Tuesday 04 June 2024 11:20 AM IST

ഇതാണ് ഭാവിയിലെ വീടുകളിൽ വേണ്ടത്; തിരക്കും പൊടിയും ചൂടും ഒഴിവാക്കി നഗരഹൃദയത്തിൽ വീട്

Sreedevi

Sr. Subeditor, Vanitha veedu

4

ചെറിയ പ്ലോട്ടും തിരക്കു പിടിച്ച നഗരമധ്യത്തിലെ സ്ഥാനവും ചുറ്റും ആർത്തലച്ചു പൊങ്ങുന്ന കെട്ടിടങ്ങളുമെല്ലാം കേരളത്തിലെ ആർക്കിടെക്ടുമാർക്ക് കഴിവ് തെളിയിക്കാൻ കിട്ടുന്ന അവസരങ്ങളാണ്. കെട്ടിടം കാണാനുള്ള ഭംഗി മാത്രമല്ല, ബുദ്ധിപൂർവമായ സ്ഥലവിനിയോഗം, സൂക്ഷ്മകാലാവസ്ഥ കണക്കിലെടുത്തുള്ള ഡിസൈൻ കണ്ടെത്തൽ, ചുറ്റുപാടുമുള്ള ബഹളങ്ങളിൽ നിന്ന് വീട്ടകങ്ങളിൽ ശാന്തമായ ഒരു തുരുത്ത് സൃഷ്ടിക്കൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ചെറിയ പ്ലോട്ടിൽ വീടുപണിയുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.

നഗരമധ്യത്തിലെ ചെറിയൊരു തുണ്ട് ഭൂമിയാണെങ്കിൽ പോലും വീട്ടുകാരോട് നൂറ് ശതമാനം ആത്മാർഥത പുലർത്തുന്ന ഡിസൈൻ സൃഷ്ടിക്കാൻ ആർക്കിടെക്ട് ശ്രീജിത് ശ്രീനിവാസിനുള്ള കഴിവാണ് അദ്ദേഹത്തെ വേൾഡ് ആർക്കിടെക്ചർ കമ്യൂണിറ്റി അവാർഡ്സ് 2022 പുരസ്കാരത്തിന് അർഹനാക്കിയത്.

1

തിരുവനന്തപുരം നഗരപ്രാന്തത്തിലുള്ള അഞ്ചര സെന്റിൽ, ബ്രിക്ക് ലാറ്റസ് ഹൗസ് എന്ന് പേര് നൽകിയ മനോഹര സൗധം തലയുയർത്തി നിൽക്കുന്നു. ശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നും ഇവിടെ ചെയ്തിട്ടില്ല. മിനിമലിസ്റ്റിക് രീതി പിൻതുടർന്നതിനാൽ അവശ്യഘടകങ്ങൾ സ്വാഭാവികമായി അലങ്കാരമായിത്തീരുന്നു.

ഇഷ്ടിക മണമുള്ള വീട്

തേക്കാത്ത വീട് എന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ഓടിവരുന്ന കെട്ടിട സങ്കല്പങ്ങളിൽ നിന്ന് തീർത്തും വിഭിന്നമാണ് ഈ വീട്. സമകാലിക ജീവിതസാഹചര്യങ്ങൾക്കും സൗന്ദര്യസങ്കല്പങ്ങൾക്കുമനുസരിച്ച് ഇഷ്ടിക വീടുകൾ ഏത് ശൈലിയിലും ഡിസൈൻ ചെയ്യാമെന്ന് ആർക്കിടെക്ട് തെളിയിക്കുന്നു.

എൻജിനീയർÐഡോക്ടർ ദമ്പതിമാരും മകനുമടങ്ങുന്ന ചെറിയ കുടുംബം. തിരക്കുപിടിച്ച ജീവിതശൈലിയും ചുറ്റുപാടുകളും പാടേ മറന്ന് ശാന്തമായ ഗൃഹാന്തരീക്ഷം സൃഷ്ടിച്ചുകൊടുക്കുക എന്നതാണ് ആർക്കിടെക്ട് ഏറ്റെടുത്ത ജോലി. അതുകൊണ്ടുതന്നെ, ഒരു മുറിയിൽ നിന്ന് മറ്റൊന്നിലേക്ക് തടസ്സം കൂടാതെ ഒഴുകി നീങ്ങാവുന്ന വിധത്തിലാണ് മുറികളും വാതിലുകളുടെയും ഫർണിച്ചറിന്റെയും സ്ഥാനവുമെല്ലാം ക്രമപ്പെടുത്തിയിരിക്കുന്നത്.

2

ഡൈനിങ്ങിനോടു ചേർന്ന സൺലിറ്റ് കോർട്‌യാർഡിനെ വീടിന്റെ കേന്ദ്രബിന്ദു എന്നു വിശേഷിപ്പിക്കാം. മുകളിലെയും താഴത്തെയും മുറികളെ തമ്മിൽ കൂട്ടിയിണക്കുന്ന മുഖ്യകണ്ണിയാണ് ഈ കോർട്‌യാർഡ്. വീടിനു ചുറ്റും നടന്ന് പ്രകൃതി ആസ്വദിക്കാൻ സൗകര്യമില്ലാത്തതിനാൽ ചുരുങ്ങിയ ഇടത്തിൽ വീടിനുള്ളിൽ സൃഷ്ടിച്ച പച്ചത്തുരുത്താണിത്.

പ്ലാൻ ലളിതം

രണ്ട് കാറുകൾ പാർക്ക് ചെയ്യാവുന്ന പോർച്ച്, സിറ്റ്ഔട്ട്, ലിവിങ് റൂം, ഡബിൾഹൈറ്റ് ഉള്ള ഡൈനിങ് റൂം, ഡ്രസ്സിങ് റൂമും ബാത്റൂമുമടങ്ങുന്ന രണ്ട് കിടപ്പുമുറികൾ, ഓപ്പൻ കിച്ചൻ, വർക്ക്Ð യൂട്ടിലിറ്റി ഏരിയകൾ ഇവയടങ്ങുന്നതാണ് താഴത്തെ നില. ലിവിങ് റൂമിൽ നിന്നും ഗെസ്റ്റ് ബെഡ്റൂമിൽ നിന്നും മുൻവശത്തെ ലോണിലേക്ക് തുറക്കുന്ന ജനാലകൾ ഉണ്ട്. മുറികളുടെ വിസ്താരം കൂടുതലായി അനുഭവപ്പെടുത്താനുള്ള മാർഗം കൂടിയാണ്.

വോക് ഇൻ ഡ്രസ്സിങ് ഏരിയയോടു കൂടിയ രണ്ട് ബെഡ്റൂമുകളാണ് മുകളിലെ നിലയിലുള്ളത്. ലൈബ്രറി, ജിം, സ്റ്റഡി ഏരിയ ഉൾപ്പെടുന്ന ഒരു ഏരിയയും മുകളിലുണ്ട്.

3

പ്ലോട്ടിന്റെ പ്രത്യേകതകൾ മൂലം വീട്ടുകാരുടെ സ്വകാര്യത സംരക്ഷിക്കൽ ആർക്കിടെക്ടിന് ഭാരിച്ച ഉത്തരവാദിത്തം തന്നെയായിരുന്നു. ക്യുബോയ്ഡ് ആകൃതിയാണ് വീടിനു തിരഞ്ഞെടുത്തത്. ഇഷ്ടിക നിരത്തി സൃഷ്ടിച്ച ജാളി ( ബ്രിക്ക് ലാറ്റിസ്) മുഖം പരമാവധി വെന്റിലേഷൻ ഉറപ്പുവരുത്താനും വീടിനുള്ളിലെ സ്ഥലം പരമാവധി ഉപയോഗിക്കാനും ഇത് സഹായിക്കും. ലിവിങ് ഏരിയയുടെയും മുകളിലെ കിടപ്പുമുറികളുടെയും സ്വകാര്യത സംരക്ഷിക്കാനും ഈ ജാളി വളരെയധികം സഹായിക്കുന്നുണ്ട്.

മിനിമലിസം എന്ന ആശയത്തിലൂന്നിയാണ് ഫർണിച്ചർ മുതൽ ഫർണിഷിങ് വരെ എല്ലാം ഡിസൈൻ ചെയ്തിരിക്കുന്നത്.

രണ്ടേ രണ്ട് ഫിനിഷുകളേ ഭിത്തിയിൽ കാണാനാകൂ, ഇഷ്ടികയുടെ ഫിനിഷും സിമന്റ് പ്ലാസ്റ്ററിങ് ഫിനിഷും. ഈ രണ്ട് അടിസ്ഥാന ടെക്സ്ചറുകൾ കൊണ്ട് അദ്ഭുതകരമായി ഒരു മോഡേൺ വീടിനെ വാർത്തെടുത്തിരിക്കുന്നു. ഇഷ്ടികയുടെയും പ്ലാസ്റ്ററിന്റെയും ഫിനിഷിന് പരസ്പരപൂരകമായാണ് ഫർണിച്ചറും ഫർണിഷിങ്ങും മറ്റും സജ്ജീകരിച്ചിരിക്കുന്നത്. വലിയ ജനാലകളും ജാളികളും സൺലിറ്റുകളും നൽകാനുള്ള സങ്കേതങ്ങൾ ഉള്ളപ്പോൾ ഇഷ്ടിക അകത്തളത്തിലെ പ്രകാശം കുറയ്ക്കുമോ എന്ന ആശങ്കയ്ക്ക് സ്ഥാനമില്ല എന്നു കൂടി വീട് വിളിച്ചു പറയുന്നു. പൊങ്ങച്ചമല്ല, കൃത്യതയോടു കൂടിയ ക്രമീകരണമാണ് ഈ വീടിന്റെ വിജയം.

ചിത്രങ്ങൾ: ജസ്റ്റിൻ സെബാസ്റ്റ്യൻ ഫൊട്ടോഗ്രഫി

Area: 2360 sqft Owner: ആർ. രാജ്നാഥ് & ഡോ. ബി. പ്രീത Location: നേമം, തിരുവനന്തപുരം

Design: ശ്രീജിത് ശ്രീനിവാസ് ആർക്കിടെക്ട്സ്, തിരുവനന്തപുരം Email: info@srijitsrinivas.com