‘‘ഈ പാർക്ക് ഏകാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നു. എന്നാൽ ഈ സ്ഥലം ജനാധിപത്യത്തിന്റേതാണ്. ജനാധിപത്യത്തിൽ മാത്രമേ ഏകാധിപത്യത്തെ കുറിച്ച് സ്വതന്ത്രമായി ചിന്തിക്കാൻ അവസരം ലഭിക്കൂ.’’ – പ്രതിമകളുടെ നിർമാണം പൂർത്തിയാക്കിയ ശേഷം ചുമരിന്റെ ഒരറ്റത്ത് ശിൽപി കുറിച്ചിട്ടു. ഭൂതകാലത്തിന്റെ തീക്കനലിൽ ചുട്ടെടുത്ത വാക്കുകളാണ് ശിൽപി അകോസ് ഇലിയഡ് അടിക്കുറിപ്പായി കുറിച്ചിട്ടത്. 1993ൽ മെമന്റോ പാർക്ക് ഉദ്ഘാടനം ചെയ്ത സമയത്ത് അദ്ദേഹത്തിന്റെ വാക്കുകൾ ലോകം മുഴുവൻ തീക്കനലായി പടർന്നു.
ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിലാണ് മെമന്റോ പാർക്ക്. വ്ളാദിമിർ ലെനിൻ, ജോസഫ് സ്റ്റാലിൻ, കാൾ മാർക്സ്, ഫ്രെഡറിക് ഏംഗൽസ്, ചെഗവര എന്നിവരുടെ ശിൽപങ്ങളാണ് മെമന്റോ പാർക്കിലുള്ളത്. സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായതിനു ശേഷം പൂർവകാല സ്മരണയ്ക്കായി ഹംഗേറിയൻ ഗവൺമെന്റാണ് പാർക്ക് നിർമിച്ചത്. മികച്ച ശിൽപിയെ കണ്ടെത്താനുള്ള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹംഗേറിയൻ ശിൽപി അകോസ് ഇലിയഡാണ് പ്രതിമകൾ രൂപകൽപന ചെയ്തത്. ദീർഘവൃത്താകൃതിയിൽ ആറു വിഭാഗങ്ങളാണ് മെമന്റോ പാർക്ക്. പ്രധാന കവാടവും മതിലുമാണ് വലിയ നിർമിതി. മതിൽക്കെട്ടിനകത്ത് നാൽപത്തിരണ്ടു ശിൽപങ്ങളാണുള്ളത്. കമ്യൂണിസ്റ്റ് ഭരണകാലത്ത് ബുദാപെസ്റ്റ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ശിൽപങ്ങളാണ് അവ. സോവിയറ്റ് റഷ്യക്കെതിരേ നടത്തിയ സ്വാതന്ത്ര്യ യുദ്ധം ജയിച്ചപ്പോൾ ബുദാപെസ്റ്റ് നഗരത്തിൽ സ്ഥാപിച്ച കമ്യൂണിസ്റ്റ് നേതാക്കളുടെ ശിൽപങ്ങളെല്ലാം ഹംഗറിക്കാർ അടിച്ചു വീഴ്ത്തിയിരുന്നു. ആ ശിൽപങ്ങൾ പിൽക്കാലത്ത് ചരിത്ര സ്മാരകമായി നിലനിർത്താൻ തീരുമാനിച്ചപ്പോഴാണ് മെമന്റോ പാർക്ക് നിർമിച്ചത്.
വലിയ സ്തൂപത്തിനു മുകളിലാണ് ജോസഫ് സ്റ്റാലിന്റെ ഷൂസിന്റെ ശിൽപം സ്ഥാപിച്ചിട്ടുള്ളത്. നാടിന്റെ നായകൻ, അധ്യാപകൻ, സുഹൃത്ത് എന്നാണു ഫോട്ടോയുടെ സമീപത്ത് എഴുതി വച്ചിട്ടുള്ളത്. 1951ൽ ബുദാപെസ്റ്റ് നഗരമധ്യത്തിൽ നിലനിന്നിരുന്ന സ്റ്റാലിൻ ശിൽപത്തിന് എട്ടു മീറ്റർ ഉയരമുണ്ടായിരുന്നു. 1956ലെ ഒക്ടോബർ വിപ്ലവത്തിൽ കുപിതരായ ജനക്കൂട്ടം പ്രതിമ അടിച്ച് താഴെയിട്ടു. പീഠത്തിനു മുകളിൽ ഷൂസ് അവശേഷിച്ചു.
മെമന്റോ പാർക്കിൽ ഷൂസിന്റെ ശിൽപം സ്ഥാപിച്ചിട്ടുള്ള സ്ഥലം ‘വിറ്റ്നസ് സ്ക്വയർ’ എന്നാണ് അറിയപ്പെടുന്നത്. 2007ൽ ഇതിന്റെ അനുബന്ധമായി എക്സിബിഷൻ ഹാൾ, സിനിമ തിയറ്റർ എന്നിവ നിർമിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോ എക്സിബിഷന്റെ ടൈറ്റിൽ ‘സ്റ്റാലിൻ ബൂട്സ്’ എന്നായിരുന്നു. സോവിയറ്റ് റഷ്യക്കെതിരേ ജനരോഷം ഇരമ്പിയ 1956ലെ വിപ്ലവത്തിന്റെ ഫോട്ടോകളാണ് എക്സിബിഷനിൽ ഉൾപ്പെടുത്തിയത്. ഇപ്പോൾ അവിടം സന്ദർശിക്കുന്നവർക്ക് ഗാബർ സിഗ്‌മണ്ട് പാപ്പ് സംവിധാനം ചെയ്ത ‘ദി ലൈഫ് ഓഫ് ആൻ ഏജന്റ് ’ എന്ന ഡോക്യുമെന്ററി കാണാം. കമ്യൂണിസ്റ്റ് ഭരണകാലത്ത് രഹസ്യപൊലീസിന്റെ പ്രവർത്തന രീതികളാണ് ഡോക്യുമെന്ററിയുടെ കഥ.
ചുവപ്പു സേനയുടെ പട്ടാളക്കാരന്റെ (റെഡ് ആർമി സോൾജിയർ) ശിൽപമാണ് മെമന്റോ പാർക്കിലെ വലിയ നിർമിതികളിലൊന്ന്. പട്ടാള വേഷത്തിൽ നിൽക്കുന്ന ചുവപ്പു സേനാംഗം നെഞ്ചിനു കുറുകെ തോക്കു ധരിച്ചിരിക്കുന്നു. വലംകയ്യിൽ ചെങ്കൊടി ഉയർത്തി പിടിച്ചിട്ടുണ്ട്. ലോകത്തെ അമ്മാനമാടുന്ന കൈകളുടെ പ്രതീകമാണ് ‘വർക്കേഴ്സ് മൂവ്മെന്റ് മെമ്മോറിയൽ. ഏകാധിപതിയുടെ ഉത്തരവു കേട്ട് തോക്കുമായി നീങ്ങുന്ന പട്ടാളക്കാരുടെ ശിൽപം മികച്ച ആവിഷ്കാരമെന്നു പ്രശസ്തി നേടി.
സോവിയറ്റ് റഷ്യൻ സൈന്യം ഹംഗറിയിൽ നിന്നു പിന്മാറിയതിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് മെമന്റോ പാർക്ക് ഉദ്ഘാടനം ചെയ്തത്. പിന്നീടാണ് കമ്യൂണിസ്റ്റ് നേതാക്കളുടെ ശിൽപങ്ങളുടെ നിർമാണം പൂർത്തീകരിച്ചത്. ലെനിൻ, മാർക്സ്, ഏംഗൽസ് തുടങ്ങിയവർക്കൊപ്പം പ്രാദേശിക കമ്യൂണിസ്റ്റ് നേതാക്കളുടേത് ഉൾപ്പെടെ നാൽപത്തി രണ്ടു ശിൽപങ്ങൾ നിർമിച്ചു. ഓപ്പൺ എയർ മ്യൂസിയം എന്ന സങ്കൽപത്തിലാണു രൂപകൽപന ചെയ്തതെങ്കിലും പിന്നീട് തിയറ്റർ, എകിസിബിഷൻ ഹാൾ എന്നിവ കൂട്ടിച്ചേർത്തു.
മെമന്റോ പാർക്കിന്റെ പ്രവേശന കവാടത്തിനു സമീപത്താണു ടിക്കറ്റ് കൗണ്ടർ. സന്ദർശനത്തിന് അനുവദിച്ചിട്ടുള്ളത് അൻപതു മിനിറ്റ്. ചരിത്രം വിവരിക്കാൻ ഗൈഡിന്റെ സഹായം ലഭിക്കും. ബുദാപെസ്റ്റ് നഗരത്തിൽ നിന്നു മെമന്റോ പാർക്കിലേക്ക് ബസ് ട്രെയിൻ സർവീസുണ്ട്.
കൂടുതൽ വിവരങ്ങൾ: mementopark.hu