Friday 29 April 2022 12:24 PM IST : By സ്വന്തം ലേഖകൻ

ഇത് ചരിഞ്ഞതാണോ അതോ ചരിഞ്ഞു പോയതാണോ? തെങ്കാശിയിലെ ‘തല തെറിച്ച’ വീടിന്റെ രഹസ്യം

tenkasi 1

സംശയിക്കേണ്ട.... ഇതൊരു വീടു തന്നെയാണ്. പേര് ‘കാസാ ഡി അബ്ദുള്ള’. സ്ഥലം തമിഴ്നാട്ടിലെ തെങ്കാശി.

കണ്ടാൽ വീടാണെന്നു തോന്നരുത്! നോക്കുന്നവർ ഒരു വട്ടം കൂടി നോക്കിപ്പോകണം! ഇതാണ് വീട്ടുകാരന്റെ ആവശ്യം. അപ്പോൾ പിന്നെ ആർക്കിടെക്ട് എന്തു ചെയ്യും. ഒന്നും നോക്കേണ്ട.... പൊളിച്ചടുക്കുക തന്നെ. തെങ്കാശിയിലെ ആർക്കിടെക്ട് സുബൈർ നൈനാരും അതേ ചെയ്തുള്ളൂ. സാഹാ ഹദീദ് എന്ന മാനസഗുരുവിനെ ധ്യാനിച്ച് ഒരു കാച്ചങ്ങ് കാച്ചി. എന്തായാലും തമിഴ്നാട്ടിലെ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുകയാണ് വെൽക്കം നഗർ ഹൗസിങ് ബോർഡ് കോളനിയിലുള്ള ഈ ഇരുനില വീട്.

‘ഡീകൺസ്ട്രക്ടിവിസം’ അഥവാ അപനിർമാണകലയുടെ സുൽത്താനയായിരുന്നു ആർക്കിടെക്ട് സാഹാ ഹദീദ്. പൊതുരീതികളെ പാടേ അ ട്ടിമറിക്കുന്ന, പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റുന്ന ആകൃതിയും ആകാരവുമാണ് ഡീകൺസ്ട്രക്ടിവിസത്തിന്റെ (deconstructivism) മുഖമുദ്ര. ഇതാണ് സുബൈർ നടപ്പിലാക്കിയതും. പുറത്തേക്ക് തള്ളിനിൽക്കുന്ന രണ്ട് ക്യൂബുകളാണ് വീടിന്റെ ഹൈലൈറ്റ്. ഇതിൽ ഒന്ന് ഇടത്തേക്കും അടുത്തത് വലത്തേക്കും ചരിഞ്ഞാണ് നിൽപ്. ഇത് ചരിഞ്ഞതാണോ അതോ ചരിഞ്ഞുപോയതാണോ എന്നൊന്നും കാണുന്നവന് പെട്ടെന്ന് പിടികിട്ടില്ല. എല്ലാം ഒന്നു മനസ്സിലാക്കി വരുമ്പോഴേക്കും ഇതെങ്ങനെ പണിതെടുത്തു എന്ന സംശയം തലപൊക്കും.

tenkasi 4

കിടപ്പുമുറിയാണ് താഴത്തെ ക്യൂബിനുള്ളിൽ. പുറമേനിന്നു കാണുമ്പോഴുള്ള ചരിവൊന്നും ഉള്ളിലില്ല. സാധാരണപോലെ ഒരേ നിരപ്പിലാണ് തറയും സീലിങ്ങുമെല്ലാം. ആകെപ്പാടെ ചരിവുള്ളത് ജനലിനു മാത്രം.

രണ്ടാമത്തെ ക്യൂബിനുൾഭാഗം റിക്രിയേഷൻ ഏരിയയാണ്. അതിനാൽ തന്നെ ഉള്ളിലും സ്വൽപം നാടകീയതയൊക്കെയുണ്ട്. പുറമേനിന്നു കാണുന്ന അതേ ചരിവിൽ തന്നെയാണ് മുൻഭാഗത്തെ പുറംഭിത്തിയിൽ നിന്ന് ഒരു മീറ്റർ പിന്നിലേക്കുള്ള ഭാഗത്തെ തറയും സീലിങ്ങും. ബാക്കിഭാഗത്ത് തറയും സീലിങ്ങും സാധാരണ പോലെ തന്നെ വരുന്നു.

കാണാൻ കൗതുകമുണ്ടെങ്കിലും വീടു പണിയാൻ അത്ര എളുപ്പമായിരുന്നില്ലെന്ന് പറയുന്നു ആർക്കിടെക്ട് സുബൈർ നൈനാർ.

tenkasi 5

‘‘ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു പരീക്ഷണം. ഡിസൈൻ തയാറാക്കുന്നതിനേക്കാൾ പ്രയാസമായിരുന്നു പണിക്കാരെക്കൊണ്ട് അത് ചെയ്യിച്ചെടുക്കാൻ. കാന്റിലിവർ നിർമിക്കാൻ മുഴുവൻ സമയവും അവർക്കൊപ്പം നിന്നു.’’

30 ഡിഗ്രി ചരിവിലാണ് കിടപ്പുമുറി ഉൾപ്പെടുന്ന ക്യൂബ് നിർമിച്ചിരിക്കുന്നത്. റെക്ടിലീനിയർ ക്യൂബ് (Rectilinear cube) എന്നാണ് ഈ ആകൃതിക്ക് പറയുന്ന പേര്. ഏറെ സങ്കീർണമായ പോസ്റ്റ് ടെൻഷൻ സ്ലാബ് (Post tension slab with tendons) രീതിയിലാണ് ഇതിന്റെ കാന്റിലിവർ തയാറാക്കിയത്. കാന്റിലിവർ തന്നെ ചരിച്ചു നിർമിക്കുന്ന വിദ്യയാണിത്. ചെറിയ വിള്ളൽ കണ്ടതിനാൽ ആദ്യം തയാറാക്കിയ കാന്റിലിവർ പൊളിച്ചു കളയേണ്ടി വന്നു.

tenkasi 6

48 ഡിഗ്രിയാണ് റിക്രിയേഷൻ ഏരിയയുടെ ചരിവ്. മോർഫിലീനിയർ പ്ലെയ്ൻ (Morphy linear plane) രീതിയിലാണ് ഇതിന്റെ കാന്റിലിവർ. തറയും സീലീങ്ങും ഫ്ലാറ്റ് രീതിയിലാക്കാനും ഏറെ പണിപ്പെട്ടു. സുബൈറിന്റെ പിതാവ് എൻജിനീയറായ ജമാൽ മുഹമ്മദ് കട്ടയ്ക്കു കൂടെ നിന്നത് വലിയ സഹായമായി.

വിദേശത്താണ് വീട്ടുകാർ. ജോലി മതിയാക്കി മടങ്ങിയെത്തിയിട്ടേ വീട്ടിൽ സ്ഥിരതാമസം തുടങ്ങൂ. അതിനാൽ ഇപ്പോൾ മിനിമം സൗകര്യങ്ങൾ മാത്രം മതി എന്നായിരുന്നു വീട്ടുകാരുടെ നിർദേശം. അതനുസരിച്ച് ‘അലങ്കാരം’ എന്നു പറയാൻ പേരിനു പോലും ഒന്നുമില്ലാത്ത രീതിയിലാണ് സുബൈർ വീടൊരുക്കിയത്. പല ഘട്ടങ്ങളായി സൗകര്യങ്ങൾ ഉൾപ്പെടുത്താവുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ.

tenkasi 2

2000 ചതുരശ്രയടിയാണ് വീടിന്റെ വലുപ്പം. നാല് സെന്റിന്റെ പരിമിതികളറിയാത്ത രീതിയിലാണ് മുറികളുടെ രൂപകൽപന. വീടിനു നടുവിലുള്ള വിശാലമായ കോർട്‍യാർഡ് ആണ് ഇന്റീരിയറിന്റെ ഹൃദയം. ഒരുഭാഗം ഇവിടേക്ക് തുറക്കുന്ന രീതിയിലാണ് മൂന്ന് കിടപ്പുമുറികളും ലിവിങ്ങും. അതിനാൽ തെങ്കാശിയിലെ വരണ്ട പകലിലും വീടിനുള്ളിൽ കാറ്റും തണുപ്പുമെത്തും.

ആകൃതിയുടെ കൗതുകം കാണാനെത്തുന്നവർ ഈ തണുപ്പ് അനുഭവിച്ചറിഞ്ഞ് അതിന്റെ രഹസ്യവും മനസ്സിലാക്കിയാണ് മടങ്ങുക.

Tags:
  • Architecture