Thursday 23 May 2019 02:40 PM IST : By സ്വന്തം ലേഖകൻ

ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപം വീടു പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

veed-vas4456

വീട് പണിയുമായി ബന്ധപ്പെട്ട പൊതുവായ സംശയങ്ങൾക്ക് വാസ്തുവിദ്യാ വിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് നൽകുന്ന മറുപടികൾ...

വീട് പണിയാൻ തീരുമാനിച്ചു പ്ലാനും തയാറാക്കി കഴിഞ്ഞാണ് പലരും വാസ്തു നോക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ. എന്നാൽ, ഇത്തരം കാര്യങ്ങളിൽ അൽപം മുന്നൊരുക്കവും അറിവു സമ്പാദിക്കലും നല്ലതാണ്. അടുക്കള, ബാത്റൂം അങ്ങനെ മുറികളുടെ സ്ഥാനം സംബന്ധിച്ച മാർഗനിർദേശങ്ങൾ എങ്കിലും അറിഞ്ഞിരിക്കണം.  അപ്പോൾ പ്ലാനിൽ അധികം തിരുത്തലുകൾ ആവശ്യമായി വരില്ല.  വീട് പണിയുമായി ബന്ധപ്പെട്ട പൊതുവായ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ഇതാ.

മൂന്നര സെന്റ് സ്ഥലമാണ് വാങ്ങിയത്. ചെറിയ സ്ഥലമായതു കൊണ്ട് വാസ്തു നോക്കേണ്ടതുണ്ടോ? വാസ്തുപുരുഷ സങ്കൽപം ബാധകമാണോ?

വാസ്തുപുരുഷൻ എന്നാൽ നമ്മൾ വീടു പണിയാനുദ്ദേശിക്കുന്ന ഭൂമി എന്നു മനസ്സിലാക്കണം. ഏതു ചെറിയ വാസ്തുവിലും വാസ്തു പുരുഷനെ കണക്കാക്കണം. ഭൂമിക്ക് എന്തൊക്കെ ഗുണങ്ങളും ദോഷങ്ങളുമുണ്ടോ അതെല്ലാം എത്ര ചെറിയ വാസ്തുവിലും ഉണ്ട്. അതിനാൽ തന്നെ മൂന്ന് സെന്റ് പുരയിട ത്തിലും ഗൃഹം പണിയുമ്പോൾ വാസ്തുവിന്റെ എല്ലാ തത്വങ്ങളും പാലിക്കണം.

ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപം വീടു പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

ക്ഷേത്ര പരിസരം വീടു വയ്ക്കാൻ യോജിച്ചതല്ല എന്ന മുൻ വിധി പലർക്കുമുണ്ട്. എന്നാൽ ഇത് ശരിയല്ല. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്വഭാവം അനുസരിച്ചാണ് വീടു പണിയാമോ, അല്ലെങ്കിൽ എവിടെയാണ് ഉചിതമായ സ്ഥാനം എന്നൊക്കെ നിർണയിക്കുന്നത്.

മഹാവിഷ്ണു, വിഷ്ണു അവതാരങ്ങൾ, ദുർഗ എന്നീ ദേവതകൾ സാത്വികഗണത്തിൽ പെടും. സുബ്രഹ്മണ്യനും ഗണപതിയുമൊക്കെ സാത്വികരായാണ് കണക്കാക്കുക. സാ ത്വിക ദേവതകളുടെ വലതു മുൻപിലാണ് ഉത്തമം. ഇടത്തു പിന്നിൽ ഒട്ടും പാടില്ല. ഇടത്തു മു ൻപിലും വലത്തു പിന്നിലും മധ്യമമായിട്ട് സ്വീകരിക്കാം.

 രൗദ്രഗണത്തിൽ പെടുന്നത് ഭദ്രകാളിയും ശിവനുമാണ്. രൗദ്രദേവന്മാരുടെ സമീപം വീടു വയ്ക്കുകയാണെങ്കിൽ ദേ വതയുടെ ഇടത്തുപിന്നിലായി മാത്രമേ ഗൃഹ നിർമാണം പാ ടുള്ളൂ. വലത്തു മുൻപിൽ പാടില്ല.  

ക്ഷേത്രത്തിന്റെ സമീപത്താകുമ്പോൾ വീടിന് ക്ഷേത്രത്തേക്കാളും ഉയരം പാടില്ല. ശ്രീകോവിലിന്റെ താഴികക്കുടത്തിന്റെ ഉയരമാണ് ഇതിൽ മാനദണ്ഡം. ക്ഷേത്രം എന്നു വാസ്തുപരമായി പൊതുവേ പറഞ്ഞാലും ആരാധനാലയങ്ങളെയെല്ലാം ഒരുപോലെ കാണണം.

കല്ലിടീലിന് മുഹൂർത്തം നോക്കുമ്പോൾ എന്തൊക്കെയാണ് പരിഗണിക്കുന്നത്?

ആദ്യത്തെ കല്ല് വയ്ക്കുന്നതിനെയാണ് ഗൃഹാരംഭം എന്നു പറയുക. ഈ കർമം നല്ല ദിവസവും സമയവും നോക്കി ചെയ്യണമെന്നാണു വിശ്വാസം. ഗൃഹാനാഥന്റെ അഥവാ ഗൃഹനാഥയുടെ നക്ഷത്രത്തിന് യോജിച്ചതും അഷ്ടമരാശിക്കൂറ് ഒഴിവാക്കിയുമുള്ള മുഹൂർത്തമാണ് ഗൃഹാരംഭത്തിന് നിശ്ചയിക്കേണ്ടത്. ഈ മുഹൂർത്തം ഗൃഹനാഥന് യോജിച്ചതാണോയെന്നു നോക്കണം. വിദഗ്ധനായ ജോതിഷിയെ കണ്ട് മൂഹൂർത്തം തീരുമാനിക്കുക.

veed-vas88890

ഗൃഹത്തിൽ ശൗചാലയത്തിന്റെ സ്ഥാനം?

ശൗചാലയത്തിനു കണിശമായ സ്ഥാനം വേണമെന്നു ശാസ്ത്രം അനുശാസിക്കുന്നില്ല. എന്നു കരുതി സൗകര്യവും സ്ഥലവുമുള്ളിടത്ത് ടൊയ്‌ലെറ്റ് പണിയാമെന്നും കരുതരുത്.

വീടിന്റെ മധ്യബിന്ദുവിലൂടെ തെക്കുവടക്കും കിഴക്കുപടിഞ്ഞാറും കടന്നു പോകുന്ന രേഖകൾ വാസ്തുപുരുഷന്റെ സുഷുമ്നാനാഡിയായിട്ടാണ് കണക്കാക്കുക. മധ്യബിന്ദുവിനെ സ്പർശിച്ച് കോണോടുകോണായി കടന്നുപോകുന്ന രേഖക ളെ ധമനികളായാണ് കണക്കാക്കുക.

 ശൗചാലയത്തിന്റെ സ്ഥാനം മധ്യസൂത്രത്തിലും തെക്കു പടിഞ്ഞാറ്, വടക്കു കിഴക്കുകോണുകളിലും വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് ഉത്തമം. മധ്യത്തിൽ പണിതാൽ നാഡി മുറിയും. കോണിലായാൽ ധമനി മുറിയും.

ഗൃഹത്തിന്റെ കോണുകളിൽ ശൗചാലയം ഒഴിവാക്കണമെന്ന് പറഞ്ഞല്ലോ. അതു പോലെ ക്ലോസറ്റ് വയ്ക്കുമ്പോഴും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ക്ലോസറ്റ് വടക്കോട്ടോ തെ ക്കോട്ടോ ആയി വേണം വയ്ക്കാൻ. കിഴക്ക് പടിഞ്ഞാറ് ആയി വയ്ക്കരുത്.

വീട് പണിയുന്ന ആളുടെ നക്ഷത്രത്തിന് അനുസരിച്ചു വേണോ വീടിനു കണക്കു തയാറാക്കുന്നത്?

വീടിന്റെ നല്ല കണക്ക് എടുക്കുമ്പോൾ ഗൃഹനാഥന്റെ ജന്മനക്ഷത്രം, ജനനസമയം എന്നിവ പരിഗണിക്കേണ്ടതില്ല. കാരണം വീട് ഗൃഹനാഥനു വേണ്ടി മാത്രമുള്ളതല്ലല്ലോ. അ വിടെ താമസിക്കുന്ന എല്ലാവർക്കും, വരും തലമുറയ്ക്കും വേണ്ടിയുള്ളതല്ലേ. ഗൃഹാരംഭ സമയത്തും ഗൃഹപ്രവേശം പോലുള്ള മംഗളമുഹൂർത്തങ്ങൾക്കുമാണ് ഗൃഹനാഥന്റെ ന ക്ഷത്രം പരിഗണനാവിഷയമായി വരുന്നത്.

കട്ടിള വയ്ക്കുമ്പോൾ അടിയിൽ സ്വർണം വ യ്ക്കണമെന്ന് വാസ്തുശാസ്ത്രം അനുശാസിക്കുന്നുണ്ടോ?

കട്ടിളയുടെ അടിയില്‍ സ്വർണം വയ്ക്കുക എന്നത് തത്വത്തി ൽ ഇല്ലാത്തതാണ്. സാധാരണ ക്ഷേത്രങ്ങളിലാണ് കട്ടിളയ്ക്കടിയിൽ ഗർഭന്യാസം മുതലായതു ചെയ്യുക. അല്ലാതെ വീടുകൾക്കതു പതിവില്ല. ഗൃഹപ്രവേശത്തിനു മുൻപേ പഞ്ചശിരസ്ഥാപനത്തിന്റെ ഭാഗമായി സ്വർണം വയ്ക്കാറുണ്ട്.

വീടു പണിയാനുദ്ദേശിക്കുന്ന വസ്തു റോഡിന് അഭിമുഖമായി തെക്കോട്ടാണ്. വീടിന്റെ ദർശനം തെക്കോട്ട് പാടുണ്ടോ?

റോഡുണ്ടെങ്കിൽ എപ്പോഴും റോഡിലേക്കു തന്നെ ദർശനം വേണമെന്നു പറയാനാകില്ല. ദിക്കിനാണ് പ്രാധാന്യം നൽകേണ്ടത്. ദിക്ക് അനുകൂലമാണെങ്കിലേ റോഡായാലും പുഴയായാലും അവയ്ക്കഭിമുഖമായി വീട് പണിയാൻ കഴിയൂ. ദർശനം കണക്കാക്കേണ്ടത് ഒരു പറമ്പിന്റെ ഏതു ഭാഗത്താണ് ഗൃഹം പണിയേണ്ടത് എന്നനുസരിച്ചാണ്.

കേരളീയപാരമ്പര്യ ഗൃഹനിർമാണ ശൈലിയായ നാലുക്കെ ട്ട് സമ്പ്രദായത്തിൽ വീടിന്റെ ദർശനം കണക്കാക്കുന്നതിന് പ്രത്യേക രീതികളുണ്ട്. നാലുകെട്ടിന് നാലു ഭാഗങ്ങളുണ്ട്. കിഴക്കിനി, വടക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി. ഇവിടെ വടക്കോ ട്ട് ദർശനമായ തെക്കിനിയെന്ന സങ്കൽപത്തിലാണ് വീട് പ ണിയാൻ കഴിയുക. അതായത് പ്രധാന വാതിൽ അല്ലെങ്കിൽ മധ്യസൂത്രം ഒഴിവു വരേണ്ടത് വടക്കോട്ടാണ്. അങ്ങനെ നിർമി ക്കുന്ന ഗൃഹത്തിലേക്ക് തെക്കു നിന്ന് പ്രവേശിക്കുന്നതിൽ ശാസ്ത്രപ്രകാരം ദോഷമില്ല. അതായത് തെക്കു മുഖമായും മൂന്ന് എന്ന സംഖ്യയിൽ പെട്ട ചുറ്റളവ് കണക്കനുസരിച്ച് വടക്കോട്ടു ദർശനം എന്ന സങ്കൽപത്തിൽ ഗൃഹം രൂപകൽപന ചെയ്യാവുന്നതാണ്.

ഗെയ്റ്റ് പണിയാൻ സ്ഥാനം നോക്കണോ?

home4556

ഗെയ്റ്റ് ഇന്ന സ്ഥലത്തു വേണമെന്നും പ്രത്യേക സ്ഥാനം നിർദേശിക്കണമെന്നും ഉണ്ട്. അതിർത്തിയിൽ മതിൽ കെട്ടുമ്പോൾ ഗെയ്റ്റുകൾക്കൊക്കെ ഓരോരോ സ്ഥാനങ്ങൾ പറയുന്നുണ്ട്. ഗെയ്റ്റ് എന്നല്ല പടിപ്പുരയെന്നാണ് പറയുക എന്നു മാത്രം.

ഗൃഹത്തിന്റെ കിഴക്കുവശത്ത് ഗെയ്റ്റ് പണിയുമ്പോൾ കി ഴക്കുവശത്തുള്ള പ്ലോട്ടിന്റെ നീളത്തെ ഒൻപതായി ഭാഗിച്ച് വ ടക്കു കിഴക്കേ മൂലയിൽ നിന്ന് രണ്ടാമത്തെ പദത്തിലോ നാലാമത്തെ പദത്തിലോ ഏഴാമത്തെ പദത്തിലോ ഗെയ്റ്റിനു സ്ഥാനം നിർണയിക്കാം. ഒന്നാമത്തെ ഗെയ്റ്റ് ഏകദേശം മ ധ്യത്തിലായും അൽപം അപ്രദക്ഷിണമായും വരുന്ന സ്ഥാന ത്ത് ആകാം. അതായത് കിഴക്കു വശത്താണ് മതിലെങ്കിൽ കിഴക്കു വശത്തെ മധ്യത്തിൽ നിന്ന് കണക്കനുസരിച്ച് കുറച്ചു വടക്കോട്ടു നീങ്ങി ഗെയ്റ്റ് വയ്ക്കാം. ഇതു കൂടാതെതന്നെ ഓ രോ ദിക്കിലും രണ്ടു വീതം സ്ഥാനങ്ങൾ വേറെയുമുണ്ട്. ഈ മൂന്നു സ്ഥാനത്തിൽ ഏതായാലും വിരോധമില്ല. എന്നാൽ ഗെയ്റ്റ് മൂലയോടു ചേർന്നു വന്നാൽ ദോഷമാണ്. ആകെ നീളത്തിന്റെ പത്തിലൊന്നു മൂലയിൽ നിന്നു വിട്ടിട്ടു വേണം ഗെയ്റ്റ് പണിയാൻ.

അടുക്കളയുടെ സ്ഥാനത്തെ കുറിച്ച് പല അഭിപ്രായങ്ങളാണ് കേട്ടിട്ടുള്ളത്. വടക്ക് കിഴക്ക് ആ ണോ, തെക്ക് കിഴക്ക് ആണോ ഉത്തമം?

വടക്കുവശത്തോ കിഴക്കു വശത്തോ വരുന്ന മുറികൾ അടുക്കളയാകാം. വടക്ക് കിഴക്കും തെക്ക് കിഴക്കും ഒരുപോലെ സ്വീകാര്യമാണ്. തെക്ക് കിഴക്കു ഭാഗത്ത് അടുക്കള വരുമ്പോൾ അടുക്കളയുടെ കിഴക്കു വശത്ത് വർക്ക് ഏരിയ വരാതെ ശ്രദ്ധിക്കണം.

രണ്ടാം നില പണിയുമ്പോൾ തെക്ക് പടിഞ്ഞാറേ മൂല ടെറസ്സായി ഉപയോഗിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ?

തെക്കിനി ഗൃഹമോ, പടിഞ്ഞാറ്റിനി ഗൃഹമോ ആയി വരുമ്പോൾ രണ്ടാം നിലയിൽ ഉയർത്തേണ്ട മുറി തെക്കോ പടിഞ്ഞാറോ വരണം. രണ്ടും കൂടി ചേരുന്ന ഭാഗമായതിനാൽ തെ ക്കുപടിഞ്ഞാറേ മൂലയിൽ മുറി വേണം. അതനുസരിച്ച് അവിടം ശൂന്യമായി ഇടരുതെന്നാണ് നിർദേശിക്കുന്നത്.

വീടു പണി കഴിഞ്ഞു. പശുത്തൊഴുത്ത് കൂടി നിർമിക്കണമെന്ന് ആഗ്രഹമുണ്ട്. വടക്കു ഭാഗത്ത് തൊഴുത്തിന് സ്ഥാനമുണ്ടോ?

വടക്കു ഭാഗത്ത് തൊഴുത്തിന് സ്ഥാനമില്ല. പശു തെക്കോട്ട് തിരിഞ്ഞു നിൽക്കുന്ന രീതിയിലുള്ള നിർമാണവും നല്ലതല്ല. വീ ടിന്റെ കിഴക്കു വശത്തോ പടിഞ്ഞാറു വശത്തോ തൊഴുത്തു പണിയാം. കാള, പോത്ത് ഇവയുടെ തൊഴുത്ത് തെക്കും ആകാം.

ഗൃഹപ്രവേശത്തിനു മുൻപായി ചെയ്യേണ്ട കർമങ്ങൾ എന്തെല്ലാമാണ്?

veed-vas45

വീടുപണി കഴിഞ്ഞാൽ പാലു കാച്ചാനുള്ള സമയം നോക്കണം. ഗൃഹപ്രവേശത്തിനു മുൻപായി വാസ്തുബലി, പഞ്ചശിര സ്ഥാപനം എന്നിവ നടത്തി വീട് വാസയോഗ്യമാക്കണം. ഗൃഹപ്രവേശത്തിന്റെ തലേദിവസമാണ് വാസ്തുബലി നടത്തേണ്ടത്.

ഗൃഹവും പരിസരവും നന്നായി അലങ്കരിച്ചു ബലി പൂജ ചെയ്യണം. വാസ്തുബലി നടത്തിക്കഴിഞ്ഞാൽ പഞ്ചശിരസ്ഥാപനവും നടത്തണം. നിർമാണത്തിലും പുരയിടത്തിലും പൂർവികമായി വന്നുപോയിട്ടുള്ള പാകപ്പിഴകളുടെ പ്രായശ്ചിത്തം ആയാണ് ഈ കർമങ്ങൾ ചെയ്യുന്നത്.  

പഞ്ചശിരസ്സെന്നു പറഞ്ഞാല്‍ അഞ്ച് മൃഗശിരസ്സുകളാണ്. ഗജം, കൂർമം, വരാഹം, മഹിഷം, സിംഹം അഞ്ചു മൃഗങ്ങളുടെ തലഭാഗം മാത്രം സ്വർണത്തിലുമുണ്ടാക്കിയതാണ് പഞ്ചശിരസ്സ്. ഓരോന്നിനും അരഗ്രാം വീതം ആറേകാല്‍ ഗ്രാം സ്വർണമാ ണ് ഇതിനു വേണ്ടത്.

കന്നിമൂലയിൽ കിണർ കുഴിക്കാൻ പാടില്ല എന്നല്ലേ ശാസ്ത്രം. പുരയിടത്തിൽ അവിടെ മാത്രമേ വെള്ളമുള്ളൂ. എന്തുചെയ്യണം?

വെള്ളമുള്ളിടത്ത് സ്ഥാനമില്ലാതെ വരാം. കന്നിമൂലയിൽ വരാൻ പാടില്ലെന്നും നിയമമില്ല. ഇതിനു പരിഹാരം ഒരു ചെറു മതിൽ കെട്ടി കിണർ വേർതിരിക്കുക എന്നതാണ്. തെക്കുപടിഞ്ഞാറെ മൂലയായ കന്നിമൂലയിൽ കിണറിനു സ്ഥാനം കണക്കാക്കുമ്പോൾ ഗൃഹത്തിൽ നിന്ന് മുറ്റത്തിന്റെ വീതിയായ രണ്ടു മീറ്ററോ അതിൽകൂടുതലോ മാറി വരുന്ന വി ധമാണ് കിണറിന്റെ സ്ഥാനം ഇന്ദ്രജിത് പദം എന്നു പറയുന്ന സ്ഥാനത്ത് ക്രമീകരിക്കേണ്ടത്.

പുരയിടം നമ്മൾ അതിർത്തി കെട്ടിത്തിരിച്ച വസ്തുവാണ്. ഈ അതിർത്തിക്കുള്ളിലെ കാര്യമേ നമ്മൾ നോക്കേണ്ടതുള്ളൂ. പറഞ്ഞു വന്നതെന്തെന്നാൽ ഗൃഹം പണിയാൻ വേണ്ട സ്ഥലം കണക്കനുസരിച്ച് വേർതിരിച്ചിട്ട് അതിൽ പുര പണിയുക. കിണർ അടക്കം കെട്ടിത്തിരിച്ച സ്ഥലം മറ്റൊരു പറമ്പായാണ് കണക്കാക്കുക.

ഗൃഹപ്രവേശ ദിവസം ചെയ്യേണ്ട കർമങ്ങൾ എന്തെല്ലാമാണ്?

ഗൃഹപ്രവേശത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച് അവരുടെ അനുഗ്രഹാശിസ്സുകളോടെ വേണം താമസം തുടങ്ങാൻ. അന്നേ ദിവസം രാവിലെ ഗണപതിഹോമം നടത്തണം. ഗണപതി പ്രീതി ലഭിക്കാനാണ് ഈ ഹോമം.

ഗൃഹപ്രവേശത്തിന് അഷ്ടമംഗലത്തോടും കത്തിച്ച നിലവിളക്കോടും കൂടി ഗൃഹനാഥനും ഗൃഹനാഥയും കുടുംബാംഗ ങ്ങളോടു കൂടി വീടിന് പ്രദക്ഷണം ചെയ്ത് അകത്തേക്കു പ്രവേശിക്കാം. ആണുങ്ങൾ വലത്തു കാൽ വച്ചും പെണ്ണുങ്ങൾ ഇടതുകാൽ വച്ചും കയറണം. ഉള്ളിൽ പ്രവേശിച്ചു കഴിഞ്ഞാ ൽ ആദ്യ ചടങ്ങ് പാലു കാച്ചലാണ്. ഗണപതിഹോമത്തിന്റെ തീയ് പുതിയ അടുപ്പിലിട്ട് അതിൽനിന്നുള്ള അഗ്നി കൊണ്ടു പാലു കാച്ചണം. കാച്ചിയ പാൽ എല്ലാവർക്കും കൊടുത്ത് സന്തോഷത്തോടെ താമസം തുടങ്ങാം.