ചൈനയിലെ ഹാങ്സുവിലേതു പോലെ ചില്ലു പാലം. ആഫ്രിക്കയിലെ മസായ്മാര ദേശീയോദ്യാനം പോലെ വൈൽഡ് ലൈഫ് സഫാരി. മലേഷ്യയിലെ ജെൻഡിങ്ങിലേതു പോലെ റോപ് വേ. ശലഭങ്ങളുടെ ഉദ്യാനം, ആയുർവേദ പാർക്ക്, കോട്ടേജ്... രാജ്ഗിർ ‘സൂ സഫാരി’ ബിഹാറിനെ ഇന്ത്യയിലെ മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റും. ചരിത്ര പ്രസിദ്ധമായ നളന്ദയ്ക്കു സമീപം അഞ്ഞൂറ് ഏക്കർ വനപ്രദേശമാണു വിനോദസഞ്ചാരത്തിനായി ഒരുക്കുന്നത്. വൈഭഗിരി മുതൽ സോൻഗിരി വരെയുള്ള മലനിരയിൽ പരിസ്ഥിതി സൗഹൃദമായ ടൂറിസം പദ്ധതി.
‘ഗ്ലാസ് ബ്രിജ് ’ നിർമാണം പൂർത്തിയായി. എൺപത്തഞ്ച് അടിയാണു ചില്ലു പാലത്തിന്റെ നീളം. ആറടി വീതി. സ്റ്റീൽ, സ്ഫടികം എന്നിവ ഉപയോഗിച്ചാണ് നിർമാണം. ഒരേസമയം നാൽപതു പേർക്കു കയറി നിൽക്കാം. കാടിനുള്ളിൽ മൃഗങ്ങൾ നടക്കുന്നതു ‘ഡ്രോൺ ചിത്രം’ പോലെ ആസ്വദിക്കാം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസം ഗ്ലാസ് ബ്രിജിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ നളന്ദ സന്ദർശിച്ചു. അപ്പോഴാണ് അറുപതു കോടി രൂപ മുടക്കി തയാറാക്കുന്ന നിർമിതികളുടെ സൗന്ദര്യം ക്യാമറകളിൽ പതിഞ്ഞത്. ഗംഗാ നദിയിൽ നിന്നു കുടിവെള്ളം നളന്ദയിൽ എത്തിച്ചു വിതരണം ചെയ്യുമെന്നാണു മുഖ്യമന്ത്രിയുടെ വാഗ്ദാനം. ചൈനയിലെ ഹാങ്സുവിലാണ് ലോകത്ത് ഏറ്റവും നീളമേറിയ ലുള്ള ഗ്ലാസ് ബ്രിജ്. ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ബ്രിജ് സിക്കിമിലെ പെല്ലിങ്ങിൽ. ലോകപ്രശസ്തമായ ഈ രണ്ടു നിർമിതികൾ പോലെ രാജ്ഗിറിലെ ചില്ലു പാലം പ്രശസ്തമാക്കുകയാണു ബിഹാർ ടൂറിസം വകുപ്പിന്റെ ലക്ഷ്യം.
ഗൗതമബുദ്ധനു ബോധോദയമുണ്ടായ ഗയയ്ക്കും പ്രശസ്തമായ രാജ്ഗിർ വനമേഖലയ്ക്കും സമീപത്ത് ‘അഞ്ച് കുന്നുകളുടെ’ സമീപത്താണ് അദ്ഭുതക്കാഴ്ച ഒരുങ്ങുന്നത്. വനം, ആയുർവേദം എന്നിവ പദ്ധതിയുമായി കോർത്തിണക്കുന്നു. പട്നയിൽ നിന്നു തൊണ്ണൂറ്റഞ്ചു കി.മീ. അകലെ വിശ്വവിഖ്യാതമായ നളന്ദ സർവകലാശാലയുടെ സമീപത്തേക്കു ലോകത്തിന്റെ വിവിധ ഭാഗത്തുള്ള സഞ്ചാരികളെ ആകർഷിക്കുകയാണ് ബിഹാർ ടൂറിസം വകുപ്പ്.
യുനെസ്കോ പൈതൃക കേന്ദ്രമായി അംഗീകരിച്ചിട്ടുള്ള നളന്ദ സർവകലാശാലയിൽ എത്തുന്നവർ ബിഹാറിൽ രണ്ടാമത്തെ ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കുന്ന സ്ഥലമാണു രാജ്ഗിർ. രാജ്ഗിർ വനത്തിനു സെൻട്രൽ സൂ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഫോറസ്റ്റ് സഫാരിയാണ് ഇവിടെ ആകർഷണം. റോപ് വേയിൽ കയറി കാടു കാണാം. എട്ടു പേർക്കു കയറാവുന്ന പതിനെട്ടു ഗ്ലാസ് കാബിനുകളുള്ളതാണു റോപ് വേ. കാടിനു മുകളിലൂടെ എഴുനൂറ്റൻപതു മീറ്റർ യാത്ര. എയർ സൈക്ലിങ്, ശലഭങ്ങളുട ഉദ്യാനം എന്നിവ ആസ്വദിക്കാനായി എത്തുന്നവർക്കു ആയുർവേദ പരിചരണവും താമസിക്കാൻ കോട്ടേജുമുണ്ട്.
ബിഹാറിന്റെ ടൂറിസം മേഖലയിൽ ഏറ്റവും വരുമാനമുള്ള സ്ഥലമാണു രാജ്ഗിർ. സോൻ ബന്ദർ ഗുഹയിലെ ഹോട്ട് വാട്ടർ സ്പ്രിങ് ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ആളുകൾ എത്തുന്നു. ബിഹാറിൽ ഈ സ്ഥലം ബ്രഹ്മകുണ്ഡ് എന്നാണ് അറിയപ്പെടുന്നത്. നളന്ദയിലെ വിശ്വശാന്തി സ്തൂപമാണു മറ്റൊരു ടൂറിസം ആകർഷണം. അതുപോലെ ജനത്തിരക്കുള്ള കേന്ദ്രമായി ഗ്ലാസ് ബ്രിജ് മാറുമെന്നാണു ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.