Thursday 03 November 2022 03:16 PM IST : By സ്വന്തം ലേഖകൻ

കെണികളിൽ വീഴാതെ എങ്ങനെ സ്വപ്നവീട് സ്വന്തമാക്കാം? സ്ഥലം വാങ്ങി വീട് വയ്ക്കുമ്പോഴും ഫ്ലാറ്റ്, വില്ല ഇവ വാങ്ങുമ്പോഴും അറിയേണ്ട പ്രധാന കാര്യങ്ങള്‍

dream-hommme456667

മറുനാട്ടിലിരുന്ന് നാട്ടിൽ വീട് വയ്ക്കുമ്പോഴും വാങ്ങുമ്പോഴും തട്ടിപ്പിൽ പെടാതിരിക്കാൻ അറിയാം ഈ പ്രധാന കാര്യങ്ങൾ... 

മറുനാട്ടിൽ ജീവിക്കുന്നവരിൽ ഭൂരിപക്ഷത്തിന്റെയും മോഹമാണ് സ്വന്തം നാട്ടിൽ തല ചായ്ക്കാനൊരിടം. പക്ഷേ, അതത്ര എളുപ്പമാണോ? നാട്ടിൽ സ്ഥിരതാമസമാക്കിയവർ പോലും പറയുന്നത് ‘പണി’ കിട്ടിയ കഥകളാണ്. അപ്പോൾ നേരിട്ടുള്ള മേൽനോട്ടമില്ലാതെ വീട് നിർമാണത്തിനും വാങ്ങലിനും  ഒരുങ്ങുമ്പോഴോ?

കേട്ട കഥകളിൽ പലതും സത്യമാകാം. പക്ഷേ, അത്തരം കെണികളിൽ വീഴാതെ എങ്ങനെ സ്വപ്നവീട് സ്വന്തമാക്കാൻ കഴിയും? സ്ഥലം വാങ്ങി വീട് വയ്ക്കുമ്പോഴും ഫ്ലാറ്റ്, വില്ല ഇവ വാങ്ങുമ്പോഴും അറിയേണ്ട പ്രധാനകാര്യങ്ങളാണ് ഇനി പറയുന്നത്.

സ്ഥലം വാങ്ങി കുരുക്കിലാകേണ്ട

വഴി, വെള്ളത്തിനുള്ള സൗകര്യം ഇവയെല്ലാമുണ്ട് എന്ന്  ഉറപ്പാക്കി സ്ഥലം വാങ്ങി. വീട് നിർമിക്കാനുള്ള പ്ലാനും റെഡി. വീടുപണി തുടങ്ങാൻ ഒരുങ്ങുമ്പോഴാകും വാങ്ങിയ സ്ഥലത്ത് വീട് വയ്ക്കാൻ നിയമപ്രശ്നങ്ങളുണ്ടെന്ന് തിരിച്ചറിയുന്നത്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് വീട് വയ്ക്കുന്നതിന് നിയമതടസ്സവും മറ്റു പ്രശ്നങ്ങളും ഇല്ല എന്ന് ഉറപ്പ് വരുത്തണം. ആധാരവും മുന്നാധാരവും മാത്രമല്ല കൈവശാവകാശ സർട്ടിഫിക്കറ്റ്,  ബാധ്യതാ സർട്ടിഫിക്കറ്റ്, നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്, കരമടച്ച രസീത്, ലൊക്കേഷ ൻ സ്കെച്ച് ഇവ ശരിയായതാണെന്ന് ഉറപ്പ് വരുത്തുക.

റവന്യൂവകുപ്പ് തയാറാക്കിയ ഭൂനികുതി റജിസ്റ്ററിന്റെ പകർപ്പ്  പരിശോധിച്ചാൽ നിലം, പുരയിടം, തണ്ണീർത്തടം ഇവയിലേത് തരം ഭൂമിയാണ് എന്ന് മനസ്സിലാകും. പുരയിടമാണ് വീട് വയ്ക്കാൻ അനുയോജ്യം. നിലം എന്ന് രേഖപ്പെടുത്തിയ ഭൂമി വാങ്ങുന്നതിന് ബാങ്ക് വായ്പ ലഭിക്കില്ല. ഈ വസ്തുവിൽ വീട് വയ്ക്കാൻ നിയമപരമായ തടസ്സങ്ങൾ മറികടക്കേണ്ടി വരും.

വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം ടൗൺപ്ലാനിങ് സ്കീമിൽ ഉൾപ്പെട്ടതാണോ എന്ന് പരിശോധിക്കണം. സർക്കാർ വിവിധ വികസന പദ്ധതികൾക്കായി നിശ്ചയിക്കുന്ന സ്ഥലമാണ് ടൗൺ പ്ലാനിങ് സ്കീമിൽ ഉൾപ്പെടുക. സ്ഥലത്തിന്റെ രേഖകളുമായി തദ്ദേശസ്വയംഭരണസ്ഥാപനം, ജില്ലാ ടൗൺ പ്ലാനറുടെ ഓഫിസ് എന്നിവിടങ്ങളിൽ നിന്ന് കൃത്യമായ വിവരം അറിയാം.

റോഡിന്റെ വീതി കൂട്ടുന്നതിന് സ്ഥലം വിട്ടു നൽകേണ്ടതുണ്ടെങ്കിൽ അതു സംബന്ധിച്ച വിവരവും ഈ ഓഫിസുകളിൽ നിന്ന് ലഭിക്കും. ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായ സ്ഥലം ഒഴിച്ചിട്ട് വീട് നിർമിക്കാൻ ശ്രദ്ധിക്കണം.

വിമാനത്താവളം, റെയിൽവേ ഭൂമി, സൈനിക കേന്ദ്രം തുടങ്ങിയവയുടെ അടുത്തുള്ള സ്ഥലമാണെങ്കിൽ ഇവിടെ കെട്ടിടം നിർമിക്കുന്നതിന് തടസ്സമില്ല എന്ന് വ്യക്തമാക്കുന്ന നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട കേന്ദ്രത്തിൽ നിന്നു വാങ്ങിയ ശേഷം സ്ഥലം വാങ്ങുന്നതാണ് ഉത്തമം.

 ഹൈ ടെൻഷൻ വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള പ്ലോട്ടിൽ വീട് വയ്ക്കുന്നതിന് നിയമതടസ്സങ്ങൾ ഉണ്ടാകാം. തീരദേശവുമായി ബന്ധപ്പെട്ട നിർമാണചട്ടങ്ങൾ, സംരക്ഷിത സ്മാരകങ്ങൾ ഇവ സ്ഥലത്തിനു ബാധകമാണോ എന്ന് പരിശോധിക്കണം. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ നിന്ന് ഇതു സംബന്ധിച്ച വിവരം ലഭിക്കും.

 നിയമപ്രകാരം വസ്തുവിൽപന കരാർ റജിസ്റ്റർ െചയ്യണം. വസ്തു വാങ്ങുമ്പോൾ വിശദാംശങ്ങൾ ചേർത്ത് വ്യക്തമായ കരാർ തയാറാക്കാൻ ശ്രദ്ധിക്കണം. പരസ്പര വിശ്വാസമുണ്ട് എന്ന് കരുതി ഒന്നോ രണ്ടോ വരിയിൽ കരാർ എഴുതിയാൽ പിന്നീട് തർക്കമുണ്ടായാൽ നിയമ പരിരക്ഷ കിട്ടാതെ വരാം.

വസ്തുവിന്റെ വിശദാംശങ്ങൾ, റവന്യൂ രേഖകൾ, അഡ്വാൻസ് തുക, ബാക്കി തുക,  അത് നൽകേണ്ട സമയം, വസ്തു കൈമാറ്റം നടത്തേണ്ട തീയതി തുടങ്ങിയ വിശദാംശങ്ങൾ കരാറിൽ ഉണ്ടാകണം.

വീട് നിർമിക്കുമ്പോൾ

മനസ്സിന് ചേർന്ന ശൈലിയിലുള്ള വീട് നിർമിക്കുന്ന ആർക്കിടെക്ടിനെ തിരഞ്ഞെടുക്കാം. കഴിയുമെങ്കിൽ ആർക്കിടെക്ട് മുൻപ് ഡിസൈൻ ചെയ്ത ഒന്നോ രണ്ടോ വീട് പോയി കണ്ട് വീട്ടുകാരോട് സംസാരിക്കുക. താമസം തുടങ്ങി ഒരു വർഷമെങ്കിലും കഴിയുമ്പോൾ മാത്രമേ വീട്ടുകാർക്ക് പോലും ഏകദേശ വിലയിരുത്തൽ നടത്താൻ കഴിയൂ. തുടക്കത്തിലെ തിളക്കത്തിനു ശേഷമാണ് വീടിന്റെ പോരായ്മകൾ തെളിഞ്ഞു വരുന്നത്.  

ആർക്കിടെക്ടിനെ നേരിൽ കണ്ട് ആശയവിനിമയം നടത്തിയ ശേഷം ഡിസൈൻ തീരുമാനിക്കുക. എന്തു മാറ്റം വരുത്തണമെങ്കിലും ആ ഘട്ടത്തിൽ ആകാം. നിർമാണം തുടങ്ങിയ ശേഷം വരുത്തുന്ന മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും ചെലവ് വർധിപ്പിക്കും. നേരിട്ടു കാണാൻ സാധിക്കാത്ത സാഹചര്യത്തിൽ വിഡിയോ കോൺഫറൻസ് വഴിയാകാം ചർച്ച.  

വീടു നിർമാണം തുടങ്ങുന്നതിന് മുൻപ് കരാർ തയാറാക്കാൻ മറക്കരുത്. നിർമാണം പൂർത്തിയാക്കാൻ വേണ്ട സമയം, ഓേരാ ഘട്ടത്തിലും നൽകേണ്ട തുക, നിർമാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികൾ (അവയുടെ ബ്രാൻഡ്നെയിം സഹിതമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തുന്നതാണ് നല്ലത്.) ഇവ ഉൾപ്പെട്ട വിശദമായ കരാർ തയാറാക്കി ഒപ്പിട്ട ശേ ഷം മാത്രം നിർമാണം തുടങ്ങുക. ഓേരാ ഘട്ടത്തിലും പണം നൽകുന്നതിന്റെ േരഖ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വിശ്വസ്തനായ വ്യക്തിയായിരിക്കണം കോൺട്രാക്ടർ. ആർക്കിടെക്ടിനെ തിരഞ്ഞെടുക്കുന്നതിൽ നടത്തിയതു പോലെയുള്ള അന്വേഷണം കോൺട്രാക്ടറുടെ കാര്യത്തിലും വേണം. അദ്ദേഹം പണിത രണ്ടോ മൂന്നോ വർഷം പഴക്കമുള്ള വീടുകൾ നേരിൽ കാണണം.

നിർദേശിക്കപ്പെട്ട നിർമാണസാമഗ്രികൾക്ക് പകരം അതേ കമ്പനിയുടെ അൽപം ഗുണമേന്മ കുറഞ്ഞത് എടുത്താൽ തിരിച്ചറിയാൻ പറ്റിയെന്ന് വരില്ല. കോൺട്രാക്ടർ   വിശ്വസ്തനെങ്കിൽ അത്തരം ചതികൾ സംഭവിക്കില്ല.

ഫ്ളാറ്റും വില്ലയും വാങ്ങുമ്പോൾ

െകട്ടിട നിർമാണ ചട്ടപ്രകാരമുള്ള നിർദേശങ്ങൾ പാലിച്ചാണോ ഫ്ളാറ്റും വില്ലയും നിർമിച്ചത് എന്നു പരിശോധിക്കണം. കെട്ടിടനിർമാണ ചട്ടമനുസരിച്ചു മാലിന്യനിർമാര്‍ ‍ജനത്തിനുള്ള സൗകര്യം, മഴവെള്ളസംഭരണി, സുരക്ഷയ്ക്കായുള്ള മുൻകരുതൽ ഇവയെല്ലാം ഫ്‌ളാറ്റുകളിലും വില്ലകളിലും ഉൾപ്പെടുത്തേണ്ടതുണ്ട്.  

വിശ്വാസ്യതയുള്ള ബിൽഡറിനെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ബിൽഡർ മുൻപ് ഏറ്റെടുത്ത പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തിയായോ? അവരുടെ നിർമിതികൾക്ക്  ബലക്ഷയമോ മറ്റു പ്രശ്നങ്ങളോ നേരിടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണം.

ബിൽഡിങ് നമ്പർ പരിശോധിക്കാൻ മറക്കരുത്. മലിനീകരണ നിയന്ത്രണ ബോർഡ്, അഗ്നിശമനസേന, ൈഹവേ അതോറിറ്റി തുടങ്ങിയവയിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമേ ബിൽഡിങ് നമ്പർ ലഭിക്കുകയുള്ളൂ.

ബിൽഡറോട് സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖ കാണണമെന്ന് ആവശ്യപ്പെടാം. പുറമ്പോക്കു ഭൂമിയിലോ നിയമക്കുരുക്കുകളുള്ള ഭൂമിയിലോ അല്ല നിർമിതിയെന്ന് ഉറപ്പു വരുത്താനാണിത്. ബിൽഡിങ് പെർമിറ്റ്, ഡവലപ്മെന്റ് പെർമിറ്റ് എന്നിവയും നേരിൽ കണ്ട് ബോധ്യപ്പെടണം.  ഫ്‌ളാറ്റിന് നിർമാണത്തകരാർ  ശ്രദ്ധയിൽപ്പെട്ടാൽ നഷ്ടപരിഹാരം നൽകാൻ ബിൽഡർ ബാധ്യസ്ഥനാണ്. ഇവ ഉറപ്പുവരുത്താൻ കരാർ ഒപ്പിടുന്നതിനു മുൻപ് അഭിഭാഷകന്റെ സേവനം തേടാം.

ബിൽഡർമാർ നൽകുന്ന േകാൺട്രാക്ട് ഉടമ്പടിയിൽ  ഉപയോക്താക്കളെ സംരക്ഷിക്കുന്ന ഉപാധികൾ ഉണ്ടാകണമെന്നില്ല. അതു കൊണ്ട് വളരെ ശ്രദ്ധയോടെ കോൺട്രാക്ട് ഉടമ്പടി വായിച്ചു മനസ്സിലാക്കാൻ ശ്രദ്ധിക്കണം.

shutterstock_91735538

ഫ്‌ളാറ്റ്, വില്ല ൈകമാറുന്നതിനു മുൻപ് തന്നെ പണം മുഴുവനും ൈകപ്പറ്റണമെന്നു ചില കോൺട്രാക്ടർ നിർബന്ധം പിടിക്കാറുണ്ട്. പണി പൂർത്തിയാകുന്നത് വരെ മുഴുവൻ തുകയുടെ ഒരു നിശ്ചിത ശതമാനം കൊടുത്തുതീർക്കാതെ കരുതുന്നതാണ് നല്ലത്. ഇങ്ങനെ വരുമ്പോൾ തടസ്സങ്ങളുണ്ടായാലും അത് പെട്ടെന്ന് പരിഹരിക്കാൻ കോൺട്രാക്ടർ ശ്രമിക്കും.

ബിൽഡറോട് കെട്ടിടം പണിയുന്നിടത്തെ നിലം പരിശോധന നടത്തിയതാണോ എന്നു ചോദിച്ചു മനസ്സിലാക്കുക. അതിന്റെ കോപ്പി ചോദിച്ചു വാങ്ങി അതിൽ സ്ട്രക്ചറൽ എൻജിനീയർ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ൈസറ്റ് ഇടയ്ക്കിടെ സന്ദർശിച്ചു പണിയുടെ പുരോഗതി വിലയിരുത്താൻ വിശ്വസ്തരായ ആരെയെങ്കിലും നിയോഗിക്കുക. ഇഷ്ടപ്പെട്ട കാർപാർക്കിങ് സ്ഥലം പോലെ എന്തെങ്കിലും പ്രത്യേക സൗകര്യം ബിൽഡർ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ അതും രേഖാമൂലം വാങ്ങണം.

അസോസിയേഷൻ ൈബലോസിന്റെ പകർപ്പ് ചോദിച്ചു വാങ്ങണം. ഡ്രാഫ്റ്റ് കോപ്പി വാങ്ങുക. മിക്കപ്പോഴും നിലവിലുള്ള അേസാസിയേഷൻ ൈബലോസ് പകർത്തി നൽകുകയാകും ചെയ്യുക. അത് പുതിയ പദ്ധതിക്ക് ബാധകമാകണമെന്നില്ല. ഫിറ്റിങ്സിന്റെയും ഫിക്സ്ചറുകളുടെയും വാറന്റി എഴുതിവാങ്ങുക. അപാർട്മെന്റിന്റെ ‘ബിൽറ്റ് ഡ്രോയിങ്ങുകൾ’ വാങ്ങുകയും ഉടമ്പടിയിൽ അത് ഉൾപ്പെടുത്തുകയും വേണം. നൽകുന്ന പണത്തിനെല്ലാം രസീത് ആവശ്യപ്പെടുക.

ആധാരം റജിസ്റ്റർ െചയ്തതോടെ ഫ്‌ളാറ്റ്, വില്ല ഇവ സ്വന്തമായെന്നു കരുതരുത്. കൈവശാവകാശ സർട്ടിഫിക്കറ്റ് കൂടി ലഭിച്ചാലേ ഫ്‌ളാറ്റ് താമസയോഗ്യം എന്നു കരുതാനാകൂ. എല്ലാത്തരത്തിലും നിർമാണം പൂർത്തിയായി എ ന്ന് തെളിയിക്കുന്ന കംപ്ലീഷൻ സർട്ടിഫിക്കറ്റ്, ഒക്യുപൻസി സർട്ടിഫിക്കറ്റ്, റെറ റജിസ്ട്രേഷൻ ഇവ ഉണ്ടെങ്കിൽ ഫ്‌ളാറ്റും വില്ലയും വിശ്വസിച്ച് വാങ്ങാം.

‘കെട്ടിടം പൂർത്തിയായി; സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ട്’ എന്ന തരത്തിലുള്ള വാദം അംഗീകരിക്കരുത്. ഫ്‌ളാറ്റ് കൈമാറ്റത്തിനൊപ്പം ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകണം. അത് പൂർണമായും ബിൽഡറുടെ ഉത്തരവാദിത്തമാണ്. അനുമതി ലഭിച്ച ബിൽഡിങ് പ്ലാൻ അനുസരിച്ചാണോ കെട്ടിടം നിർമിച്ചിരിക്കുന്നത്, ഏതെങ്കിലും തരത്തിൽ നിയമലംഘനം നടന്നിട്ടുണ്ടോ, കെട്ടിടം സുരക്ഷിതവും താമസയോഗ്യവുമാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷം കെട്ടിടം നിയമാനുസൃതമായി നിർമിച്ചതാണെന്നും താമസയോഗ്യമാണെന്നും രേഖപ്പെടുത്തുന്ന ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം താമസം തുടങ്ങാവൂ.

ചതിയിൽപ്പെടാെത സഹായിക്കും ‘റെറ’

റെറ പ്രകാരം 500 ചതുരശ്രമീറ്ററിൽ കൂടുതൽ വലുപ്പമോ എട്ടോ അതിൽ കൂടുതലോ നിലകളോ ഉള്ള പ്രോജക്ടുകൾ നിർമാണം ആരംഭിക്കുന്നതിന് മുൻപ് റഗുലേറ്ററി അ തോറിറ്റിയിൽ റജിസ്റ്റർ െചയ്യുകയും മുൻകൂർ കൈപ്പറ്റിയ തുകയുടെ 70 ശതമാനം പ്രത്യേക ഷെഡ്യൂൾഡ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും വേണം.

പ്രോജക്ട് പ്ലാൻ, േല ഔട്ട് പ്ലാൻ, അനുമതികൾ, പദ്ധതിയുമായി ബന്ധപ്പെട്ട ആർക്കിടെക്ടുമാർ, എൻജിനീയർമാർ തുടങ്ങിയവരുടെ വിവരങ്ങൾ, പദ്ധതി പൂർത്തിയാക്കുന്നതിന്റെ സമയക്രമം, ഇടപാടുകാരിൽ നിന്ന് കൈപ്പറ്റിയ തുകയുടെ വിവരങ്ങൾ എന്നിവയെല്ലാം റഗുലേറ്ററി അതോറിറ്റിയുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം.

റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പരസ്യം, വിൽപന, നിക്ഷേപം സ്വീകരിക്കൽ എന്നിവ അനുവദിക്കില്ല. റജിസ്റ്റർ െചയ്ത ശേഷം എല്ലാ പരസ്യങ്ങളിലും അതത് പ്രോജക്ടുകളുടെ റജിസ്ട്രേഷൻ നമ്പർ ചേർക്കണം.

റെറ ആക്ട് പ്രകാരം കരാറിൽ ഏർപ്പെടുമ്പോൾ മുഴുവ ൻ തുകയുടെ പത്ത് ശതമാനം മാത്രമേ മുൻകൂറായി ആ വശ്യപ്പെടാൻ പാടുള്ളൂ. ഇടപാടുകാരുടെ സമ്മതമില്ലാതെ പ്ലാനിൽ ഒരു മാറ്റവും വരുത്താനും കഴിയില്ല. റഗുലേറ്ററി അ തോറിറ്റിയിൽ റജിസ്റ്റർ െചയ്ത പ്രോജക്ടുകൾ വാങ്ങുന്നതാണ് നിയമപരമായി സുരക്ഷിതം.

തട്ടിപ്പിൽ പെടാതിരിക്കാൻ അറിയേണ്ടത്

വീടിന്റെ രൂപകൽപനയും നിർമാണവും ഏൽപിക്കു ന്നതിന് മുൻപ് ആർക്കിടെക്ടിന് ആവശ്യമായ യോഗ്യതയുണ്ടെന്ന് ഉറപ്പിക്കണം.

ഈ മേഖലയിലെ വിദഗ്ധർ ഡിസൈൻ ചെയ്ത വീടുകളുടെ ചിത്രങ്ങളും വിഡിയോയും തങ്ങളുടെ രൂപകൽപനയെന്ന മട്ടിൽ സോഷ്യൽമീഡിയയിലൂടെയും മറ്റും പ്രചരിപ്പിക്കുന്ന തട്ടിപ്പുകാരും രംഗത്തുണ്ട്. വേണ്ടത്ര അറിവോ പരിചയസമ്പത്തോ ഇല്ലാതെ ത്രീഡി ചിത്രം കാണിച്ച് ഉപയോക്താക്കളെ പറ്റിക്കാൻ ശ്രമിക്കുന്നവരുമുണ്ടാകാം.  

ഇത്തരം കെണിയിൽ പെടാതിരിക്കാൻ ആർക്കിടെക്ടിന്റെ സിഒഎ റജിസ്റ്റർ നമ്പർ ചോദിച്ചു മനസ്സിലാക്കാം.ആർക്കിടെക്ചർ വിദ്യാഭ്യാസം, പ്രാക്ടീസ് ഇവ നിയന്ത്രിക്കുന്ന ഗവൺമെന്റ് ഏജൻസിയായ കൗൺസിൽ ഓഫ് ആർക്കിടെക്ചറിൽ (സിഒഎ) റജിസ്റ്റർ െചയ്ത എല്ലാ ആർക്കിടെക്ടുമാരുടെയും വിവരങ്ങൾ www.coa.gov.in എന്ന വെബ്സൈറ്റിലൂടെ  അറിയാം. സിഒഎയിൽ റജിസ്റ്റർ െചയ്ത ആർക്കിടെക്ടിനെ തിരഞ്ഞെടുക്കുന്നത് തട്ടിപ്പിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളിൽ ഒന്നാണ്.

സിഒഎയിൽ പരാതി ലഭിച്ച് അന്വേഷണത്തിൽ ആർക്കിടെക്ട് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ റജിസ്റ്ററിൽ നിന്ന് പേര് നീക്കുകയും വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.

വേണം, ‘റെറ’ സംരക്ഷണം

ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിർമാണമേഖല സുതാര്യമാക്കാനുമായി

കേന്ദ്രസർക്കാർ 2016 ൽ നടപ്പാക്കിയ റിയൽ എസ്റ്റേറ്റ്  റഗുലേഷൻ ആൻഡ് ഡവലപ്മെന്റ് ആക്ട് (റെറ) തട്ടിപ്പിൽപ്പെടാതിരിക്കാൻ സഹായിക്കും.

ഈ നിയമപ്രകാരം നിലവിൽ വന്ന റിയൽ എ സ്റ്റേറ്റ് റുഗലേറ്ററി അതോറിറ്റിയാണ് ഓരോ സംസ്ഥാനത്തെയും സമയാധിഷ്ഠിത നിർമാണം, ഗുണമേന്മ, തർക്കപരിഹാരം തുടങ്ങിയവ ഉറപ്പ് വരുത്തുന്നത്. 2018 ൽ കേരള സർക്കാർ കേരള റിയൽ എസ്റ്റേറ്റ് റഗുലേഷൻ ഡവലപ്മെന്റ് റൂൾസ് നടപ്പാക്കിയിട്ടുണ്ട്.

വിവരങ്ങൾക്കു കടപ്പാട്: അൻസിൽ സക്കറിയ കോമാട്ട്, അഭിഭാഷകൻ, പത്തനംതിട്ട. ബി. സുധീർ, ചീഫ് ആർക്കിടെക്ട്, ആർക്കിടെക്ട്സ് കൺസോർഷ്യം, തൈക്കാട്, തിരുവനന്തപുരം

Tags:
  • Vanitha Veedu