Thursday 28 December 2023 10:36 AM IST

പ്രകൃതിഭംഗിയുടെ നടുവിൽ 25 ലക്ഷത്തിന് വീട്; ആരും കൊതിക്കും ഇങ്ങനെയൊരു വീട്

Sreedevi

Sr. Subeditor, Vanitha veedu

nan1

ഇരുവശവും വയൽ, പിന്നിലൊരു തോട്, തെങ്ങിൻ തോപ്പിനുള്ളിൽ വയ്ക്കുന്ന വീട്ടിൽ താമസിക്കുന്നവർക്ക് ഈ സൗഭാഗ്യങ്ങളെല്ലാം അനുഭവിക്കാനാകണം എന്ന് പ്ലോട്ട് കണ്ടപ്പോഴേ ആർക്കിടെക്ട് നന്ദകിഷോർ നിശ്ചയിച്ചിരുന്നു. മിനിമലിസ്റ്റിക് ഡിസൈൻ ആകണം, വീടിന്റെ നിറം വെള്ളയാകണം. ഇതു രണ്ടുമായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യങ്ങൾ. ഇതു മനസ്സിൽ വച്ച്, വീടിനുള്ളിൽ കാറ്റും വെളിച്ചവും കാഴ്ചയും നിറച്ചാണ് വീട് ഡിസൈൻ ചെയ്തത്. കൃത്യമായി പ്ലാൻ ചെയ്തതു മൂലം 25 ലക്ഷത്തിന് വീട് പൂർത്തിയാക്കാനായി.

വലിയ ജനലുകൾ, ജാളികൾ... പുറത്തെ പച്ചപ്പിലേക്കുള്ള കാഴ്ചയാണ് ഇവിടെ മുഖ്യമായി പരിഗണിച്ചത്. അതേസമയം സൗകര്യങ്ങൾക്കോ സ്വകാര്യതയ്ക്കോ കോട്ടംതട്ടാത്ത വിധത്തിൽ ഓപ്പനിങ്ങുകൾ ക്രമീകരിക്കുകയും ചെയ്തു.

nan2

പകൽ കൃത്രിമവെളിച്ചം പാടേ ഒഴിവാക്കണം എന്നതായിരുന്നു മറ്റൊരു ലക്ഷ്യം. എല്ലാ മുറികളിലും വലിയ ജനാലകൾ നിർമിച്ചു. ബാൽക്കണികൾ, ജാളികൾ ഇതെല്ലാം ഇതേ ഉദ്ദേശ്യത്തിലാണ് ഉൾപ്പെടുത്തിയത്. മുകളിലെ കോറിഡോറിൽ സൂര്യപ്രകാശം അകത്തേക്കു കടത്തിവിടുന്ന ഒരു സൺലിറ്റുണ്ട്. കാറ്റും വെളിച്ചവും മാത്രമല്ല, അകത്തളത്തിന് പ്രസന്നഭാവം ലഭിക്കാനും ഇതെല്ലാം സഹായകരമായി.

ജനലുകൾ യുപിവിസി കൊണ്ട്. ഡൈനിങ്ങിലും കിടപ്പുമുറിയിലുമുള്ള ജനാലപ്പടികൾ ഇൻബിൽറ്റ് ഇരിപ്പിടങ്ങളാക്കി. താരതമ്യേന ചെറിയ മുറികളിൽ ഫർണിച്ചർ നിറച്ച് സഞ്ചാര സ്വാതന്ത്ര്യം കുറയാതിരിക്കാൻ കൂടിയാണ് ഇത്തരത്തിൽ ഇരിപ്പിടങ്ങൾ നിർമിച്ചത്.

nan3

ഭിത്തികൾക്കെല്ലാം വെള്ള നിറമാണ്. ഡൈനിങ്ങിൽ ഒരു ഭിത്തി ഗ്രേ നിറത്തിൽ ഹൈലൈറ്റ് ചെയ്തത് മാത്രമാണ് ഇതിനൊരപവാദം. ടൈലും വെള്ളയോടു ചേർന്ന ചാരനിറത്തിലുള്ളതു തിരഞ്ഞെടുത്തു. ഫർണിച്ചർ വീടിന്റെ ഡിസൈനോടു ചേരുന്ന വിധത്തിൽ നിർമിച്ചതാണ്. ചെങ്കല്ല് കൊണ്ടു നിർമിച്ച, ഇൻ‌ബിൽറ്റ് കട്ടിലുകൾ ചെലവു കുറച്ചുവെന്നു മാത്രമല്ല, സ്റ്റോറേജ് സ്പേസ് വർദ്ധിപ്പിക്കുകയും ചെയ്തു.

nan4

ഓപ്പൻ ആണെങ്കിലും വീട്ടുകാരുടെ സ്വകാര്യതയ്ക്ക് വളരെയധികം പ്രാധാന്യം നൽകിയ പ്ലാൻ കൂടിയാണിത്. സിറ്റ്ഔട്ടിൽ നിന്ന് ലിവിങ് റൂമിലേക്ക് കയറി, അവിടെ നിന്ന് ഒരു ഇടനാഴിയിലേക്കു കടക്കുന്ന വിധത്തിലാണ് പ്ലാൻ. ഗോവണിയും കിടപ്പുമുറിയും വർക്‌ഏരിയയുമെല്ലാം ഈ ഇടനാഴിക്കു ചുറ്റും ക്രമീകരിച്ചിരിക്കുന്നു. അടുക്കളയിൽ നിന്ന് നേരിട്ട് വർക്ഏരിയയിലേക്കു പ്രവേശിക്കുക എന്ന പതിവും ഇവിടെ തെറ്റിച്ചു. വർക്ഏരിയ അടുക്കളയുടെ എതിർവശത്താണ്. ഇടനാഴി അവസാനിക്കുന്നത് അടുക്കളയും ഡൈനിങ് ഏരിയയും ചേർന്ന ഹാളിലാണ്. മുകളിലെ നിലയിലും ഒരു ഇടനാഴിക്കു ചുറ്റുമാണ് മുറികൾ. പ്രകൃതിഭംഗി ആസ്വദിക്കാൻ മുകളിലെ നിലയിൽ രണ്ട് ബാൽക്കണികൾ നൽകിയിട്ടുണ്ട്. ഗ്രാമീണാന്തരീക്ഷം നശിപ്പിക്കാതെ നിർമിച്ച വീടാണിതെന്നു പറയാം.

PROJECT FACTS:

AREA: 1770 Sqft

HOUSE OWNER: Unni & Vijisha

ARCHITECT: J.M.Nandakishor, Irayam Architecture Studio, Kasargod

Email: nandakishorarchitects@gmail.com