Monday 17 January 2022 04:10 PM IST : By സ്വന്തം ലേഖകൻ

ഇനി ധൈര്യമായി പഴയ വീടിനു മുകളിൽ രണ്ടാംനില പണിയാം: പ്രീ ഫാബ് സ്റ്റീൽ ഫ്രെയിം രംഗത്തെത്തി

steel6

പഴയ വീടുകളുടെ, പ്രത്യേകിച്ച് അടിത്തറയ്ക്ക് ഉറപ്പു കുറവുള്ള വീടുകളുടെ മുകളിൽ മുറികൾ പണിയുന്നതിനുള്ള മാർഗമാണ് പ്രീഫാബ് ഗാൽവനൈസ്ഡ് സ്റ്റീൽ സ്ട്രക്ചർ. താഴത്തെ നിലയുടെ മുകളിൽ കട്ടകെട്ടിയും കോൺക്രീറ്റ് ചെയ്തും മുറി പണിയുന്നതിനു പകരം ‘കോൾഡ് ഫോംഡ് സ്റ്റീൽ ഫ്രെയിം’ (Cold formed steel frame) ഉപയോഗിച്ച് മുകൾനില നിർമിക്കുന്ന രീതിയാണിത്. ഭാരം കുറഞ്ഞതും എന്നാൽ ഉറപ്പിനും ബലത്തിനും കുറവില്ലാത്തതുമായ പ്രത്യേകതരം ഗാൽവനൈസ്ഡ് സ്റ്റീലാണ് ഇതിനുപയോഗിക്കുക. സ്റ്റീൽ ഭാഗങ്ങളൊന്നും പുറത്തുകാണാത്ത വിധത്തിലാണ് നിർമാണം എന്നതിനാൽ പൂർത്തിയാകുമ്പോൾ സാധാരണ കെട്ടിടം പോലെ തോന്നിക്കുകയും ചെയ്യും.

steel3
പ്രീഫാബ് സ്റ്റീൽ ഫ്രെയിം

മുൻകൂട്ടി തയാറാക്കിയ ഡിസൈൻ അനുസരിച്ച് ഒട്ടുമിക്ക ഭാഗങ്ങളും ഫാക്ടറിയിൽ തന്നെ തയാറാക്കുകയും ട്രെയിലറിൽ സൈറ്റിലെത്തിച്ച് കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് പ്രീ ഫാബ് സ്റ്റീൽ സ്ട്രക്ചറിന്റെ കാര്യത്തിൽ പിന്തുടരുന്നത്. അതിനാൽ വേഗത്തിൽ വീടുനിർമാണം പൂർത്തിയാകും.

steel 1
ഫൈബർ സിമന്റ് ബോർഡ് ഉപയോഗിച്ചുള്ള ചുമരുകൾ

നിലവിലുള്ള കെട്ടിടത്തിന്റെ ഉറപ്പും ബലവും പരിശോധിച്ച ശേഷമാണ് മുകളിലെ നിലയുടെ ഡിസൈൻ തീരുമാനിക്കുക. പുതിയ കെട്ടിടത്തിന്റെ വലുപ്പത്തിനും ഭാരത്തിനും അനുസൃതമായി സ്റ്റീൽ ഫ്രെയിമിന്റെ അളവും കനവും നിശ്ചയിക്കും. വാതിൽ, ജനൽ തുടങ്ങിയവയുടെ സ്ഥാനം, ഇലക്ട്രിക്കൽ – പ്ലമിങ് പോയിന്റുകൾ, മേൽക്കൂരയിൽ ഉപയോഗിക്കുന്ന മെറ്റീരിയൽ എന്നിവയെല്ലാം നിശ്ചയിച്ച് കെട്ടിടത്തിന്റെ സ്ട്രക്ചറൽ ഡ്രോയിങ്, ഇന്റീരിയർ ലേഔട്ട് എന്നിവ തയാറാക്കിയ ശേഷമാണ് നിർമാണം ആരംഭിക്കുക.

steel 2
സ്റ്റീൽ പ്ലേറ്റ് കൊണ്ടുള്ള ‘ ഔട്ടർ പ്ലാറ്റ്ഫോം’

നിലവിലുള്ള കെട്ടിടത്തിന്റെ ടെറസിൽ സ്റ്റീൽ പ്ലേറ്റ് കൊണ്ടുള്ള ‘ ഔട്ടർ പ്ലാറ്റ്ഫോം’ നിർമിക്കുകയാണ് ആദ്യപടി. ബീം ഉള്ള കെട്ടിടങ്ങളിൽ അതിനു നേരെ മുകളിൽ വരുന്ന വിധമായിരിക്കും പ്ലാറ്റ്ഫോം പിടിപ്പിക്കുക. ആങ്കർ ബോൾട്ട് ഉപയോഗിച്ച് സ്ക്രൂ ചെയ്തു പിടിപ്പിക്കുകയാണ് ചെയ്യുന്നത്.

steel5
ഫൈബർ സിമന്റ് ബോർഡ് ഉറപ്പിച്ച് ചുമര് നിർമിക്കുന്നു

പ്ലാറ്റ്ഫോമിനുള്ളിൽ വരുന്ന സ്ഥലത്ത് ഫൈബർ സിമന്റ് ബോർഡ് ഉറപ്പിച്ച ശേഷം അതിനു മുകളിൽ ഫോം കോൺക്രീറ്റ് ചെയ്താണ് തറയൊരുക്കുന്നത്. സാധാരണപോലെ ടൈലോ, ഗ്രാനൈറ്റോ ഇവിടെ വിരിക്കാം. ഫോം കോൺക്രീറ്റിനു മുകളിൽ ഫ്ലോറിങ് ചെയ്യുന്നതിനാൽ ഇളക്കമോ നടക്കുമ്പോൾ ശബ്ദമോ ഉണ്ടാകില്ല.

steel4
സ്റ്റീൽ ഫ്രെയിം

പ്ലാറ്റ്ഫോമിലെ സ്റ്റീൽ പ്ലേറ്റിൽ സ്ക്രൂ ചെയ്ത് ഉറപ്പിക്കുന്ന സ്റ്റീൽ ചാനലുകളിലാണ് ഭിത്തി പിടിപ്പിക്കുക. ഇതിനു മുകളിൽ സ്റ്റീലിന്റെ തന്നെ റണ്ണർ അല്ലെങ്കിൽ ജോയ്സ്റ്റ് ബീം നൽകി അതിൽ സ്റ്റീൽ ട്രസ്സ് പിടിപ്പിച്ച് മേൽക്കൂരയും നിർമിക്കും.

സ്റ്റീൽ ചാനലിൽ ഫൈബർ സിമന്റ് ബോർഡ് പോലെയുള്ള പാർട്ടീഷൻ മെറ്റീരിയൽ സ്ക്രൂ ചെയ്ത് ഉറപ്പിച്ചാണ് ഭിത്തി നിർമിക്കുക. ചാനൽ ഉളളിൽ വരുംവിധം രണ്ട് വശത്തും ഫൈബർ സിമന്റ് ബോർഡ് നൽകും. ഇതിനുള്ളിൽ പഞ്ഞി പോലെയുള്ള ‘പോളിയസ്റ്റർ വാഡിങ്’ (Polyester Wadding) നിറയ്ക്കുന്നതിനാൽ ചൂട് കുറയുകയും ശബ്ദനിയന്ത്രണം സാധ്യമാകുകയും ചെയ്യും.

സിമന്റ് ബോർഡുകൾക്കുള്ളിലൂടെയാണ് വയറിങ് ചെയ്യുന്നത്. കേബിളുകൾ പുറത്തുകാണില്ല. വയറിങ് ലേ ഔട്ട് പ്രകാരം സുഷിരങ്ങളിട്ടാണ് ചാനലുകൾ എത്തിക്കുക. വാതിലും ജനലും സ്റ്റീൽ ചാനലിൽ ഉറപ്പിക്കും.

സ്ക്വയർ ട്യൂബ് ഉപയോഗിച്ചു നിർമിച്ച സ്റ്റീൽ ട്രസ്സിൽ ഓടോ ഷീറ്റോ മേയുന്ന രീതിയിലായിരിക്കും മേൽക്കൂര. സ്ളോപ് റൂഫ്, ഫ്ലാറ്റ് റൂഫ് ഇവയിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. കെട്ടിടത്തിന് പഴക്കം കൂടുതലാണെങ്കിൽ ഭാരം കുറഞ്ഞ ‘അൾട്രാ ലൈറ്റ് വെയ്റ്റ് റൂഫിങ് ഷീറ്റ്’ ഉപയോഗിക്കും.

steel7
പ്രീഫാബ് സ്റ്റീൽ ഫ്രെയിം ഉപയോഗിച്ച് നിർമിച്ച മുകൾനില

വേണമെങ്കിൽ ഫോൾസ് സീലിങ് നൽകാം. ഇതു ചൂടു കുറയ്ക്കാനും സഹായിക്കും. ഉറപ്പുള്ള കെട്ടിടമാണെങ്കിൽ മുകൾനില സാധാരണപോലെ തന്നെ കോൺക്രീറ്റ് ചെയ്യാനുമാകും. ഉറപ്പ്, ഭംഗി, സൗകര്യങ്ങൾ എന്നിവയ്ക്കൊന്നും കുറവില്ല എന്നതാണ് ‘പ്രീ ഫാബ് സ്റ്റീൽ സ്ട്രക്ചർ’ രീതിയിൽ നിർമിക്കുന്ന കെട്ടിടങ്ങളുടെ പ്രത്യേകത. വളരെ വേഗം വീടുപണി പൂർത്തിയാക്കുകയും ചെയ്യാം. ആവശ്യമെങ്കിൽ പൂർണമായും അഴിച്ചെടുത്ത് പുനരുപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്.

സിഎൻസി പ്രക്രിയ വഴി നിർമിക്കുന്ന ഗാൽവനൈസ്ഡ് സ്റ്റീൽ ഉപയോഗിച്ചാണ് ഫ്രെയിം നിർമിക്കുന്നത്. സാധാരണ രീതിയിൽ വെൽഡ് ചെയ്താണ് സ്റ്റീൽ ട്യൂബുകൾ തമ്മിൽ യോജിപ്പിക്കുന്നത്. എന്നാൽ, സ്ക്രൂ ഉപയോഗിച്ച് പരസ്പരം യോജിപ്പിക്കാം എന്നതാണ് ഗാൽവനൈസ്ഡ് സ്റ്റീലിന്റെ പ്രത്യേകത. സമാന വലുപ്പമുള്ള കോൺക്രീറ്റ് സ്ട്രക്ചറിന്റെ അഞ്ചിലൊന്ന് ഭാരമേ പ്രീഫാബ് സ്റ്റീൽ സ്ട്രക്ചറിനുണ്ടാകൂ. ഉറപ്പിനും ബലത്തിനും ഒട്ടും കുറവുണ്ടാകുകയുമില്ല. സിങ്ക്, അലുമിനിയം, മഗ്‌നീഷ്യം എന്നിവ ചേർത്ത് നിർമിക്കുന്ന ഗാൽവനൈസ്ഡ് സ്റ്റീൽ തുരുമ്പിക്കില്ല എന്ന പ്രത്യേകതയുമുണ്ട്.

പ്രധാന ഭാഗങ്ങളെല്ലാം ഫാക്ടറിയിൽ നിർമിക്കുന്നതിനാൽ സാധനങ്ങൾ സൈറ്റിലെത്തിച്ചു കഴിഞ്ഞാൽ വളരെ വേഗം വീടുപണി പൂർത്തിയാക്കാനാകും. ജോലിക്കാരും കുറച്ചുമതി. ചതുരശ്രയടിക്ക് 1,600– 1,700 രൂപയാണ് പ്രീഫാബ് ഗാൽവനൈസ്ഡ് സ്റ്റീൽ സ്ട്രക്ചർ നിർമിക്കുന്നതിനുള്ള ഏകദേശ ചെലവ്. പെയിന്റിങ്, വയറിങ്, ഫോൾസ് സീലിങ് എന്നിവയെല്ലാം അടക്കമുള്ള ചെലവാണിത്.

വിവരങ്ങൾക്കു കടപ്പാട്: എഡ്ജ് നിയോടെറിക് ബിൽഡേഴ്സ്, കുട്ടനെല്ലൂർ, തൃശൂർ

Tags:
  • Design Talk