Wednesday 14 June 2023 12:38 PM IST : By സ്വന്തം ലേഖകൻ

നാലുകെട്ട് മോഹിച്ചു; ചർച്ച നടുമുറ്റത്ത് എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു, ഒടുവിൽ...

anoop7
anoop 1

മനോഹരമായൊരു നാലുകെട്ടായിരുന്നു അനൂപ് തോമസിന്റെയും ഭാര്യ റിയ ജോർജിന്റെയും സ്വപ്നം. അകത്ത് ആധുനിക സൗകര്യങ്ങളൊക്കെയുള്ള നാലുകെട്ട് എന്ന ആവശ്യമാണ് ഡിസൈനർ കൗശിക് കുമാറിനോടു പറഞ്ഞതും. നാലുകെട്ട് രീതിയിലുള്ള വീടിന്റെ ഗുണദോഷങ്ങളെപ്പറ്റിയുള്ള ചർച്ച നടുമുറ്റത്തിലെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

anoop4

കാറ്റും വെളിച്ചവും കടക്കുന്ന തുറന്ന നടുമുറ്റം വേണമെന്നായിരുന്നു അനൂപിന്റെ ആഗ്രഹം. മഴവെള്ളം ഉള്ളിൽ വീഴുന്നതുപോലെയുള്ള നടുമുറ്റം വന്നാൽ എങ്ങനെയിരിക്കും എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. ഉദ്യോഗസ്ഥരാണ് അനൂപും റിയയും. മഴവെള്ളം തെറിച്ചു വീഴുന്നതും മറ്റും വൃത്തിയാക്കാനും മെയ്ന്റനൻസിനും സമയം കിട്ടുമോ എന്ന ആശങ്ക ഉയർന്നതോടെ നടുമുറ്റം വേണ്ട എന്ന തീരുമാനത്തിൽ വീട്ടുകാരെത്തി. മുകൾഭാഗം മുഴുവൻ അടച്ചുകെട്ടി നടുമുറ്റം നിർമിക്കുന്ന പ്രഹസനപ്പരിപാടിയോട് വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ല.

anoop 2

ചർച്ചകൾ നീണ്ടതോടെ നടുമുറ്റത്തിനു പകരം സ്റ്റെയർകെയ്സ് വീടിന്റെ നടുവിൽ വരുന്ന രീതിയിലേക്ക് ഡിസൈൻ വഴിമാറി. കൂടുതൽ ആകർഷകത്വം തോന്നിക്കുന്ന രീതിയിൽ ഹാങിങ് സ്റ്റൈൽ സ്റ്റെയർ പിടിപ്പിക്കാനും തീരുമാനമായി. പതിയെപ്പതിയെ സ്റ്റെയറിനു ചുറ്റും മറ്റു മുറികൾ വരുംവിധം വീടിന്റെ ഡിസൈൻ രൂപപ്പെട്ടു.

anoop5

ലിവിങ്, ഡൈനിങ്, അടുക്കള, രണ്ട് കിടപ്പുമുറി എന്നിവയെല്ലാം സ്റ്റെയർകെയ്സിനു ചുറ്റുമായി വരുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. രണ്ടു സൈഡ് കോർട്‍‍യാർഡുകൾ താഴത്തെ നിലയിൽ ഉൾപ്പെടുത്തിയതിനാൽ സുരക്ഷയുടെയോ മഴയുടെയോ ഭീഷണിയില്ലാതെ തന്നെ ഇഷ്ടംപോലെ കാറ്റും വെളിച്ചവും വീടിനുള്ളിലെത്തും. സ്റ്റെയർ ഏരിയയും ഒരു സൈഡ് കോർട്‍യാർഡും ഡബിൾഹൈറ്റിലായതിനാൽ മുകളിലെ നിലയിലും വെളിച്ചത്തിനും കാറ്റിനും കുറവില്ല.

anoop6

ക്രോസ് വെന്റിലേഷൻ സാധ്യമാക്കുന്ന രീതിയിലാണ് വാതിലുകളും ജനലുകളും നൽകിയിരിക്കുന്നതും. വിൻഡ്- ലൈറ്റ് എന്നിവ സുലഭമായതിനാൽ ‘വിൻലി’ എന്നാണ് വീടിനു പേരിട്ടിരിക്കുന്നതും.

anoop8 അനൂപ് തോമസ്, റിയ ജോർജ് എന്നിവർ കുടുംബാംഗങ്ങളോടൊപ്പം

രണ്ട് കിടപ്പുമുറികളും വിശാലമായ ഓപ്പൻ ടെറസുമാണ് മുകൾനിലയിലുള്ളത്. യൂട്ടിലിറ്റി ഏരിയ ആയും ചടങ്ങുകൾ നടത്താനുള്ള പാർട്ടി ഏരിയ ആയും ടെറസ് പ്രയോജനപ്പെടുത്താം. 10 സെന്റിന്റെ പരിമിതികൾ വീടിനെ ബാധിക്കുന്നേയില്ല; മെയ്ന്റനൻസിനെ സംബന്ധിച്ചുള്ള ആശങ്കകൾക്കും ഇവിടെ സ്ഥാനമില്ല.

anoop9 കൗശിക് കുമാർ,ഡിസൈനർ, ഡിസൈൻ കാർട്ടൽ, ബെംഗളൂരു

ഉടമസ്ഥർ: അനൂപ് തോമസ് റിയ ജോർജ്, ഡിസൈൻ: കൗശിക് കുമാർ, ഡിസൈൻ കാർട്ടൽ, ബെംഗളൂരു, സ്ഥലം: കിഴക്കമ്പലം, കൊച്ചി, വിസ്തീർണം: 2800 ചതുരശ്രയടി, പ്ലോട്ട്: 10 സെന്റ്

Tags:
  • Architecture