Wednesday 29 July 2020 12:36 PM IST : By Amal George

തഡോബയിലെ ദംഗൽ

tiger1

ഇന്ന് രാജ്യാന്തര കടുവ ദിനം. കാടു കാണാൻ ഇറങ്ങുന്നവരെ ഇത്ര ആകർഷിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു മൃഗം കാണില്ല. 
മഹാരാഷ്ട്രയിലെ തഡോബ കടുവ സംരക്ഷണകേന്ദ്രത്തിൽ നടത്തിയ സഫാരിയിലെ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫറായ അമൽ ജോർജ്.

ഒരു കാട്ടുമൃഗം എന്നതിലപ്പുറം ഭക്ഷ്യശൃംഖലയുടെ മുകൾതട്ടിൽ പ്രധാനമായൊരു സ്ഥാനം വഹിക്കുന്ന ജീവിയാണ് കടുവ. ഒരു കാട്ടിലെ കടുവയുടെ എണ്ണം ആ പരിസ്ഥിതിയുടെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഈ വസ്തുതകളൊക്കെ കണക്കിലെടുത്ത് കടുവകളുടെ സ്വാഭാവിക വാസസ്ഥാനങ്ങൾ സംരക്ഷിക്കുന്നതിനു ലക്ഷ്യമിട്ട് 2010 മുതൽ വർഷംതോറും ജൂലൈ 29 ഇന്റർനാഷനൽ ടൈഗർ ഡേ ആയി ലോകമെങ്ങും ആചരിക്കുകയാണ്.

കഴിഞ്ഞ ഒരു ദശകത്തോളമായി ഇന്ത്യൻ കാടുകളിൽ കടുവകളുടെ എണ്ണം വർധിക്കുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 1973 ൽ ഒൻപതു കേന്ദ്രങ്ങളിലായി തുടക്കമിട്ട കടുവ സംരക്ഷണ പദ്ധതി (പ്രൊജക്ട് ടൈഗർ) ഇപ്പോൾ 50 ടൈഗർ റിസർവുകളിൽ എത്തിയിരിക്കുന്നു. ഈ സംരക്ഷിതവനപ്രദേശങ്ങളിൽ 2967 കടുവകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. സംരക്ഷിത വനപ്രദേശങ്ങളിലെ സഫാരികൾ സഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. പരിചിതരായ ഗൈഡുകൾക്കും സംരക്ഷണത്തിനു ഗാർഡുകൾക്കുമൊപ്പം കടുവകളെ അവയുടെ സ്വാഭാവിക ചുറ്റുപാടിൽ കാണാൻ അവസരം ലഭിക്കുന്നു.

ജുന്നാഭായിയും മക്കളും

2019 ജനുവരിയിലെ ഒരു പ്രഭാതം. സ്ഥലം മഹാരാഷ്ട്രയിലെ തഡോബയാണ്. കടുവ സംരക്ഷണകേന്ദ്രത്തിന്റെ കോലറ ഗേറ്റ് വഴി ഒരു സഫാരിക്കൊരുങ്ങി നിൽക്കുകയാണ്. ആറരയോടെ കാട്ടിലേക്കു കയറാമെന്നാണ് ഒപ്പമുള്ള പരിചയസമ്പന്നനായ വഴികാട്ടിയും പ്രകൃതിസ്നേഹിയുമായ ഡ്രൈവർ അഭിപ്രായപ്പെട്ടത്.

കോലറ ഗേറ്റിൽക്കൂടി കാട്ടിലേക്കു കടക്കാമെന്നു തീരുമാനിച്ചത് അവിടെ അടുത്തുതന്നെ ഒരു കടുവ കുടുംബം താമസമുണ്ടെന്ന് കേട്ടതിനാലാണ്. അവയുടെ ചിത്രം കിട്ടാൻ നല്ല സാധ്യതയുണ്ടത്രേ. ഗേറ്റ് കടന്നു മുന്നോട്ട് പോകുമ്പോൾ ആദിവാസി വിഭാഗക്കാർ ആരാധന നടത്തിയിരുന്ന ജുന്നാ ദേവി ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ട്. ഈ ഭാഗത്ത് പതിവായി കണ്ടുമുട്ടിയിരുന്ന ഒരു പെൺ കടുവയുടേതാണ് ഈ കുടുംബം. അവളെ ഫോറസ്‌റ്റുകാരും മറ്റും വിളിക്കുന്നത് ജുന്നഭായി എന്നാണ്. വീട്ടുകാരനെ വിളിക്കുന്നത് കങ്കസാരി എന്നും. കങ്കസാരി പക്ഷെ, ആരുടെ മുന്നിലും ചെന്നുപെടാറില്ല. കാണുന്നത് വളരെ അപൂർവമാണത്രേ. ജുന്നഭായിക്ക് കുട്ടികൾ മൂന്നുപേർ. ഒരാണും രണ്ടു പെണ്ണും. ഇവ മുതിർന്ന കടുവകളായിട്ടില്ല. തീരെ കൊച്ചുകുട്ടികളുമല്ല, കൗമാരക്കാർ!

tiger2

കാൽപാടുകൾ

ജനുവരി തഡോബയിൽ നല്ല തണുപ്പുള്ള സമയമാണ്. മഞ്ഞിന്റെ പുതപ്പു വലിച്ചിട്ടു കിടക്കുകയാണ് കാട്. ജീപ്പ് സാവധാനം ജുന്ന മന്ദിറിന്റെ പ്രദേശത്തെത്തി. മണ്ണിൽ ഒരു കടുവ നടന്നതിന്റെ പുതുപുത്തൻ കാൽപാടുകൾ കാണാൻ സാധിക്കുന്നുണ്ട്. അത് ആ അമ്മക്കടുവയുടേത് തന്നെ എന്ന് ഗൈഡ് ഉറപ്പിച്ചു പറഞ്ഞു. ഒരുപക്ഷേ, അവൾ കുട്ടികളെ വിളിച്ചുകൊണ്ടുവരാൻ പോയതായിരിക്കുമോ? അൽപനേരം അവിടെത്തന്നെ കാത്തുനിൽക്കാമെന്ന് ഞങ്ങൾ നിശ്ചയിച്ചു. സമീപത്ത് തുറസ്സായ ഒരു ഭാഗത്തേക്ക് ജീപ്പ് മാറ്റി നിർത്തി. ഞാൻ ക്യാമറയും മറ്റും തയ്യാറാക്കി വച്ചു.

മഞ്ഞ് മൂടി നിൽക്കുന്നതിനാൽ ചുറ്റുപാടും അത്ര നന്നായി കാണാനാകുന്നില്ല. പെട്ടെന്ന് അടുത്തെവിടുയോ ഒരു കുരങ്ങന്റെ ആപത്സൂചകമായ കരച്ചിൽ കേട്ടു, ഞങ്ങളും ജാഗരൂകരായി. പിന്നീട് അവിടെ നടന്നതത്രയും ഒരു മായാജാലം പോലെയായിരുന്നു.

അമ്മയും മക്കളും

അൽപ സമയത്തിനുള്ളിൽ കാട്ടിൽനിന്ന് കുറ്റിച്ചെടികൾ ഇളക്കി ഒരമ്മക്കടുവയും മൂന്നു കുട്ടികളും ഇറങ്ങി വന്നു. ഞങ്ങളുടെ ജീപ്പിനുനേരെ തന്നെ നടന്നു വന്ന അവയെ നിർന്നിമേഷരായി നോക്കി, പെട്ടന്നു തന്നെ അമ്മക്കടുവയും മകനും തിരികെ കാട്ടിലേക്കു കയറിപ്പോയി. എന്നാൽ സഹോദരിമാർ രണ്ടുപേരും എന്തോ തീരുമാനിച്ചെന്നപോലെ അവിടെ നിന്നു.

tiger3

പിന്നെ ഞങ്ങളുടെ മുന്നിൽ അരങ്ങേറിയത് ഒരു ‘ദംഗൽ’ ആയിരുന്നു.

tiger4

ഗോദയുടെ രണ്ടറ്റത്തേക്കും മാറിനിന്ന ഫയൽവാൻമാരെപ്പോലെ ആദ്യം പരസ്പരം അകന്നുനിന്ന കടുവക്കുട്ടികൾ പിന്നെ നിലത്ത് അമർന്നും ഓടി അടുത്തും ചാടി അകന്നും പരസ്പരം കെട്ടിപ്പിണഞ്ഞും അങ്ങോട്ടുമിങ്ങോട്ടും തല്ലിയും കളിയായി ഗാട്ടാഗുസ്തി നടത്തി.

tiger6
tiger5

കാട്ടിലെ പലവിധ ജന്തുജാലങ്ങൾക്കിടയിൽ തങ്ങളുടെ പ്രദേശത്ത് അധീശത്വം ഉറപ്പിക്കാനും അതിജീവനത്തിനുമുള്ള പാഠങ്ങൾ അഭ്യസിക്കുകയായിരുന്നു അവ. ഏതു വെല്ലുവിളിയോടും നേർക്കുനേർ നിന്ന് പോരാടാനുള്ള പരിശീലനമായിരുന്നു അത്. നിമിഷങ്ങൾ മാത്രമേ ഈ കളി നീണ്ടുനിന്നുള്ളു. എന്നാൽ അതൊരു ജീവിതകാലത്തേക്കുള്ള കാഴ്ചയായി മാറി ഞങ്ങൾക്ക്. വേഗത്തിൽ തുറന്നടച്ച ക്യാമറക്കണ്ണിലൂടെ കുറേ നല്ല ചിത്രങ്ങളും പകർത്തി.

tiger7
Tags:
  • Manorama Traveller
  • Wild Destination