Tuesday 19 July 2022 04:02 PM IST : By സ്വന്തം ലേഖകൻ

തിളക്കവും പളപളപ്പുമില്ല; പക്ഷേ, ആരും ഇഷടപ്പെടും നാല് സെന്റിലെ ഈ വീട്

ഓ1

കോൺക്രീറ്റിന്റെ അതിപ്രസരം വേണ്ട; പ്രകൃതിദത്ത വസ്തുക്കൾ കൂടുതലായി ഉപയോഗിക്കണം. കോഴിക്കോട് മൂഴിക്കലിലെ ജാവേദും അസ്‌ലിയയും പുതിയ വീടിനെപ്പറ്റി ഡിസൈൻ ടീമിന് നൽകിയ ചിത്രമിതാണ്. വര - ലൈൻസ് ടു റിയാലിറ്റിയിലെ ഡിസൈനർ അഖില നെല്ലിക്കോടും കൂട്ടരും അത് അക്ഷരംപ്രതി പാലിച്ചു.

vara vara വീടിന്റെ എക്സ്റ്റീരിയറും ലിവിങ് – ഡൈനിങ് സ്പേസും

കരിങ്കല്ലും ചെങ്കല്ലും ഇഷ്ടികയും ചേർന്നുവരുന്ന ചുമരുകളും ഓക്സൈഡും കോട്ട സ്റ്റോണും ഭംഗി പകരുന്ന നിലവുമൊക്കെയായി സൗമ്യസുന്ദരമായൊരു വീടു തന്നെ അവർ ഡിസൈൻ ചെയ്തു നൽകി. വീട്ടുകാരുടെ മനോഗതം പോലെ വെട്ടിത്തിളങ്ങുന്ന പ്രതലങ്ങളൊന്നും പുതിയ വീട്ടിലില്ല. പ്രകൃതിയിൽ കാണുന്ന നിറങ്ങളും യാന്ത്രികത തോന്നിക്കാത്ത പരുപരുത്ത പ്രതലങ്ങളും മാത്രമേ ഇവിടുള്ളൂ. വീടാണ്, ‘ഷോപീസ്’ അല്ല എന്നതായിരുന്നു വീട്ടുകാരുടെയും ഡിസൈൻ ടീമിന്റെയും നിലപാട്.

vara9 ലിവിങ് സ്പേസ്

വെറും 4.1 സെന്റിലാണ് വീടു നിൽക്കുന്നത് എന്നതാണ് മുഖ്യ സവിശേഷത. മുറ്റത്തുണ്ടായിരുന്ന തേന്മാവ് നിലനിർത്തിയും ഒപ്പം രണ്ടു കാറും രണ്ട് ബൈക്കും പാർക്ക് ചെയ്യാനുള്ള സ്ഥലം ഒഴിച്ചിട്ടാണ് വീടിനു സ്ഥാനം കണ്ടത്. 1989 ചതുരശ്രയടിയാണ് വലുപ്പം.

vara6 അടുക്കള

സിറ്റ്ഔട്ട്, ലിവിങ് - ഡൈനിങ്, അടുക്കള, പാഷ്യോ, ഒരു കിടപ്പുമുറി എന്നിവ താഴത്തെ നിലയിലും രണ്ട് കിടപ്പുമുറികളും ഫാമിലി ലിവിങ്, യൂട്ടിലിറ്റി ഏരിയ എന്നിവ മുകൾനിലയിലും വരുന്നു.

vara5 മുകളിലെ ഫാമിലി ലിവിങ് സ്പേസ്. ഇവിടെ മേൽക്കൂര വാർത്തില്ല. ട്രസ്സ് റൂഫിൽ ഓടുമേഞ്ഞു.

കരിങ്കല്ല് കൊരുത്തുകെട്ടിയ ഭിത്തിയാണ് എക്സ്റ്റീരിയറിന്റെ ഹൈലൈറ്റ്. ഇതിനു നേരെ മുകളിൽ വരുന്ന ഭാഗത്ത് വയർകട്ട് ഇഷ്ടിക ഉപയോഗിച്ചു. കരിങ്കല്ലും ഇഷ്ടികയും തമ്മിലുള്ള ചേർച്ച വീടിന് പ്രത്യേക ഭംഗി നൽകുന്നു. വീട്ടുകാരുടെ താൽപര്യപ്രകാരം രണ്ടാംനിലയുടെ മേൽക്കൂര കോൺക്രീറ്റ് ചെയ്തിട്ടില്ല. ട്രസ്സ് പിടിപ്പിച്ച് അതിൽ ഓടുമേഞ്ഞ് മേൽക്കൂര ഒരുക്കി.

vara8 ജാവേദും അസ്‌ലിയയും ഡിസൈൻ ടീമിനൊപ്പം

ആദ്യത്തെ പുതുമ മായുമ്പോൾ മടുപ്പു തോന്നാത്ത എപ്പോഴും മനസ്സിനോട് ചേർന്നുനിൽക്കുന്ന വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജാവേദും അസ്‍ലിയയും

ചിത്രങ്ങൾ: സനക് സുരേന്ദ്രൻ

ഡിസൈൻ: വര - ലൈൻസ് ടു റിയാലിറ്റി, കോഴിക്കോട് projectsvara@gmail.com, സ്ഥലം: മൂഴിക്കൽ, കോഴിക്കോട്, വിസ്തീർണം: 1989 ചതുരശ്രയടി, ഉടമസ്ഥർ: ജാവേദ്  & അസ്‍ലിയ

Tags:
  • Architecture