Monday 21 May 2018 03:34 PM IST

ലിവിങ് റൂം മുതൽ അടുക്കള വരെ ഒറ്റ ഫ്രെയിമിൽ; അടുപ്പം കൂട്ടും ഓപ്പൺ സ്പേസാണ് പുത്തൻ ട്രെൻഡ്

Ammu Joas

Sub Editor

open-space3

ഭിത്തികളുടെ മറയില്ലാത്ത മുറികളും പ്രകൃതിയെ ചേർത്തു പിടിക്കുന്ന ഇന്റീരിയർ ശൈലിയുമാണ് ഇന്നത്തെ വീടിന് പ്രിയം..

പുറത്തുനിന്ന് വാതിൽ തുറന്ന് അകത്ത് എത്തിയാൽ പിന്നെ, ഒരു ലോകമല്ലേയുള്ളൂ. അപ്പോൾ അടുക്കളയിൽ നിന്നു കണ്ണെത്തുന്നിടത്ത് ഭർത്താവും കുട്ടികളുമുള്ളത് ഒന്നു സങ്കൽപിച്ചു നോക്കൂ. എത്ര സുന്ദരമായിരിക്കും അത്. കെട്ടിമറച്ചും അടച്ചുമൂടിയുമുള്ള അകത്തളങ്ങളോട് പുതുതലമുറയ്ക്ക് അത്ര താൽപര്യമില്ല. ലിവിങ് റൂം മുതൽ കഴിയുമെങ്കിൽ അടുക്കള വരെ ഒരേ ഒഴുക്കോടെ ചെന്നെത്താനാകുന്ന ഓപ്പൺ ആൻഡ് ഫ്ലോയി ഇന്റീരിയറുകളാണ് പുത്തൻ ട്രെൻഡ്. ഓപ്പണ്‍ സ്പേസ് ഫ്ലോർ പ്ലാൻ തയാറാക്കും മുൻപ് ഇക്കാര്യങ്ങൾ അറിയാം.

ഓപ്പൺ സ്പേസിന് ഗുണങ്ങളേറെ

∙  സ്വകാര്യതയില്ല എന്നതാണ് ഓപ്പൺ ഇന്റീരിയറിനെ ഉൾക്കൊള്ളുന്നതിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുന്ന കാര്യം. എന്നാൽ വേണ്ട സ്വകാര്യത ഉറപ്പാക്കാമെന്നു മാത്രമല്ല, മനസ്സ് തുറന്ന് സന്തോഷിക്കാനുള്ള ഇടം കൂടിയാണ് ഓപ്പൺ ഇന്റീരിയർ നൽകുന്നത്.

∙ വീട്ടിലെത്തിയാൽ ഓരോ തിരക്കുകളുമായി കുടുംബാംഗങ്ങൾ പല ലോകങ്ങളായി മാറുന്നത് ഒഴിവാക്കാം. ഇതിന് ഓപ്പൺ സ്പേസ് നൽകുന്ന അടുപ്പത്തിന്റെ ഗുണം ഒന്നു വേറെ തന്നെ. കണ്ണും കാതും എത്തുന്നിടത്ത് വീട്ടിലുള്ള എ ല്ലാവർക്കും സമയം ചെലവിടാനാകുമ്പോൾ ആശയവിനിമയത്തിന് സാധ്യത കൂടുന്നതിനൊപ്പം സ്നേഹവും അടുപ്പവും വർധിക്കും.

∙ അടുക്കള ജോലിക്കിടെ മക്കളെ ഹോംവർക്ക് ചെയ്യാൻ സ ഹായിക്കാനും ടിവിയിലെ ഇഷ്ട പ്രോഗ്രാമിലേക്ക് എത്തി നോക്കാനും അവസരം കിട്ടുന്നതിനെ കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അപ്പോൾ വീട്ടുജോലിയുടെ വിരസതയും മാറും. അടുക്കളയെന്ന തുരുത്തില്‍ അകപ്പെട്ടതു പോലെയും തോന്നില്ല.

ഇടവും പ്രയോജനവും കൂട്ടാം

∙ വീടിനുള്ളിലെ സ്ഥലം പരമാവധി പ്രയോജനപ്പെടുത്താനാകും എന്നതാണ് ഓപ്പൺ ഇന്റീരിയറിന്റെ മറ്റൊരു ഗുണം. ഫർണിച്ചറുകളുടെ സ്ഥാനവും ക്യൂരിയോസുമെല്ലാം ഇടയ്ക്കിടെ മാറ്റി പരീക്ഷിക്കാൻ ഓപ്പൺ ഇന്റീരിയർ നൽകുന്ന സ്വാതന്ത്ര്യം വലുതാണ്.

∙ അകത്തളങ്ങളിൽ വേണ്ടത്ര വെളിച്ചവും കാറ്റും സുഗമമായി ലഭിക്കും ഓപ്പൺ ഇന്റീരിയറിൽ. ഭിത്തികളും വാതിലുകളും തടസ്സപ്പെടുത്താനില്ലാത്തതിനാൽ വീടിനുള്ളിലെ വായുസഞ്ചാരം കൂടും. അതുകൊണ്ട് ഓപ്പൺ അകത്തളങ്ങളിൽ എപ്പോഴും ഫ്രഷ്നെസ്സ് നിറഞ്ഞു നിൽക്കും.

∙ ചെറിയ വീടുകൾക്കാണ് ഓപ്പൺ സ്പേസിന്റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുന്നത്. ഒരു ഭിത്തി തീർക്കാൻ ഏകദേശം നാല് ഇഞ്ച് സ്ഥലം വേണം. ഈ സ്ഥലം ലാഭിക്കുമ്പോൾ ഗുണങ്ങൾ പലതാണ്. ഭിത്തികൾ തീർക്കുമ്പോൾ വരുന്ന സ്ഥല പരിമിതി കൊണ്ട് ചെറിയ മു റികൾ കൂടുതൽ ഇടുങ്ങിയതായി തോന്നും. ഓപ്പൺ ഇന്റീരിയറിൽ ചെറിയ ഉള്ളളവുകളുള്ള വീടിനു പോലും വിശാലത തോന്നുന്നത് ഇതുകൊണ്ടാണ്.

ഓപ്പൺ ആക്കാം ഈസിയായി

∙ വീടു പണിയുമ്പോൾ ഓപ്പൺ ഇന്റീരിയർ ഉൾപ്പെടുത്തുന്നതിനു വേണ്ടി എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയിട്ട് കാര്യമില്ല.  കൃത്യമായ പ്ലാനിങ്ങും വിദഗ്ധ ഉപദേശവും തേടിയ ശേഷം മാത്രമേ ഇവ നടപ്പാക്കാവൂ. ഭൂമിയുടെ ചെരിവ്, ചുറ്റുമുള്ള മ രങ്ങളുടെയും കെട്ടിടങ്ങളുടെയും സ്ഥാനം പരിഗണിച്ചുള്ള കാറ്റിന്റെ ദിശ മനസ്സിലാക്കൽ, സൂര്യപ്രകാശം കൂടുതൽ കടന്നു വരുന്ന ദിക്ക്, വീടിന്റെ സുരക്ഷിതത്വം എന്നു തുടങ്ങി ഓപ്പൺ ഏരിയയിലേക്ക് അയൽവീടുകളിൽ നിന്ന് നേരിട്ട് നോട്ടമെത്തുമോ എന്നതു വരെ ഇക്കാര്യത്തിൽ ഗൗരവമായി പരിഗണിക്കണം.

∙ പകൽ സമയത്ത് ഏറ്റവും കൂടുതൽ സൂര്യപ്രകാശവും ചൂടുമേൽക്കുന്ന ഭാഗത്ത് ഓപ്പണിങ് നൽകുന്നത് ബുദ്ധിപരമല്ല. കാറ്റിന്റെ ഒഴുക്കിന് അനുസരിച്ച് തടസമില്ലാതെ ചൂടുവായു ഉള്ളിലേക്ക് പ്രവഹിച്ച് വീടിനകം മുഴുവൻ ചൂടാകാനേ ഇത് ഉപകരിക്കൂ. എപ്പോഴും തണുത്ത കാറ്റു കിട്ടുന്ന വേണ്ടത്ര വെളിച്ചമുള്ള എന്നാൽ അധികം ചൂട് ഉള്ളിലേക്ക് പ്രവഹിപ്പിക്കാത്ത ഇടം ഓപ്പണിങ് ആക്കുന്നതാണ് നല്ലത്.

∙ ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഒറ്റ യൂണിറ്റാ യി വരുന്ന ശൈലിയാണ് മിക്ക വീടുകളും ഓപ്പൺ ഇന്റീരിയ റിൽ പരീക്ഷിക്കുക. അതിഥി മുറിയും കുട്ടികളുടെ പഠന ഏ രിയയും അടുക്കളയും ഒരുമിച്ച് വരുമ്പോൾ ജോലികളുടെ ഒ ഴുക്കിനൊപ്പം അംഗങ്ങളുടെ പങ്കാളിത്തവും സാധ്യമാകും.

∙അടുക്കള ഓപ്പൺ ആക്കുന്നതിനോട് താൽപര്യമില്ലാത്ത വീട്ടമ്മമാർക്കും ഓപ്പൺ ഇന്റീരിയർ പരീക്ഷിക്കാം. ഡൈനിങ്ങി ലേക്കു തുറക്കുന്ന ഓപ്പൺ കൗണ്ടറാണ് ഇതിനുള്ള വഴി. കുക്ക്ടോപ്പും വാഷിങ് സിങ്കുമൊന്നും ഡൈനിങ് ഏരിയയിൽ നിന്ന് കണ്ണെത്താത്ത വിധത്തിൽ ക്രമീരിക്കുമ്പോഴാണ് ഈ കൗണ്ടറിന് ഭംഗി കൂടുന്നത്.

open-space2

സ്വകാര്യത ഉറപ്പാക്കാം

∙ കൃത്യമായ പ്ലാനിങ്ങോടെ ചെയ്താൽ ഓപ്പൺ ഇന്റീരിയറിലും സ്വകാര്യത ഉറപ്പാക്കാം. സെമി പാർട്ടീഷനാണ് ഇതിനുള്ള ഒരു വഴി. മുഴുവൻ ഭിത്തികൾക്കു പകരം അരഭിത്തികളാണ് ഇ വിടെ ഉപയോഗിക്കുക.

∙ ഭംഗിയുള്ളതും എന്നാൽ ഉപയോഗപ്രദവുമാകുന്ന രീ തിയിൽ പാർട്ടീഷൻ വാൾ പണിതെടുക്കണം. വാളിനെ ക്യൂ രിയോസ് സ്റ്റാൻഡ് ആക്കാം. രണ്ടുവശത്തും ബീമുകൾ തീർ ത്ത് ഗ്ലാസ് തട്ടുകൾ നൽകി ക്യൂരിയോസ് വയ്ക്കാം. സ്പോട് ലൈറ്റിങ് കൂടി നൽകിയാൽ സ്വകാര്യതയും ഓപ്പൺ ലുക്കും കിട്ടും.

∙ ഫാമിലി ലിവിങ്ങിന്റെയോ ഡൈനിങ് ഏരിയയുടേയോ വശത്ത് ലൈബ്രറി വാൾ ഒരുക്കാം. അടച്ചു പണിയാതെ പല തട്ടുകൾ മാത്രം വയ്ക്കുക. ക്രോക്കറി ഷെൽഫ്, ലൈബ്രറി വാ ൾ എന്നിവ ഒരുക്കുമ്പോൾ അവ തള്ളി നീക്കാൻ കഴിയുന്ന ത രത്തിൽ വീലുകൾ പിടിപ്പിച്ചവയായാൽ ആവശ്യാനുസരണം മുറികളിൽ പാർട്ടീഷൻ തീർക്കാനാകും.  

∙ സിംപിൾ പാർട്ടീഷന്‍ തീർക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി ‍കർട്ടനാണ്. സ്വകാര്യത വേണ്ട അവസരങ്ങളിൽ കര്‍ട്ടൻ വിരിച്ചിടുകയും അല്ലാത്ത അവസരങ്ങളില്‍ മാറ്റിയിടുകയും ചെയ്യാം. ജാളി വയ്ക്കുന്നതും നല്ലതാണ്.

∙ ലിവിങ്  ഏരിയയും ഡൈനിങ് സ്പേസും എൽ ഷേപ്പിൽ തീ ർത്താൽ ഭിത്തികളുടെ മറയില്ലാത്ത എന്നാൽ സ്വകാര്യത ഒട്ടും നഷ്ടപ്പെടാത്ത ഓപ്പണ്‍ സ്പേസ് ഇത്തരത്തിൽ ഒരുക്കാം.

പ്രകൃതിയെ ഒപ്പം കൂട്ടാം

∙ വ്യത്യസ്തമായ ഓപ്പൺ സ്പേസ് സ്വപ്നം കാണുന്നവർക്ക് വഴികളേറെയുണ്ട്. ലിവിങ്ങും ഡൈനിങ്ങും ഒരേ യൂണിറ്റാക്കി അടുക്കളയ്ക്ക് സ്വകാര്യത നൽകാം. പകരം ഡൈനിങ്ങിൽ മുറ്റത്തേക്ക് തുറക്കുന്ന പാറ്റിയോ പണിയാം. ചെറിയ ഇരിപ്പിടവും ലാൻഡ്സ്കേപ്പും നൽകി ഇവിടം മനോഹരമാക്കാം. കാറ്റും വെളിച്ചവും ചാറ്റൽ മഴയും ഡൈനിങ്ങിലേക്കു വിരുന്നു വന്നോട്ടെ.

∙ മിക്കവരും ഡൈനിങ് റൂമിന്റെ എക്സ്റ്റൻഷൻ ആയാണ് പാറ്റിയോ ഒരുക്കുന്നത്. ഇടയ്ക്കുള്ള പാർട്ടീഷൻ തുറന്നിട്ടാൽ ഒരു വലിയ ഡൈനിങ് സ്പേസ് ആയി ഉപയോഗിക്കാം എന്നതാണ് ഗുണം. ഇങ്ങനെ തീർക്കുന്ന പാറ്റിയോയിൽ ഫ്ലോറിങ് ഒരേ തരത്തിലും നിറത്തിലുമുള്ളവയാകണം.

∙ പ്രകൃതിയെ കൂട്ടു പിടിക്കാൻ വഴികൾ തേടുമ്പോൾ അവ പ്രായോഗികമാക്കാൻ ശ്രദ്ധിക്കണം. വെറുതേ സ്ഥലം കളയാതെ ആ ഭാഗം ഇരിപ്പിടമാക്കിയോ കുട്ടികളുടെ പ്ലേ ഏരിയയായോ റീഡിങ് സ്പേസായോ ഒക്കെ മാറ്റണം.

∙ അടുക്കളയും ഡൈനിങ്ങും തമ്മിൽ വേർതിരിക്കാൻ അടുക്കളത്തോട്ടമായാലോ? അല്ലെങ്കിൽ ലിവിങ് ഏരിയയെയും ഡൈനിങ് ഏരിയയെയും വേർതിരിക്കാൻ ഭിത്തിക്കു പകരം അവിടെയൊരു കോർട്‌യാർ‌ഡ് പണിതാലോ? ഇത്തരത്തിൽ കോർട്‌യാർഡിനെ പാർട്ടീഷൻ ആക്കി മാറ്റാം.

∙ മുറികളിൽ നിന്ന് ബാൽക്കണിയോ വരാന്തയോ ചെയ്തെടുക്കാം. ഇവിടെ ഗ്ലാസ് ഡോർ വയ്ക്കാം. വെളിച്ചം ഉള്ളിലെത്തുന്ന എന്നാൽ ചൂട് അധികമെത്താത്ത ഗ്ലാസ് ഉപയോഗിക്കാം. കർട്ടനിടാനും മറക്കേണ്ട.

open-space1

വിവരങ്ങൾക്കു കടപ്പാട്: ഡോ. ജാനിസ് നഹാ സജിദ്, ഇന്റീരിയര്‍ ഡിസൈനർ, 360 ഡിഗ്രി ഡിസൈൻ, കോഴിക്കോട്