Saturday 11 May 2019 05:30 PM IST : By Easwaran Seeravally

കോഴിക്കോട് കാക്കവയലിനടുത്തെ വനപർവം; കുറഞ്ഞ സമയം കൊണ്ട് കാടിനെ അറിയാം, അനുഭവിക്കാം!

vanaparvam1 Photo : Josewin Paulson

പാറക്കല്ലുകളിൽ തട്ടി  കളകളാരവത്തോടെ ഒഴുകുന്ന പുഴ. അതിനു കുറുകെ പണിതിരിക്കുന്ന പാലം കടന്ന് ‘വനപർവം’ എന്നു രേഖപ്പെടുത്തിയ ഇടം താണ്ടുമ്പോൾത്തന്നെ നമുക്കു പുറംലോകത്തു നിന്ന് ഒരു വ്യത്യാസം അനുഭവപ്പെടുകയായി. പ്രധാന റോഡിൽനിന്ന് രണ്ടു കിലോമീറ്ററോളം അകത്തേക്കു സഞ്ചരിച്ച് എത്തിച്ചേരുന്ന വനപർവത്തിനു മുന്നിൽ വാഹനങ്ങളുടെ ബഹളങ്ങളില്ല. ഏതാനം വീടുകളുണ്ടെങ്കിലും പൊതുവെ സ്വച്ഛസുന്ദരമായ ചുറ്റുപാട്. കാടിന്റെ പച്ചപ്പുകളിൽ എവിടെനിന്നൊക്കെയോ പക്ഷികൾ പയ്യാരം പറയുന്നതിന്റെയും പ്രണയം പങ്കു വയ്ക്കുന്നതിന്റെയും പരിഭവം പ്രകടിപ്പിക്കുന്നതിന്റെയും ശബ്ദങ്ങൾ.  അതെ, ഇതൊരു വ്യത്യസ്തമായ ലോകത്തിലേക്കുള്ള പ്രവേശന കവാടമാണ്. ശരിക്കും ഒരു വനപർവത്തിലേക്കു തന്നെ.

കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കാക്കവയലിലാണ് വനം വകുപ്പ് കുറച്ച് സ്വാഭാവികവനപ്രദേശം ഒരു ജൈവവൈവിധ്യ പാർക്കായി പൊതുജനങ്ങൾക്കു തുറന്നു കൊടുത്തിരിക്കുന്നത്. 2011ൽ പ്രവർത്തനം ആരംഭിച്ച ഈ ഉദ്യാനത്തിൽ കുറച്ച് മരങ്ങൾ മാത്രമല്ല കാട്. പാറക്കെട്ടുകളിലൂടെ ഒഴുകുന്ന കാട്ടാറിന്റെയും വെള്ളച്ചാട്ടത്തിന്റെയും മനോഹരമായ ട്രക്കിങ്ങിന്റെയും ഒക്കെ അനുഭവങ്ങളെ  പൂമ്പാറ്റകളുടെയും ചെടികളുടെയും മരങ്ങളുടെയും വൈവിധ്യങ്ങളുമായി ഇണക്കിച്ചേർത്ത് സന്ദർശകരെ പ്രകൃതിയിലേക്ക് അലിയിക്കുന്ന ഒരു അനുഭൂതിയാണ് വനപർവത്തിലൂടെ ലഭിക്കുന്നത്. 125 ഏക്കർ വരുന്ന വനഭൂമിയുടെ 36 ഏക്കറിലാണ് സന്ദർശകരെ അനുവദിക്കുന്നത്.

vanaparvam7

നക്ഷത്രവനം

നട്ടുപിടിപ്പിച്ചിരിക്കുന്ന ഔഷധസസ്യങ്ങളുടെ ഇടയിൽക്കൂടി മുകളിലേക്കു കയറിയാൽ‍ വൻമരങ്ങൾ ഇടതിങ്ങുന്ന കാടിന്റെ ഉള്ളിലേക്കെത്തും. കല്ലുപാകിയ നടപ്പാതയുടെ ഇരുവശങ്ങളിലും നിൽക്കുന്ന വമ്പൻ മരങ്ങൾ മിക്കവയും സ്വന്തം ശരീരത്തു പിടിച്ചിരിക്കുന്ന നെയിംപ്ലേറ്റിലൂടെ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. ഇരുളും മലഇലഞ്ഞിയും പുല്ലാനിയും നടപ്പാതയ്ക്ക് അതിരിട്ടുനിൽക്കുന്നു. അൽപം മുകളിലേക്കു നടക്കുമ്പോഴേക്കും നക്ഷത്രവനം ആരംഭിക്കുകയായി. നടപ്പാതയുടെ ഒരു വശത്ത് വരിയിട്ടതുപോലെ അശ്വതി മുതൽ രേവതിവരെ ഓരോ നക്ഷത്രത്തിന്റേതായി പറയപ്പെട്ടിരിക്കുന്ന മരങ്ങൾ വ ച്ചു പിടിപ്പിച്ചിരിക്കുന്നു. അശ്വതിക്ക് കാഞ്ഞിരം, ഭരണിക്ക് നെല്ലി,  കാർത്തികയ്ക്ക് അത്തി അങ്ങനെ അങ്ങനെ.

ഇവിടം കഴിയുമ്പോൾ വനപർവത്തിൽ പ്രവേശനാനുമതിയുള്ള ഏറ്റവും വൃക്ഷനിബിഡമായൊരു ഭാഗത്താണ് എത്തിച്ചേരുന്നത്.  തലയ്ക്കു മുകളിൽ കമനീയമായ കുടിലുകളൊരുക്കി നിൽക്കുന്ന വള്ളികളും വെള്ളത്തിന്റെ കുത്തൊഴുക്കിൽ രൂപപ്പെട്ട ചാലുകളും അങ്ങകലെയല്ലാതെ കേൾക്കുന്ന കാട്ടരുവിയുടെ ശബ്ദവും ഒക്കെ നമ്മെ ഒരു കാടിന്റെ മായികമായ ലോകത്തേക്ക് എത്തിക്കുന്നു.

vanaparvam4

പാത്തിപ്പുഴയുടെ ഓരത്ത്

മുന്നോട്ട് നടന്നപ്പോൾ ഇലത്തലപ്പുകൾക്കിടയിലൂടെ അൽപം മുന്നിൽ കരിമ്പാറക്കെട്ടുകൾ കാണാനായി. താഴ്ന്നു കിടക്കുന്ന വള്ളികളിലും മരക്കൊമ്പുകളിലും മുട്ടിയുരുമ്മി പാറപ്പുറത്തേക്കിറങ്ങിയപ്പോൾ അതാ പാത്തിപ്പുഴ വീണ്ടും മുന്നിലെത്തുകയായി. സ്ഫടികം പോലുള്ള ജലം, ആരെയും കൂസാതെ ഒഴുകി നീങ്ങുന്നു. അങ്ങു മുകളിലെവിടെ നിന്നോ ഒഴുകിയും ഇടയ്ക്കൊക്കെ പാറക്കെട്ടുകളിലൂടെ താഴേക്കു ചാടിയും ഇങ്ങോളമെത്തിയ ക്ഷീണം തീർക്കാനെന്നോണം ഒരു ചെറിയ തടാകം പോലെ വെള്ളം ഇവിടെ ഒന്നു നിൽക്കും. അൽപനിമിഷം  മാത്രം. പിന്നെ വീണ്ടും താഴേക്ക് നീങ്ങുകയായി. വെള്ളത്തിനുമുകളിൽ തെന്നിത്തെറിച്ചു നടക്കുന്ന വെള്ളത്തിൽ പാറ്റ എന്ന ചെറുജീവിയും  ചെറിയ ചില മീനുകളും ഒക്കെ നമ്മളെ കൗതുകത്തോടെ വീക്ഷിക്കുന്നതു കാണാം.

സാഹസികർക്ക് പാറക്കെട്ടുകളിൽക്കൂടി കുറച്ചൊന്നു മുകളിലേക്കു കയറാം. തൊട്ടുമുകളിൽ പാത്തിപ്പുഴയിലെ ഏറ്റവും താഴത്തെ ജലപാതം കാണം. പുഴയുടെ കരയിൽ പടർന്നു പന്തലിച്ച ഒരു വൃക്ഷത്തലപ്പിനു കീഴിൽ തങ്ങൾപ്പാറ എന്ന ചതുരാകൃതിയിലുള്ള കല്ല് കാണാം. ഈ ഭാഗത്തെ ഇസ്‌ലാമിക വിശ്വാസികൾ വർഷത്തിലൊരിക്കൽ ഇവിടെ വന്ന് നേർച്ചയും പ്രാർഥനയും നടത്തുന്നു. 

മുകളിലേക്ക് പാറക്കെട്ടുകളിലൂടെ പ്രവേശനമില്ല എന്ന വനംവകുപ്പിന്റെ മുന്നറിയിപ്പും ഇവിടെയുണ്ട്. നിരന്തരമൊഴുകുന്ന വെള്ളത്തിൽ പാറകൾ തെന്നലുള്ളതാകുന്നതും ഇടയ്ക്ക് ആഴക്കിണറുകൾ പോലുള്ള ചില അഗാധ ഗർത്തങ്ങളുള്ളതുമാണ് ഈ മുന്നറിയിപ്പിനു കാരണം.

vanaparvam2

അവിടെ വെള്ളം ഒഴുകിവന്നു ചാടുന്ന ചെരിഞ്ഞ കൽപ്രതലങ്ങൾ മുൻപ് നാട്ടുകാരായ കുട്ടികൾ നിരങ്ങിവന്ന് വെള്ളത്തിൽ ചാടി മറിഞ്ഞ് കളിച്ചിരുന്ന സ്ഥലമായിരുന്നുവത്രേ. കുറച്ചുനാൾ മുൻപുണ്ടായ ദാരുണമായ ഒരു അപകടത്തെ തുടർന്നാണ് ഇതുവഴി മുകളിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചത്.

വെള്ളച്ചാട്ടം കാണാൻ കരിങ്കൽപാത

കാൽവെള്ളകളെ ഇക്കിളിപ്പെടുത്തി ഒഴുകുന്ന തണുത്ത വെള്ളത്തിൽക്കൂടി ഞങ്ങൾ മറുവശത്തേക്കു കടന്നു. കരിങ്കൽപാളികൾ പാകി, പുഴയുടെ വശത്ത് വേലിക്കെട്ടുകളുള്ള മനോഹരമായ നടപ്പാത.  കയറ്റം കയറുന്നതിന്റെ ക്ഷീണമറിയാതിരിക്കാൻ ചുറ്റുമുള്ള കാടിന്റെ തണലും തണുപ്പും സഹായിക്കും.  അൽപം നടക്കുമ്പോഴേക്കും വ്യൂപോയിന്റായി. അവിടെ നിന്നാൽ തൂവെള്ളപ്പട്ടു പോലെ താഴേക്ക് ഊർന്നിറങ്ങുന്ന ജലപാതം കാണാം. നടന്നതിന്റെ ക്ഷീണമൊന്ന് കുറയ്ക്കാൻ, വിയർപ്പാറ്റാൻ ഇരുന്നു വിശ്രമിക്കുന്നതിന് രണ്ട് ബഞ്ചുകൾ ഇട്ടിട്ടുണ്ട് ഇവിടെ.

വെള്ളച്ചാട്ടത്തിന്റെ ടോപ് വ്യൂ കാണാൻ സാധിക്കുന്ന പാത്തിപ്പാറ വരെ ഈ നടപ്പാത നീളുന്നു. ഒരു ഇരുമ്പു പാലം കടന്ന് ഞങ്ങൾ അങ്ങോട്ടേക്കു പതുക്കെ നടന്നു. സ്വർണപ്രഭ തൂകി വെയിൽ പരന്നു തുടങ്ങിയിരുന്നു, എങ്കിലും ആ അന്തരീക്ഷത്തിലെ പ്രഭാതത്തിന്റെ തണുപ്പ് വിട്ടുമാറാൻ മടിച്ചുതന്നെ നിൽക്കുകയാണ്. തിരക്കില്ലാത്ത സമയമായതിനാൽ പാത്തിപ്പാറയിൽ ഞങ്ങൾ ഇരുന്നും കിടന്നും വിശ്രമിച്ചു. മുകളിൽനിന്ന് ഒഴുകി എത്തുന്ന പുഴയിൽ താഴേക്കുനോക്കിയിരിക്കുന്ന ഒരു ചെവിയൻ മുയലിനെപ്പോലെ മുയൽപാറയുമുണ്ട്.  പാറകൾക്കും മരങ്ങൾക്കുമിടയിൽ വിടർന്നു നിൽക്കുന്ന കാട്ടുചെത്തിയിലും മറ്റു പൂക്കളിലുമായി തത്തിപ്പറക്കുന്ന പല വർണത്തിലുള്ള ചിത്രശലഭങ്ങൾ.

vanaparvam6

പാത്തിപ്പാറയ്ക്കും മുകളിൽ

വേലിക്കെട്ടിനപ്പുറത്ത് കുറച്ചുകൂടി മുകളിലേക്ക് പാറക്കെട്ടുകളിൽക്കൂടി ചവിട്ടിക്കയറിയാൽ പാത്തിപ്പുഴയിലെ മറ്റൊരു വെള്ളച്ചാട്ടം കാണാം.  എളുപ്പം നടന്നു കയറാനാകാത്ത വി ധം ചെങ്കുത്തും ഇടയ്ക്കൊക്കെ വെള്ളമൊഴുകി വഴുക്കലുള്ളതുമാണ് ഇങ്ങോട്ടേക്കുള്ള പാറ കൾ. അപകടസാധ്യത കൂടുതലാണ്. യഥാർഥത്തിൽ രണ്ടു പാറകൾക്കിടയിൽ ഒരു ഇടുക്കിലൂടെയാണ് ഇവിടെ പാത്തിപ്പുഴ ഒഴുകുന്നത്. ഈ ഇടുക്കിന്റെ രണ്ടറ്റത്തുമാണ് ഈ വെള്ളച്ചാട്ടങ്ങൾ. അരക്കിലോമീറ്ററോളം നടന്നപ്പോൾ രണ്ടാമത്തെ വെള്ളച്ചാട്ടം കണ്ടു. ആദ്യത്തേതുപോലെതന്നെ കാണാൻ ഇതും സുന്ദരിതന്നെ. പുല്ലുവളർന്ന പാറക്കെട്ടുകളും വെള്ളം വന്നു വീഴുന്ന ജലാശയത്തോടു ചേർന്നു നിൽക്കുന്ന മരങ്ങളും ഒക്കെ ഇതിന്റെ മാറ്റുകൂട്ടുന്നു. വെള്ളത്തിലും പരിസരത്തുമൊക്കെ വലുതും ചെറുതുമായ ധാരാളം ഉരുളൻ കല്ലുകൾ ഇക്കഴിഞ്ഞ പ്രളയകാലത്തെ ഉരുൾപൊട്ടലുകളിൽ അടർന്നൊഴുകി വന്നവ കെട്ടിക്കിടക്കുന്നതും കാണാം. ഇതു വനപർവത്തിൽ അധികം അറിയപ്പെടാത്തൊരു ജലപാതമാണ്.

ചിത്രശലഭോദ്യാനം

vanaparvam5

പാത്തിപ്പുഴയുടെ ഓരത്തുകൂടിയുള്ള ട്രക്കിങ് ഏതാണ്ട് അതിന്റെ ഉച്ചിയോളമെത്തിയതിനാൽ ഞങ്ങൾ തിരിഞ്ഞ് താഴേക്കിറങ്ങാൻ വട്ടംകൂട്ടി. പാറപ്പുറത്തെ വെയിലും ചൂടും കാരണം ആകെ വ ിയർത്ത് തിരികെ കാട്ടിലേക്കെത്തിയപ്പോൾ എയർ കണ്ടിഷൻഡ് മുറിയിലേക്ക് കയറിയതുപോലെ സുഖം. കരിങ്കൽപാളികളിലൂടെയുള്ള ഇറക്കം അനായാസമായിരുന്നു.

തങ്ങൾപാറയുടെ ഭാഗം കഴിഞ്ഞ് വീണ്ടും താഴേക്ക് നടക്കുമ്പോഴാണ് ബട്ടർഫ്ലൈ പാർക്ക്. കാടിനോട് ചേർന്നുതന്നെ ചെമ്പരത്തിയും ചെത്തിയുംപോലുള്ള പൂച്ചെടികൾ വച്ചുപിടിപ്പിച്ചിരിക്കുന്ന ഭാഗമാണ് ഇത്. ഇവയ്ക്കൊപ്പം കാട്ടിലെ പതിവുകാരായ ധാരാളം പുല്ലുകളും പൂത്തു നിൽക്കുന്നുണ്ട്. ഈ പൂവുകളിൽനിന്നൊക്കെ തേനുണ്ണാനായി എത്തുന്ന വലുതും ചെറുതുമായ പലതരം പൂമ്പാറ്റകൾ കണ്ണിനും ക്യാമറയ്ക്കും നല്ല വിരുന്നായിരുന്നു.

vanaparvam3

പൂമ്പാറ്റകളുടെ വർണച്ചിറകുകൾ കണ്ട് വിസ്മയത്തോടെ താഴേക്കു നടക്കുമ്പോൾ കള്ളിമുൾച്ചെടി‌ പ്രത്യേകം നട്ടുവളർത്തി പരിപാലിക്കുന്ന ഇടം കാണാം. നിബിഡവനത്തിന്റെ ഇരുളിമ പടർന്നു നിൽക്കുന്ന ഒരു ഭാഗത്ത് നാം ഒരു ഇരുമ്പുപാലം കയറി വീണ്ടും പാത്തിപ്പുഴ കുറുകെ കടക്കും. അത് വനപർവത്തിന്റെ അവസാനമല്ല, എന്നാൽ വനപ്രദേശത്തിന്റെ അതിർത്തിയായി.

ഓർക്കിഡുകളെയും ഫേണുകളെയും പരിചയപ്പെടുത്തുന്ന ഒരു ഭാഗംകൂടി ഇതിന്റെ തുടർ‍ച്ചയായി ഉണ്ട്. നമ്മളെ പിന്തുടർന്നെന്നോണം പാറിപ്പറക്കുന്ന പൂമ്പാറ്റകൾക്കൊപ്പം നാം പുറത്തേക്കെത്തുന്നത് ശരീരത്തിനും മനസ്സിനും കാടു പകർന്നു നൽകിയ കുളിർമയും നവോന്മേഷവും ഉൾക്കൊണ്ടാകുമെന്നുറപ്പ്.

വനപർവം എന്ന ജൈവവൈവിധ്യ ഉദ്യാനം യഥാർഥത്തിൽ ഇന്നത്തെ സമൂഹത്തിൽ വളരെ അത്യാവശ്യം വേണ്ട ഒരു റിലീഫ് പാർക്കാണ്. കാടിനെ അറിയാം,  കുട്ടികൾക്കൊപ്പം വന്ന് കുറച്ചുനേരം നടന്നും കാഴ്ച കണ്ടും സമയം ചെലവിടാം, സൗഹൃദംപങ്കുവച്ച് അൽപം നടക്കാം, അതൊന്നുമല്ല ഇനി  ഏകാന്തമായി പ്രകൃതിയിലലിഞ്ഞ് ഒറ്റയ്ക്ക് സമയം ചെലവഴിക്കണമെങ്കിലും ഏറ്റവും മികച്ചൊരു വനഉദ്യാനം തന്നെ ഇവിടം.