Friday 22 May 2020 04:37 PM IST : By Anwar Sadath T A

നാട്ടിലെക്കാൾ മൊഞ്ചത്തിൽ ഒരു പെരുന്നാൾ രാവ്, തൃശൂർ ടു കശ്മീർ ബജറ്റ് യാത്രാനുഭവം

kasmir partb9

മിനിമം ചിലവിൽ മാക്സിമം സ്ഥലം കാണാനും നല്ല ഫ്രെയിമുകൾ പകർത്താനുമാണ് തൃശൂർ സ്വദേശി അൻവർ സാദത്തും സുഹൃത്ത് അജ്മലും കഴിഞ്ഞ റമദാൻ കാലത്ത് തൃശൂരിൽ നിന്നു കശ്മീറിലേക്കു യാത്ര തുടങ്ങിയത്. ആഗ്രയും രാജസ്ഥാനിലെ യാത്രകളും കഴിഞ്ഞ് പഞ്ചാബ് വഴി ഡൽഹിക്കു പുറപ്പെട്ടു.

ആവേശം നിറച്ച വാഗാ

പഞ്ചാബിൽ ആദ്യം ഗോൾഡൻ ടെമ്പിൾ ആണ് പ്ലാൻ. റെയിൽവേ സ്‌റ്റേഷനിൽ നിന്നു ഫ്രീ ബസ് ഉണ്ടെന്നു കേട്ടിരുന്നു, അതു കണ്ടുപിടിച്ചു നേരെ സുവർണ ക്ഷേത്രത്തിലേക്ക്. അവിടുത്തെ കാഴ്ചകൾ വല്ലാത്തൊരു ഫീലാണ് തന്നത്. വിദേശ രാജ്യങ്ങളുടെ മട്ടിലും ഭാവത്തിലുമുള്ള കെട്ടിടങ്ങൾ! ബസിൽ നിന്നിറങ്ങി നടന്നു ഗോൾഡൻ ടെമ്പിളിന്റെ കവാടത്തിലെത്തി. പാദരക്ഷകൾ അഴിച്ചു മാറ്റി കാൽ കഴുകി തല മറച്ചു വേണം ഉള്ളിൽ കടക്കാൻ! ഉള്ളിലെത്തിയാൽ ഒരു മിനിറ്റ്; എങ്ങും നിൽക്കാനോ ഫൊട്ടോ എടുക്കാനോ അനുവാദമില്ല. പക്ഷേ അവരുടെ കണ്ണുവെട്ടിച്ച് ഞങ്ങൾ രണ്ടു പടം എടുത്തു, അല്ലാതൊരു സമാധാനവുമില്ലന്നേ... അതിന്റെ ഭംഗിയും നോക്കി കുറച്ചു നേരം അവിടെത്തന്നെ ഇരുന്നു! അമൃത്‌സറിൽ റൂം എടുക്കേണ്ടി വന്നില്ല. ഗോൾഡൻ ടെംപിളിന്റെ പ്രദേശത്തെ വരാന്തയിൽ തന്നെ എല്ലാവരുടെയും ഉറക്കം, ഞങ്ങളും അന്ന് ആ വരാന്തയിൽ കഴിച്ചു കൂട്ടി. കൂടെ മനസ്സിടറുന്ന ജാലിയൻ വാല ബാഗിന്റെ ഓർമകളും...

kasmir partb3


കാണാൻ ഏറെ കൊതിച്ച വാഗാ ബോർഡറിലേക്ക് ഇറങ്ങിത്തിരിച്ചു അടുത്ത ദിവസം. ഓട്ടോയിലാണ് യാത്ര! മണിക്കൂറുകളെടുത്തു അങ്ങെത്താൻ. രണ്ടാൾക്ക് 500 രൂപ! എങ്ങനൊക്കെയോ ബാർഗയിൻ ചെയ്തു കുറച്ച തുകയാണത്! ഓട്ടോ ഇറങ്ങി നടക്കുമ്പോൾ തണുത്ത റോസ് മിൽക്ക് വിതരണം ചെയ്യുന്നു. കൊടും ചൂടിൽ നോമ്പെടുത്തു തളർന്ന ഞങ്ങൾക്കു നേരെ ഗ്ലാസ് നീട്ടിയപ്പോൾ മനസ്സ് ആയിരം വട്ടം വെമ്പി അതു വാങ്ങാൻ. എങ്കിലും ഒരു പുഞ്ചിരിയോടെ വേണ്ടെന്നു പറഞ്ഞു മുന്നോട്ടു നടന്നു.
പിന്നെ വാഗാ ബോർഡറിലെ രോമാഞ്ചിഫിക്കേഷൻ കാഴ്ചകളാണ്! ഇന്ത്യ- പാക് അതിർത്തിയിലെ പരേഡും, കോരിത്തരിപ്പിക്കുന്ന പാട്ടുകളും ഗ്യാലറി തിങ്ങി നിറഞ്ഞ് ജനക്കൂട്ടം, ആകാശത്തോളം ഉയരുന്ന ആവേശം!
പാക് ബോർഡറിന്റെ ഗ്യാലറിയിൽ അവസ്ഥ വിപരീതമായിരുന്നു, ആളുകൾ കുറവ്. ഉള്ളവർ പക്ഷേ, ആവേശത്തിലായിരുന്നു.

പഞ്ചാബിൽനിന്നു പെരുന്നാൾ തലേന്ന് ഡൽഹിയിലേക്കു തിരിക്കുമ്പോഴും വാഗാ ബോർഡറിലെ ത്രില്ലടിപ്പിക്കുന്ന ഓർമ്മകളിലായിരുന്നു ജീവിതം. ജനറൽ കമ്പാർട്ട്മെന്റിൽ, സീറ്റു കിട്ടാതെ ഞെരുങ്ങി നിന്നു യാത്ര ചെയ്യുന്ന ഞങ്ങൾ നോമ്പിന്റെ ക്ഷീണത്തിൽ അറിയാതെ ഉറങ്ങിപ്പോയി! ഇതു ശ്രദ്ധിച്ച ഒരു പഞ്ചാബി എഴുന്നേറ്റ് തന്റെ സീറ്റിൽ എന്നെ പിടിച്ചിരുത്തി. ഇരിക്കാൻ വിസമ്മതിച്ച എന്നോട് "നോമ്പല്ലേ സാരമില്ല ഞാൻ നിന്നോളാം" എന്ന് മറുപടിയും. അല്ല, എനിക്ക് നോമ്പാണെന്ന് ഇയാളെങ്ങനെ മനസിലാക്കി...? എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല! അതങ്ങനെയാണ്, യാത്രകളിലായിരിക്കും നാമേറ്റവും കൂടുതൽ അത്ഭുതപ്പെടുക!

kasmir partb4

ഡൽഹിയിലെ പെരുന്നാൾ

ഒടുവിൽ ഡൽഹിയിൽ ട്രെയിനിറങ്ങി. അവിടെയുള്ള സുഹൃത്തുക്കളെ വിളിച്ചു താമസം ശരിയാക്കി. ഫ്രഷ് ആയി നേരെ സ്ട്രീറ്റിലേക്ക് ഇറങ്ങി. ജാമിയ നഗറിലെ എസ് എം സ്ട്രീറ്റിൽ പെരുന്നാൾ രാവിന്റെ തിരക്ക്! ആകെ ബഹളം, വണ്ടികളുടെ ഹോണും കച്ചവടക്കാരുടെ ഒച്ചയും ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. അവിടെ നിന്ന് അബ്‌രീദയും ശാദിയയും ഒപ്പം കൂടിയിരുന്നു. റോഡിനരികിൽ ഇരുന്ന് മെഹന്ദി ഇടുന്നവരും, കച്ചവടക്കാരും, വണ്ടികളും. ഡൽഹി തെരുവുകൾ ഉറങ്ങാതെ തുടർന്നു…. ഇതിനൊക്കെ പുറമെ നല്ല കിടിലൻ ഡൽഹി ചായയും! ആകെ മൊത്തം നാട്ടിലെക്കാളും മൊഞ്ചുള്ള ഒരു പെരുന്നാൾ രാവ്!
പ്രഭാതം മുതൽ പല പള്ളികളിലായി ഉച്ച വരെ പെരുന്നാൾ നിസ്ക്കാരമുണ്ട്. അതിൽ ആദ്യത്തേതാണ് ഞാൻ കാത്തിരുന്ന ജമാ മസ്ജിദിലേത്! അതുകൊണ്ടു തന്നെ ഫോട്ടോ എടുക്കാൻ നിന്ന് പെരുനാൾ നിസ്കാരം കൂടാൻ പറ്റാതാകുമോ എന്നുള്ള വേവലാതി മാറി കിട്ടി. പിറ്റേന്ന് പത്രങ്ങളെല്ലാം ഏറ്റുപിടിക്കുന്ന ആ നിസ്ക്കാര ചിത്രമെടുക്കണം!

kasmir partb2

ജമാ മസ്ജിദിലെ നിസ്കാര ചിത്രമെന്ന ആഗ്രഹം സഫലമായി. നേരെ അടുത്ത പള്ളിയായ ഫിറോസ് ‍ഷാ കോട്‌ലയിലേക്ക് ഓടി, പെരുന്നാൾ നിസ്ക്കാരം നിർവ്വഹിച്ചു. പകുതി തകർന്നു കിടക്കുന്ന ആ ചരിത്ര സ്മാരകത്തിനുള്ളിലെ പ്രാർത്ഥന ഒരു പ്രത്യേക അനുഭവമായിരുന്നു! ഫിറോസ് ഷാ തുഗ്ലക്ക് പണികഴിപ്പിച്ച ഈ സമുച്ചയം തകർന്നിട്ടും പുനർനിമ്മിക്കാതെ പ്രവർത്തിക്കുന്നത് ഒരദ്ഭുതമാണ്!
പുത്തൻ പെരുന്നാൾ വസ്ത്രം ഇല്ലെങ്കിലും നല്ല മൊഞ്ചുള്ള പെരുന്നാൾ ഓർമകളായിരുന്നു ഡൽഹി തന്നത്. എങ്കിലും ഉമ്മാന്റെ പത്തിരിടേം ഇറച്ചിടേം രുചി ഞങ്ങളുടെ മനസ്സിൽ ഓടിക്കളിച്ചു.

kasmir partb5

തണുപ്പുള്ള സമയത്തെ ചൂടുള്ള ഓർമകൾ
സ്വപ്നം കണ്ട യാത്രയായിരുന്നെങ്കിലും പ്രതീക്ഷിക്കാത്ത അഃുഭവമായിരുന്നു കശ്മീർ! ഡൽഹിയിൽ നിന്ന് നേരെ ജമ്മു തവിക്കു ട്രെയിൻ. അവിടുന്ന് ബസിൽ ബനിഹലിലേക്ക്. അവസാന ബസ് വൈകിട്ട് 5 മണിക്കാണ്. ഭാഗ്യത്തിന് അതു കിട്ടി. 5 മണിക്കൂറാണ് യാത്ര. കൂടിയ റേറ്റ് പറയുമെങ്കിലും നമ്മുടെ സംസാരത്തിൽ ആ റേറ്റ് കുറപ്പിക്കും, അങ്ങനെ ബാർഗയിൻ ചെയ്ത് 150 രൂപയ്ക്കാണ് ബസിൽ പോയത്! ടാക്സിക്ക് കണ്ണു തള്ളുന്ന റേറ്റ്. എല്ലായിടത്തും ഒരു മലയാളിയെ പടച്ചോൻ എത്തിച്ചിട്ടുണ്ട്, ഇത്തവണ മുഹമ്മദ്... പുള്ളിക്കാരൻ ഒരു ഡോക്ടറാണ്... എന്റെ ഒപ്പിക്കൽ ഹിന്ദിക്ക് "മലയാളി ആണല്ലേ" എന്നായിരുന്നു മറുപടി! അങ്ങനെ മൂപ്പരോട് കാര്യങ്ങൾ തിരക്കി നീങ്ങി ഞങ്ങൾ, ബസിൽ ബനിഹലിലേക്ക് തിരിച്ചു. ഏതൊരു മനുഷ്യനെയും പോലെ അൽപം മുൻപ് ചൂടിനെ പഴിച്ച ഞാൻ ഇപ്പോൾ തണുപ്പിനെ പഴിക്കാൻ തുടങ്ങി. സഹിക്കാനാകാത്ത തണുപ്പ്... കശ്മീരിനോട് അടുക്കുകയാണ്! രാത്രിയാണ് ബനിഹലിലെത്തിയത്. കൊടുംതണുപ്പത്ത് എങ്ങനൊക്കെയോ നേരം വെളുപ്പിച്ചു. 6 മണിക്ക് ശ്രീനഗറിലേക്ക് ട്രെയിനുണ്ട്. 20 രൂപ ടിക്കറ്റ്. ട്രെയിനിൽ ഇപ്പൊ എത്തും ഇപ്പൊ എത്തും എന്ന് കരുതി ഇരുന്നങ്ങ് ഉറങ്ങിപ്പോയി. സ്വപ്നത്തിലെന്നപോലെ ശ്രീനഗർ എന്നു വിളിച്ചു പറയണ കേട്ടാണ് ഉണർന്നത്. അനങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നു ചാടിയിറങ്ങി! കാലു നിലത്തുറയ്ക്കുമ്പോഴേക്ക് പോലീസിന്റെ ലാത്തി വീശൽ, എനിക്കു പകരം പാവം അജ്മലിന് ശരിക്കും അടി കൊണ്ടു. ശ്രീനഗറിലെ പോലീസുകാരന്റെ ലാത്തികൊണ്ടുള്ള അടിയൊക്കെ ഈ തണുപ്പുള്ള സമയത്തെ ചൂടുള്ള ഓർമകളാണ്...

kasmir partb8

പിന്നീടങ്ങോട്ട് കണ്ടത് പടച്ചോൻ തീർത്ത ഒരോ വിസ്മയങ്ങളാണ്! ആദ്യം ചെന്നിറങ്ങിയത് ദാൽ ലേക്കിനു മുൻപിൽ. ബോട്ടിങിനു വില പേശി താങ്ങാവുന്ന വിലയിൽ എത്തിച്ചു. കണ്ടാൽ പച്ചപ്പാവങ്ങൾ. എന്നു കണ്ട് നമ്മൾ സഹതപിക്കാൻ നിന്നാൽ അവർ അടപടലം നമ്മളെ പിഴിഞ്ഞെടുക്കും! പകരം നമ്മളാണ് പാവങ്ങൾ എന്ന് സങ്കൽപിച്ച് അന്തസായി വില പേശുക! അങ്ങനെ ദാൽ തടാകത്തിന്റെ സൗന്ദര്യം ആസ്വദിച്ചു.

മഞ്ഞുമലയിലേക്ക്

kasmir partb7

ഒരു വണ്ടി വിളിച്ച് റേറ്റ് ഉറപ്പിച്ച് പശ്ചിമ ഹിമാചലിനോട് ചേർന്നു കിടക്കുന്ന ഗുൽമർഗിലേക്ക് തിരിച്ചു. മഞ്ഞുകാലം അല്ല, എങ്കിലും പ്രകൃതി ഞങ്ങളെ വരവേറ്റത് മൂടിയ ആകാശവും നിറഞ്ഞ പച്ചപ്പുമായിട്ട് ആയിരുന്നു. അതിസുന്ദരം എന്നു പറയാം! പച്ചപ്പിലൂടെ നടക്കുന്ന കുതിരയും അവിടെ ഉള്ള നായയും ഞങ്ങൾക്ക് സമ്മാനിച്ചത് അടിപൊളി ഫ്രെയിമുകളാണ്! മഞ്ഞു പ്രതീക്ഷിച്ചു വന്ന ഞങ്ങൾക്ക് കിട്ടിയത് മറ്റൊരു ഭംഗി ആയിരുന്നു, അതുകൊണ്ട് തന്നെ നിരാശക്ക് വകുപ്പുണ്ടായിരുന്നില്ല!
പിന്നീട് മഞ്ഞുമല കയറുന്നതിനെപ്പറ്റി തിരക്കി. മുകളിലേക്ക് 16 കിലോമീറ്റർ! കുതിരയന്നു വിളിക്കുന്ന എന്നാൽ കുതിരയല്ലാത്തൊരു മൃഗത്തിനു പുറത്തു കയറി പോകാം പക്ഷേ കഴുത്തറപ്പൻ പൈസയാണ് വിലപേശിയെങ്കിലും നടക്കാൻ തന്നെ തീരുമാനിച്ചു. പക്ഷേ, അന്നു സമയം വൈകി, പിറ്റേന്നു രാവിലെ പോകാം. രാത്രി റൂമെടുക്കാതെ എവിടെങ്കിലും തട്ടിക്കൂട്ടാമെന്നു കരുതിയ ഞങ്ങൾക്കു തെറ്റി. കൊടും തണുപ്പത്ത് ഒരു രക്ഷയുമില്ലായിരുന്നു. ഒടുവിൽ ഒരു കട കണ്ടുപിടിച്ച് കടക്കാരന്റെ കൈയ്യും കാലും പിടിച്ച് 500 രൂപയ്ക്ക് ആ കടയിൽ കിടക്കാനൊരു സ്ഥലം ഒപ്പിച്ചു. കൂടെ തണുപ്പിനെ വെല്ലാനൊരു പുതപ്പും, എന്തൊരാശ്വാസമായിരുന്നു ആ നിമിഷം! രാവിലെ എഴുന്നേറ്റ് 100 രൂപ ദിവസ വാടകയ്ക്ക് ഷൂവും ഗ്ലൗസുമൊക്കെ സംഘടിപ്പിച്ച് ഒരു 10:30 ആയപ്പോഴേക്ക് കുറേ സ്നാക്ക്സുകളും ക്യാമറയും ബാഗിലാക്കി മല കയറാൻ തുടങ്ങി.

kasmir partb1


ഭാഗ്യം പൈസ വെള്ളത്തിലായില്ല! നടന്നു നടന്നു ഒരു ചായക്കട എത്തി. ക്ഷീണിച്ചവശരായി. എന്നാലും ലക്ഷ്യസ്ഥാനം കൺമുന്നിൽ കണ്ടു തുടങ്ങിയതോടെ തളർച്ച പമ്പ കടന്നു, ചായക്കടക്കാരൻ പറഞ്ഞു തന്ന കുറുക്കു വഴി പിടിച്ചു ഞങ്ങൾ മുകളിലെത്തി. ചെമ്മരിയാടുകളുടെ കൂട്ടം, ഇരുണ്ടു മൂടിക്കെട്ടിയ ആകാശം. ഒരു പ്രത്യേക കാഴ്ച! പിന്നെ നേരെ മഞ്ഞിലേക്ക് ചാടി, ആദ്യമായി മഞ്ഞിൽ കാൽ കുത്തിയ ആഹ്ലാദത്തിമിർപ്പ്. ഒച്ച വെച്ചും ചാടിയും മറിഞ്ഞും രസിച്ചു. ഇടക്ക് ഫൊട്ടോ എടുക്കാനും മറന്നില്ല. അപ്പോഴേക്ക് സമയം ഏകദേശം 4 മണിയായി. സന്ദർശകരൊക്കെ തിരിച്ചു പോകുന്ന തിരക്കിലായപ്പോൾ ഞങ്ങൾ അൽപം മുകളിലേക്ക് കയറാൻ തീരുമാനിച്ചു. മഞ്ഞിൽ കാൽ പുതഞ്ഞ് പതിയെ ബാലൻസ് ചെയ്ത് ഒരു വിധത്തിൽ ഏകദേശം ടോപ് എത്തി , അധികമാരും എത്തിപ്പെടാത്ത സ്ഥലം. അവിടുത്തെ കാഴ്ചയ്ക്ക് നല്ല ഭംഗി! ആവോളം ഫോട്ടോ എടുത്ത ഞങ്ങൾ തിരിച്ചിറങ്ങാൻ തുടങ്ങി. തിരിച്ചിറങ്ങൽ വളരെ സിമ്പിൾ ആണ്. മഞ്ഞിലേക്ക് ചവിട്ടുക, നേരെ താഴേക്ക് പോരുക! തലകുത്തിമറിഞ്ഞും സ്ലൈഡ് ചെയ്തുമൊക്കെ താഴെ സാധാരണ സഞ്ചാരികൾ എത്തിച്ചേരുന്ന സ്ഥലം വരെ വന്നു!

kasmir partb6

പട്ടാളത്തിനു മുന്നിൽ
സമയം ഒരുപാട് വൈകി. ഇനിയും താഴേക്ക് ഇറങ്ങിയാലേ ഗുൽമാർഗിലെത്തൂ. ഇരുട്ടത്ത് തപ്പിത്തടഞ്ഞ് എങ്ങനൊക്കെയോ ചായക്കട വരെയെത്തി. കട അടയ്ക്കാനായെങ്കിലും ഞങ്ങൾ ഓടിച്ചെന്ന് ചായ ഉണ്ടാക്കിച്ചു. വീണ്ടും ഇറക്. പക്ഷേ വഴി ഒരുപാട് മാറിപ്പോയതു വളരെ വൈകിയാണ് അറിഞ്ഞത്. എങ്കിലും ഏതു വഴി പോയാലും ഗുൽമർഗിൽ എത്തിച്ചേരും എന്നറിയാം! നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും അവിടെങ്ങാൻ നിന്നാൽ അസ്സൽ കശ്മീർ തോക്കിൽ നിന്നുള്ള വെടി വന്നേക്കുമെന്നു ഭയമുള്ളതു കൊണ്ട് ഒറ്റ നടത്തം നടന്നു. നേരെ പോയി ചാടിക്കൊടുത്തത്, അവരുടെ മടയിലേക്കായിരുന്നു. സാക്ഷാൽ കശ്മീർ പട്ടാളക്കാരുടെ മുന്നിലേക്ക്! സിനിമകളിൽ കണ്ടുമറന്ന സീനുകൾ പോലെ തോന്നിയ നിമിഷം! അതു നേരിട്ട് അനുഭവിക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ആ രാത്രി മൊബൈൽ വെട്ടത്തിൽ നടക്കുന്ന ഞങ്ങളുടെ മുഖത്തേക്ക് പെട്ടന്നു ഒരു ടോർച്ച് ലൈറ്റ്! ആ വെട്ടത്തിൽ കണ്ണ് മങ്ങിപ്പോയി, പിറകെ, 'കോൻ ഹേ ?' എന്ന ചോദ്യവും. എന്നാലും ഒരു സ്റ്റാൻഡിൽ നിന്ന് അവർക്ക് ഉള്ള മറുപടിയും കൊടുത്തു, ‘നാം ക്യാ ഹെ?’ എന്നു ചോദിച്ചപ്പോൾ അവർക്ക് കേട്ട് അറിവുള്ള പേരുകൾ ആയിരിക്കുമല്ലോ എന്നു മനസിൽ ചിരിച്ചും പേടിച്ചും പറഞ്ഞു അജ്മലും അൻവറും എന്ന്! ഒപ്പിക്കൽ ഹിന്ദി വെച്ച് അവരെ പറഞ്ഞു മനസ്സിലാക്കി വഴിതെറ്റി ഇവിടെ എത്തിയതാണെന്ന് . എന്തോ പാവം തോന്നി അവർ ഞങ്ങളെ വിട്ടു.

kasmir partb10

നടന്ന് കടയിലെത്തിയപ്പോൾ കടക്കാരൻ വീട്ടിൽ ഉമ്മ മുഖം വീർപ്പിച്ചു നിൽകുന്നതു പോലെ വാതിൽക്കൽ നിൽക്കുന്നു. അവരെ പറഞ്ഞിട്ടും കാര്യമില്ല നേരം അത്ര വൈകി. ഇനിയും നോക്കിയിട്ട് കണ്ടില്ലെങ്കിൽ പോലീസ് സ്‌റ്റേഷനിൽ പോയി പരാതി പറഞ്ഞേനെ എന്നു കേട്ടപ്പോൾ ശരിക്കും കിളി പോയി! അന്ന് അവിടെ തങ്ങി പിറ്റേന്ന് സന്തോഷം ചൊല്ലി പിരിഞ്ഞ് ഞങ്ങൾ ഡൽഹിക്ക് തിരിച്ചു.

മടക്കയാത്രയിലും മറക്കാനാവാത്ത ഒരു സംഭവമുണ്ട്. അന്ന് ജൂൺ 10. ഡൽഹിക്കൊരു ബസുമില്ല. ബസ്സ് കിട്ടണമെങ്കിൽ കുറച്ചു പോകണം, 12 നു ഡൽഹിയിൽ നിന്നു ട്രെയിൻ പിടിച്ചാലെ മുൻപേ ബുക്ക് ചെയ്ത വെഡിങ് വർക്ക് ചെയ്യാൻ പാകത്തിൽ ജൂൺ 14 ന് എങ്കിലും നാട്ടിലെത്താൻ പറ്റൂ. ആകെ വേവലാതിപ്പെട്ട് അവസാനം ലോറികൾക്ക് കൈ കാട്ടി. കുറേ പേർ മൈൻഡാക്കിയില്ലെങ്കിലും ഒരു ലോറി ഞങ്ങൾക്കു വേണ്ടി ചവിട്ടി. അതായിരുന്നു മജീദ്ക്ക! അദ്ദേഹം ഡൽഹിക്കുള്ള ബസ് കിട്ടുന്നിടത്താക്കിതരാം എന്ന് പറഞ്ഞു രണ്ട് മൂന്ന് മണിക്കൂർ യാത്രചെയ്തു, അതിനിടയ്ക്ക് വിശേഷങ്ങൾ പങ്കുവെച്ചു , എണ്ണിപ്പറക്കി മജീദിക്കയും ഞങ്ങൾക്കൊപ്പം! വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ തങ്ങി, പിന്നീട് പതിയെ പോകാമെന്നുമൊക്കെ പറഞ്ഞു. പക്ഷേ അതിനുള്ള സാഹചര്യമില്ലായിരുന്ന എന്നതാണ് സത്യം! ഒടുവിൽ അവിടെ എത്തി, മജീദിക്ക ഞങ്ങൾക്കു വേണ്ടി സംസാരിച്ച് ബസ് കൂലി കുറപ്പിക്കുകയും ചെയ്തു. കൈയിലിനി കഷ്ടിച്ച് നാട്ടിലെത്താനുള്ള കാശേയുള്ളു. മൂപ്പർക്ക് പൈസ കൊടുത്താൽ തികയുമോ എന്നാലോചിച്ച് ഞങ്ങൾ വല്ലാതായി. അവസാനം ഒരു 500 രൂപ എടുത്ത് നീട്ടിയ താമസം, അദ്ദേഹം പറഞ്ഞു " ഇതിനൊന്നുമല്ല മക്കളേ ഞാനിതൊക്കെ ചെയ്തത്, നിങ്ങളീ കാണിച്ചത് മോശമായി പോയി... എനിക്കുമുണ്ട് നിങ്ങളെ പോലെ മക്കൾ " കേട്ടാൽ മനസിലാകുന്ന രീതിയിലുള്ള ഹിന്ദി വാക്കുകൾ... ഞങ്ങൾ വല്ലാതായി, കണ്ണു നിറഞ്ഞു. മനസ്സുകൊണ്ട് ആയിരം വട്ടം മജീദിക്കയെ വാരിപുണർന്നു. ബസ് കയറി ഡൽഹി എത്തി. നാട്ടിലേക്കുള്ള ട്രെയിൻ ഓടി പിടിച്ചു!
25 ദിവസത്തെ യാത്രയ്ക്ക് രണ്ടു പേർക്കുകൂടി ചിലവായത് 12,000 രൂപ മാത്രം. യാത്ര മുഴുവനും ഒന്നുകിൽ ട്രെയിൻ ജനറൽ കമ്പാർട്ട്മെന്റിൽ, അല്ലെങ്കിൽ ലിഫ്റ്റ് ചോദിച്ച്. ഈ മാർഗ്ഗങ്ങളില്ലാത്തപ്പോൾ മാത്രം ബസ്/ഓട്ടോ/ടാക്സി. നോമ്പുകാലമായതിനാൽ ഭക്ഷണം പുറത്തു നിന്ന് അധികം വാങ്ങേണ്ടി വന്നില്ല. പള്ളികളിലെ ഇഫ്താർ, ഇടയത്താഴം ഉപയോഗിച്ചു. ഇവയെല്ലാമാണ് ചിലവു ചുരുക്കാൻ സഹായിച്ചത്. ഓരോ പള്ളിയിലേയും വ്യത്യസ്ത ഭാഷകളും പുതിയ മുഖങ്ങളും പുതിയ രുചികളും ഒപ്പം വേറിട്ട അനുഭവങ്ങളും! വീട്ടിലെത്തി കഥകൾ പറയുമ്പോഴും ആവർത്തിച്ചാവർത്തിച്ചു പറയുന്ന ചില പേരുകളുണ്ട്... നോമ്പ് തുറപ്പിച്ചവർ മുതൽ കാശ്മീരിൽ നിന്ന് സ്വന്തം കുടുംബത്തിലേക്ക് ക്ഷണിച്ച മജീദ്ക്ക വരെ...
ആഗ്രഹങ്ങൾക്ക് ചിറക് കൊടുക്കുന്നതും, എത്ര ഉയരത്തിൽ പറക്കണമെന്ന് തീരുമാനിക്കേണ്ടതും നമ്മൾ തന്നെയാണ്... സമയം, പണം, കൂട്ട്... എല്ലാം വഴിയേ നമുക്കൊപ്പം വരും...!

Tags:
  • Manorama Traveller
  • Travel India