Friday 03 July 2020 04:18 PM IST : By K.Sebastian

മനുഷ്യത്വം മരിച്ച കാലത്തിന്റെ ചിത്രം

yad vashem1

മനുഷ്യത്വം മരിച്ച ഒരു കാലത്തിന്റെ അടയാളപ്പെടുത്തലാണ് യാദ് വഷേം. ജൂതന്മാരെ കൂട്ടക്കുരുതി നടത്തിയതിന്റെ ഓർമ മന്ദിരം. സമാനതകളില്ലാത്ത പീഡനങ്ങളുടെ, മരണത്തിന്റെ നിഴലുകൾ എങ്ങും നിറഞ്ഞുനിൽക്കുന്നു. നല്ല കാഴ്ചകളുടെ കുളിർമയാണ് നിങ്ങളിലെ സഞ്ചാരി തേടുന്നതെങ്കിൽ യാദ് വഷേം വായനാനുഭവം മാത്രമായി ഒതുങ്ങട്ടെ. ഇനിയൊരിക്കലും ഇങ്ങനെ ഒരു കാഴ്ച കാണാൻ ഇടവരുത്തരുതേ എന്ന പ്രാർഥനയോടെ അല്ലാതെ യാദ് വഷേം ഓർത്തെടുക്കാനാവില്ല.

യാദ് വഷേം, ഓർമകളുടെ ബലികുടീരം

yad vashem3

‘നിങ്ങൾ ജീവിക്കേണ്ടതിന് ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്തു പാർപ്പിക്കും’ എന്ന എസക്കിയേൽ പ്രവാചകവചനമാണ് യാദ് വഷേമിന്റെ കവാടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കാലചക്രങ്ങൾക്കിപ്പുറം ജൂതവംശത്തിന്റെ ഉയർത്തെഴുന്നേൽപിന്റെ വേഗം ഈ വചനം അനശ്വരമാക്കുന്നുണ്ട്. ഈ തിരിച്ചറിവോടെയാണ് മ്യൂസിയത്തിലെ കാഴ്ചകൾ കാണാനായി ഇറങ്ങിയത്.

ഹിറ്റ്ലർ വംശീയവിദ്വേഷത്തിന്റെ ഇരകളാക്കിയ ജൂതവംശത്തിന്റെ നടുക്കുന്ന ഓർമകളാണ് യാദ് വഷേമിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. കറുപ്പിലും വെളുപ്പിലുമുള്ള ഫോട്ടോകളിൽ, വിഡിയോകളിൽ നിറഞ്ഞു നിൽക്കുന്നു ഭീകരപീഡനങ്ങൾ ഏറ്റുവാങ്ങിയ ആകാരം കൊണ്ടു മാത്രം മനുഷ്യരെന്നു തോന്നുന്ന കുറെ കോലങ്ങൾ. ഹോളോകോസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന കൂട്ടക്കൊലയ്ക്ക് ഇരകളായവർ ജർമനി, നെതർലൻഡ്‌സ്‌, ഓസ്ട്രിയ, റഷ്യ, പോളണ്ട്, തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി കണ്ടെത്തിയ അറുപതു ലക്ഷം യഹൂദരായിരുന്നു.

yad vashem2

മനുഷ്യന് തന്റെ സഹജീവിയോട് എത്രമാത്രം ക്രൂരതചെയ്യാം എന്നു തെളിയിക്കാൻ ഹിറ്റ്ലറുടെ അനുയായികൾ മത്സരിച്ചു. വീടുകളിൽനിന്നും തെരുവുകളിൽനിന്നും, ജോലിസ്ഥലത്തുനിന്നും അവർ ജൂതന്മാരെ വേട്ടയാടിപിടിച്ചു. അറവുശാലയിലേക്കു കടത്തുന്ന കാലിക്കൂട്ടങ്ങളെപ്പോലെ ജൂതജനതയെ അവർ കൊണ്ടുപോയി. കോൺസെൻട്രേഷൻ ക്യാംപുകളിൽ പീഡനപരീക്ഷണങ്ങൾക്കിരയാക്കി. മനുഷ്യരെ കൊല്ലാനുള്ള പുതിയ രാസക്കൂട്ടുകൾ, വിഷവാതകങ്ങൾ, പുതിയതരം പീഡനയന്ത്രങ്ങൾ തുടങ്ങിയവ അവരുടെമേൽ പരീക്ഷിച്ചു. എല്ലാമറിഞ്ഞിരുന്നെങ്കിലും ഹിറ്റ്ലർക്കെതിരെ ലോകം ഒരുപരിധിവരെ നിശ്ശബ്ദമായി നിലകൊണ്ടു.

എസക്കിയേൽ പ്രവചനം യാഥാർഥ്യമാകും പോലെ, ഇച്ഛാശക്തിയും, ബുദ്ധിയും ഒരേ ലക്ഷ്യത്തിനായി ഉപയോഗിച്ചപ്പോൾ ജൂതന്മാരുടെ അതിശയകരമായ ഉയർത്തെഴുന്നേൽപ് സംഭവിച്ചു. അവർക്കു പിന്തുണയായി ഒട്ടേറെ മനുഷ്യർ സധൈര്യം ആ കൂട്ടക്കൊലയെ ചെറുക്കാനായി മുന്നോട്ടുവന്നു. നിരവധിയാളുകളെ ജീവൻ പണയം വച്ച്‌ അവരെ രക്ഷിച്ചു. പീഡനങ്ങളുടെ മാത്രമല്ല, ചെറുത്തുനിൽപിന്റെയും അതിജീവനത്തിന്റെയും നേർസാക്ഷ്യങ്ങള്‍ കൂടി യാദ് വഷെമിൽ നമുക്ക് കാണാം. നന്മ എല്ലാ മനുഷ്യരിലും എല്ലാക്കാലവും ഒരേപോലെ വറ്റിപ്പോയിട്ടില്ല എന്നതിന്റെ തെളിവ്.

എന്തുകൊണ്ട് യാദ് വഷേം

കാലചക്രമുരുളുമ്പോൾ ലോകത്തിനു മുൻപിൽ തെളിവായി ഒരു മ്യൂസിയം. ഒരുകാലത്തും ഇങ്ങനെയൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ആ ഭീതിദമായ ഓർമകൾ എക്കാലത്തും സജീവമാകട്ടെ എന്ന ചിന്തയാണ് ഇൗ യാദ് വഷേമിന്റെ നിർമിതിക്കു കാരണം.

പീഡനങ്ങളെ അതിജീവിച്ച ഇരകൾ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരും ഇസ്രയേൽ സർക്കാരും ചേർന്നാണ് യാദ് വഷേം നിർമിച്ചത്. 1953 ൽ ഇസ്രയേലിലെ മൗണ്ട് ഹെഴ്സൽ എന്ന കുന്നിന്റെ പടിഞ്ഞാറെ ചെരിവിൽ യാദ് വഷേമിന്റെ പണിതുടങ്ങി. 1957 ൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. 2005 ൽ വിസ്തൃതമായ കെട്ടിടങ്ങളും പുതിയ സാങ്കേതിക വിദ്യകളുമായി യാദ് വഷേം ഇന്നത്തെ രൂപത്തിൽ പുനനിർമിക്കപ്പെട്ടു. യാദ് വഷേം കെട്ടിടത്തിൽ യഹൂദകൂട്ടക്കൊലയുടെ ചരിത്രം കാണിച്ചു തരുന്ന മ്യൂസിയം വിഭാഗത്തിൽ ഒൻപത് ഗാലറികളുണ്ട്.

yad vashem7

കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ഓർമയ്ക്കായി പ്രത്യേക സ്മാരകം, ആർട് മ്യൂസിയം, ഗവേഷണ കേന്ദ്രം എന്നിവയുൾപ്പെട്ട നാൽപത് ഏക്കർ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നു യാദ് വഷേം. ഇസ്രയേലിലെ വിലാപത്തിന്റെ മതിൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആൾക്കാർ സന്ദർശിക്കുന്ന സ്ഥലം യാദ് വഷേം ആണ്. കൂട്ടക്കൊലയ്ക്കു മുൻപ് സമാധാനപൂർണമായ യഹൂദജീവിതം എന്തായിരുന്നു എന്ന് കാണിക്കുന്ന ഒരു ഹ്വസ്വചിത്രം കണ്ട് യാദ് വഷേം സന്ദർശനം തുടങ്ങാം.

ഈ വിഡിയോയിൽ ജർമനിയിലെ യഹൂദരുടെ വീടുകളും ജോലിസ്ഥലങ്ങളുമടങ്ങുന്ന അനുദിനജീവിതം കാണിക്കുന്നു. പത്ത് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പ്രൊജക്റ്റ് ചെയ്യുന്നത് പതിമൂന്നു മീറ്റർ ഉയരമുള്ള ഒരു ഭിത്തിയിലാണ്. രണ്ടാം ലോകമഹായുദ്ധത്തോടെ നാസികളുടെ ജർമനി ജൂതരെ വെറുക്കപ്പെട്ട ജനതയാക്കി മാറ്റുന്നതിന്റെ കഥയാണ് പിന്നീട്. 1938 നവംബർ 9,10 തീയതികളിൽ നടന്ന ക്രിസ്റ്റാൾനാഹ്റ്റ് എന്ന കുപ്രസിദ്ധ സംഭവവും ഇവിടെ വിവരിക്കുന്നു. അനേകം സിനഗോഗുകളും ആയിരക്കണക്കിന് ജൂത സ്ഥാപനങ്ങളും അന്ന് നശിപ്പിക്കപ്പെട്ടു, കൊള്ളയടിക്കപ്പെട്ടു. നിരവധി യഹൂദർ കൊല്ലപ്പെട്ടു. ജൂതവിരോധം അവർക്കെതിരെയുള്ള അക്രമങ്ങളായി മാറുന്നതിന്റെ തുടക്കം കുറിച്ച സംഭവമായി ക്രിസ്റ്റാൾനാഹ്റ്റ്.

yad vashem5

മാറുന്ന കാഴ്ചകൾ

യഹൂദ ജനതയുടെ തടവുകേന്ദ്രങ്ങളായ ഘെറ്റോകൾ, തെരുവുകൾ എന്നിവ യാദ് വഷേമിൽ പുനരാവിഷ്കരിച്ചിരിക്കുന്നു. മനസ്സിനെ മരവിപ്പിക്കുന്ന ജയിലുകളും പഴയകാല റെയിൽവേയും ശൈത്യകാഴ്ചകളും നിറഞ്ഞുനിൽക്കുന്ന ഫോട്ടോകൾ. ഈ ചിത്രങ്ങളിലെ മനുഷ്യർ തടവുപുള്ളികളും പട്ടാളക്കാരും മാത്രമാണ്. യൂണിഫോമിട്ട പട്ടാളക്കാരുടെ കാവലിൽ അർധനഗ്നരും പൂർണനഗ്നരുമായ മനുഷ്യക്കോലങ്ങൾ എല്ലുമുറിയെ പണിയുന്നു. ഭീതിയുടെ സൈറൺ മുഴക്കങ്ങൾ, ഇരമ്പുന്ന വിമാനശബ്ദങ്ങൾ, മരണത്തിന്റെ മൊത്തക്കച്ചവടവുമായി എത്തുന്ന റെയിൽ വാഗണുകൾ, മനുഷ്യരുടെ ദീനരോദനങ്ങൾ മ്യൂസിയത്തില്‍ പ്രദർശിപ്പിച്ച വിഡിയോകളിലെ കാഴ്ചകളാണിവ. യഹൂദരെ സോവിയേറ്റ് യൂണിയനിൽ നിന്നും മറ്റ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും കാലികളെ കൊണ്ടുപോകുന്ന വാഗണുകളിൽ ഓസ്ട്രിയയിലെ കുപ്രസിദ്ധമായ ഓഷ്‌വിറ്സ്‌ കോൺസൻട്രേഷൻ ക്യാംപുകളിലേക്കു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. കുഞ്ഞുങ്ങളെന്നോ പ്രായമുള്ളവരെന്നോ വേർതിരിവൊന്നുമില്ല.

യൂറോപ്പിലൊന്നാകെ അതിഭീകരമായ ക്രൂരതകൾ ആഘോഷിക്കപ്പെട്ടപ്പോഴും നന്മ നഷ്ടപ്പെടാത്ത ചില മനുഷ്യർ അക്കാലത്തുണ്ടായിരുന്നു. സ്വന്തം സമ്പത്തും ആരോഗ്യവും ജീവനും അപകടപ്പെടുത്തി അവർ ജൂതരെ രക്ഷിച്ചു. അവരുടെ രക്ഷാപ്രവർത്തങ്ങളും ബന്ധപ്പെട്ട വിവരങ്ങളുമാണ് അടുത്ത ഗാലറിയിൽ. 'ജനതകൾക്കിടയിലെ നീതിമാന്മാർ' എന്ന് വിളിച്ച് യഹൂദജനത അവരെ ആദരിക്കുന്നു. അവർക്കായി ഒരു പ്രത്യേക ഹാൾ ഇവിടെയുണ്ട്. നീണ്ട നരകയാതനകൾക്കുശേഷം ഗ്യാസ് ചേംബറിൽ കൊല്ലപ്പെടാനായി കാത്തുനിൽക്കുന്നവരുടെ ചിത്രങ്ങളും അവസാന കൂടികാഴ്ചകളും അടുത്ത ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

yad vashem4

ജീവൻ തിരിച്ചുകിട്ടിയവരെ യുദ്ധാനന്തരസാഹചര്യങ്ങളിൽ എങ്ങനെ പുനരധിവസിപ്പിച്ചു എന്നതാണ് ഒൻപതാം ഗാലറിയിലെ കാഴ്ച. ജീവിതം തിരിച്ചുപിടിക്കാൻ യഹൂദ സമൂഹം നടത്തിയ കഠിനപരിശ്രമങ്ങളുടെ കഥകൾ നമുക്കിവിടെകാണാം. മരണമെന്ന അനുദിന യാഥാർഥ്യത്തെ കൊല്ലപ്പെട്ടവർ എങ്ങിനെ കണ്ടിരുന്നവെന്ന് പുതിയകാലത്തെ ഒരുകാലാകാരൻ ആവിഷ്കരിച്ചിരിക്കുന്നതാണ് അവസാന ഗാലറിയിൽ. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ യൂറി സൈഗ് എന്ന ഇസ്രായേൽ കലാകാരന്റെ ആവിഷ്കാരമാണിത്.

മരണം മണക്കുന്ന യാദ് വഷേം

yad vashem6

യാദ് വഷേമിന്റെ കേന്ദ്രബിന്ദു എന്നു പറയാവുന്നിടം ‘പേരുകളുടെ ഹാൾ’ എന്ന ഗാലറിയാണ്. ഇവിടെ വൃത്താകൃതിയിലുള്ള അനന്തതയിലേക്കെന്നവണ്ണം ഉയർന്നുപോകുന്ന കോണിന്റെ ഉള്ളിൽ അനേകം ഫോട്ടോകൾ നമുക്ക് കാണാം. അവരെല്ലാം കൊല്ലപ്പെട്ടവരാണ്. ഫോട്ടോകൾ ലഭ്യമല്ലാത്തവരുടെ പേരുകൾ മാത്രം എഴുതിയിരിക്കുന്നു. 20 ലക്ഷത്തോളം പേരുകൾ വൃത്താകൃതിയിലുള്ള റാക്കുകളിൽ ചേർത്തിയിട്ടുണ്ട്. 60 ലക്ഷം ആൾക്കാരുടെയും കൃത്യവിവരങ്ങൾ കിട്ടുക അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. വിവരങ്ങൾ കൃത്യമായി കിട്ടുന്നതിന്റെ മുറയ്ക്കനുസരിച്ച് ഇപ്പോഴും പേരുകളും ലഘുജീവചരിത്രവും കൂട്ടിച്ചേർത്തുകൊണ്ടിരിക്കുന്നു.

യാദ് വഷേം മ്യൂസിയത്തിന്റെ നിർമാണ രീതിയും പ്രത്യേകതയുണ്ട്. കെട്ടിടത്തിന്റെ ഭൂരിഭാഗവും ഹെർസൽ കുന്നിന്റെ ഭൂമിക്കടിയിലാണ്. ഒരുവശം തുളച്ചു മറുപുറമെത്തുന്ന അമ്പുപോലെ കെട്ടിടത്തിന്റെ രണ്ടഗ്രങ്ങളും കുന്നിനു പുറത്തേക്ക് തള്ളിനിൽക്കുന്നു. സൂര്യപ്രകാശം ആവശ്യത്തിന് കിട്ടാൻ ആകെ 200 മീറ്റർ വരെ നീളമുള്ള സ്ഫടിക മേൽക്കൂരകൾ. മോ ഷെ സേഫ്ദ് എന്ന ഇസ്രയേൽ ശിൽപിയുടെ നിർമാണവിരുത് നമ്മെ അദ്‌ഭുതപ്പെടുത്തും.

കേരളത്തിൽ നിന്ന് ഒട്ടേറെ ഗ്രൂപ്പുകൾ ഇസ്രയേൽ യാത്ര നടത്തുന്നുണ്ടെങ്കിലും യാദ് വഷേം സന്ദർശിക്കുന്നവർ വളരെ കുറവാണ്. ഇന്ന് നാം കാണുന്നത് സമൃദ്ധിയുടെയും സാങ്കേതിക ൃതയുടെയും മികവുറ്റ ഉദാഹരണമായ ഇസ്രയേൽ എന്ന രാജ്യം.

yad vashem8

ആ ജനത അനുഭവിച്ച ഗതകാലപീഡനങ്ങളുടെ അത്ര പഴയതല്ലാത്ത കാഴ്ചകൾ ഞെട്ടലോടെ മാത്രമേ കാണാനാകൂ. കണ്ണടച്ചിരിക്കുമ്പോൾ പോലും നോവുന്ന കാഴ്ചകൾ സമ്മാനിക്കുന്ന സ്ഥലമാണ് യാദ് വഷേം. ഹൃദയം നുറുങ്ങുന്ന വേദനയോടെ അല്ലാതെ കണ്ടിറങ്ങാനാവില്ല ഈ കാഴ്ചകൾ.

Tags:
  • World Escapes
  • Travel Destinations