പുതുവർഷത്തെ വരവേൽക്കാൻ വെള്ളത്തിനടിയിൽ റിസോർട്ടുകൾ ഒരുങ്ങി. കടലിനടിയിലെ ‘ജന്തുലോക’ത്തിനൊപ്പം 2020 നോടു യാത്രാമൊഴി ചൊല്ലാം, സമുദ്രത്തിന്റെ അടിത്തട്ടിലെ ശബ്ദം ആസ്വദിച്ച് 2021നെ വരവേൽക്കാം. അണ്ടർ വാട്ടർ ഹോട്ടലുകൾ വിഭവങ്ങളൊരുക്കി ക്ഷണിക്കുന്നു.
ടാൻസാനിയയിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരുക്കിയ റിസോർട്ടിന്റെ പേര് മാൻട. പെംപ ദ്വീപിനു സമീപത്താണ് റിസോർട്. ‘സ്രാവുകൾ നീന്തുന്നതിനരികെ രാപാർക്കാൻ വരൂ’ എന്നാണു ക്ഷണക്കത്ത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിന്റെ സൗന്ദര്യം ആസ്വദിക്കാം. നീരാളിയും സ്രാവും മറ്റു മത്സ്യങ്ങളേയും ചില്ലുജാലകത്തിനപ്പുറം കാണാം. റിസോർട് ഡിസൈൻ ചെയ്ത ആർക്കിടെക്ടിന്റെ പേര് മൈക്കിൾ ഗെൻബർഗ്.
സ്വീഡനിലെ മലാറൻ തടാകത്തിലുള്ള ഉട്ടർ ഇൻ റിസോർട്ടിൽ പരമ്പരാഗത രീതിയിലാണ് ആഘോഷം. കരയിൽ നിന്നു റിസോർട്ടിലേക്കു ബോട്ട് സവാരി. റിസോർട്ടിലിരുന്നു മടുപ്പു തോന്നുമ്പോൾ സവാരി വള്ളം തുഴഞ്ഞു തീരക്കാഴ്ച ആസ്വദിക്കാം. ഉപരിതലത്തിൽ നിന്നു മൂന്നു മീറ്റർ ആഴത്തിലാണ് ബെഡ്റൂം. മുകളിലെ നിലയിലാണ് അടുക്കള. കുടിവെള്ളം, ചായ, ഭക്ഷണം, പാത്രങ്ങൾ എന്നിവ റെഡി. ഡൈനിങ് ഏരിയ, ടോയ്‌ലെറ്റ് എന്നിവ മുകളിലെ തട്ടിലാണ്. സൺബാത്ത് ആഗ്രഹിക്കുന്നവർക്കായി ഔട് ഡോർ ടെറസുണ്ട്. ഉട്ടർ ഇൻ റിസോർട്ടിൽ വൈദ്യുതി കണക്‌ഷൻ ഇല്ല. ബാറ്ററിയിലാണ് വിളക്കുകൾ പ്രവർത്തിക്കുന്നത്.
ദുബായിയിലെ അണ്ടർവാട്ടർ റിസോർട് ‘പാം’ ആഡംബരങ്ങളോടു കൂടിയതാണ്. പൊസിഡൻ, നെപ്ട്യൂൺ എന്നിങ്ങനെ രണ്ടാക്കി തിരിച്ചിരിക്കുന്നു. ഡീലക്സ് സ്വീടാണ് ഇവ. ഇരുനൂറ്റൻപത് ഇനം സമുദ്രാന്തർ ജീവികളെ കാണാമെന്നാണ് റിസോർട്ട് അധികൃതർ പറയുന്നത്. തെളിഞ്ഞ ചില്ലുജാലകങ്ങളിൽ സെൻസർ ഘടിപ്പിച്ചിട്ടുണ്ട്. വിൻഡോ ഗ്ലാസിനെ കറുപ്പു നിറമാക്കി മാറ്റാൻ ഓപ്ഷനുണ്ട്. മൂന്നു നിലകളായി ഡിസൈൻ ചെയ്തിട്ടുള്ള റിസോർട്ടിന്റെ മുകൾവശം അക്വാറിയം പോലെയാണ് ഒരുക്കിയിട്ടുള്ളത്.
മാലദ്വീപിലെ കോൺറാഡ് റസ്റ്ററന്റ് പുതുവർഷം വരവേൽക്കാൻ ഒരുങ്ങി. സമുദ്രത്തിന്റെ ഉപരിതലത്തിൽ നിന്ന് അഞ്ചു മീറ്റർ ആഴത്തിലാണ് മുറികൾ നിർമിച്ചിട്ടുള്ളത്. മുകളിലത്തെ നിലയിൽ നിന്നു ഗോവണി നിർമിച്ചിട്ടുണ്ട്. മുറിയുടെ നാലു ചുമരിലും ചില്ലുജാലകങ്ങളുള്ള റിസോർട്ടാണ് ഇത്. ‘മുറാക്ക’ എന്നറിയപ്പെടുന്ന റസ്റ്ററന്റ് പ്രശസ്തം. മാലദ്വീപിൽ ഏറ്റവും ചെലവേറിയ റസ്റ്ററന്റാണ് മുറാക്ക. റിസോർട്ടിലെ സ്പാ സെന്ററിൽ ഹോളിവുഡ് താരങ്ങൾ എത്താറുണ്ട്.
ഓസ്ട്രേലിയയിലെ അണ്ടർവാട്ടർ റിസോർട്ടിന്റെ പേര് റീഫ്സ്വീട്സ്. 2019ൽ ഉദ്ഘാടനം ചെയ്ത ഈ റിസോർട്ട് ഒഴുകി നീങ്ങുന്നതാണ്. ബ്രിസ്ബെയിനിൽ വിമാനം ഇറങ്ങുന്നവരെ റിസോർട്ടിൽ എത്തിക്കാൻ ബോട്ട് വരും. ബ്രിസ്ബെയിനിൽ നിന്നു റിസോർട്ടിലേക്ക് ഒന്നര മണിക്കൂർ ബോട്ട് യാത്ര. മുറികളിൽ താമസിക്കുന്നവർക്ക് ആയിരത്തഞ്ഞൂറ് ഇനം ജലജീവികളെ കാണാമെന്നു റീഫ്സ്വീട്സ് അവകാശപ്പെടുന്നു. സമുദ്രത്തിനടിയിലെ രാത്രിദൃശ്യങ്ങളുടെ ഫോട്ടോ പ്രദർശിപ്പിച്ചാണ് അതിഥികളെ ആകർഷിക്കുന്നത്.
ഫ്ളോറിഡയിലുമുണ്ട് അദ്ഭുതക്കാഴ്ചകളുടെ അണ്ടർവാട്ടർ റിസോർട്ട്. സമുദ്രത്തിന്റെ ഉപരിതലത്തിൽ നിന്നു മുപ്പതു മീറ്റർ ആഴത്തിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഓപ്പൺ വാട്ടർ ഡൈവർ സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമാണു ബുക്കിങ് ലഭിക്കുക. മുറിയിൽ എത്തുന്നതിനു വെള്ളത്തിനടിയിൽ നീന്തണം.
സമുദ്രത്തിന്റെ അടിത്തട്ടിൽ ഗവേഷണങ്ങൾക്കായി 1986ൽ നിർമിച്ച മുറികൾ പിൽക്കാലത്ത് റിസോർട്ടാക്കി മാറ്റിയതാണ്. രണ്ട് ബെഡ്, അടുക്കള, മൈക്രോവേവ് അവ്ൻ, കോഫി മേക്കർ, കുളിമുറി എന്നിവയാണ് റിസോർട്ടിലുള്ളത്. സമുദ്രത്തിന്റെ അടിത്തട്ട് ആസ്വദിക്കാൻ താൽപര്യമുള്ളവരാണ് ഈ റിസോർട്ടിലെ അതിഥികൾ. ഉച്ചയ്ക്ക് ഒരു മണിക്ക് അതിഥികളെ മുറികളിൽ എത്തിക്കും. പിറ്റേന്നു രാവിലെ അതിഥികളെ തിരികെ കൊണ്ടു പോകാൻ റിസോർട് ജോലിക്കാർ എത്തും.