Wednesday 24 June 2020 03:43 PM IST : By Anjaly Thomas

യാത്രകൾക്ക് ഒരു ബക്കറ്റ് ലിസ്‌റ്റ് അനിവാര്യമോ?

BL1

ലോകമെങ്ങും ദുരിതം വിതയ്ക്കുന്ന കോവിഡ് 19 മഹാമാരി സമ്മാനിച്ച അനിശ്ചിതത്വത്തിന്റെ കയ്പ് ഏറെ കുടിക്കുന്നവരാണ് സഞ്ചാരികളും യാത്ര ഇഷ്ടപ്പെടുന്നവരും. അവധിക്കാലം നോക്കി ആശിച്ച യാത്രകൾ പ്ലാൻ ചെയ്തിരുന്ന ഒട്ടേറെ ആളുകൾ ഉണ്ട്. ലോക്ഡൗണ്‍ സമയത്ത് വീട്ടിലിരുന്ന് കോവിഡ് കാലത്തിനുശേഷം സഞ്ചരിക്കേണ്ട പുതിയ ഡെസ്റ്റിനേഷനുകൾ കണ്ടെത്തിയവരും ഒരുപാടുണ്ട്. ബക്കറ്റ് ലിസ്റ്റ് ഇനി വലുതായാൽ എങ്ങനെ സ്ഥലങ്ങൾ കണ്ടു തീർക്കും എന്ന ഭയത്തിലാണ് പലരും. ബാക്ക്പാക്കറായി ലോകസഞ്ചാരം നടത്തുന്ന മലയാളി അഞ്ജലി തോമസ് ബക്കറ്റ് ലിസ്റ്റുകളുടെ ഗുണദോഷങ്ങൾ ചർച്ച ചെയ്യുന്നു.

സഞ്ചാരികൾക്ക് ബക്കറ്റ് ലിസ്റ്റ് ആവശ്യമുണ്ടോ?

നിങ്ങളുടെ യാത്രാരീതി എങ്ങനെയാണ്? പോകണമെന്ന് ആഗ്രഹമുണ്ടാകുന്ന സ്ഥലങ്ങളുടെ പട്ടിക (ബക്കറ്റ് ലിസ്റ്റ് എന്നാണിതിനെ വിളിക്കാറുള്ളത്) ഉണ്ടാക്കിവച്ച് അതിലോരോന്നായി എടുത്തു യാത്ര ചെയ്യുന്ന ആളാണോ? അതോ ഒരു ഭ്രമം തോന്നിയാൽ അപ്പോൾ, അതിനനുസരിച്ച് ഇറങ്ങിപ്പുറപ്പെടുമോ? രണ്ടാമതു പറഞ്ഞ കൂട്ടത്തിൽപ്പെടുന്നവർ ഒരുപാടുപേരുണ്ട്. സ്ഥലങ്ങളുടെ പട്ടികയുണ്ടാക്കി, വിശദമായി ആസൂത്രണം ചെയ്ത്, ഒരു സമയത്ത് ഒരു സ്ഥലം എന്നൊക്കെ കരുതി സഞ്ചരിക്കുന്നവരും ഒട്ടും കുറവല്ല. പക്ഷേ, ഞാനവരെ വിനോദ സഞ്ചാരികളെന്നു മാത്രമെ വിളിക്കൂ. ഈ രണ്ടു കൂട്ടരിൽ ആരാണ് ശരി? യഥാർത്ഥ സഞ്ചാരികളാരാണ്?

BL2

എന്നെ സംബന്ധിച്ചിടത്തോളം ഞാനിവ രണ്ടിലും പെടും. ബക്കറ്റ് ലിസ്റ്റ് എന്നൊന്നും പറയാനാകില്ലെങ്കിലും, എനിക്കൊപ്പം വളർന്നുവന്ന ഒരു പട്ടികയുണ്ട്. പക്ഷെ, അതു പൂർണമായും യാത്രയാണെന്നു പറയാനാകില്ല. യാത്ര പോകേണ്ട സ്ഥലങ്ങളുടെ പേരൊക്കെ എഴുതിവച്ച് സഞ്ചരിക്കുന്നതു ദുരന്തമാണെന്നാണ് ചില തീവ്ര സഞ്ചാരികൾ പറയുന്നത്. അവർ ജീവിതത്തെത്തന്നെ ഒരു യാത്രയായി കാണുകയും ഇഷ്ടപ്പെട്ടൊരു ജീവിതം സൃഷ്ടിക്കാനാവശ്യമായ ചില ദിശാസൂചകങ്ങൾ മാത്രം തയ്യാറാക്കുകയും ചെയ്യും. ഞാൻ ഈ രീതിയിലാണ് എന്നുപറയാം. പട്ടിക ഉണ്ടായാലും ഇല്ലെങ്കിലും നിങ്ങൾക്ക് ഒരു സ്ഥലത്തു പോകണമെന്ന് അതിയായ ആഗ്രഹമുണ്ടായാൽ പോയിരിക്കണം. നിങ്ങളുടെ ആഗ്രഹം തീവ്രമാണെങ്കിൽ അതു സാധിക്കാൻ ഒന്നല്ല പല വഴികൾ ലഭിക്കുകതന്നെ ചെയ്യും.

ഈ വിഷയത്തിൽ ലോകസഞ്ചാരികളായ ചിലരുടെ അഭിപ്രായങ്ങൾ എന്താണെന്നു നോക്കാം. ആദ്യം തന്നെ പറയട്ടെ, ഈ ചോദ്യത്തിന് ശരിയുത്തരം എന്നൊന്നില്ല.

പട്ടിക ഉണ്ടെങ്കിൽ/ ഇല്ലെങ്കിൽ

‘‘ഒരു ബക്കറ്റ് ലിസ്റ്റ് വളരെ അത്യാവശ്യമാണ്. ജീവിതത്തിലോരോ ദിവസവും നമ്മളെ ആവേശഭരിതരാക്കുന്ന, പ്രചോദനം പകരുന്ന സ്ഥലത്തെക്കുറിച്ചോ അനുഭവങ്ങളെക്കുറിച്ചോ കേൾക്കാം. അത് പത്രവാർത്തകളാകാം, മാസിക വായിക്കുമ്പോഴാകാം, ഇന്റർനെറ്റിൽ പരതുമ്പോഴാകാം, സുഹൃത്തുക്കളോടോ സഹപ്രവർത്തകരോടോ സംസാരിക്കുമ്പോളാകാം. അങ്ങനെ എന്തെങ്കിലും അറിഞ്ഞാൽ അപ്പോൾത്തന്നെ അത് എന്റെ ബക്കറ്റ് ലിസ്റ്റിലേക്ക് ചേർക്കുകയായി. യാത്രകളുടെ മുൻഗണനകൾ നിശ്ചയിക്കുവാനുള്ള വഴികാട്ടിയായിട്ടാണ് ഞാൻ ലിസ്‌റ്റിനെ കാണുന്നത്. പുതിയ യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ ഞാൻ ഈ പട്ടിക എടുത്തുനോക്കും, ഈ യാത്രയ്ക്കൊപ്പം ചേർക്കാവുന്ന എന്തെങ്കിലും ഈ കുറിച്ചിട്ടവയിലുണ്ടോ എന്ന്.’’ 154 രാജ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി വച്ചിരിക്കുന്ന അമേരിക്കക്കാരനായ ആർക്കിടെക്റ്റ് സമേർ കാവറിന്റെ വാചകങ്ങളാണിത്. ഈ പട്ടികയിലുള്ളത് വളരെ പെട്ടന്നുതന്നെ കണ്ടുതീർക്കാനാണ് സമേർ ലക്ഷ്യം വയ്ക്കുന്നത്.

‘‘ഇങ്ങനെയുള്ള പട്ടികകളൊന്നുമില്ലാതെതന്നെ ജീവിതത്തിൽ കാണാനും അനുഭവിക്കാനും ഒരുപാടുണ്ട്. ഇതെല്ലാംകൂടി എന്റെ തലയിൽ ഓർത്തിരിക്കുകയൊന്നുമില്ല. എന്നാൽ ബക്കറ്റ് ലിസ്റ്റിന് ഒരു വലിയ പോരായ്മയുണ്ട്; ഓരോ യാത്രയ്ക്കുശേഷവും പട്ടിക തിരുത്തിയാലും അതു വലുതായിക്കൊണ്ടേ ഇരിക്കും.’’

BL4

ദക്ഷിണാഫ്രിക്കയിൽനിന്നുള്ള കായ്‌ല ഡയമണ്ടിന്റെ അഭിപ്രായം മറ്റൊന്നാണ്. ‘‘ഞാൻ പകുതി അനുകൂലിക്കുന്നു, അതുപോലെ വിയോജിക്കുന്നു. ഒരു വശത്ത് ഞാനെന്റെ കൊച്ചു യാത്രാസങ്കല്പങ്ങൾ വച്ച് ഒരു ബോർഡുണ്ടാക്കാനാഗ്രഹിക്കുന്നു. ദിവസവും എനിക്കതു നോക്കാം. സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഞാനെന്തൊക്കെ ചെയ്യേണ്ടിയിരിക്കുന്നു എന്നു മനസ്സിലാക്കാം. മറുവശത്ത് ബോർഡ് വച്ചോ പട്ടികവച്ചോ ഒരുങ്ങിയിരിക്കാനാകാത്ത ഒട്ടേറെ അത്ഭുതനിമിഷങ്ങളുണ്ടാകാം. ചില കാര്യങ്ങൾ നാം അവിടെ ചെല്ലാതെ അല്ലെങ്കില്‍ അനുഭവിക്കാതെ കുറിച്ചിടാൻപോലും ആകില്ല. ഇതെല്ലാം ആ തമാശയുടെ ഭാഗമാണ്.’’

‘‘എന്നെ സംബന്ധിച്ചിടത്തോളം ബക്കറ്റ് ലിസ്റ്റല്ല, ജീവിതപ്പട്ടികയാവും തയ്യാറാക്കുക. സാവധാനം ജീവിതത്തെ നാമിഷ്ടപ്പെടുന്ന രീതിയിലുള്ള ഒന്നാക്കി മാറ്റുന്നതിനുവേണ്ടി നാം എടുക്കേണ്ട തീരുമാനങ്ങൾക്കുള്ള ദിശാസൂചകങ്ങൾ.’’ ഒരിക്കൽ കോർപറേറ്റ് കമ്പനികളിൽ ഉന്നതനിലകളിൽ പ്രവർത്തിച്ചിരുന്ന, ഇന്ന് ഇംഗ്ലീഷ് പഠിപ്പിച്ച് ലോകമെമ്പാടും സഞ്ചരിക്കുന്ന സാറാ ബിയർഷെലിന്റെ അഭിപ്രായമാണത്.

BL7

‘‘യാത്ര ചെയ്യേണ്ട സ്ഥലങ്ങളുടെ അല്ലെങ്കിൽ കാണേണ്ട കാഴ്ചകളുടെ ഒരു പട്ടികയുണ്ടാക്കുക എന്നത് യാത്രയുടെ സത്ത തന്നെ നഷ്ടപ്പെടുത്തുന്നു. ഈഫൽ ടവറിന്റെ മുന്നിൽനിന്നെടുക്കുന്ന നല്ല ചിത്രങ്ങൾ നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തണമെന്നില്ല. അതൊക്കെ വെറും പ്രദർശനം മാത്രമാണ്. സാമൂഹികമാധ്യമങ്ങളിൽ ലൈക്കുകളുണ്ടാക്കുന്നതുമാത്രം. ആളുകളെ കണ്ടുമുട്ടുന്നതിനും വേറിട്ട ജീവിതരീതികൾ അനുഭവിക്കാനും ഉള്ളിന്റെ ഉള്ളിൽ നാമെല്ലാം ഒന്നാണെന്നു മനസ്സിലാക്കാനും നാം വലിയകാര്യമായി കണക്കാക്കുന്ന പലതും ഒന്നുമല്ലെന്നു തിരിച്ചറിയാനും ഒക്കെയാണ് യാത്രകൾ ഉപകരിക്കേണ്ടത്. സ്ഥലങ്ങളുടെ/കാഴ്ചകളുടെ പട്ടികയൊക്കെ നിങ്ങളെ സാമൂഹികമാധ്യമങ്ങളിലേക്കും ഭൗതികതകളിലേക്കും തളയ്ക്കുകയേയുള്ളു. നിങ്ങളുടെ വളർച്ചയ്ക്ക് തടസ്സമാകുന്നു അവയൊക്കെ. അപ്പോൾ, നിങ്ങളുടെ വളർച്ച ലാക്കാക്കുന്ന ഒരു ജീവിതപ്പട്ടിക എങ്ങിനെ ഇരിക്കണം? നിങ്ങളെ സംബന്ധിച്ച് അർത്ഥവത്തായ സ്ഥലങ്ങൾ, അനുഭവങ്ങൾ ഏതൊക്കെയാണ്? നിങ്ങളെന്തു മനസ്സിലാക്കാനാണ് ആഗ്രഹിക്കുന്നത്? അവ ഓരോന്നായി എഴുതിയൊരു പട്ടികയുണ്ടാക്കൂ.’’ അവർ കൂട്ടിച്ചേർക്കുന്നു.

BL6

ഐറ്റി പ്രൊഫഷണലും ബ്ലോഗറുമായ ശ്രീനിധി ഹാൻഡേയുടെ പക്കൽ ഒരു ലിസ്റ്റുണ്ട്. അദ്ദേഹമതിനെ ടിക്കറ്റ് ലിസ്റ്റ് എന്നാണ് വിളിക്കുന്നത്. ‘‘വിമാന ടിക്കറ്റുകൾ ഏറ്റവും കുറഞ്ഞനിരക്കിൽ ബുക്കു ചെയ്യുന്ന വിദ്യയിൽ ഞാൻ സാമർത്ഥ്യം നേടിയിട്ടുണ്ട്. മിക്കവാറും മാസങ്ങൾക്കുമുമ്പുതന്നെ ആയിരിക്കും ഇത്തരത്തിൽ ടിക്കറ്റുകളെടുക്കുന്നത്. അതെന്നെ ആസൂത്രണം ചെയ്ത് യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു. യാത്രകൾ മുൻകൂർ തീരുമാനിച്ചുറപ്പിക്കാനും ടിക്കറ്റുകൾ ബുക്കു ചെയ്യാനും യാത്രാസ്വപ്നങ്ങൾ നടപ്പാക്കാനും ഗൗരവം കൊടുക്കുന്ന ആളല്ല നിങ്ങളെങ്കിൽ ബക്കറ്റ് ലിസ്റ്റുകൾ സാക്ഷാത്കരിക്കാൻ കാലം കുറേ എടുക്കും.’’ ശ്രീനിധി ഹാൻഡേ പറയുന്നു.

ബക്കറ്റ് ലിസ്റ്റ് ഗുണവും ദോഷവും

കാഴ്ചകളെ ഇടുങ്ങിയതാക്കുന്നു – സിംഹങ്ങളെ കാണണം എന്നു തീരുമാനിച്ച് കെനിയയിൽ എത്തുന്ന ഒരാൾക്കു മറ്റു വന്യമൃഗങ്ങളെ വേണ്ടത്ര ശ്രദ്ധിക്കാനായി എന്നു വരില്ല. എന്തെങ്കിലും പ്രത്യേകലക്ഷ്യം വച്ചുകൊണ്ട് ഒരു മുഴുനീള യാത്രയുടെ പരിപാടി ഇടുമ്പോൾ ആ ലക്ഷ്യത്തെ യാത്രയുടെ ഉദ്ദേശ്യമാക്കി മാറ്റുന്നു. യാത്രയ്ക്കിടയിൽ വീണുകിട്ടിയേക്കാവൂന്ന ചില സാഹസികതകളോ ആകർഷണീയമായ കാഴ്ചകളോ അല്ലങ്കിൽ അല്പം സമയം കവർന്നേക്കാവുന്ന മറ്റെന്തെങ്കിലും പരിപാടികളോ ഒക്കെ നിങ്ങൾ ‘ഉദ്ദേശ്യം’ പൂർത്തിയാക്കുവാനായി വേണ്ടെന്നു വയ്ക്കും.

BL3

നിരാശയ്ക്ക് ഇടയാക്കുന്ന വലിയ പ്രതീക്ഷകൾ–നോർമാൻഡി തീരത്തെ മോണ്ട് സെന്റ് മൈക്കേലിന്റെ ചിത്രങ്ങൾ കണ്ട്, ആഴം കുറഞ്ഞ കടലിലൂടെ നടന്ന് കോട്ടയിൽ ചെല്ലുന്നതിന്റെ ദൃശ്യം മനസ്സിൽ വെച്ചാണ് നിങ്ങൾ ചെല്ലുന്നതെന്നു കരുതുക. ചെല്ലുമ്പോൾ വേലിയേറ്റസമയമാണെങ്കിൽ ദ്വീപു വെള്ളത്തിൽ മുങ്ങി, കോട്ടയിലേക്ക് അടുക്കാൻ പറ്റാതാകും. അപ്പോൾ നിരാശ തോന്നില്ലേ? യാത്രായാകെ കുളമാകും. പ്രതീക്ഷകൾ കാരണം യാത്ര ‘പരാജയപ്പെട്ടത്’ ആയിത്തീരും. വളരെ മനോവിഷമത്തിലായിത്തീരും.

യാത്ര ആഹ്ലാദിക്കാനുള്ളതാകണം, ബാധ്യതകൾ തീർക്കാനാകരുത്–ആർട്ടിക്കിലേക്ക് പോകാൻ നിങ്ങളുടെ കൈയിൽ കാശില്ലെന്നു വിചാരിക്കുക. എങ്കിലും അത് നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ പെട്ടാൽ ഏതെങ്കിലും തരത്തിൽ പോകാൻ തുനിയും. ബക്കറ്റ് ലിസ്റ്റിലുള്ളതല്ലേ, പോകാതിരിക്കാനാകുമോ? ആളു മാറുമ്പോൾ യാത്രാലക്ഷ്യങ്ങളും മാറുന്നു. നിങ്ങൾക്കൊരു ബക്കറ്റ് ലിസ്റ്റ് ഉണ്ടെങ്കിൽ ചില അനുഭവങ്ങൾക്ക് സ്വയം ബാദ്ധ്യസ്ഥനായിത്തീരും. അതു നേടുവാനായി വിലപിടിച്ച യാത്രാസമയം അപകടത്തിലാക്കുകയാവും നിങ്ങൾ ചെയ്യുന്നത്.

ബക്കറ്റ് ലിസ്റ്റുകള്‍ ദുഃഖത്തിനു വഴിവയ്ക്കുന്നു–സ്വന്തം ബക്കറ്റ് ലിസ്റ്റിൽ പെട്ട സ്ഥലങ്ങൾ മുഴുവൻ കണ്ടിട്ടില്ല എന്നതിനാലോ ഒന്നും കണ്ടിട്ടില്ല എന്നതിനാലോ നിങ്ങളൊരു മോശം സഞ്ചാരിയായിത്തീരുന്നില്ല. അത്തരത്തിലൊരു പട്ടിക യാത്രകൾക്കൊരു നിലവാരം നിശ്ചയിക്കുന്നുവെന്നേയുള്ളു, മിക്കവാറും എത്തിച്ചേരാനാകാത്തൊരു നിലവാരം. നിങ്ങൾക്ക് ദുഃഖമുണ്ടാക്കാൻ സാധ്യതയുള്ള ഒരു കാരണത്തെ ഒഴിവാക്കുന്നതിനു തുല്യമായിരിക്കും ബക്കറ്റ് ലിസ്റ്റ് വേണ്ടെന്നു വയ്ക്കുന്നത്. മാത്രമല്ല, അതു പൂർത്തിയാക്കുന്ന യാത്രകളെ ആഹ്ലാദവേളകളാക്കാനും ഇടയാക്കും.

BL5

മിക്കവാറും നടക്കാനിടയില്ലാത്ത ലക്ഷ്യങ്ങൾ, പതിവു പല്ലവികളായ സ്ഥലങ്ങൾ, വാസ്തവത്തിൽ താല്പര്യമില്ലാത്തവയാണെങ്കിലും ജീവിതം രസകരമാകാൻ അനിവാര്യമാെണന്നു ചിന്തിക്കുന്നവ ഇവയെല്ലാം ഉൾപ്പെടുത്തിയാകും ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കുന്നതെന്ന് സഞ്ചാരികളെല്ലാവരും സമ്മതിക്കാറുണ്ട്. ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നവയെ ഗൗരവത്തോടെ കാണുന്നു എങ്കിൽ ഒരുകാര്യം ചെയ്യണമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്, അതിൽ യാഥാർത്ഥ്യബോധത്തോടെ, നേടിയെടുക്കാനാവുന്നവ മാത്രം ഉൾപ്പെടുത്തുക. അല്ലാതെ ‘നെടുനീളെ ആഗ്രഹങ്ങൾ’ മാത്രമടങ്ങിയ ഒരു പട്ടിക ആകാതിരിക്കട്ടെ.

Tags:
  • Travel Stories
  • World Escapes
  • Manorama Traveller