലും കൊള്ളക്കാരുടെ വിളയാട്ടമാണ്. ആനകളെ കൊന്നു കൊമ്പ് വെട്ടിയെടുത്ത് ജഡം പുഴയിലെറിയുന്നു. സായുധ സംഘത്തിന്റെ അകമ്പടിയിൽ കാട്ടിൽ കയറുന്ന വേട്ടക്കാരെ ചെറുക്കാൻ വനംവകുപ്പിനു ശേഷിയില്ല. മാഫിയകളെ തടയാൻ ധൈര്യം പ്രകടിപ്പിച്ച ഒന്നോ രണ്ടോ ഉദ്യോഗസ്ഥരുടെ മൃതദേഹമാണു പിന്നീടു കണ്ടെത്തിയത്. മരണത്തെ ഭയന്ന് വനംവകുപ്പ് ജോലിക്കാർ കൈക്കൂലി വാങ്ങി വേട്ടക്കാരുടെ ചെയ്തികൾ കണ്ടില്ലെന്നു നടിക്കുന്നു.
ആഫ്രിക്കയിലെ വനങ്ങളിൽ ആനകളുടെ എണ്ണമെടുക്കൽ (സെൻസസ്) നടത്തി. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വറാണ് (ഐയുസിഎൻ) കണക്കെടുക്കു നടത്തിയത്. 2016ൽ 41,5000 സാവന്ന ഇനം ആനകൾ കാട്ടിലുണ്ടായിരുന്നു. ഇതിൽ പകുതിയിലേറെയും അപ്രത്യക്ഷമായെന്നു കണ്ടെത്തി. ഭീഷണി നേരിടുന്ന കാട്ടുമൃഗങ്ങളുടെ ‘റെഡ് ലിസ്റ്റിൽ’ ആഫ്രിക്കൻ ആനകളെ ഉൾപ്പെടുത്തി. ആനകൾ ആഫ്രിക്കൻ വനങ്ങളുടെ ‘ഇക്കോ സിസ്റ്റ’ത്തിന്റെ ഭാഗമാണ്. അവയെ സംരക്ഷിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണം – ഐയുസിഎൻ നിർദേശം നൽകി.
രാജ്യാന്തര ബന്ധമുള്ള വേട്ടക്കാർ ആഫ്രിക്കൻ വനങ്ങളുടെ ജൈവവ്യവസ്ഥയ്ക്ക് ഭീഷണിയായിട്ട് പതിറ്റാണ്ടുകളായി. കിഴക്കൻ ആഫ്രിക്കയിൽ വനംവകുപ്പ് സുരക്ഷ കർശനമാക്കിയപ്പോൾ ആന വേട്ട കുറഞ്ഞു. മറ്റു മേഖലകളിലും സുരക്ഷ കർശനമാക്കിയില്ലെങ്കിൽ രണ്ട് ഇനം ആനകൾ ഭൂമിയിൽ നിന്ന് എന്നെന്നേയ്ക്കുമായി നാമാവശേഷമാകും.