Friday 02 December 2022 03:23 PM IST : By സ്വന്തം ലേഖകൻ

‘കർട്ടൻ ഉപയോഗിക്കണമെന്ന് നിർബന്ധമാണെങ്കിൽ ഇളംനിറമുള്ളവ തിരഞ്ഞെടുക്കാം’; പ്രകൃതിയോട് ഇണങ്ങും വീട് സ്വന്തമാക്കാൻ ശ്രദ്ധിക്കേണ്ടത്

interio75fvhbjuy

കാലാവസ്ഥാവ്യതിയാനം, ആേഗാളതാപനം ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് പ്രകൃതിയോടിണങ്ങിയുളള ജീവിതശൈലിയിലേക്ക് തിരിയുകയാണ് ലോകം. പ്രകൃതിയോട് ഇണങ്ങുന്ന വീട് എന്ന കാഴ്ചപ്പാടിനു പ്രാധാന്യമേറുകയാണ്. പഴയ വീടുകളെയും പ്രകൃതിയോടിണങ്ങുന്ന വീടുകളാക്കി മാറ്റാൻ കഴിയും.

വേണം കാറ്റും വെളിച്ചവും പച്ചപ്പും  

വെള്ളവും കാറ്റും വെളിച്ചവും പച്ചപ്പും ഊർജവും കരുതലോടെ ഉപയോഗിക്കുകയും കഴിയുന്ന കാര്യങ്ങളിൽ സ്വയംപര്യാപ്തത നേടുകയും ചെയ്താൽ ഓരോ വീടും പ്രകൃതിയോടിണങ്ങുന്നതാക്കാം.

∙ ചൂട് പ്രതിരോധിക്കാൻ പ്രകൃതിദത്തമാർഗങ്ങൾ ഉപയോഗിക്കാം. ജനലുകൾ കർട്ടനിട്ട് മറയ്ക്കാതെ തുറന്നിട്ടാൽ വായുസഞ്ചാരമുണ്ടാവുകയും ചൂടിന് ആശ്വാസം ലഭിക്കുകയും ചെയ്യും. കർട്ടൻ ഉപയോഗിക്കണമെന്ന് നിർബന്ധമാണെങ്കിൽ ഇളംനിറമുള്ള കർട്ടൻ ഉപയോഗിക്കാം. പടർന്നു കയറുന്ന പാഷൻഫ്രൂട്ട്, കോവൽ തുടങ്ങിയവ പുരപ്പുറത്ത് വളർത്താം. ഇങ്ങനെ ചെയ്യുന്നത് ചൂട് കുറയ്ക്കാൻ ഒരുപരിധി വരെ സഹായിക്കും.

∙ ടെറസിലോ വീട്ടുവളപ്പിലോ അടുക്കളത്തോട്ടം ഒരുക്കാം. വീട്ടിലേക്ക് ആവശ്യമായ കുറച്ചു പച്ചക്കറികളെങ്കിലും ഇതിൽ നിന്നു ലഭിക്കും.

∙ അടുക്കളമാലിന്യം സംസ്കരിക്കുന്നതിന് ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കാം.

∙ മുറികളിൽ അകത്തളചെടികൾ നടാം. ശുദ്ധവായു നൽകുന്ന െചടികൾ തിരഞ്ഞെടുക്കുക. പച്ചപ്പുള്ള കാഴ്ച മനസ്സിന്റെ സമ്മർദമകറ്റാൻ ഗുണകരമാണ്.

∙ മേൽക്കൂരയിൽ സോളർ പാനൽ ഒരുക്കി വൈദ്യുതി ചെലവ് കുറയ്ക്കാൻ ശ്രമിക്കാം.

∙ ജലസംരക്ഷണം വളരെ പ്രധാനമാണ്. നിത്യോപയോഗത്തിന് ആവശ്യമായ വെള്ളം ഉറപ്പാക്കാൻ പല വഴികൾ തേടാം. കിണർ റീചാർജ്, മഴവെള്ള സംഭരണി, ആവശ്യത്തിനു മാത്രം വെള്ളം ഉപയോഗിക്കുക, വെള്ളം പുനരുപയോഗിക്കുക ഇത്തരം കാര്യങ്ങൾ പിന്തുടരണം.

∙ പല്ലു തേക്കുന്നതിനും കൈ കഴുകുന്നതിനും ടാപ്പിൽ നിന്നു നേരിട്ട് വെള്ളം ഉപയോഗിക്കുന്നതിനു പകരം മഗ്ഗിലോ ഗ്ലാസിലോ വെള്ളം പിടിച്ച് ഉപയോഗിക്കാം. ടാപ്പ് തുറന്നിട്ടാൽ 30 ലീറ്റർ വരെ വെള്ളം വേണ്ടി വരും. മഗ്ഗിൽ വെള്ളം പിടിച്ചാണെങ്കിൽ ഒരു ലീറ്റർ മതിയാകും. ഷവറിൽ അഞ്ച് മിനിറ്റ് കുളിച്ചാൽ അൻപത് ലീറ്റർ വരെ വെള്ളം വേണ്ടി വരും. ബക്കറ്റിലാണ് കുളിക്കുന്നതെങ്കിൽ ഇരുപത് ലീറ്റർ വെള്ളമേ വേണ്ടി വരൂ.

∙ കാർ, നിലം ഇവ കഴുകുന്നതിനും അടുക്കളത്തോട്ടം നനക്കുന്നതിനും േഹാസിനു പകരം ബക്കറ്റിൽ വെള്ളമെടുക്കുന്നതാണ് നല്ലത്. അഞ്ച് മിനിറ്റ് േഹാസ് ഉപയോഗിച്ചു െചടി നനച്ചാൽ അൻപത് ലീറ്റർ വെള്ളം ചെലവാകും. ചെടി നനക്കുന്ന വാട്ടറിങ് കാൻ ഉപയോഗിച്ചാൽ അഞ്ച് ലീറ്റർ മാത്രമേ ചെലവാകു. േഹാസ് ഉപയോഗിച്ചു പത്ത് മിനിറ്റ് കാർ കഴുകിയാൽ നൂറു ലീറ്റർ വെള്ളം വേണ്ടി വരും. ബക്കറ്റിലാണെങ്കിൽ ഇരുപത് ലീറ്റർ വെള്ളമേ വേണ്ടി വരൂ.

∙ ഉപയോഗിച്ച വെള്ളം മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി പുനരുപയോഗിക്കാം. പാത്രം കഴുകിയ വെള്ളം അടുക്കളത്തോട്ടം നനക്കാൻ ഉപയോഗിക്കാം.

∙ ടാപ്പ്, ഫ്ലഷ് ഇവ കേടായാൽ വെള്ളം  പാഴാകാനിടയുണ്ട്. കഴിയുന്നതും െപട്ടെന്ന് തകരാർ പരിഹരിക്കണം.

Tags:
  • Vanitha Veedu