ജാഗ്രതയുടെ കനത്ത വലയത്തിനുള്ളിൽ ശ്രീലങ്ക രാജ്യാന്തര ടൂറിസം വാതിൽ തുറന്നു. വിമാനത്താവളം പൂർണമായും തുറന്നു പ്രവർത്തനം ആരംഭിച്ചു. ഉക്രെയ്നിൽ നിന്നുള്ള ആയിരത്തഞ്ഞൂറ് പേരാണ് ഈ വർഷം ആദ്യം ലങ്കയിലെത്തിയ വിദേശികൾ. വിദേശ സഞ്ചാരികൾക്കു പ്രത്യേകം പ്രോട്ടോകോൾ തയാറാക്കിയിട്ടുണ്ട്. ശ്രീലങ്കയിൽ വന്നിറങ്ങുന്നതിന് 72 മണിക്കൂറിനുള്ളിൽ നേടിയ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം. ‘ട്രാവൽ ബബിൾ’ പ്രകാരം തയാറാക്കിയ സ്ഥലങ്ങളിൽ മാത്രമാണ് വിദേശികൾക്ക് സഞ്ചാരത്തിന് അനുമതി. പ്രാദേശിക വാസികളുമായി ഇടപഴകരുത്. പതിനാലു കേന്ദ്രങ്ങളിലാണ് വിദേശികൾക്കു പ്രവേശനം. താമസിക്കാൻ തിരഞ്ഞെടുക്കപ്പെട്ട 180 ഹോട്ടലുകൾ.
ടൂറിസം പ്രധാന വരുമാന മാർഗമാക്കിയ രാജ്യമാണു ശ്രീലങ്ക. രാജ്യത്തെ രണ്ടര ലക്ഷം പേർ ടൂറിസം മേഖലയിൽ നേരിട്ടു ജോലി ചെയ്യുന്നു. മുപ്പതു ലക്ഷം പേർ ടൂറിസം അനുബന്ധ തൊഴിലുകളെ ആശ്രയിച്ചാണു ജീവിക്കുന്നത്. എന്നിട്ടും കോവിഡ് വ്യാപനത്തെ തുടർന്നു 2020 മാർച്ചിൽ വിമാനത്താവളം അടച്ചിടാൻ നിർബന്ധിതരായി. വിദേശത്തുള്ള ശ്രീലങ്കൻ വംശജരെ നാട്ടിലെത്തിക്കാൻ മാത്രമായി വിമാന സർവീസുകൾ വെട്ടിക്കുറച്ചു. ഒൻപതു മാസത്തിനു ശേഷം ഡിസംബർ 26നാണ് വീണ്ടും വിമാനത്താവളം തുറന്നത്.