‘ഒരൊറ്റ നിമിഷത്തിന്റെ കഥയാണ് ഒരു ചിത്രം. കാഴ്ചക്കാരന്റെ ഉള്ളിലേക്ക് നിശബ്ദമായി കടന്നുചെന്ന് എന്തെങ്കിലും ആശയം കൈമാറാൻ ആ ചിത്രത്തിനാകുന്നിടത്താണ് അത് പകർത്തിയ ഫൊട്ടോഗ്രഫറുടെ വിജയം. അക്ഷരങ്ങളിൽ എഴുതിവയ്ക്കേണ്ട ഒന്നല്ല ഒരു നല്ല ചിത്രം. കാടിന്റെ ഉൾത്തുടിപ്പ് ഓരോ കാൽവയ്പ്പിലും തിരിച്ചറിയണം. കടുവയുടെയും പുലിയുടെയും ആനയുടെയും ആക്‌ഷൻ ചിത്രത്തിനേ ജീവനുണ്ടാകൂ എന്ന ധാരണ വേണ്ട. ഒരു പക്ഷേ, കാട്ടിലേക്കുള്ള യാത്ര ധന്യമാക്കി തീർക്കുന്നത് ഒരു പുഴുവാകാം, അല്ലെങ്കിൽ കുരങ്ങൻ, മാൻ...അതുകൊണ്ട് എല്ലാ ജീവജാലങ്ങൾക്കും പ്രകൃതിക്കും എന്റെ ക്യാമറയിലും മനസ്സിലും തുല്യസ്ഥാനമുണ്ട്...വയസ്സ് 24, പ്രഫഷൻ ആൻഡ് പാഷൻ ഫൊട്ടോഗ്രഫി, കാടിനെ തൊട്ടറിയാൻ തുടങ്ങിയിട്ട് മൂന്ന് വർഷം, നേടിയെടുത്തത് മിഫ രാജ്യാന്തര സിൽവർ പുരസ്കാരം (MIFA – Moscow International Fotography Award) ഉൾപ്പെടെ 11 എണ്ണം. ഗുരുവായൂർ സ്വദേശി പ്രവീൺ പ്രേംകുമാർ പൈ വ്യത്യസ്തനാകുന്നത് കാടിന്റെ ജീവന്‍ അതേ പോലെ തന്റെ ക്യാമറയിലേക്ക് ഒപ്പിയെടുത്താണ്. ഓരോ ചിത്രങ്ങളും ഫൊട്ടോഗ്രഫർക്കും കാഴ്ചക്കാർക്കും പ്രിയപ്പെട്ടതാകുന്നതെങ്ങനെയെന്ന് പ്രവീൺ പ്രേംകുമാർ പങ്കുവയ്ക്കുന്നു.
ബിഗ് ക്യാറ്റ്സ്, സൂപ്പർ ക്ലിക്ക്സ്
ഓരോ യാത്രയിലെയും അവസാന നിമിഷം അ വിശ്വസനീയമായി കാട് തരുന്ന സമ്മാനമാണ് എന്റെ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിലെ ത്രില്ല്. ബന്ദിപ്പൂര്‍ കാട് എന്റെ രണ്ടാമത്തെ വീട് എന്നാണ് ഞാൻ വിശേഷിപ്പിക്കുന്നത്. അത്രയധികം ചിത്രങ്ങൾ അവിടം എനിക്ക് സമ്മാനിച്ചിട്ടുണ്ട്. അതിൽ ഏറെ പ്രിയപ്പെട്ട ഒന്നാണ് കുറ്റിക്കാടിനുള്ളിൽ പൂക്കളുടെ ഇടയിൽ മറഞ്ഞിരിക്കുന്ന പുള്ളിപ്പുലി. അന്നൊരു ക്ഷീണം പിടിച്ച ദിവസമായിരുന്നു. ഒരുപാട് അലഞ്ഞിട്ടും ഒരു നല്ല ഫ്രെയിം പോലും കണ്ടെത്താൻ കഴിയാതെ പോയൊരു ദിനം. സഫാരി അവസാനനിമിഷത്തിലേക്ക് കടക്കുകയാണ്. സായാഹ്നത്തിലെ തെളിഞ്ഞ പ്രകാശം. പെട്ടെന്നാണ് അവൻ എന്റെ കണ്ണിൽപ്പെടുന്നത്, പുള്ളിപ്പുലി. ചുറ്റിലും കുറ്റിക്കാടും പൂക്കളും. ഏകദേശം 20 മിനിറ്റ് നേരത്തെ കാത്തിരിപ്പേ വേണ്ടിവന്നുള്ളൂ, അതിന്റെ നോട്ടം കൃത്യമായി ക്യാമറയിലേക്ക്. എന്തുകൊണ്ടോ ആ ചിത്രം കൂടുതൽ സുന്ദരമാകുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിലാണെന്ന് തോന്നി. Now I See You എന്ന ക്യാപ്ഷനിൽ എന്റെ പ്രിയപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി. 2016 ലെ ലണ്ടൻ ഇന്റർനാഷനൽ പ്രിസ്റ്റീജിയസ് അവാർഡ് ആ ചിത്രത്തിന് ലഭിച്ചു.
കാഴ്ചക്കാരന്റെ അല്ലെങ്കിൽ ഫൊട്ടോഗ്രഫറുടെ കാഴ്ചപ്പാടിനപ്പുറത്തേക്ക് എടുക്കുന്ന ചിത്രങ്ങൾ അപ്രതീക്ഷിതമായ കഥകൾ ഒളിപ്പിക്കും. ഒരു നോട്ടം പോലും ഒരു പാഠമാണ്.കബനിയിൽ വച്ചെടുത്തൊരു ചിത്രം പ്രിയപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്. വൈകുന്നേരത്തെ സഫാരിയ്ക്കിടെയാണ് വെള്ളക്കെട്ടിനോട് ചേർന്ന് ഒരു കടുവ കിടക്കുന്നത് കണ്ടത്. വെറുതെ ഒരു ചിത്രമെടുത്തിട്ട് കാര്യമില്ലല്ലോ എന്ന ആലോചനയിൽ നിൽക്കുമ്പോഴാണ് കടുവയുടെ അടുത്തേക്ക് വരുന്നൊരു കാട്ടുപോത്ത് ശ്രദ്ധയിൽപ്പെടുന്നത്. നല്ല സമയം...ഇത്രകാലം കിട്ടാൻ കൊതിച്ച ചിത്രമിതാ തൊട്ടുമുന്നിൽ. ഒരു ലൈവ് വേട്ട ഇപ്പോൾ കാണാം എന്ന പ്രതീക്ഷയിൽ ശ്വാസമടക്കിപ്പിടിച്ച് ഇരുന്നു. പുല്ല് തിന്നു നടക്കുന്ന കാട്ടുപോത്ത് ആ കടുവയെ ശ്രദ്ധിക്കുന്നേയില്ല. എന്താണ് കടുവയുടെ പ്രതികരണം എന്നറിയാൻ അതിനെ നോക്കിയപ്പോൾ ഒരു കാര്യം മനസ്സിലായി, വിശപ്പില്ലാത്തതിനാൽ വേട്ടയ്ക്ക് ഒരുങ്ങാതെ കടുവ വെള്ളക്കെട്ടിന്റെ ഓരത്തെ തണുപ്പിൽ മുഖം ചേർത്ത് കിടക്കുകയാണ്. ആ കാട്ടുപോത്തിന് മരിക്കാൻ സമയമായിട്ടില്ല, എനിക്കെന്റെ ഫോട്ടോ കിട്ടാനും. അങ്ങനെ ആശ്വസിച്ച് കുറച്ച് സമയം കൂടി ക്ഷമയോടെ അവിടെ നിന്നു. അത്രനേരം മണ്ണിൽ മുഖം ചേർത്ത് കിടന്ന കടുവ പെട്ടെന്ന് തലയുയർത്തി. അതിന്റെ ഇര മുന്നിലുണ്ട്. എന്നിട്ടും അതിനെ ശ്രദ്ധിക്കാതെ എന്റെ ക്യാമറയിലേക്കൊന്ന് നോക്കി. പെർഫക്ട് ഷോട്ട്.
പ്രണയിക്കുകയായിരുന്നൂ നാം...
മഹാരാഷ്ട്രയിലെ തടോബ ടൈഗർ റിസർവാണ് സ്ഥലം. ഒരുപാട് തവണ അവിടേക്ക് യാത്ര നടത്തിയിട്ടുണ്ട്. കിട്ടിയ ചിത്രങ്ങളിൽ ഏറെ പ്രിയപ്പെട്ട ഒന്ന് കടുവയുടെ ലവ് സ്റ്റോറി സീരീസ് ആണ്. കാടിനുള്ളിലെ പ്രണയവും ജീവിതവും ഏറെ കൗതുകമുണർത്തുന്നതാണ്. ആദ്യം കാണുന്നത് ഒരു മരച്ചുവട്ടിൽ കിടക്കുന്ന പെൺകടുവയെയാണ്. അതിനെ ഉണർത്താതെ ഓരോ ചുവടും നിശബ്ദമായി വച്ച് അടുത്തുവരുന്ന അതിന്റെ ഇണക്കടുവ. പിന്നീടുള്ള ഓരോ ഷോട്ടും 30 മിനിറ്റോളം സമയമെടുത്ത് എടുത്തതാണ്. ശേഷം അതൊരു സീരീസാക്കി. ഓരോ ഫോട്ടോയ്ക്കും ചേർന്ന ക്യാപ്ഷൻ നൽകി. കാടിനുള്ളിലെ മനോഹരമായൊരു പ്രണയം അങ്ങനെ അടയാളപ്പെടുത്തി.
കാട്ടിലേക്കുള്ള യാത്രയിൽ മിക്കവാറും ഫൊട്ടോഗ്രഫർമാർ ഒഴിവാക്കുന്ന വിഭാഗമാണ് മാനും കുരങ്ങനും. എന്നാൽ എന്റെ ശേഖരത്തിലെ ചിത്രങ്ങളിൽ ഏറെ പ്രിയപ്പെട്ട രണ്ട് ചിത്രം കുരങ്ങന്റെയും മാനിന്റെയുമാണ്. പ്രകൃതിയോട് കുറേയധികം ചേർന്ന് നിൽക്കുന്ന ചിത്രങ്ങളാണ് അതെന്ന് തോന്നിയിട്ടുണ്ട്. കാടിന്റെ മനോഹരമായ പശ്ചാത്തലത്തിൽ ഒരു പുള്ളിമാൻ മരക്കൊമ്പിലെ ഇല കഴിക്കാനായി ശ്രമിക്കുന്ന ചിത്രമാണ് ഒന്ന്. അമ്മയുടെയും അച്ഛന്റെയും സുരക്ഷയുടെ കരങ്ങളിൽ ചേർന്നിരിക്കുന്ന കുട്ടിക്കുരങ്ങന്റെ ചിത്രമാണ് രണ്ടാമത്തേത്.
കാടിനുള്ളിൽ കടന്നാൽ എത്രയെത്ര നിമിഷങ്ങൾക്കാണ് ഒരു ഫൊട്ടോഗ്രഫർ സാക്ഷിയാകുന്നത്! പക്ഷിയുടെ പാട്ടാകാം, മഴയാകാം, ചെറുതും വലുതുമായ ജീവികളുടെ ചെയ്തികളാകാം...നിരയങ്ങനെ നീണ്ടുകിടക്കുകയാണ്. അതിൽ ചിലത് നമ്മെ വല്ലാതെ അദ്ഭുതപ്പെടുത്തിക്കളയും. ബന്ദിപ്പൂർ ടൈഗർ റിസർവിലെ സഫാരിക്കിടെയാണ് അവിടെ നടന്നൊരു വേട്ടയെ കുറിച്ച് അറിഞ്ഞത്. കാട്ടുനായകൾ വലിയൊരു മാനിനെ വേട്ടയാടി പിടിച്ചിട്ടിരിക്കുന്നു. ഉച്ച സമയത്താണ് ഞങ്ങളുടെ വാഹനം ആ സ്ഥലം കണ്ടെത്തുന്നത്. വലിയൊരു വെള്ളക്കെട്ടിനോട് ചേർന്ന് ചത്തുകിടക്കുന്ന മാൻ. എന്നാൽ അദ്ഭുതപ്പെടുത്തിയ കാഴ്ച അതല്ല. കാട്ടുനായകൾ ഇരയെ വേട്ടയാടി പിടിക്കുന്നതും ഭക്ഷിക്കുന്നതും കൂട്ടം ചേർന്നാണ്. ഞങ്ങൾ അവിടെയെത്തുമ്പോൾ ഒരു കാട്ടുനായ തന്റെ നാലിരട്ടി വലിപ്പമുള്ള മാനിനെ ഒറ്റയ്ക്ക് വലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. എത്രയൊക്കെ ശ്രമിച്ചിട്ടും അല്പം പോലും ആ ജഡം നീങ്ങുന്നില്ല. എന്നിട്ടും അത് പരിശ്രമം തുടർന്നുകൊണ്ടേയിരുന്നു. വെള്ളക്കെട്ടിൽ അതിന്റെ പ്രതിഫലനവും മനോഹരമായ പശ്ചാത്തലവും എല്ലാം കൂടി ചേർന്ന സുന്ദരമായൊരു ഷോട്ട് അന്നെനിക്ക് കിട്ടി.
ഇത് ഞങ്ങളുടെ വീട്...
പച്ചപ്പരവതാനിയിൽ കാടിന്റെ സുരക്ഷിതത്വത്തിൽ കളിക്കുന്ന കടുവ, ഏറെ പ്രിയപ്പെട്ട ചിത്രമാണത്. മിക്ക ചിത്രങ്ങളും എടുക്കുമ്പോൾ അതിൽ പ്രകൃതിയെ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. സഫാരിക്കിടെ ഒരു പുള്ളിപ്പുലിയെ അല്ലെങ്കിൽ കടുവയെ, ആനയെ എന്തിനെ കണ്ടാലും വൈഡായി ഉള്ള ഫ്രെയിം പലരും എടുക്കില്ല. എല്ലാവർക്കും താൽപര്യം സൂം ചെയ്തെടുക്കാണ്. സൂം ചെയ്ത് വ്യക്തമായി കിട്ടുന്ന ഫോട്ടോ മാത്രമേ ശ്രദ്ധനേടൂ അല്ലെങ്കിൽ ഭംഗിയുള്ളൂ എന്ന ധാരണ തെറ്റാണ്. ഒരു ചിത്രം ഏറെ മനോഹരമാകുന്നത് അത് അതിന്റെ തനത് പശ്ചാത്തലത്തിൽ പകർത്തുമ്പോഴാണ്. ഫോട്ടോ എടുക്കുമ്പോഴുള്ള ഫൊട്ടോഗ്രഫറുടെ യുക്തിയാണ് പ്രധാനം. സെക്കൻഡുകൾ കൊണ്ട് ചിന്തിക്കാനും പ്രവർത്തിക്കാനും നിരന്തരം കാട്ടിലേക്കുള്ള യാത്രയിലൂടെ സ്വയം പരിശീലിക്കണം. ഇതൊക്കെ ഞാനെന്റെ അനുഭവത്തിൽ നിന്ന് പഠിച്ച കാര്യങ്ങളാണ്.
ക്ഷമയാണ് വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിൽ വേണ്ട പ്രധാന ഘടകം. അതിന് നല്ലത് പക്ഷികളുടെ ഫോേട്ടാ എടുത്ത് പഠിക്കുന്നതാണ്. എന്റെ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിലേക്കുള്ള പാത കൃത്യമായി വരച്ചിട്ടത് 2015 ലെ പക്ഷികളുടെ വിഭാഗത്തിന് ലഭിച്ച നാഷനൽ അവാർഡാണ്.
ഫൊട്ടോഗ്രഫിയിലെ ഏറ്റവും മനോഹരമായ നിമിഷം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, തടോബയിലെ ദേവ്ഡ ഗ്രാമത്തിൽ വച്ച് ട്രൂവാരിയറിർ വാഗ്ഡോഹിനെ കണ്ട നിമിഷം. ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും വലുതും പ്രായമുള്ളതുമായ ആൺ കടുവയാണ് ട്രൂ വാരിയർ വാഗ്ഡോഹ്. ഏകദേശം 15 വയസ്സ്. അതിനെ കണ്ടുകിട്ടുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. മനോഹരമായൊരു ക്ലോസ് അപ്പ് ചിത്രം കൂടി എടുക്കാൻ കഴിഞ്ഞാലോ? ആ സന്തോഷത്തിന് അതിരുണ്ടാകില്ല. നല്ല ചിത്രത്തിന്റെ രൂപത്തിലോ നല്ല അനുഭവങ്ങളായോ കാട് നമുക്കായി സമ്മാനങ്ങൾ കരുതി വയ്ക്കും.
കാടിന്റെ നിമിഷങ്ങളെ പകർത്താ ൻ വിലകൂടിയ ലെൻസും ക്യാമറയും ഉള്ളവർക്കേ സാധിക്കൂ എന്ന ധാരണ വേണ്ട. സാധാരണ ക്യാമറകൊണ്ടാണ് ഞാൻ കാട്ടിലേക്കുള്ള യാത്ര ആരംഭിച്ചത്. വാടകയ്ക്കെടുത്ത ലെൻസ് കൊണ്ട് പകർത്തിയ ചിത്രത്തിനാണ് ദേശീ യ അവാർഡ് കിട്ടിയത്. ചെറിയ ചെറിയ സാഹചര്യങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് വളരാം. പതിയെ ആ മേഖലയെ വിപുലപ്പെടുത്താം. ഇതൊക്കെ സാധ്യമാകാൻ ആവശ്യമുള്ള ഒറ്റ ഘടകമേയുള്ളൂ, സമർപ്പണം. ഫൊട്ടോഗ്രഫിയെ, കാടിനെ, പ്രകൃതിയെ, ജീവജാലങ്ങളെ അതിരിടാതെ പ്രണയിക്കൂ. നിങ്ങൾക്ക് വേണ്ടത് കാട് സമ്മാനമായി തരും.