Monday 25 November 2019 02:46 PM IST

കൊടും വളവുകൾ നിറഞ്ഞ 70 ഹെയർപിന്നുകൾ, ഒരുവശത്ത് അഗാധമായ താഴ്ച; കൊല്ലിമല യാത്രയിലെ വിശേഷങ്ങൾ!

Naseel Voici

Columnist

BADU8027 Photo : Badusha

അണ്ണാ, കൊല്ലിമല വരെ പോകുമാ?’’

‘‘കൊല്ലിമലയാ? ഇല്ല തമ്പീ. പോകാത്’’ – ഇതിപ്പോൾ മൂന്നാമത്തെ ടാക്സിക്കാരനാണ് പോകില്ലെന്നു പറഞ്ഞ് തലയാട്ടുന്നത്. ഇനിയിപ്പോ റോഡ് അത്രയ്ക്കും മോശമായിട്ടാവുമോ? സംശയമായി. അടുത്തയാളോടു സംസാരിച്ചപ്പോൾ ഡ്രൈവർമാർ പോകാൻ മടിക്കുന്ന കൊല്ലിമലയുടെ ചിത്രം തെളിഞ്ഞു.

‘‘റോഡ് മോശമായിട്ടല്ല. നാമക്കലിൽ നിന്നും 55 കിലോമീറ്റർ ചെന്ന് 70 ഹെയർപിൻ വളവുകൾ താണ്ടി വേണം കൊല്ലിമലയിലെത്താൻ. കൊടും വളവുകളാണ്. ഒരുവശത്ത് അഗാധമായ താഴ്ചയും. തിരിച്ചുവരുമ്പോൾ നേരം ഇരുട്ടിയാൽ അപകടമാണ്’’ – അയാളും കയ്യൊഴിഞ്ഞു.

BADU8096

കേട്ടറിവു മാത്രമുള്ള കൊല്ലിമലയ്ക്ക് മനസ്സിൽ വീരപരിവേഷമാവുകയായിരുന്നു. എന്തുവന്നാലും പോയിട്ടു തന്നെ കാര്യം. ഒടുക്കം പറ്റിയ സാരഥിയെ തന്നെ കിട്ടി– യാത്രയും സാഹസികതയും ഇഷ്ടപ്പെടുന്ന വിഘ്നേഷ്.

‘‘പകുതിദൂരം വരെ പോയിട്ടുണ്ട്. ഹെയർപിൻ വളവുകൾ അൽപ്പം പ്രയാസമാണ്. എന്നാലും സാരമില്ല. ആ കാഴ്ചകളെ കുറിച്ചുള്ള കേട്ടറിവു മാത്രമേയുള്ളൂ. മനോഹരമായ മലനിരകളും ക്ഷേത്രങ്ങളും അതിനോടു ചേർന്നു ജീവിക്കുന്ന ഗ്രാമങ്ങളും. പിന്നെ മുകളിലെവിടെയോ ഒരു വെള്ളച്ചാട്ടവുമുണ്ട്. ഇന്നെല്ലാം കാണാമല്ലോ...’’  കൊല്ലിമല കാഴ്ചകൾക്ക് ആകാംക്ഷയുടെ നിറം പകർന്ന് വിഘ്നേഷ് ആക്സിലേറ്ററിൽ കാലമർത്തി.

കൊല്ലിപ്പാവെ ദേവിയുടെ കൊല്ലിമല

BADU8080

സേലത്തെ നഗരക്കാഴ്ചകൾ പിന്നിട്ട് മധുരൈ ഹൈവേയിലൂടെ കാർ കുതിച്ചു. വിശാലമായ റോഡിന് ഇരുവശത്തും ദൂരെയായി മലനിരകൾ. ചരക്കുലോറികളുടെ ഇടത്താവളങ്ങൾ. ദീർഘദൂര യാത്രക്കാരെ ലക്ഷ്യം വച്ചുള്ള വഴിയോര കച്ചവടങ്ങൾ...സഞ്ചാരത്തിന്റെ ലഹരി പടരുന്ന കാഴ്ചകള്‍. ഹൈവേയിൽ നിന്നു കാറിന്റെ ദിശ സെന്തമംഗലത്തേക്കു മാറിയപ്പോൾ കാഴ്ചകളുടെ മട്ടും ഭാവവും മാറിത്തുടങ്ങി. നഗരത്തിന്റെ അതിര് ഗ്രാമങ്ങളെ തൊട്ടു നിൽക്കുന്നു. ഇരുവശത്തും വിശാലമായ കൃഷിയിടങ്ങളും ചെറിയ വീടുകളും. സൈക്കിൾ സഞ്ചാരികളെയും ചെറുകവലകളും പിന്നിട്ട് ഇത്തിരി ദൂരം ചെന്നപ്പോഴാണ് റോഡിനു തണൽ വിരിച്ചു നിൽക്കുന്ന ആൽമരം ശ്രദ്ധയിൽപ്പെട്ടത്. എല്ലാവരും ഇലകൾ കൊണ്ടു തണൽ വിരിക്കുമ്പോൾ ഈ മരം തണലൊരുക്കുന്നത് തന്റെ വേരുകൾ കൊണ്ടാണ്. ആർച്ച് ആകൃതിയിൽ റോഡിനു കുറുകെ ആൽമര വേരുകൾ. അതിനോടു ചേർന്ന് ചെറിയൊരു ചായക്കട.

ഗ്രാമാതിർത്തിയിലെ കടയിൽ നിന്ന് ചായകുടിച്ച്  നിൽക്കുമ്പോഴാണ് ചെല്ലമ്മയെ പരിചയപ്പെട്ടത്. കാലത്തിന്റെ ചുളിവുകളെല്ലാം മുഖത്തേറ്റു വാങ്ങിയിട്ടും കണ്ണിലെ തിളക്കം കെടാതെ സൂക്ഷിക്കുന്ന ഒരു മുത്തശ്ശി.

BADU7999

കൊല്ലിമലയിലേക്കാണ് യാത്രയെന്നറിഞ്ഞപ്പോൾ അവർക്ക് സന്തോഷം. ദൂരെ കാണുന്ന മലയിലേക്കു വിരൽ ചൂണ്ടി– ‘‘ദാ അതാണ് നിങ്ങളെത്തിച്ചേരാൻ പോകുന്ന കൊല്ലിമലൈ. എട്ടുകൈ അമ്മയുടെ സംരക്ഷണത്തിലുള്ള മണ്ണ്’’... ചെല്ലമ്മ കഥ പറഞ്ഞുതുടങ്ങി.

‘‘പണ്ട് മുനിമാർ തപസ്സ് ചെയ്തിരുന്നത് കൊല്ലിമലയിലാണ്. തപസ്സ് തീവ്രമായപ്പോൾ ചൂടും തീയും പടർന്ന് നാട്ടുകാരുടെ ജീവിതം ദുരിതത്തിലായി. അവർ കൊല്ലിപ്പാവെ ദേവിയുടെ സഹായത്തിനായി പ്രാർഥിച്ചു. സൗന്ദര്യത്തിന്റെ അവസാനവാക്കായ കൊല്ലിപ്പാവെ ദേവിയുടെ പുഞ്ചിരിയിൽ ചൂടും തീയുമെല്ലാമടങ്ങി കൊല്ലി മല ശാന്തമായി. നാടിനെ രക്ഷിച്ച കൊല്ലിപ്പാവെ ദേവി നിലകൊള്ളുന്ന മല അങ്ങനെ കൊല്ലിമലയായി അറിയപ്പെട്ടു തുടങ്ങി’’ . ചെല്ലമ്മയുടെ കണ്ണുകളിൽ ആരാധന നിറഞ്ഞു . എട്ടുകൈ അമ്മയായും കൊല്ലിപ്പാവെ ദേവിയായും ഈ ശക്തി ഇപ്പോഴും മല കാക്കുന്നു എന്നാണ് ഇന്നാട്ടുകാരുടെ വിശ്വാസം.

70 ഹെയർപിൻ വളവുകൾ

BADU8219

‘കാരവല്ലി’യിൽ നിന്നാണ് കൊല്ലിമലയിലേക്കുള്ള ഹെയർപിൻ വളവുകളുടെ തുടക്കം. കോഴിക്കോട്ടുകാരുടെ ‘അടിവാരം’ പോലെയാണ് അവർക്ക് കാരവല്ലി. ചുരം കയറാനെത്തുന്നവർക്ക് അത്യാവശ്യമുള്ള വിഭവങ്ങളൊരുക്കുന്ന മലയടിവാരത്തെ കവല.

1/70 – ആദ്യത്തെ കൊടുംവളവിൽ രേഖപ്പെടുത്തിയ അക്കത്തിൽ നിന്ന് ചുരം കാഴ്ചകൾ ആരംഭിച്ചു. കൃഷിയിടങ്ങളും ആൾപെരുമാറ്റവും അപ്രത്യക്ഷമായി. മുളം കാടുകളും റോഡിലേക്കു തണൽ വിരിക്കുന്ന മരങ്ങൾക്കുമിടയിലൂടെ ചുരം കയറിത്തുടങ്ങി. കണ്ടു പരിചയിച്ച ഹെയർപിൻ വളവുകൾ പോലെയല്ല കൊല്ലിമലയിലേക്കുള്ള വഴി. ചെങ്കുത്തായ കയറ്റങ്ങള്‍. ഒരു വളവ് കഴിയുമ്പോഴേക്ക് അടുത്തതിലേക്കെത്തുന്നു. ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പാമ്പിനെ പോലെ റോഡ്. ഇടയ്ക്കിടെ നീണ്ട ഹോൺ മുഴക്കങ്ങൾ. തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകളും ചരക്കു ലോറികളുമാണ്. ഒരോ വളവിലും ഹോൺ മുഴക്കണമെന്ന അറിയിപ്പുണ്ട്. കാട് അതിരിടുന്ന വീതി കുറഞ്ഞ റോഡിൽ കടന്നുപോകുന്നതും വാഹനങ്ങളുടെ വരവുമറിയാൻ ഈ ശബ്ദം നിർബന്ധമാണ്.

BADU8042

ആരംഭത്തിൽ താഴ്‌വാരത്തെ ഗ്രാമങ്ങൾ അവ്യക്തമായി കാണാം. പിന്നീടെപ്പോഴോ മേഘപ്പാളികൾ ആ കാഴ്ച മറച്ചു. ഇടയ്ക്ക് കാടിനോടു ചേർന്ന് ചെറിയ കോവിലുകളുണ്ട്. കാഴ്ചകൾ പിന്നിട്ട് ചെന്നെത്തുന്നത് ഒരു ഗ്രാമത്തിലാണ്. സെമ്മേടു ഗ്രാമം. കൊല്ലിമലയിലേക്കെത്തുന്നവരുടെയും നാട്ടുകാരുടെയും പ്രധാന ഇടത്താവളമാണ് സെമ്മേടു. ചായക്കടകളും പച്ചക്കറിച്ചന്തയും ഉറക്കെ വച്ച തമിഴ് സിനിമാപാട്ടിന്റെ പശ്ചാത്തലവുമുള്ള ഒരു തനി തമിഴ് ഗ്രാമം. കൊല്ലിമലയുടെ അടുത്ത ചെരിവിലേക്കുള്ള വഴിയാരംഭിക്കുന്നത് ഈ കവലയിൽ നിന്നാണ്.

BADU8202

പെരിയ കോവിലൂരിലെ അറപ്പല്ലീശ്വരർ കോവിൽ

സെമ്മേടു പിന്നിട്ട് ചുരം കയറുമ്പോൾ കാടിന്റെ ഭാവം വീണ്ടും ഗ്രാമങ്ങൾക്കു വഴിമാറുന്നു. ചെറുവീടുകളും കൃഷിയിടങ്ങളും നാട്ടുമണമുള്ള കാഴ്ചകളും. കൊല്ലിമലയുടെ ചെരിവുകളിൽ ഇതുപോലെയുളള വേറെയും ഗ്രാമങ്ങളുണ്ട്. കൃഷിയും മറ്റുമായി കഴിയുന്ന കൊല്ലിമല വാസികളുടെ ജീവിതത്തിലേക്ക് ഇപ്പോഴും ഒരു പരിധിവിട്ട് പുറംലോകത്തിന്റെ നിറങ്ങൾ കടന്നെത്തിയിട്ടില്ല. അതു തന്നെയാണ് ഈ വഴിക്കാഴ്ചകളെ കൂടുതൽ രസകരമാക്കുന്നതും.

വളവുകളും തിരിവുകളും പിന്നിട്ട് റോഡ് ചെന്നെത്തുന്നത് ഒരു ക്ഷേത്രത്തിനു മുന്നിലാണ്. അറപ്പല്ലീശ്വരർ കോവിൽ. ‘പെരിയ കോവിലൂരി’ൽ തലയുയർത്തി നിൽക്കുന്ന ശിവക്ഷേത്രം. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതെന്നു കരുതുന്ന ഈ കോവിലിനു ചുറ്റുമായാണ് പെരിയ കോവിലൂരിലെ ജീവിതം. മല കയറിയെത്തുന്ന വിശ്വാസികളെ കാത്തിരിക്കുന്ന ഭക്ഷണശാലകൾ. തെരുവ് കച്ചവടക്കാർ. കോവിലിൽ നിന്നു മുഴങ്ങുന്ന പാട്ട്. വിവിധ ദേശങ്ങളിൽ നിന്നെത്തിയ സഞ്ചാരികൾ. മുല്ലപ്പൂ മണം...താഴ്‌വാരങ്ങളിൽ നിന്നു നോക്കുമ്പോൾ കൊല്ലിമലയുടെ മുകളില്‍ ഇങ്ങനെയൊരു ഗ്രാമമുണ്ടെന്ന് തോന്നുകയേ ഇല്ല.

trav-kk

കോവിലും പരിസരവും ചുറ്റിയടിച്ച് കാണുന്നതിനിടെയാണ് താഴേക്ക് ചെറിയൊരു വഴി കണ്ടത്. അവിടേക്കുള്ള ഗേറ്റ് അടച്ചിട്ടിരിക്കുന്നു. തമിഴിലുള്ള ബോർഡ് വിഘ്നേഷ് വായിച്ചു – ‘‘ആകാശഗംഗ ഫാൾസ്’’.

പത്തുരൂപാ ടിക്കറ്റെടുത്തപ്പോൾ ഗേറ്റ് കാവൽക്കാരൻ പോകാൻ അനുമതി തന്നു. ആവേശത്തോടെ നടത്തം തുടങ്ങിയപ്പോൾ അയാളുടെ പിൻവിളി – ‘‘താഴെയാണ് വെള്ളച്ചാട്ടം. കുറച്ചു പടിയിറങ്ങാനുണ്ട്. വെള്ളമൊക്കെ കരുതിയിട്ടുണ്ടല്ലോ അല്ലേ?’’.

‘‘ഓഹ് പിന്നേ.. നാലു പടിയിറങ്ങാൻ വെള്ളം കുടിക്കണമല്ലോ...’’– മനസ്സിൽ അയാളെ കളിപറഞ്ഞു.

BADU8100

ആയിരം പടി ഇറങ്ങി ആകാശഗംഗ കാണാം

ഗേറ്റു കടന്ന് പടവുകളിറങ്ങി തുടങ്ങി. താഴേക്കിറങ്ങും തോറും പടവുകളുടെ എണ്ണം കൂടിക്കൂടി വന്നു. ഇരുവശത്തുമുള്ള പ്രകൃതിക്കാഴ്ചകളാണ് ആകെയുള്ള ആശ്വാസം. കാടിളക്കി കൂട്ടുവരുന്ന വാനരന്മാർ. നടത്തം തുടർന്നു. ചിലയിടങ്ങളിലെത്തുമ്പോൾ മുന്നിൽ പടവുകൾ കാണില്ല – അത്രയ്ക്ക് ചെങ്കുത്താണ് ഇറക്കം. എണ്ണിത്തീർക്കാൻ കഴിയാത്തത്ര പടവുകൾ. അവസാനം ചെന്നെത്തുന്നത് പാറക്കെടുകൾക്കടുത്താണ്. തൊട്ടപ്പുറത്തു നിന്ന് വെള്ളത്തിന്റെ ആരവം കേൾക്കാം. ഇലകൾ വകഞ്ഞുമാറ്റി പാറക്കെട്ടിനിടയിലൂടെ നടന്നു. ഒരു വലിയ പാറയുടെ വശം ചേർന്ന് തലയുയർത്തിയപ്പോൾ മുഖത്തേക്ക് കാട്ടരുവിയുടെ തണുപ്പേറിയ തുള്ളികളെത്തി. ആകാശത്ത് നിന്നുള്ള ഉറവ പോലെ ചിതറിവീഴുന്ന വെള്ളം – ആകാശഗംഗ! ആരും അറിയാതെ പറഞ്ഞു പോവും. 300 അടി ഉയരത്തിൽ നിന്ന് കാടിന്റെ ദാഹമകറ്റാനെത്തുന്ന വെള്ളച്ചാട്ടത്തിനു ചുറ്റിലുമായി മലനിരകൾ കാവൽ നിൽക്കുന്നു. വെള്ളം പതിക്കുന്നിടത്ത് സഞ്ചാരികൾക്ക് കുളിക്കാനുള്ള സൗകര്യമുണ്ട്. പാറക്കെട്ടിൽ വഴുതി വീഴാതെ സൂക്ഷിക്കണം. കാരണം, സുരക്ഷയൊരുക്കാനോ രക്ഷപ്പെടുത്താനോ ഗൈഡോ സുരക്ഷാ ഉദ്യോഗസ്ഥരോ ഇവിടെയില്ല.

ആകാശഗംഗയുടെ പിന്നിലെ കഥകൾക്കും വിശ്വാസത്തിന്റെ മേമ്പൊടിയുണ്ട്. അറപ്പല്ലീശ്വരർ കോവിലിലെ ശിവന്റെ കാരുണ്യമുള്ള ജലമാണത്രെ ആകാശഗംഗയിലേത്. ഒൗഷധഗുണമുള്ള ഈ വെള്ളച്ചാട്ടത്തിനു കീഴിൽ നിന്നു കുളിക്കുന്നവർക്ക് സർവരോഗ ശമനമുണ്ടാകുമെന്നാണ് കൊല്ലിമലവാസികളുടെ വിശ്വാസം.

BADU8052

ആകാശഗംഗയുടെ കുളിരിൽ മുഖം കഴുകിയപ്പോൾ പടവുകളിറങ്ങിയ ക്ഷീണം മറന്നു. കാട്ടുകാഴ്ചകൾ ആസ്വദിച്ചും ഫോട്ടോ പകർത്തിയും തിരികെ നടന്നു. പടവുകളെ കുറിച്ചുള്ള ഓർമ വീണ്ടുമെത്തി. ഇങ്ങോട്ടിറങ്ങിയ അത്രയും തിരികെ കയറണമല്ലോ! കളിയാക്കിയും പ്രോത്സാഹിപ്പിച്ചും വാനരസേന ഇരുവശത്തുമുള്ള കാടുകളിളക്കി നടക്കുന്നു. പാതി ദൂരം പിന്നിട്ട് കിതപ്പു മാറ്റാനായി വ്യൂപോയിന്റിലിരുന്നു. അപ്പോഴാണ് ബെൽട്ട് മുറുക്കി വിഘ്നേഷിന്റെ ആത്മഗതം – ‘‘പാന്റെല്ലാം ലൂസായാച്ച്’’

പടവുകൾ കയറിയ ക്ഷീണം മറന്ന് ചിരി മുഴങ്ങി... പിരിയൻ കയറ്റങ്ങളും ചെങ്കുത്തായ ചരിവും പിന്നിട്ട് കവാടത്തിലെത്തിയപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. കാവൽക്കാരൻ ചിരിച്ചുകൊണ്ട് കാത്തു നിൽക്കുന്നു.

‘‘ക്ഷീണിച്ചോ?’’ എന്ന ചോദ്യത്തിൽ ഒരു ‘ആക്കലുണ്ടോ’ എന്നു സംശയം. തോറ്റുകൊടുക്കാൻ പാടില്ലല്ലോ –

BADU8067

‘‘ഇല്ല. എന്നാലും ഈ കുറച്ചു പടികൾ എന്നുവച്ചാൽ ഏതാണ്ട് എത്രകാണും?’’ – മറുപടി പെട്ടെന്നു കിട്ടി.‘‘അത് വന്ത്...1086 പടവുകൾ’’ – 1086 പടവുകളോ? അപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും കൂടി 2172 പടവുകൾ!

‘‘കടവുളേ...’’ – വിഘ്നേഷിനൊപ്പം ഞങ്ങളും ദൈവത്തിനെ അറിയാതെ വിളിച്ചുപോയി.

അങ്ങോട്ടു പോകുമ്പോൾ വൃത്തി കുറവെന്നു പറഞ്ഞു കയറാതിരുന്ന പെരിയ കോവിലൂരിലെ ഹോട്ടലിലെ ദോശയ്ക്കും ഓംലെറ്റിനും അപ്പോൾ നല്ല രുചി തോന്നി. കാലുകളുടെ ഇടർച്ചയും വിശപ്പിന്റെ വിളിയും പെരിയ കോവിലൂരിൽ നിന്നു തന്നെയകറ്റി. തിരികെ കുന്നിറങ്ങി. അപ്പോഴേക്കും ഹെയർപിൻ വളവുകളിൽ ഇരുട്ട് പടർന്നു തുടങ്ങിയിരുന്നു. തണുത്ത കാറ്റുമേറ്റ് തിരികെ ഗ്രാമവഴികളിലെത്തിയപ്പോഴും മധുരൈ ഹൈവേയിലൂടെ കുതിച്ചു പായുമ്പോഴും ഇടയ്ക്കിടെ തിരികെ നോക്കി – ആകാശഗംഗയുടെ മാറിൽ ചുരമൊരുക്കി ഗ്രാമങ്ങളെയൊളിപ്പിക്കുന്ന കൊല്ലിമല അപ്പോഴേക്കും മേഘങ്ങൾക്കിടയിൽ ഒളിച്ചിരുന്നു.

KOLLI MALAI

BADU8196

തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിലാണ് കൊല്ലിമല. സമുദ്രനിരപ്പിൽ നിന്ന് 1300 അടി ഉയരത്തിലുള്ള കൊല്ലിമല സ‍ഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. ചെന്നൈയിൽ നിന്നും സേലത്തു നിന്നും കൊല്ലിമലയിലേക്ക് നേരിട്ട് ബസ് സർവീസ് ഉണ്ട്. സേലത്തു നിന്ന് 88 കിലോമീറ്റർ അകലെയാണ് കൊല്ലിമല.  നാമക്കലിൽ നിന്ന് 55 കിലോമീറ്റർ പിന്നിട്ട് കാരവല്ലിയിൽ നിന്നു തുടങ്ങുന്ന 70 ഹെയർപിന്നുകൾ കയറി വേണം കൊല്ലിമലയിലെത്താൻ. സാഹസം നിറഞ്ഞ വഴിയായതിനാൽ ടാക്സി സർവീസ് കിട്ടാൻ ബുദ്ധിമുട്ടാണ്.

ആകാശഗംഗ വെള്ളച്ചാട്ടമാണ് പ്രധാനകാഴ്ച.  ഈ വെള്ളച്ചാട്ടത്തിലേക്കുള്ള 1086 പടവുകൾ ഇറങ്ങിയുള്ള വഴി ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു അനുഭവമായിരിക്കും.  വേനൽക്കാലമാണ് കൊല്ലിമല യാത്രയ്ക്ക് പറ്റിയ സീസൺ. സേലമാണ് തൊട്ടടുത്ത  റെയിൽവേ സ്റ്റേഷൻ.

Tags:
  • Manorama Traveller
  • Travel India