നമ്മളിൽ പലരും ബാക്കി വരുന്ന ആഹാര സാധനങ്ങൾ ഫ്രിഡ്ജിൽ വച്ചതിനു ശേഷം പിറ്റേന്നു ചൂടാക്കി കഴിക്കുന്നവരാണ്. അല്ലെങ്കിൽ കുറച്ചു ദിവസത്തേയ്ക്ക് ഉള്ളത് ഒന്നിച്ചു തയാറാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കും. എന്നാൽ ഇത് ശരിയോ തെറ്റോ എന്നത് ഇന്നും തർക്കം നേരിടുന്ന ചോദ്യമാണ്. ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നതു കൊണ്ട് പല തരത്തിലുള്ള അസുഖങ്ങൾ പിടിപ്പെടാന്‍ സാധ്യതയുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഇവ ഒഴിവാക്കാം. അവ എന്തൊക്കെ എന്നു നോക്കാം
∙തയാറാക്കുന്ന ആഹാരം ബാക്കി വരും എന്നും തോന്നിയാൽ തയാറാക്കി രണ്ടു മണിക്കൂറിനുള്ളിൽ തന്നെ അവ ഫ്രിഡ്ജിൽ വയ്ക്കണം.
∙ഫ്രിഡ്ജിൽ നിന്നും എടുത്താല്‍ ഉടൻ തന്നെ ചൂടാക്കുക. അധികം സമയം പുറത്തു വയ്ക്കുന്നതും നന്നല്ല. ഇത് ബാക്ടീരിയ പെരുകാൻ കാരണമാകും.
∙ഉരുളക്കിഴങ്ങ്, കൂൺ എന്നിവ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കരുത്. ഇവയിൽ വളരുന്ന ബാക്ടീരിയ വളരെ വേഗം പെരുകും. ഇതു ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുകയും ചെയ്യും.
∙ഇലക്കറികൾ ഫ്രിഡ്ജിൽ വച്ചു കഴിക്കുന്നതും നന്നല്ല. ഇവ അതതു ദിവസം തന്നെ കഴിക്കുന്നതാണ് ഉത്തമം. വീണ്ടു വീണ്ടും ചൂടാക്കി കഴിക്കുന്നതിലൂടെ ഇവയിലെ ഗുണങ്ങൾ നഷ്ടപ്പെടുന്നു.
∙ഫ്രിഡ്ജിൽ നിന്നും എടുക്കുന്ന ഭക്ഷണങ്ങൾ അല്പം വെള്ളം തളിച്ചതിനു ശേഷം വേണം മൈക്രോവേവ് അവ്നിൽ വച്ചു ചൂടാക്കാൻ. ഇത് അവയിലെ ഈർപ്പം നഷ്ടപ്പെടാതെ കാക്കുന്നു.
∙ഭക്ഷണ സാധനങ്ങൾ കൂടുതൻ തയാറാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കണം എങ്കിൽ ചെറിയ പാത്രങ്ങളിലാക്കി ഓരോ ദിവസത്തേയ്ക്കുള്ളത് വെവ്വേറെ വയ്ക്കുക. ഇവ ഒരിക്കൽ ചൂടാക്കിയാൽ അന്നു തന്നെ തീർക്കാനും ശ്രദ്ധിക്കണം.
∙ഇറച്ചിയും മീനും ഇങ്ങനെ ചെറിയ പായ്ക്കറ്റുകളാക്കി വയ്ക്കുന്നതാണ് ഉത്തമം.
∙തൈരും തൈരു ചേർത്ത കറികളും ചൂടാക്കാതെ കഴിക്കുന്നതാണ് നല്ലത്
∙ചൂടാക്കുമ്പോൾ നല്ല ചൂടിൽ കുറഞ്ഞത് അഞ്ചു മിനിറ്റ് എങ്കിലും ചൂടാക്കണം.