Tuesday 07 July 2020 03:12 PM IST

ബലൂണിൽ പറക്കാം ബഹിരാകാശത്തേക്ക്

Baiju Govind

Sub Editor Manorama Traveller

space1

ആകാശത്ത് പക്ഷിയെ പോലെ പറക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വപ്നസാഫല്യത്തിന് ഇനി ഏറെക്കാലം കാത്തിരിക്കേണ്ട. വിനോദസഞ്ചാരികൾക്കായി ‘ബലൂൺ ക്യാപ്സ്യൂൾ’ തയാർ. ഒരേസമയം എട്ടു പേർക്ക് യാത്ര ചെയ്യാം. പതിനായിരം അടി ഉയരം പറന്ന് ആകാശക്കാഴ്ചകൾ ആസ്വദിച്ചു മടങ്ങുന്നതാണു ട്രിപ്പ്. ആറു മണിക്കൂർ യാത്രയ്ക്ക് ഒരാൾക്ക് ടിക്കറ്റ് 1,25000 ഡോളർ.

നെപ്റ്റ്യൂൺ ക്യാപ്സ്യൂൾ പരീക്ഷണ പറക്കലിന് ഒരുങ്ങി. പൈലറ്റ് ഉൾപ്പെടെ ഒൻപതു പേർക്ക് കയറാം. യാത്രക്കാർക്ക് ഇരിക്കാനുള്ള സ്ഥലം, ടോയ്‌ലെറ്റ്, മിനി ബാർ എന്നിങ്ങനെയാണ് ഇന്റീരിയർ. പറന്നുയർന്ന് പതിനായിരം അടിയിലെത്താൻ രണ്ടു മണിക്കൂർ. മടക്കയാത്രയ്ക്ക് രണ്ടു മണിക്കൂർ. ആകാശത്തു നിന്നു ഭൂമിയും കടലും കാണാൻ രണ്ടു മണിക്കൂർ.

space2

‘‘സ്പെയ്സ് ഫ്ളൈറ്റ് സങ്കൽപം യാഥാർഥ്യമാകുന്നു. വിമാനങ്ങളിൽ മർദം നിയന്ത്രിക്കുന്ന രീതിയിലാണ് നെപ്റ്റ്യൂൺ ഇന്റീരിയർ. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിയിട്ടുണ്ട്. ബഹിരാകാശ യാത്രയ്ക്ക് പോകുന്നതു പോലെയുള്ള ശാരീരികമായ ഒരുക്കം ആവശ്യമില്ല. സ്ലീവ് ലെസ് ബനിയൻ അല്ലെങ്കിൽ ടീഷർട്ട് ധരിച്ച് യാത്ര ചെയ്യാം. യാത്രികർക്ക് യാത്ര രസകരമാക്കാൻ മിനി ബാർ ഉണ്ട്.’’ നെപ്റ്റ്യൂൺ ഡിസൈൻ ചെയ്ത സ്റ്റാർട്ട് അപ് കമ്പനി ഉടമ ജെയ്ൻ പോയ്ന്റർ, ടാബർ മക്്കല്ലം പറഞ്ഞു. ബഹിരാകാശത്തിന്റെ ചിത്രം പകർത്താൻ സെൻസറുകൾ ബലൂണുകളിൽ ഘടിപ്പിച്ച് വിജയകരമായി പ്രയാണം നടത്തിയ കമ്പനിയുടെ ഉടമയാണ് ഇവർ.

സ്പെയ്സ് ക്രുയിസ്

space3

വലിയ ബലൂണിന്റെ സഹായത്തോടെയാണ് നെപ്റ്റ്യൂൺ ക്യാപ്സ്യൂൾ പറക്കുക. വായു നിറച്ച ബലൂണിന്റെ ശക്തിയെ ഇന്ധനമാക്കി നെപ്റ്റ്യൂണിന്റെ സഞ്ചാരപഥം പൈലറ്റ് നിയന്ത്രിക്കും. രണ്ടു മണിക്കൂർ സഞ്ചരിച്ച് പതിനായിരം അടി ഉയരത്തിൽ എത്തിയ ശേഷം അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലേക്ക് ചലിക്കും. ഭൂമിയും കടലും ആകാശത്തിരുന്നു കണ്ടതിനു ശേഷം ലാൻഡ് ചെയ്യും. കടലിനു മുകളിലൂടെയുള്ള യാത്ര ആയതിനാൽ ‘സ്പെയ്സ് ക്രുയിസ്’ എന്നാണ് കമ്പനി ഈ യാത്രയെ വിശേഷിപ്പിക്കുന്നത്.

പുലർച്ചയ്ക്കാണ് യാത്ര ആരംഭിക്കുക. ടേക് ഓഫ്, ലാൻഡിങ് സമയങ്ങളിൽ സീറ്റ് ബെൽറ്റ് ധരിക്കണം. സൂര്യൻ ഉദിക്കുമ്പോഴേക്കും ലക്ഷ്യസ്ഥാനത്ത് എത്തും. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നാണ് കന്നി പറക്കൽ. 2021ൽ ആദ്യ പരീക്ഷണം നടത്തും.

space4

‘‘ആകാശയാത്രയെ ബഹിരാകാശയാത്രയാക്കി മാറ്റുകയാണ് ഉദ്ദേശ്യം. ഭൂമിയും ആകാശവും തമ്മിലുള്ള ബന്ധം നേരിൽ കാണാൻ ആഗ്രഹമില്ലാത്തവരുണ്ടോ? പക്ഷേ, തുടക്കത്തിൽ സമ്പന്നർക്കു മാത്രമേ യാത്രാ ചെലവ് വഹിക്കാൻ കഴിയുകയുള്ളൂ.’’ കമ്പനി ഉടമ വിശദീകരിച്ചു.

ആളില്ലാത്ത പേടകം 2021ൽ പറന്നുയരും. 2023ൽ നെപ്റ്റ്യൂണുമായി പൈലറ്റ് പറക്കും. 2024ൽ യാത്രക്കാരുമായി പറക്കുന്നതിനു മുൻപ് സുരക്ഷ ഉറപ്പു വരുത്താനായി 500 തവണ പരീക്ഷണം നടത്തും.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations