Saturday 02 April 2022 12:40 PM IST

നാല് ബെഡ്റൂം, 2650 സ്ക്വയർ ഫീറ്റ്... ഹൈടെക് അല്ല, അതിനുമപ്പുറമാണ് ഐവികോവ്

Sona Thampi

Senior Editorial Coordinator

kalpetta 1

കൽപറ്റയിലെ അഫ്സറിന്റെ വീടിനെ ഹൈടെക് എന്നു മാത്രം വിളിച്ചാൽ പോരാ... ‘െഎവി കോവ്’ എന്ന പേരിലുമുണ്ട് കാര്യം

കൽപറ്റ ടൗണിലെ 12 സെന്റിലാണ് അഫ്സറിന്റെ പുതിയ വീട്. വിദേശത്തുകണ്ട പല വീടുകളും ആശയങ്ങളും സോഫ്ട്‌വെയർ എൻജിനീയറായ അഫ്സറിന്റെ മനസ്സിൽ സ്വപ്നങ്ങളുണർത്തി. ‘െഎവി കോവ്’ എന്ന പേരുപോലെ മതിലിലും പാഷ്യോയിലും വള്ളിച്ചെടികൾ പടർന്നു കിടക്കുന്നു.

kalpetta 4

ചെറിയ ലെവൽ വ്യത്യാസമുള്ളതിനാൽ രണ്ടടി താഴെയായാണ് പോർച്ച് കൊടുത്തത്. മുറ്റത്തു നിറയെ രസികൻ പുൽത്തകിടി. ഓപൻ രീതിയിലാണ് ലിവിങ്, ഡൈനിങ്, കിച്ചൻ എന്നീ ഭാഗങ്ങൾ. ഒാപൻ ഹാളിൽ ഇരിപ്പിടങ്ങളും തടികൊണ്ടുള്ള പാർട്ടീഷനുമെല്ലാം സ്വകാര്യത കൊണ്ടുവരുന്നു. ഇവിടെനിന്ന് ഒരു വശത്തുള്ള പാഷ്യോയിലേക്ക് ഇറങ്ങാം. വെട്ടുകല്ലുകൊണ്ടാണ് ഇവിടത്തെ ഫ്ലോർ. മുകളിൽ ജിെഎ ട്യൂബ് ആയതിനാൽ നേരെ ആകാശം കാണാം. മുറ്റത്തെ പുൽത്തകിടിയിലേക്ക് കടക്കാൻ മെറ്റൽ വാതിലുമുണ്ട്.

kalpetta 2

വീടിനകത്തും പുറത്തും അവിടവിടെയായി വെട്ടുകല്ല് കൊണ്ടുള്ള ക്ലാഡിങ് കാണാം. പോർച്ചിലെ പില്ലറുകളിലും മതിലിലും അകത്തെ ഭിത്തികളിലുമെല്ലാം. വെളുത്ത വീടിന് ചുവപ്പുരാശി പകരുന്നതാണ് ഇൗ ക്ലാഡിങ്.

എന്നാൽ അടുക്കളയിലേക്ക് എത്തുമ്പോൾ അപ്രതീക്ഷിതമായി കറുപ്പിന്റെ മാസ്മരികതയിൽ അമ്പരന്നു പോവും. അടുക്കള വാഴുന്നത് കറുപ്പ് ടൈലുകളും കറുത്ത സ്ലാബുമൊക്കെയാണ്.

kalpetta 5

നാല് ബെഡ്റൂമുകളാണ് 2650 സ്ക്വയർഫീറ്റിലുള്ള വീട്ടിൽ. മാസ്റ്റർ ബെഡ്റൂമിന് ചില സവിശേഷതകളുണ്ട്. ഒന്നാമതായി, താഴെ തറനിരപ്പിലാണ് കിടക്ക സെറ്റ് ചെയ്തിരിക്കുന്നത്. ഒരു ചെറിയ ഗോവണി കയറിച്ചെല്ലുമ്പോൾ സ്റ്റഡി ഏരിയയും ഉണ്ടെന്നതാണ് മറ്റൊന്ന്. തൂവെള്ള ഗ്ലോസ്സി ടൈലുകൾ വിരിച്ച ഫ്ലോറിൽ നിന്ന് വ്യത്യസ്തമായി വുഡൻ ടൈലിന്റെ ഗമയാണ് മുകളിലെ സ്റ്റഡി ഏരിയയ്ക്ക്.

kalpetta 7

വിദേശ തടിയായ കോയ്‌ല ആണ് തടിപ്പണികൾക്ക് ഭംഗി കൊടുക്കുന്നത്. വാതിലും ജനലും ഗോവണിയുമെല്ലാം ഇതുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. സൈറ്റിൽ തന്നെ ഇട്ടാണ് വീടിനു യോജിച്ച ഫർണിച്ചർ പണിതെടുത്തത്.

kalpetta 6

ലോകത്തിന്റെ ഏതു ഭാഗത്തിരുന്നാലും തന്റെ വീടിനെ മോണിറ്റർ ചെയ്യാവുന്ന രീതിയിൽ അഫ്സർ എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്. വൈഫൈയും ഇന്റർനെറ്റ് ഒാഫ് തിങ്സുമെല്ലാം ചേർന്ന വമ്പൻ സെറ്റപ്പുണ്ടെങ്കിലും വീടിനകത്തും പുറത്തും പച്ചപ്പിന്റെ സൗന്ദര്യവും ഒരുക്കിയിട്ടുണ്ട് അഫ്സറും കുടുംബവും.

kalpetta 3

ഡിസൈൻ: നൗഫൽ കെ. സി., കെസിഎൻ കൺസ്ട്രക്ഷൻസ്, കൽപറ്റ

Tags:
  • Architecture