യാത്രയ്ക്ക് ഒരു ലക്ഷ്യമേയുള്ളൂ – ഹിമശൈലത്തിന്റെ നെറുകയിൽ നിലകൊള്ളുന്ന കൈലാസം കാണുക. അതിനു മഞ്ഞു മൂടിയ മലകളിലൂടെ നടക്കണം. വിശപ്പും ദാഹവും സഹിച്ച്, ഊണും ഉറക്കവുമൊഴിഞ്ഞാണ് നടത്തം. മനസ്സെത്തുന്നിടത്തു ശരീരവും ശരീരത്തിനൊപ്പം മനസ്സും സഞ്ചരിക്കണം, എങ്കിലേ യാത്ര എളുപ്പമാകൂ. അങ്ങനെ കഠിനപാതകളിലൂടെ അൻപത്തിനാലു കിലോമീറ്റർ നടന്ന് മഹാപർവതത്തിന്റെ ശിരസ്സിലെത്തുമ്പോൾ യാത്രികരുടെ മനസ്സിൽ ഒരു ചോദ്യമുയരുന്നു; ‘‘മരണത്തെ ഭയപ്പെടുന്നതെന്തിന് ?’’ യുഗങ്ങളോളം എത്രയോ പണ്ഡിതന്മാരുടെ ഉറക്കം കെടുത്തിയ ഈ ചോദ്യം കൈലാസം പൂകുന്നവർക്കുള്ള സമ്മാനമാണ്. പതിനേഴു തവണ ഈ സമ്മാനം കരസ്തമാക്കിയ സന്യാസിയാണ് സന്ദീപാനന്ദ ഗിരി. ബ്രഹ്മപുത്ര നദിക്കു കുറുകെ പാലം വരുന്നതിനു മുൻപു കൈലാസ യാത്ര തുടങ്ങിയതാണ് സ്വാമി. കാഠ്മണ്ഡുവിൽ നിന്നു ലാൻഡ് ക്രുയിസറിൽ കയറിയും ചങ്ങാടത്തിലിരുന്ന് ബ്രഹ്മപുത്ര കടന്നും സന്ദീപാനന്ദ ഗിരി കൈലാസത്തിലേക്കു പോയിട്ടുണ്ട്.
നേപ്പാളിലെ ന്യാലം മുതൽ ടിബറ്റിൽ സ്ഥിതി ചെയ്യുന്ന കൈലാസത്തിന്റെ താഴ്‌വാരം വരെയുള്ള നടപ്പാതയിൽ സന്ദീപാനന്ദ ഗിരി കണ്ടതും കേട്ടതും അനുഭവിച്ചതുമായ അദ്ഭുതങ്ങൾ നിരവധി. ഹിമാലയത്തിന്റെ മുക്കും മൂലയും വർണിച്ച് ആ ദൃശ്യങ്ങൾ വാക്കുകളിലൂടെ കാണിച്ചു തന്നു സഞ്ചാരപ്രിയനായ ആ തീർഥാടകൻ. കൈലാസ ദർശനം നടത്തുകയെന്ന ആഗ്രഹം ബാക്കിയാക്കി വിട പറഞ്ഞവരിലൊരാളാണ് ജവഹർലാൽ നെഹ്റു. ആരോഗ്യപരമായ പ്രശ്നങ്ങളാൽ കൈലാസമെന്ന സ്വപ്നം മനസ്സിലൊതുക്കി ജീവിക്കുകയാണ് വിഷ്ണു നാരായണൻ നമ്പൂതിരി. ഇതുപോലെ എത്രയോ ആളുക ൾ കൈലാസയാത്ര ആഗ്രഹിച്ച് നിരാശപ്പെട്ടിട്ടുണ്ട്.
കൈലാസത്തിൽ എത്തിച്ചേരുക എന്നതു മഹാഭാഗ്യമാണ്. ധനമുണ്ടായതുകൊണ്ടോ അധികാരമുള്ളതുകൊണ്ടോ ആ ഭാഗ്യം ലഭിക്കണമെന്നില്ല. മഹേശ്വരന്റെ പീഠം നേരിൽ കാണാൻ യോഗമുള്ളവർക്ക് അതാതു സമയത്ത് അതിനുള്ള അവസരം വന്നു ചേരും; അനുഭവങ്ങൾ അനവധി. ഓരോരുത്തരെയും കൈലാസത്തിൽ എത്തിക്കുന്നതിനു പിന്നിൽ ഒരു നിർണായക ശക്തിയുണ്ട്. കൃത്യ സമയത്ത് അത് യാത്രികരിലേക്ക് അനുഗ്രഹമായി വന്നണയുന്നു.
സാഗ കഴിഞ്ഞ് ബ്രഹ്മപുത്ര
തപോവന സ്വാമികളുടെ കുറിപ്പിൽ നിന്നാണ് കൈലാസ യാത്രയെക്കുറിച്ച് അറിയുന്നത്. ഒരു മാസം നീണ്ട ഏകാന്ത യാത്ര. ഉള്ളിൽ ഭയമുള്ളവർക്ക് ഭയം ഇരട്ടിയാകും. ഈശ്വരപ്രേമം കൈമുതലായവർക്ക് ആ പ്രേമം ഇരട്ടിയാകും – തപോവന സ്വാമിയുടെ വാക്കുകൾ. അതു വായിച്ചപ്പോൾ മുതൽ കൈലാസ ദർശനത്തിനായി ഉപാസനയാരംഭിച്ചു. ഇക്കാലത്ത് കാശികാനന്ദഗിരി കൈലാസത്തിൽ പോയി വന്നു. പരമ്പരാഗത പാതകളിലൂടെ നടന്നാണ് അദ്ദേഹം കൈലാസത്തിലെത്തിയത്. ടിബറ്റിനു മേൽ ചൈനയുടെ പിടി മുറുകിയിട്ടില്ലാത്ത കാലമായിരുന്നു അത്.
1998ലാണ് ആദ്യത്തെ കൈലാസ യാത്ര. കേരളത്തിൽ നിന്നു നേരേ ഡൽഹി. ഡൽഹിയിൽ നിന്നു കാഠ്മണ്ഡു. അവിടെ നിന്നു ബസ്സിൽ ക യറി തുടർയാത്ര. താത്തോപാനി എന്ന സ്ഥലത്ത് എത്തണമെങ്കിൽ പൊടോക്കൊസി നദി കടക്കണം. ടിബറ്റ് – നേപ്പാൾ അതിർത്തിയിലുള്ള ആ നദി കടന്ന് ബസ്സിൽ പോയത് വലിയൊരു അനുഭവമായി.
താത്തോപാനിയിലായിരുന്നു ഇമിഗ്രേഷൻ പോ യിന്റ്. അവിടെ വച്ച് പാസ്പോർട്ട് പരിശോധിച്ചു. താത്വപ്പാനി കഴിഞ്ഞാൽ സഞ്ചാര യോഗ്യമായ റോഡുണ്ടായിരുന്നില്ല. ടിബറ്റ് വംശജർ ഓടിക്കുന്ന ലാൻഡ് ക്രുയിസർ ജീപ്പുകളാണ് കൈലാസ യാത്രികർക്ക് ആശ്രയം. ഒരു ജീപ്പിൽ നാലു പേർക്ക് ഇരിക്കാം. വഴികാട്ടിയായി ‘ഷെർപ്പ’യും കൂടെയുണ്ടാകും. താത്തോപാനി കഴിഞ്ഞാൽ ന്യാലം എന്ന സ്ഥലമാണ് അടുത്ത േസ്റ്റാപ്പ്. ടിബറ്റൻ പീഠഭൂമിയുടെ സൗന്ദര്യം ശരിക്കും ആസ്വദിക്കാവുന്ന സ്ഥലമാണു ന്യാലം. മൺതിട്ടകളായി രൂപപ്പെട്ട ഭൂമിയിൽ എപ്പോഴാണ് മഞ്ഞു പെയ്യുകയെന്ന് പറയാനാവില്ല. എപ്പോഴാണ് വെയിൽ വരുകയെന്നും പ്രവചിക്കാനാവില്ല. മണ്ണിടിഞ്ഞും വെള്ളപ്പാച്ചിലിലും ഉണ്ടായ കുണ്ടും കുഴികളുമാണ് റോഡുകൾ. കുന്നിൻ ചെരിവുകളിലൂടെ ലാൻഡ് ക്രുയിസറിൽ ആടിയുലഞ്ഞുള്ള യാത്ര വല്ലാത്ത ദുരിതം തന്നെയായിരുന്നു.
മഞ്ഞും തണുത്ത കാറ്റുമാണ് ടിബറ്റിലെ കാലാവസ്ഥ. അതുമായി പൊരുത്തപ്പെടാൻ കന്നി യാത്രക്കാർക്ക് അന്നും ഇന്നും ഒരേപോലെ ബുദ്ധിമുട്ടാണ്. എണ്ണയിൽ പുഴുങ്ങിയ വിഭവങ്ങളായിരുന്നു പണ്ടു കാലത്തെ യാത്രയിൽ മറ്റൊരു വെല്ലുവിളി. വിശന്നു പൊരിഞ്ഞപ്പോൾ നിവൃത്തിയില്ലാതെ അതു വാങ്ങിക്കഴിച്ചു. കൈലാസം കണ്ടു മടങ്ങുന്നതുവരെയുള്ള ഇരുപതു ദിവസങ്ങൾ അക്കാലത്ത് യാത്രികരെ സംബന്ധിച്ചിടത്തോളം വലിയ കഷ്ടപ്പാടുകളുടേതായിരുന്നു.
കൈലാസ യാത്രികർ ശരീരം ശക്തിപ്പെടുത്താനായി യോഗയും വ്യായാമങ്ങളും ചെയ്യാറുണ്ട്. ടിബറ്റിലെ അന്തരീക്ഷവും കേരളത്തിൽ നിന്നു വരുന്നവരുടെ ശരീരവുമായി പൊരുത്തപ്പെടാൻ അൽപ്പം സമയമെടുക്കും. അതിനായി ന്യാലത്ത് രണ്ടു ദിവസം താമസിക്കുകയാണു പതിവ്. ചെറിയ കടകളും കുറച്ച് ആശ്രമങ്ങളും മാത്രമുള്ള സ്ഥലമായിരുന്നു അക്കാലത്തെ ന്യാലം.
ന്യാലത്തു നിന്നുള്ള യാത്ര സാഗയിലാണ് ചെന്നവസാനിക്കുക. മഞ്ഞു പെയ്തു തുടങ്ങിയാൽ മഞ്ഞിന്റെ കൂടാരമായി മാറുന്ന സ്ഥലമാണു സാഗ. താമസിക്കാൻ ടെന്റുകളാണ് ഒരുക്കിയിരുന്നത്. മണ്ണുകൊണ്ടു നിർമിച്ച ചുമരും മേൽക്കൂരയുമുള്ള ചെറിയ കുടിലുകളായിരുന്നു മറ്റു താമസ സ്ഥലങ്ങൾ. സോക്സും ഷൂസും കമ്പിളിയുമുണ്ടെങ്കിലും രാത്രികളിൽ തണുപ്പ് ശരീരത്തിലേക്ക് അരിച്ചിറങ്ങും. ന ന്നായി ദാഹം തോന്നിയിട്ടും തണുപ്പു കാരണം വെള്ളം തൊണ്ടയിൽ നിന്നിറങ്ങിയില്ല. ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞില്ല. നേരം വെളുത്തപ്പോൾ അതിലും വലിയ പുകിൽ. ആ പ്രദേശത്തെവിടെയും ടോയ്‌ലെറ്റുണ്ടായിരുന്നില്ല. വെളിമ്പ്രദേശങ്ങളിൽ പോയവർക്കു നേരേ നായ്ക്കൾ കുരച്ചു ചാടി. അതോടെ ദിനചര്യകൾ പ്രതിസന്ധിയിലായി. നേരം ഇരുട്ടിയ ശേഷമാണ് എല്ലാവരും അസ്വസ്ഥത മാറ്റിയത്.
സാഗ കഴിഞ്ഞതോടെ കാലാവസ്ഥ കൂടുതൽ കഠിനമായി. മിലരേഡ് കേവ് എന്ന സ്ഥലമായിരുന്നു അടുത്ത വിശ്രമ സ്ഥലം. അ തുവരെയുള്ള യാത്ര കടുത്ത പീഠഭൂമിയിലൂടെയാണ്. ചൂടും തണുത്ത കാറ്റും ശരീരത്തെ ഉലച്ചു. മരുഭൂമിയും മഞ്ഞിന്റെ കൂനയുമല്ലാതെ ഈ വഴിയിൽ കാഴ്ചകളൊന്നുമില്ല. കുന്നിൻ ചെരി വുകളിൽ അങ്ങിങ്ങായി കാണുന്ന ആശ്രമങ്ങളിൽ മാത്രമാണ് മനുഷ്യരുള്ളത്. അൽപ്പദൂരം ചെന്നപ്പോൾ ബ്രഹ്മപുത്ര നദി കടക്കാനായി ജീപ്പുകൾ നിർത്തി. വണ്ടികളെല്ലാം ചങ്ങാടത്തിൽ കയറ്റി അക്കരെയെത്തിച്ചു. അതിനു ശേ ഷം ചങ്ങാടം തിരിച്ചു വന്ന് യാത്രക്കാരെ മറുകരയിലേക്കു കൊണ്ടുപോയി. തണുത്ത കാറ്റും പുഴയുടെ കുളിരും ചേർന്ന് ശരീരം വെറുങ്ങലിച്ച അവസ്ഥയിലായിരുന്നു എല്ലാവരും.
നീലജലം നിറഞ്ഞ മാനസരോവർ
മാനസസരോവറിലേക്ക് അൽപ്പദൂരമേയുള്ളൂ എന്നു ഷെർപ്പകൾ പറഞ്ഞപ്പോൾ ചെറിയൊരു ആശ്വാസം തോന്നി. കാറ്റിന്റെ ശക്തിയും തണുപ്പിന്റെ കനവും കൂടിയപ്പോഴാണ് കഷ്ടപ്പാടുകൾ ആരംഭിച്ചിട്ടേയുള്ളൂ എന്നു മനസ്സിലായത്. മഞ്ഞിൽ പുതഞ്ഞ മലഞ്ചെരിവാണ് മാനസസരോവര തീരം. തൊണ്ണൂറ്റൊൻപതു കിലോമീറ്റർ ചുറ്റളവുള്ള, ലോകത്ത് ഏറ്റവും ഉയരമേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകമാണു മാനസസരോവരം. വെളുത്തപ്പുതപ്പിനു മീതെ തെളിനീരു നിറച്ച വെള്ളിപ്പാത്രം വച്ചതു പോലെ മനോഹരമാണ് ആ തടാകം. നീല നിറമുള്ള വെള്ളത്തിനു മീതെ പലകക്കഷണങ്ങൾ പോലെ ഉറച്ചിരുന്ന മഞ്ഞിൻ കട്ടകൾ വകഞ്ഞു മാറ്റിയാണ് മുഖം കഴുകിയത്. നാലു ദിവസം കുളിച്ചില്ലെന്ന മനോവിഷമത്തിന് മാനസസരോവരത്തിലെ നീലജലത്തിൽ പരിഹാരം കണ്ടെത്തി.
കുളി കഴിഞ്ഞ ശേഷം മാനസസരോവറിന്റെ തീരത്ത് മൃത്യുഞ്ജയ ഹോമം നടത്തി. മരണം എന്ന വേർപാടിനെക്കുറിച്ചുള്ള ഭയം നീക്കാനാണ് മൃത്യുഞ്ജയ ഹോമം. നടന്നു തീർക്കാനുള്ള വഴികളിലെ കഷ്ടപ്പാടുകൾ നീങ്ങാനുള്ള പ്രാർഥനയെന്നു കരുതിയാൽ മതി. പ്രാർഥന കഴിഞ്ഞ് കിഴക്കോട്ടു നോക്കിയപ്പോൾ ആകാശച്ചെരുവിൽ കൈലാസത്തിന്റെ മുകൾ ഭാഗം തെളിഞ്ഞു കണ്ടു.
മാനസസരോവറിനടുത്താണ് രാക്ഷസ്ഥാ ൽ എന്ന തടാകം. പക്ഷികളും മൃഗങ്ങളും സ്പർശിച്ചിക്കാത്ത ജലമാണ് രാക്ഷസ്ഥാലിലേത്. ഭൂമിയിൽ ഇതുപോലെ വിശിഷ്ടമായ തടാകം വേറെയില്ല. രാക്ഷസ്ഥാലിലെ വെള്ളംകൊണ്ടു കാൽ കഴുകിയപ്പോൾ ഹിമാലയത്തിന്റെ മുഴുവൻ ചൈതന്യവും ശരീരത്തിലേക്ക് ഒഴുകിക്കയറിയതായി അനുഭവപ്പെട്ടു.
ഉന്മേഷത്തിന്റെ പുതപ്പിലേക്ക് വലിഞ്ഞു ക യറി ആ രാത്രി എല്ലാവരും ഉറങ്ങാൻ കിടന്നു. സഹിക്കാനാവാത്ത വിധം കാറ്റു വീശിയതോടെ സ്ഥിതി മാറി. നിലത്തു കുത്തി നിറുത്തിയ ടെന്റുകൾ ആടിയുലഞ്ഞു. ഷെർപ്പകളുടെ സഹായമൊന്നു മാത്രമാണ് അവിടെയെത്തിയവരുടെ ജീവൻ രക്ഷിച്ചത്. ഹിമാലയത്തിന്റെ തണുപ്പും കഷ്ടപ്പാടുകളുമായി ഇഴചേർന്നു ജീവിക്കുന്നവരാണ് നേപ്പാൾ വംശജരായ ഷെർപ്പകൾ. ടെന്റുകൾ മുറുക്കിക്കെട്ടിയും കൃത്യസമയത്ത് ഭക്ഷണം തയാറാക്കിയും യാത്രികർക്ക് അവർ താങ്ങും തണലുമായി. കോച്ചിവലിക്കുന്ന തണുപ്പിലും ശരീരത്തിന്റെ ക്ഷീണം കാരണം അറിയാതെ ഉറങ്ങിപ്പോയി.
പ്രഭാതകൃത്യങ്ങൾക്കു ശേഷം ഡാർഛനിലേക്കു തിരിച്ചു. ഡാർചനിൽ നിന്നാൽ കൈലാസത്തിന്റെ വിദൂര ദർശനം ലഭിക്കും. ‘ദർശൻ’ എന്ന വാക്കായിരിക്കാം ഡാർഛനായി മാറിയത്. കടകളും ആശ്രമങ്ങളുമുള്ള ചെറിയ പട്ടണമായിരുന്നു അന്നത്തെ ഡാർഛൻ. കൈലാസത്തിൽ പോയി വരുന്നതുവരെ ഉപയോഗിക്കാനുള്ള വസ്ത്രങ്ങളും ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളും ഡാർഛനിൽ നിന്നു വാങ്ങി. അതിനപ്പുറം കടകളോ മറ്റു സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. ഡാർഛൻ കടന്നാൽ ‘പരിക്രമ’ ആരംഭിക്കുന്നു. കൈലാസ പർവതത്തെ പ്രദക്ഷിണം വയ്ക്കുന്നതിനെയാണ് പരിക്രമ എന്നു പറയുന്നത്.
പരിക്രമ ചെയ്യാനുള്ള നടപ്പാതയിൽ ആദ്യം കാണുന്ന സ്ഥലം അഷ്ടപദാണ്. ബുദ്ധ വിശ്വാസങ്ങളിലെ എട്ടു തത്വങ്ങൾക്ക് ആധാരമായ കുന്നുകളാണ് അഷ്ടപദ്. അഷ്ടപദിൽ നിന്നാൽ കൈലാസ പർവതം തെളിഞ്ഞു കാണാം. അവിടെയൊരു ധ്യാന സ്ഥലമുണ്ട്. ബുദ്ധ സന്യാസികൾ ആ പീഠത്തിലിരുന്നു ധ്യാനിച്ച് സായുജ്യമടയുന്നു. മലനിരയുടെ ഉയരവും ഏകാന്തതയും നിശബ്ദതയും അഷ്ടപദിലെ ധ്യാനത്തെ പരമപ്രധാനമാക്കുന്നു.
ഹിമാലയത്തിലെ പലവിധത്തിലുള്ള ജീവജാലങ്ങൾ സ്വസ്ഥമായി സ്വൈര വിഹാരം നടത്തന്ന സ്ഥലമാണ് അഷ്ടപദ്. അവിടെയുള്ള പക്ഷികൾ മാളങ്ങളിലാണ് അഭയം തേടുന്നത്. ഓരോ സാഹചര്യങ്ങളുമായി ജീവജാലങ്ങൾ ഏതെല്ലാം വിധത്തിലാണ് പൊരുത്തപ്പെടുന്നതെന്നു നോക്കൂ! ഒരു ദിവസം മുഴുവൻ നടന്നു കാണാനുള്ളത്രയും പ്രകൃതി ഭംഗി ഒളിച്ചു വച്ച പ്രദേശമാണ് അഷ്ടപദ്.
കൈലാസ യാത്രികരുടെ വാഹനങ്ങൾ അക്കാലത്ത് അഷ്ടപദിലേക്ക് കടത്തി വിടുമായിരുന്നു. അഞ്ചു പേരുമായി കുതിച്ചു കയറിയ ജീപ്പ് അപകടത്തിൽപ്പെട്ടതിനു ശേഷം അഷ്ടപദിൽ സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തി. ഇപ്പോൾ അവിടേക്ക് പ്രവേശനമില്ല.
യമപുരിയും കൈലാസവും
ഡാർഛനിൽ വാഹനങ്ങൾ നിർത്തിയിട്ടു. ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളും ടെന്റുകളുമായി ഷെർപ്പകൾ മുന്നിൽ നടന്നു. കൈലാസം എന്ന ഒറ്റ ലക്ഷ്യത്തോടെ യാത്രികർ സ്വന്തം ഭാണ്ഡങ്ങളുമായി അവരെ പിന്തുടർന്നു. യമപുരിയുടെ വാതിൽ എന്നു കരുതുന്ന യമദ്വാറിലെ ഗുഹാമുഖത്ത് തമ്പടിച്ചു. ജീവിതത്തിന്റെ രണ്ടു ഭാഗങ്ങൾ കണ്ടു നിൽക്കാവുന്ന സ്ഥലമാണ് അത്. വലതു ഭാഗത്ത് തെളിമയോടെ ആകാശം മുട്ടി നിൽക്കുന്ന കൈലാസ പർവതം. ഇടതു വശത്ത് ഇരുൾ മൂടിയ യമപുരി. ഏറെ നേരം ആ അദ്ഭുതം കൺനിറയെ കണ്ടു. മരണത്തിന്റെ തമ്പുരാനായ യമന്റെ വാസ സ്ഥലമായിരുന്നു യമപുരിയെന്ന് കഠോപനിഷത്തിൽ പറയുന്നു. ഗൗതമന്റെ മകനായ നചികേതസ്സും യമനുമായി മരണത്തെക്കുറിച്ചു നടത്തിയ ചർച്ചയാണ് കഠോപനിഷത്ത്. മരണം അത്രമാത്രം നിസ്സാരമാണെന്ന തീരുമാനത്തിലാണ് ആ ഗ്രന്ഥം എത്തിച്ചേരുന്നത്.
യമപുരിയിലെ ഗുഹ കടന്നു പോകുമ്പോൾ നന്ദി പർവതം കാണാം. മഹേശ്വരന്റെ വാഹനമായ നന്ദിയുടെ രൂപത്തിലുള്ള മലനിര അദ്ഭുതക്കാഴ്ചയാണ്. നന്ദിയെ വണങ്ങിയ ശേഷം യാത്രികർ പരിക്രമയെന്ന ലക്ഷ്യം മനസ്സിലുറപ്പിക്കുന്നു. ചിലർ യാക്കിന്റെ പുറത്തു കയറി തുടർ യാത്ര നടത്താറുണ്ട്. ദേഹം നിറയെ രോമങ്ങളുള്ള എരുമയുടെ രൂപത്തോടുകൂടിയ വലിയ പോത്താണ് യാക്ക്. പുരാണങ്ങളിൽ പ്രതിപാദിക്കുന്ന യമന്റെ വാഹനം നമ്മുടെ നാട്ടിലെ പോത്തല്ലെന്നും ആനയോളം ആരോഗ്യമുള്ള യാക്കാണെന്നും കൈലാസത്തിൽ പോയിട്ടുള്ളവർ മനസ്സിലാക്കുന്നു.
കൈലാസത്തെ പ്രദക്ഷിണം ചെയ്യാൻ പതിനാലു കിലോമീറ്റർ നടക്കണം. മൂന്നു ദിവസംകൊണ്ടാണ് തീർഥാടകർ ഇത്രയും ദൂരം നടന്ന് പരിക്രമ പൂർത്തിയാക്കുക. ആദ്യത്തെ ദിവസം ധെറാപുക് എന്ന മല താണ്ടുന്നു. ചെങ്കുത്തായ മലയാണ് ധെറാപുക്. പർവതത്തിന്റെ മുകളിലെത്തുമ്പോഴേക്കും നടന്നു നടന്ന് കാലുകൾ തളർന്ന് ക്ഷീണിതരാകും. ദാഹവും വിശപ്പുമെല്ലാം കൈലാസമെന്ന വലിയ ലക്ഷ്യത്തിനു മുന്നിൽ മറന്നു പോകുന്ന യാത്രയാണത്.
ധെറാപുക്കിന്റെ അതേ ഉയരത്തിൽ നേരേ അപ്പുറത്താണ് കൈലാസം. പരിക്രമയിൽ ഏറ്റവും വ്യക്തമായി കൈലാസം കാണാവുന്ന സ്ഥലമാണു ധെറാപുക്. മലയാള നാട്ടിൽ നിന്ന് ദീർഘദൂരം സഞ്ചരിച്ച് കഷ്ടപ്പാടുകളെല്ലാം സഹിച്ചതിന്റെ വേദനകൾ ആ കാഴ്ചയിൽ മറഞ്ഞു പോകുന്നു. ജീവിതം എവിടെ തുടങ്ങിയെന്നും എവിടെയാണ് ചെന്നവസാനിക്കുന്നതെന്നും ആ ദർശനത്തിൽ തിരിച്ചറിയുന്നു.
രണ്ടാം ദിനം സുതുൾപുക് പർവതം കയറണം. രാവിലെ ആറു മണിക്ക് നടത്തം തുടങ്ങിയാൽ വൈകിട്ട് ആറാകുമ്പോഴേക്കും സുതുൾപുക് കടക്കാം. ഡോൾമാ പാസ് എന്ന അതികഠിനമായ പാതയാണ് ഈ യാത്രയിൽ നടന്നു തീർക്കാൻ ഏറ്റവും കഷ്ടപ്പാടുള്ള സ്ഥലം. സുതുൾപുക്കിൽ നിന്നു നോക്കുമ്പോൾ കൈലാസത്തിന് ധെറാപുക്കിൽ നിന്നു കണ്ട രൂപമല്ല. കൈലാസത്തിന്റെ മറ്റൊരു ഭാഗമാണ് കാണുക. രണ്ടു സ്ഥലത്തു നിന്നു നോക്കുമ്പോഴും പരിക്രമയുടെ പാടുകൾ കാണാം.
ശിവഭക്തനായ രാവണൻ കൈലാസ പർവതത്തെ കയറു കെട്ടി അമ്മാനമാടിയെന്നാണ് ഐതിഹ്യം. രാവണൻ വടം കെട്ടിയപ്പോഴുണ്ടായ പാടുകളാണത്രെ കൈലാസത്തിൽ കാണുന്നത്. കയറുരഞ്ഞതുപോലെ കൈലാസത്തിൽ കാണുന്ന ഈ അടയാളത്തിന്റെ പേരാണ് പരിക്രമ. സുതുൾപുക് പർവതം ഇറങ്ങുമ്പോഴേക്കും യാത്രികരുടെ ശരീരം ക്ഷീണിക്കും. എങ്കിലും കൈലാസ ദർശനത്തിന്റെ ഊർജം നിറച്ച മനസ്സുമായി അവർ പൂർണാരോഗ്യത്തോടെ ഡാർഛനിൽ വന്നു ചേരുന്നു. ഈ ജന്മത്തിൽ ചെയ്ത ഏറ്റവും നല്ല കാര്യമെന്തെന്ന് ആ നിമിഷത്തിൽ ഓരോരുത്തരും തിരിച്ചറിയുന്നു. അവനവനിലേക്കുള്ള ഈ തിരിഞ്ഞു നോട്ടമാണ് കൈലാസ ദർശനത്തിന്റെ നേട്ടം. അതൊരു മഹാഭാഗ്യമെന്നതിൽ ആർക്കാണു തർക്കം.
ഇപ്പോഴത്തെ കൈലാസ യാത്ര
പത്തൊൻപതു വർഷങ്ങൾക്കു മുൻപ് ബസ്സിലും ചങ്ങാടത്തിലുമായി കൈലാസത്തിലെത്തിയ ഓർമയാണ് സന്ദീപാനന്ദഗിരി പങ്കുവച്ചത്. ഇപ്പോഴത്തെ യാത്ര അതിൽ നിന്നെല്ലാം വ്യത്യാസമാണ്. വിമാനത്തിലും ഹെലികോപ്റ്ററിലുമാണ് സഞ്ചാരം. ഒന്നര ലക്ഷം രൂപ ചെലവാക്കിയാൽ ഒൻപതു ദിവസം കൊണ്ടു പോയി വരാം. ലക്നൗ, നേപ്പാൾഗഞ്ച്, ഹിൽസ, സിമിക്കോട്ട്, മാനസസരോവർ – ഇതാണ് പുതിയ റൂട്ട്.
കൈലാസത്തിലേക്കുള്ള പരമ്പരാഗത പാതകളെല്ലാം വീതിയുള്ള ടാറിട്ട റോഡുകളായി. സാഗ, ഡാർചൻ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ ഹോട്ടലുകളും റസ്റ്ററന്റുകളുമുണ്ട്. ഡാർഛനപ്പുറത്തുള്ള യമദ്വാർ വരെ വാഹനം കടന്നു ചെല്ലും. കൈലാസത്തിനു ചുറ്റും നടക്കാൻ വയ്യാത്തവർക്ക് കുതിരപ്പുറത്തു കയറി പരിക്രമ ചെയ്യാം. അപകടത്തിൽപ്പെടുന്നവരെ താഴെയെത്തിക്കാൻ യമദ്വാറിൽ ആംബുലൻസ് സർവീസുണ്ട്. മേയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളാണ് കൈലാസയാത്രയ്ക്ക് അ നുകൂലമായ സമയം. സെപ്റ്റംബറാണ് ഏറ്റവും നല്ല കാലാവസ്ഥ. വെള്ളം ഐസായി മാറുമെന്ന ഹിമാലയത്തിന്റെ സ്ഥായീഭാവത്തിന് ഈ സമയത്തും മാറ്റമില്ല.
കൈലാസ യാത്രയ്ക്ക് ഒരുങ്ങുകയാണോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം