Tuesday 07 September 2021 11:37 AM IST

‘മേക്കപ്പ് കഴിഞ്ഞു കണ്ണാടിയില്‍ നോക്കുമ്പോള്‍ പിന്നെ ഞാന്‍ കാണുന്നത് എന്നെയല്ല’: മമ്മൂട്ടി പറയുന്നു

Vijeesh Gopinath

Senior Sub Editor

mammootty-interview-old

മലയാളി ഹൃദയത്തിൽ പ്രതിഷ്ഠിച്ച ഭാവഭേദങ്ങളുടെ പൂർണിമ 70ന്റെ ചെറുപ്പത്തിലാണ്. പരകായപ്രവേശങ്ങളും പകർന്നാട്ടങ്ങളും കൊണ്ട് അഭ്രപാളികളില്‍ ഇതിഹാസം രചിച്ച താരത്തിന് കേരളക്കര ഹൃദയം നിറഞ്ഞ് ആശംസകളർപ്പിക്കുന്ന നിമിഷം. സിനിമയും ജീവിതവും ആവേശമായി കൊണ്ടു നടക്കുന്ന മെഗാസ്റ്റാറിനൊപ്പമുള്ള ഹൃദ്യമായ ഓർമ്മകളെ ഈ അസുലഭ നിമിഷത്തിൽ തിരികെ വിളിക്കുകയാണ് ‘വനിത.’ ആരോടും പങ്കുവയ്ക്കാത്ത രഹസ്യങ്ങൾ, അഭിനയ വഴിയിലെ ഒളിമങ്ങാത്ത ഓർമ്മകൾ. ‘വനിതയിൽ’ കണ്ട മമ്മൂട്ടിയുടെ വാക്കുകൾ ഒരിക്കൽ കൂടി...

ഒരു കഥാപാത്രത്തെ ഇറക്കി വിട്ട്, മറ്റൊരു കഥാപാത്രത്തിലേക്കു ഇത്രവേഗം കയറാന്‍ എങ്ങനെ കഴിയുന്നു?

സംവിധായകന്‍ കട്ട് പറഞ്ഞു കഴിഞ്ഞ് കഥാപാത്രത്തിനു പുറത്തിറങ്ങിയില്ലെങ്കിൽ നമ്മൾക്കു നമ്മളായി ജീവിക്കാനാവില്ല. െസറ്റിലിരിക്കുന്നതും െെവകിട്ടു ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതും ഒക്കെ ഈ ഞാന്‍ തന്നെ ആവണം. അഭിനയം കഴിഞ്ഞാല്‍ കഥാപാത്രത്തെ ഞാനവിെട വിടും.

നമ്മളും കഥാപാത്രവും തമ്മിൽ വ്യത്യാസം ഉണ്ടാവുക എന്നതാണു കാര്യം. ചിലർ പറയാറുണ്ട്, ആറു മാസം ആ കഥാപാത്രം എന്നെ വിടാതെ പിന്‍തുടരുകയായിരുന്നു, അതില്‍ നിന്നിറങ്ങിപ്പോരാനായില്ല എന്നൊക്കെ. അങ്ങനെ സംഭവിക്കാറുണ്ട്. പക്ഷേ, ഞാനങ്ങനെയല്ല.

ഒരിക്കൽ പൂമുള്ളി ആറാംതമ്പുരാനോടു സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു,‘അഭിനയം ആഭാസമാണ്.’ കേട്ടവർ ഒന്നു ഞെട്ടി. അഭിനയിക്കുന്നവര്‍ ആഭാസന്മാരുമാണ് എന്നദ്ദേഹം പറയുമോ എന്നായിരുന്നു എന്‍റെ േപടി. പിന്നെ അദ്ദേഹം വിശദീകരിച്ചു. ഭാസിപ്പിക്കുക അതായത്, ദ്യോതിപ്പിക്കുക (തോന്നിപ്പിക്കുക) യാണ് അഭിനയം. സ്ക്രീനില്‍ കാണുന്നത് ചന്തുവാണെന്ന് തോന്നിപ്പിക്കുന്നു, മകളെ നഷ്ടപ്പെട്ട ദുഃഖമാണ് ഇതെന്നു തോന്നിപ്പിക്കുന്നു. അങ്ങനെയാണ് അഭിനയം ആഭാസമായി മാറിയത്.

അങ്കിളിൽ നിങ്ങളെന്നെ കണ്ടത്, അച്ഛന്റെ കൂട്ടുകാരനായ എന്നാൽ മനസ്സിൽ അൽപം നെഗറ്റീവ് കാര്യങ്ങളുണ്ടോ എന്നു തോന്നിപ്പിക്കുന്ന ആളായിരുന്നു. മാമാങ്കത്തിലെത്തിയപ്പോൾ നെഞ്ചുവിരിച്ചു നിൽക്കുന്ന പോരാളായായി. പൊന്തന്മാടയിലെ മാട സംസാരിക്കുന്നത് അടിയാളന്റെ ഭാഷയാണ്. പ്രായമാവുമ്പോൾ അടിയാളനായി നടന്നു നടന്ന് അയാളുടെ കൂന് കൂടുന്നുണ്ട്.

കഥ കേള്‍ക്കുമ്പോഴും തിരക്കഥ വായിക്കുമ്പോഴും എല്ലാം കഥാപാത്രത്തെക്കുറിച്ചൊരു ധാരണ ഉണ്ടാകും. മേക്കപ്പ് കഴിഞ്ഞു കണ്ണാടിയില്‍ നോക്കുമ്പോള്‍ പിന്നെ ഞാന്‍ കാണുന്നത് എന്നെയല്ല, ആ കഥാപാത്രത്തെയാണ്.