വിദേശത്ത് താമസമാക്കിയ ജലീൽ പള്ളിപ്പറമ്പിലും കുടുംബവും നാട്ടിലേക്കു മടങ്ങണം എന്ന ഉദ്ദേശ്യത്തിലാണ് തിരൂരിൽ വീടുപണിയുന്നത്. അതിഥികളെ പ്രോത്സാഹിപ്പിക്കുന്ന കുടുംബമായതിനാലും ബന്ധുക്കളെല്ലാം അടുത്തു തന്നെ താമസിക്കുന്നതിനാലും വീട്ടിൽ ഒത്തുചേരാനുള്ള ഇടങ്ങൾ വേണമെന്നത് വീട്ടുകാരുടെ ആവശ്യമായിരുന്നു. താഴത്തെ നിലയിൽ മൂന്ന് കിടപ്പുമുറി വേണമെന്നും അവയ്ക്ക് സ്വകാര്യത വേണമെന്നും ഇവർക്ക് നിർബന്ധമായിരുന്നു.
ഈ ആവശ്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ആർക്കിടെക്ട് ഫൈറൂസ് വീട് രൂപകൽപന ചെയ്തത്. സിറ്റ്ഔട്ടിനോടു ചേർന്ന് കോർട്‌യാർഡ് നൽകിയതിനാൽ ഈ രണ്ടിടത്തുമായി ആളുകൾക്ക് ഒത്തുചേരാൻ സാധിക്കും. ഇതു കൂടാതെ, ഡൈനിങ് ഏരിയയിൽ നിന്ന് പുറത്തേക്ക് നൽകിയിട്ടുള്ള ‘ഡൈൻ ഔട്ട്’ സ്പേസിലും കുറച്ചധികം ആളുകൾക്കിരിക്കാൻ സാധിക്കും. ഇവിടെയിരുന്നും ഭക്ഷണം കഴിക്കാം.
ഊഞ്ഞാലും ചെറിയ വെള്ളച്ചാട്ടവുമെല്ലാമായി മനോഹരമാക്കിയതിനാൽ ഇവിടെ വൈകുന്നേരങ്ങളിൽ സമയം ചെലവിടാൻ വീട്ടുകാർക്ക് വളരെ ഇഷ്ടമാണ്. എല്ലായിടത്തുനിന്നും ഇവിടേക്കു കാഴ്ചയെത്തും വിധമാണ് രൂപകൽപന. ഡൈനിങ്ങിൽ നിന്ന് ഇവിടേക്ക് ഗ്ലാസ് വാതിൽ കൂടാതെ, സുരക്ഷയ്ക്കായി റിമോട്ട് കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഷട്ടറും നൽകിയിട്ടുണ്ട്. നിറയെ ദ്വാരങ്ങളുള്ള ‘പെർഫറേറ്റഡ്’ ഷട്ടർ ആയതിനാൽ വെളിച്ചം കടത്തിവിടും. കിടപ്പുമുറികളെല്ലാം നേർരേഖയിൽ നൽകി സ്വകാര്യത ഉറപ്പാക്കുകയും ചെയ്തു.
കന്റെംപ്രറി ശൈലിയിലാണ് വീടിന്റെ എക്സ്റ്റീരിയർ. വീട്ടുകാർക്ക് ‘കർവ്’ (curve) ഡിസൈൻ താൽപര്യമായതിനാൽ രണ്ട് കർവുകൾ പുറംകാഴ്ചയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത് വീടിന് വ്യത്യസ്തതയേകുന്നു.
വീടിനുള്ളിൽ രണ്ട് കോർട്‌യാർഡ് നൽകിയിട്ടുണ്ട്. ഒന്ന് ഫോയറിനോടു ചേർന്നും മറ്റൊന്ന് ഗോവണിയോടു ചേർന്നും. ലിവിങ്, ഡൈനിങ് ഏരിയകളെ തമ്മിൽ വേർതിരിക്കുന്ന ഘടകമായാണ് സ്റ്റെയർകെയ്സ് ഇവിടെ പ്രവർത്തിക്കുന്നത്. കോർട്‌യാർഡിനോടു ചേർന്നും സീറ്റിങ് നൽകിയിട്ടുണ്ട്. ഫാമിലി ലിവിങ്, സ്റ്റെയർ ഏരിയ എന്നിവിടങ്ങളിലായി ഏകദേശം 20 പേരെ ഉൾക്കൊള്ളിക്കാം.
ഫോയറിനോടു ചേർന്നുള്ള കോർട്‌യാർഡിലെ ക്ലാഡിങ് സ്റ്റോണിൽ ഇലയുടെ ഡിസൈൻ ആലേഖനം ചെയ്തിട്ടുണ്ട്. സ്റ്റെയർകെയ്സിനോടു ചേർന്നുള്ള കോർട്‌യാർഡിൽ ചെടികൾ വച്ചു ഭംഗിയേകി. ഇതിനു പിന്നിലായാണ് ബ്രേക്ഫാസ്റ്റ് കൗണ്ടർ വരുന്നത്. അടുക്കളയിൽനിന്ന് ഇതുവഴി മാസ്റ്റർ ബെഡ്റൂമിലേക്ക് നേരിട്ടെത്താനും സാധിക്കും. ഡൈനിങ് ഏരിയയിൽ അതിഥികളും മറ്റും ഉള്ളപ്പോൾ സ്വകാര്യതയ്ക്കായി ഈ മാർഗം അവലംബിക്കാം. ചൂട് കടത്തിവിടാത്ത ഗ്ലാസ് ആണ് ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്.
സന്ദർശകർക്ക് ഒത്തുചേരാനുള്ള സൗകര്യങ്ങൾക്കൊപ്പം വീട്ടുകാർക്ക് സ്വകാര്യതയേകുകയും വേണമായിരുന്നു. യുക്തിപൂർവമായ ഡിസൈനിങ്ങിലൂടെ ആ ലക്ഷ്യം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.
PROJECT FACTS
Area: 3675 sqft
Owner: ജലീൽ പള്ളിപ്പറമ്പിൽ & നസീമ
Location: പറവണ്ണ, തിരൂർ
Design: ഫൈറൂസ് ആർക്കിടെക്ട്സ്, എരമംഗലം, മലപ്പുറം fairoos.p@gmail.com