പന്ത്രണ്ടു മാസത്തിനിടെ പ്രായ പൂർത്തിയായ പതിനയ്യായിരം യുവതികളെ മനുഷ്യക്കടത്തു സംഘം വിദേശത്തേക്കു കൊണ്ടു പോയി. പ്രായപൂർത്തിയാകാത്ത അയ്യായിരം പെൺകുട്ടികൾ അവരുടെ വലയിൽ വീണു വിദേശങ്ങളിൽ എത്തി. ടൂറിസ്റ്റ് വീസയിലാണ് ഇത്രയും പേർ കാഠ്മണ്ഡവിൽ നിന്നു വിമാനം കയറിയത്. 2018ൽ വീടുകളിൽ നിന്നിറങ്ങിയ ഇത്രയും പേർ തിരികെ വന്നിട്ടില്ല. അവരെല്ലാം ഗൾഫ്, ആഫ്രിക്ക രാജ്യങ്ങളിൽ ലൈംഗിക അടിമകളാക്കപ്പെട്ടുവെന്നാണ് നേപ്പാൾ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്. മനുഷ്യക്കടത്ത് മാഫിയയെ ഇല്ലാതാക്കൻ രാജ്യത്ത് പുതിയൊരു നിയമം പാസാക്കണമെന്ന് നേപ്പാൾ ഇമിഗ്രേഷൻ വകുപ്പ് സർക്കാരിനു ശുപാർശ നൽകി.
ആദ്യമായി വിദേശത്തു പോകുന്ന നാൽപതു വയസ്സിൽ താഴെയുള്ള സ്ത്രീകൾ രക്ഷിതാക്കളുടെയും തദ്ദേശ ഭരണ സ്ഥാപനത്തിന്റെയും അനുമതി പത്രം ഹാജരാക്കണമെന്നാണ് ഇമിഗ്രേഷൻ വിഭാഗത്തിന്റെ ശുപാർശ. ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി വനിതാ സംഘടനകൾ രംഗത്തെത്തി. രാജ്യം മുഴുവൻ പ്രതിഷേധ സമരം ആരംഭിച്ചു. സ്ത്രീവിരുദ്ധ നിയമം നടപ്പാക്കരുതെന്നു പ്ലക്കാർഡുമായി ഇമിഗ്രേഷൻ വകുപ്പിനു മുന്നിലേക്കു മാർച്ച് നടത്തി.

‘‘വിദേശ യാത്രാ നിയന്ത്രണത്തിനായി നിയമം തയാറാക്കിയവരുടെ ചിന്താഗതിയാണ് തിരിച്ചറിയേണ്ടത്. സ്ത്രീയുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് നീക്കം. മേധാവിത്വ മനോഭാവം വച്ചു പുലർത്തുന്നവരാണ് ഇതിനു പിന്നിൽ. ’’ നേപ്പാളിലെ പ്രമുഖ വനിതാ സംഘടനയായ വിമൻ ലീഡ് നേപ്പാളിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ ഹിമ ബിസ്ത പ്രതികരിച്ചു. വനിതാ ശാക്തീകരണവും തൊഴിൽ സാഹചര്യവും മെച്ചപ്പെടുത്തുന്നതിനു പകരം സ്ത്രീകളെ നിയന്ത്രിക്കുന്നതു തോന്നിവാസമെന്നു നേപ്പാൾ മുൻ ഇലക്‌ഷൻ കമ്മിഷനർ ഇള ശർമ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നടപടിയാണിതെന്നും അവർ ചൂണ്ടിക്കാട്ടി.
നിയമ നിർമാണത്തിനുള്ള ശുപാർശയെ തുടർന്നു പ്രതിഷേധം ശക്തമായപ്പോൾ വിശദീകരണവുമായി ഇമിഗ്രേഷൻ വകുപ്പ് രംഗത്തെത്തി. ‘‘സ്ത്രീകൾ ചതിയിൽപ്പെടാതിരിക്കാനുള്ള നിയമത്തെ കുറിച്ചാണ് ആലോചന. ഇപ്പോഴും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.’’ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
യുവതികൾ ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കു പോകുന്നതു നിരോധിച്ചുകൊണ്ട് 2017ൽ നേപ്പാൾ ഗവൺമെന്റ് ഉത്തരവ് ഇറക്കിയിരുന്നു. ‘‘ഇത്തരം നടപടികൾ യഥാർഥ പ്രശ്നത്തിനു പരിഹാരമാകില്ല. യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ രേഖകളില്ലാതെ വിദേശത്തു പോകുന്നവരുടെ എണ്ണം വർധിക്കും. റിക്രൂട്മെന്റ് ഏജൻസികളെ നിയന്ത്രിക്കലാണ് ഉചിതമായ നടപടി.’’ ഹ്യൂമൻ റൈറ്റ്സ് വാച്ച് സൗത്ത് ഏഷ്യ ഡയറക്ടർ മീനാക്ഷി ഗാംഗുലി പറഞ്ഞു.
