Friday 03 November 2023 12:22 PM IST : By കൃഷ്ണൻ നമ്പൂതിരിപ്പാട്

അലമാരയ്ക്കും സ്ഥാനം? വീടിനകത്ത് ചെടികൾ വയ്ക്കുന്നത് വാസ്തുപ്രകാരം ശരിയാണോ?; വാസ്തുദോഷം ഒഴിവാക്കാന്‍ അറിയേണ്ട 20 നിയമങ്ങൾ

krishnan-kanipayyur വാസ്തുശാസ്ത്ര വിദഗ്ധൻ കാണിപ്പയ്യൂർ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാട്

പണിയാൻ പോകുന്ന വീടിനും പണിത വീടിനും വാസ്തുദോഷം ഒഴിവാക്കാൻ പ്രധാനമായും അറിയേണ്ട 20 നിയമങ്ങൾ

വീടിന്റെ പ്ലാൻ വരയ്ക്കുമ്പോൾ തന്നെ ആ ർക്കിടെക്ട്സിനോടു പലരും ചോദിക്കാറുണ്ട്. ‘വാസ്തുശാസ്ത്രത്തിന്റെ പൊതുനിയമങ്ങൾ പാലിക്കുമല്ലോ അല്ലേ’ എന്ന്.

സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറയി ൽ നിന്നാണു സന്തോഷം മേൽക്കൂര കെട്ടി ഉയരുന്നത്. ജീവിതസ്വപ്നങ്ങൾ വീടായി മാറുമ്പോൾ പാളിച്ചകൾ വരാൻ പാടില്ലല്ലോ. ആ ചിന്തയാണ് വാസ്തുനിയമങ്ങൾ പാലിക്കുമല്ലോ എന്ന ചോദ്യത്തിന്റെ പൊരുൾ.

വസിക്കാനുള്ള ഇടമാണ് വാസ്തു. വാസ്തുനിയമങ്ങ ൾ ഒരേസമയം ശാസ്ത്രവും വിശ്വാസവുമാണ്. ഭൂമി തിരഞ്ഞെടുത്തുമ്പോൾ മുതൽ വീടുപണി കഴിയുന്നതുവരെ പാലിക്കേണ്ട കാര്യങ്ങൾ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. അവ കൃത്യമായി പിന്തുടരാതെയാണ് വീടു പണിതതെങ്കിൽ ചെറിയ ചില മാറ്റങ്ങളിലൂടെ വാസ്തുദോഷം പരിഹരിക്കാനുള്ള വഴികൾ നോക്കാം. അറിയാം 20 വാസ്തു നിയമങ്ങൾ.

വീട്ടിൽ ഐശ്വര്യം നിറയാൻ വാസ്തുപ്രകാരം ശ്രദ്ധിക്കേണ്ട പൊതുവായ കാര്യങ്ങൾ എന്തെല്ലാമാണ്?

വീടിന്റെ വാതിലിനു നേരെ തടസ്സമാകുന്ന തരത്തിൽ തൂണോ, ഭിത്തിയോ വരുന്നതു സൂത്രദോഷത്തിന്റെ ലക്ഷണമാണ്. സൂത്രദോഷമുള്ള വീടുകളിൽ താമസിക്കുമ്പോൾ തടസ്സങ്ങളും നാഡീരോഗപീഢകളും ദോഷഫലമായി വരുന്നു.

സ്വസ്ഥതക്കുറവ് അനുഭവപ്പെടുന്ന മുറികളുടെ ഉള്ളളവുകളിൽ ന്യൂനത ഉണ്ട് എന്നു മനസ്സിലാക്കുകയും അതു പരിഹരിക്കുകയും ചെയ്യേണ്ടതാണ്. പുതിയ വീടുകൾ നിർമിക്കുമ്പോൾ വീടിന്റെ ഭിത്തിപ്പുറം ചുറ്റളവ്, പ്രധാന മുറികളായ അടുക്കള, കിടപ്പുമുറി എന്നിവയുടെ സ്ഥാനങ്ങൾ, അളവുകൾ, ഗൃഹമധ്യസൂത്രത്തിൽ വാതിലുകളും ജനലുകളും നേർക്കുനേർ വരുന്ന രീതിയിൽ ക്രമീകരിക്കൽ എന്നിവ മേൽ പറഞ്ഞ ദോഷങ്ങളെ വാസ്തുപരമായി ഇല്ലാതാക്കും.

അടുക്കളയുടെയും വർക്ക് ഏരിയയുടെയും നിർമിതിയില്‍ വാസ്തുപരമായി ശ്രദ്ധിക്കേണ്ടത്

അടുക്കളയുടെ സ്ഥാനത്തിനും ഉള്ളളവിനും വാസ്തുശാസ്ത്രം സവിശേഷ പ്രധാന്യം നൽകുന്നുണ്ട്. ഗൃഹത്തിന്റെ വടക്കുവശത്താണ് അടുക്കള വ രുന്നതെങ്കിൽ ആ ദിശയ്ക്കനുസരിച്ചുള്ള ഉള്ളളവും കിഴക്കുവശത്താണെങ്കിൽ അതിനു യോജിച്ചതായ അളവും സ്വീകരിക്കണം.

വടക്ക്, കിഴക്ക് വശങ്ങളിൽ നിന്ന് അടുക്കളയിലേക്കു വെളിച്ചവും കാറ്റും വരുന്നതും അതു ക്രോസ് വെന്റിലേഷനായ ഒരു ജനലിലൂടെ വന്നു മറ്റൊരു ജനലിലൂടെ പോകുന്നതിനുള്ള സംവിധാനങ്ങളുണ്ടാകാനും ശ്രദ്ധിക്കണം. അടുക്കളകളിൽ കൂടുതലായി വെളിച്ചം വരുന്നതിനും കാറ്റു വന്നു കെട്ടുപോകാതിരിക്കാനും ജനൽ കുറച്ചു പൊക്കികൊടുക്കാറുണ്ട്. എൻജീനീയറിങ് വിദ്യയിൽ മാത്രമല്ല വാസ്തുശാസ്ത്രത്തിലും അതു ശരി വയ്ക്കുന്നുണ്ട്.

 അടുക്കള കാര്യങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഇടമാണു വർക്ക് ഏരിയ. അതുകൊണ്ടു തന്നെ വാസ്തുശാസ്ത്രത്തിൽ വർക് ഏരിയയ്ക്കു പ്രാധാന്യമുണ്ട്. വീടിന്റെ വടക്കുപടിഞ്ഞാറേ ഭാഗത്താണ് അടുക്കള വരുന്നതെങ്കിൽ വർക്ക് ഏരിയയ്ക്ക് അടുക്കളയുടെ പടിഞ്ഞാറ് ഭാഗത്തു സ്ഥാനം നൽകാം. വർക്ക്ഏരിയ വടക്ക് ഭാഗത്ത് വരുന്നത് നല്ലതല്ല. വീടിന്റെ തെക്ക് കിഴക്കേമൂലയ്ക്കാണ് അടുക്കളയ്ക്ക് സ്ഥാനമെങ്കിൽ കിഴക്കുവശത്തല്ല, തെക്കു വശത്തു വർക്ക് ഏരിയ  ഉത്തമമാണ്. വടക്കുകിഴക്കേ മൂലയിലാണ് വരുന്നതെങ്കിൽ വടക്കുവശത്തും കിഴക്കുവശത്തും  വർക്ക് ഏരിയ ഉത്തമമാണ്.

ധനം സൂക്ഷിക്കുന്ന അലമാരയ്ക്കു സ്ഥാനമുണ്ട്

ധനം ഐശ്വര്യമാണ്. പടിഞ്ഞാറേ ഭാഗത്തു വരുന്ന കിടപ്പുമുറികളാണ് ധനം സൂക്ഷിക്കാൻ ഉത്തമം. പടിഞ്ഞാറു വശത്തു തെക്കുപടിഞ്ഞാറോ വടക്കുപടിഞ്ഞാറോ വരുന്ന മുറികളിലെ പടിഞ്ഞാറേ ഭിത്തിയിൽ കിഴക്കോട്ടു തുറക്കാവുന്ന അലമാരയിൽ ധനം സൂക്ഷിക്കാം. ധനം സൂക്ഷിക്കുന്നതിനുള്ള അലമാരയ്ക്കാണ് ഈ സ്ഥാനം കൽപ്പിക്കേണ്ടത്. വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുന്ന അലമാരയ്ക്കു സ്ഥാനം നോക്കേണ്ടതില്ല.

അടുപ്പുകളുടെ സ്ഥാനം നോക്കണോ?

അടുക്കളയുടെ കിഴക്കു മധ്യത്തിലോ വടക്കു കിഴക്കു കോണിലോ തെക്കു കിഴക്കു കോണിലോ ആയി അടുപ്പുകൾ സ്ഥാപിക്കാം. അടുപ്പ് ഒന്നോ മൂന്നോ ആണ് പതിവെങ്കിലും എണ്ണം ഇത്ര വേണമെന്നൊരു നിഷ്കർഷ ശാസ്ത്രം നിർദേശിക്കുന്നില്ല. ഓരോരുത്തരുടെയും സൗകര്യവും ആവശ്യവുമനുസരിച്ചു ചെയ്യാവുന്നതാണ്

അരി വാർത്തിടുന്നതിനും ദിക്ക് പറയുന്നുണ്ട്. അടുപ്പിലായാലും ഗ്യാസ് സ്റ്റൗവിലായാലും കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞു നിന്നാകണം പാചകം എന്നാണു ശാസ്ത്രം പറയുന്നത്. എങ്ങോട്ടു തിരിഞ്ഞു നിന്നാണ് പാചകം ചെയ്യുന്നത് അതിനു വിപരീതദിശയിലാകുമല്ലോ അരി വാർത്ത് ഇടുന്നത്. അതനുസരിച്ച് കിഴക്കോട്ട് ആണെങ്കിൽ പടിഞ്ഞാറേക്കും വടക്കോട്ട് ആെണങ്കിൽ തെക്കു ഭാഗത്തേക്കുമാകും അരി വാർത്തിടുന്നത്.

വീടിന്റെ ദർശനം അനുസരിച്ചു കട്ടിലിന്റെ തലഭാഗം തെക്ക് എന്നുള്ളതു മാറുമോ?

വീട്, നാലു ദിശകളിൽ ഏതു ദിശയിലേക്കു മുഖമായാലും കിടപ്പുമുറികളിൽ തലവച്ചു കിടക്കേണ്ടത് കിഴക്കോട്ട് അല്ലെങ്കിൽ തെക്കോട്ടാണ്. തെക്കോട്ടു തല വച്ചു കിടന്നു രാവിലെ വലത്തോട്ടു തിരിഞ്ഞു എഴുന്നേറ്റിരുന്നാൽ നമ്മുടെ മുഖം ഊർജം തരുന്ന സൂര്യനഭിമുഖമായി വരും. മലർന്നു കിടക്കുകയാണെന്നു സങ്കൽപിച്ചാണിതു പറയുന്നത്. വടക്ക്  തലവച്ചു കിടന്നാൽ കാന്തികപ്രഭാവം ശരീരത്തെ സ്വാധീനിക്കുമെന്നും ഇടിമിന്നലേൽക്കാൻ സാധ്യതയുണ്ടെന്നും പറയുന്നു.

കിഴക്കോട്ടാ പടിഞ്ഞാറോട്ടോ മുഖമായിട്ടുള്ള വീടുകളിൽ പ്രധാന ദമ്പതികൾ ഉപയോഗിക്കേണ്ട മുറി തെക്കുപടിഞ്ഞാറേ മൂലയിലുള്ള കിടപ്പുമുറിയാണ്. ഗൃഹത്തിന്റെ നാലു കോണുകളിൽ പ്രധാന മൂന്നു കോണുകളായ തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് എന്നിവയിൽ  കിടപ്പുമുറികൾ വരാം.

bathroom.indd

ടോയ്‌ലറ്റുകൾ വീടിന്റെ മൂലകളിൽ വരുന്നതു ദോഷമാണോ?

വീടിന്റെ പുറത്തു വടക്കു പടിഞ്ഞാറു മൂലഭാഗത്തു വരുന്ന പദങ്ങളിൽ ശൗചാലയം ചെയ്യാം എ ന്നാണ് ശാസ്ത്രത്തിൽ പറയുന്നത്. അതുകൊണ്ടു തന്നെ ഗൃഹത്തിനകത്തു ടോയ്‌ലറ്റിന്റെ സ്ഥാനം വടക്കുപടിഞ്ഞാറു ഭാഗത്താണ് ഏറ്റവും നല്ലത്. തെക്കുപടിഞ്ഞാറേ മൂലയിലും വടക്കുകിഴക്കേ മൂലയിലും ടോയ്‌ലറ്റ് വരുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. വീടിന്റെ കൃത്യമായ മൂലയിൽ നീളത്തിന്റെ പത്തിലൊന്നായ ഒരു പദം ഡ്രസ്സിങ് റൂമാക്കുകയും അതിനുശേഷം ടോയ്‌ലറ്റ് കൊടുക്കുകയും ചെയ്യാവുന്നതാണ്. ടോയ്‌ലറ്റ് അഥവാ ശൗചാലയം മൂലകളിൽ വരരുതെന്നു ശാസ്ത്രത്തിൽ പറയുന്നില്ല. വേധദോഷം മൂലകളിൽ വരുന്ന കർണാകരമായ രേഖയ്ക്ക്, അതായത്, 45 ഡിഗ്രി ആംഗിളിന്റെ ഡയഗണലിനു തടസ്സം വരുന്നത് ഒഴിവാക്കിയാൽ നല്ലതാണെന്നു ശാസ്ത്രം പറയുന്നു. ക്ലോസറ്റ് വയ്ക്കുമ്പോൾ തെക്കോ, വടക്കോ അഭിമുഖമായി വരുന്നതാണ് ഉപദേശയോഗ്യമായത്.

പൂജാമുറി ഒരുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

പൂജാമുറി അഥവാ പ്രാർഥനാമുറി എന്നതു കിഴക്കുവശത്ത് പടിഞ്ഞാറു മുഖം ആയോ അല്ലെങ്കിൽ പടിഞ്ഞാറു വശത്ത് കിഴക്കു മുഖമായോ ആണ് വേണ്ടത്. ദൈവങ്ങളുടെ ഫോട്ടോ ഗൃഹത്തിനു അകത്തേക്കു മുഖമായിഇരിക്കുന്നതാണ് ഉത്തമം. കിഴക്കുവശത്തുള്ള മുറിയിലാണ് പൂജാമുറിയൊരുക്കുന്നതെങ്കിൽ ഫോട്ടോകൾ കിഴക്കേഭിത്തിയിൽ വയ്ക്കുകയും കിഴക്കോട്ടു നോക്കി പ്രാർഥിക്കുകയും ചെയ്യുന്നത് നല്ലതാണ്.

പടിഞ്ഞാറു വശത്ത് മധ്യത്തിൽ മച്ചിന്റെ സ്ഥാനത്താണ് പൂജാമുറി സ്ഥാനം സൗകര്യപ്പെടുന്നെങ്കിൽ പടിഞ്ഞാറേ ഭിത്തിയിൽ പടങ്ങൾ വയ്ക്കുകയും പടിഞ്ഞാറോട്ടു നോക്കി പ്രാ ർഥിക്കുകയും ചെയ്യുന്നതും നല്ലതാണ്. ക്രിസ്തീയ വിശ്വാസപ്രകാരം കിഴക്കോട്ടു നോക്കി പ്രാർഥിക്കുന്നതിനു പ്രാധാന്യം ഉള്ളതുകൊണ്ട് കിഴക്കേഭിത്തിയിൽ രൂപം വയ്ക്കുകയും കിഴക്കോട്ടു നോക്കി പ്രാർഥിക്കുകയും ചെയ്യുന്നത് അനുവദനീയമാണ്.

ഗോവണി, വീടിന്റെ പടവുകളുടെ എണ്ണം എന്നിവ സംബന്ധിച്ച വാസ്തുനിർദേശങ്ങൾ?

വീടിന്റെ പൂമുഖത്തേക്ക് മുറ്റത്തു നിന്നു കയറുന്ന പടവുകളുടെ എണ്ണം ഇരട്ടയായി വേണം എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. വീട്ടിലേക്കു കയറുന്ന പടികൾ തറ ഉയരത്തിന്റെ മധ്യത്തിൽ വരാതിരിക്കുന്നതിനാണ് ഇരട്ട എണ്ണമായി ചെയ്യണം എന്നു പറയുന്നത്. അതായത് രണ്ടു സ്റ്റെപ്പിനുശേഷം മൂന്നാമതു ചവിട്ടുന്നത് വീടിന്റെ ഫ്ലോർ ലെവലും അല്ലെങ്കിൽ നാലു സ്റ്റെപ്പും അഞ്ചാമത് ഫ്ലോർ ലെവലും ആയി ചെയ്യുന്നതാണ് നല്ലത്.

വീടിന്റെ തറനിരപ്പ് അഥവാ ഫ്ലോർ ലെവൽ സ്റ്റെപ്പായി കാണേണ്ടതില്ല.  ഗ്രൗണ്ടു ലെവലും സ്റ്റെപ്പായി കാണേണ്ടതില്ല. പടവുകൾ തന്നെയാണ് ഇരട്ടയായി വരേണ്ടത്. ആകെയുള്ള തറ ഉയരത്തെ മൂന്നായി ഭാഗിച്ചാൽ രണ്ടു സ്റ്റെപ്പുകളും മൂന്നാമതു ചവിട്ടുന്നതു ഫ്ലോർ ലെവലും ആയിരിക്കണം. വീടിനകത്തു രണ്ടാം നിലയിലേക്കു കയറുന്ന ഗോവണിപ്പടവുകൾ ലാൻഡിങ് അടക്കം 18 നടകളും 19–മത് ചവിട്ടുന്നത് ഗൃഹത്തിന്റെ രണ്ടാം ഫ്ലോർ ലെവലിലേക്കും എന്ന രീതി സ്വീകരിക്കുന്നതാണ് നല്ലത്.

ഗേറ്റ് എവിടെ വരണം?

പ്ലോട്ടിന്റെ ഏതു വശത്തു വഴി വന്നാലും ആ ഭാഗത്തേക്കു ഗേറ്റ് വയ്ക്കുന്നതിനു ശാസ്ത്രത്തിൽ കൃത്യമായ ഒരു രീതി പറയുന്നുണ്ട്. ഉദാഹരണമായി കിഴക്കുവശത്താണ് ഗേറ്റ് വയ്ക്കേണ്ടത് എങ്കിൽ, കിഴക്കു വശത്തു റോഡിനു ചേർന്നുള്ള ഭൂമിയുടെ നീളത്തെ ഒമ്പതായി വിഭജിക്കുക.

വടക്കു കിഴക്കേ മൂലയിൽ നിന്ന് ഒരുഭാഗം വിട്ട് രണ്ടാമത്തെപദത്തിൽ ഗേറ്റിന് സ്ഥാനം ക ൽപിക്കാം. വടക്കു കിഴക്കേ മൂലയിൽ നിന്ന് മൂന്നു ഭാഗം കഴിഞ്ഞ്‌ നാലാമത്തെ ഭാഗത്തിലും ആറു പദം കഴിഞ്ഞ് ‌ ഏഴാമത്തെ ഭാഗത്തിലും ഗേറ്റിനു സ്ഥാനം കൊടുക്കാം. ഇപ്രകാരം ഒരു വശത്തു തന്നെ മൂന്നു ഗേറ്റുകൾ വയ്ക്കുന്നതിനുള്ള സ്ഥാനങ്ങൾ പറയുന്നുണ്ട്. തെക്കുവശത്തും ഗേറ്റ് വയ്ക്കുന്നതിനു ശാസ്ത്രപ്രകാരം ദോഷമില്ല. പക്ഷേ, മൂലകളിൽ- ഗേറ്റ് വരുന്നതു ശാസ്ത്രപ്രകാരം നന്നല്ല.

vasthu6

ഫ്ലാറ്റ്, പണിതിട്ട വീട് എന്നിവ വാങ്ങുമ്പോൾ വാസ്തുവനുസരിച്ച് എന്തെല്ലാം ശ്രദ്ധിക്കണം?

ഫ്ലാറ്റ് തിരഞ്ഞെടുക്കുമ്പോൾ, അതിന്റെ പ്രധാന വാതിൽ ദിശ കൃത്യമാണോ എന്നുള്ളതാണ് പ്രധാനമായും നോക്കേണ്ടത്. ഫ്ലാറ്റിന്റെ പ്രധാനവാതിൽ മുഖമായിരിക്കുന്നത് കൃത്യമായ നാലു ദിക്കുകളിൽ ഏതെങ്കിലും ഒന്നിലേക്ക് ആകേണ്ടതാണ്. തിരഞ്ഞെടുത്ത ഫ്ലാറ്റിനെ ഒരു ചതുരം ആയി കണക്കാക്കിയാൽ അടുക്കളയുടെ സ്ഥാനം വടക്കുഭാഗത്തോ അല്ലെങ്കിൽ കിഴക്ക്ഭാഗത്തോ ആയി വരാൻ ശ്രദ്ധിക്കേണ്ടതാണ്. വടക്കോ കിഴക്കോ തിരിഞ്ഞു നിന്നു ചെയ്യുന്നവിധം ഗ്യാസ് വയ്ക്കേണ്ടതാണ്. പ്രധാന മുറികൾ ആയ അടുക്കള, കിടപ്പുമുറി എന്നിവയുടെ അളവുകളും പരിശോധിച്ചു വാസ്തുപ്രകാരം കൃത്യമാക്കാവുന്നതാണ്.

പണിതിട്ട വീട് വാങ്ങുമ്പോൾ, വീടു നിൽക്കുന്ന പ്ലോട്ടിലെ ഉയർച്ച താഴ്ചകൾ, വീടിന്റെ മുഖം, വീടിന്റെ ഭിത്തിപ്പുറം, ചുറ്റളവ്, പ്രധാന മുറികളായ അടുക്കള, കിടപ്പുമുറി എന്നിവയുടെ സ്ഥാനവും അളവുകളും രണ്ടാം നിലയിൽ വരുന്ന മുറികളുടെ സ്ഥാനം, ഗൃഹമധ്യസൂത്രം എന്നീ കാര്യങ്ങളു പരിശോധിക്കണം.

പഠനം, വ്യായാമം, യോഗ എന്നിവയ്ക്കുള്ള മുറികൾ ഏതു ദിശയിൽ വരണം?

വീടിന്റെ ആകൃതിയെ ചതുരമോ സമചതുരമോ ആയികണക്കാക്കിയാൽ വടക്കുഭാഗത്തോ അല്ലെങ്കിൽ കിഴക്കുഭാഗത്തോ വരുന്ന മുറികളിലാണ് കൂടുതലായി ഉദയസൂര്യന്റെ വെളിച്ചം കിട്ടുന്നത്.

അതുകൊണ്ടുതന്നെ പഠനം, വ്യായാമം, യോഗ, പ്രാ ർഥനാദി ചടങ്ങുകൾക്കു വടക്കോ കിഴക്കോവശങ്ങളിൽ വരുന്ന മുറികൾ ശാസ്ത്രപ്രകാരം യോഗ്യമാണ്. എല്ലാം കിടപ്പുമുറികളും പഠനമുറികളായി ഉപയോഗിക്കാമെന്നും ശാസ്ത്രം പറയുന്നു. വടക്കു പടിഞ്ഞാറേ മൂലയിലുള്ള കിടപ്പുമുറി ഫാമിലി ലിവിങ്റൂമായോ പഠനമുറിയായോ ഉപയോഗിക്കാം. നാലു കോണുകളിലായി വരുന്ന മുറികൾ വിദ്യാഭ്യാസത്തിനു നല്ലതാണ്. പഠനമുറികളായി ഉപയോഗിക്കുന്നതിനു മൂന്നു സ്ഥാനങ്ങളാണ് ഏറ്റവും ഉത്തമം.

തെക്കുകിഴക്കേ കോണിൽ വരുന്ന മുറിയിൽ വടക്കോട്ടു തിരിഞ്ഞിരുന്നും തെക്കുപടിഞ്ഞാറേ കോണിലും വടക്കുപടിഞ്ഞാറേ കോണിലും കിഴക്കോട്ടു തിരിഞ്ഞിരുന്നു പഠിക്കുന്നതും ഉത്തമമാണ്.

വീടിനകത്ത് ചെടികൾ വയ്ക്കുന്നത് വാസ്തുപ്രകാരം ശരിയാണോ?

വീടിനകത്തു ഭംഗിക്കു വേണ്ടി ചെടിച്ചട്ടികളിൽ മുള്ളില്ലാത്ത ചെടികൾ വയ്ക്കുന്നതിന് ദോഷമില്ല. എന്നാൽ അലങ്കാരത്തിനുവേണ്ടി വീടിനകത്ത് ചെടികൾ കൊടുക്കുമ്പോൾ തറയ്ക്കുള്ളിൽ തന്നെ മണ്ണ്നിറച്ച്, ഉയരത്തിൽ പോകുന്ന ചെടികൾ വയ്ക്കുന്നത് ഉത്തമമല്ല.

എടുത്തുമാറ്റാവുന്ന തരത്തിലുള്ള ചെടിച്ചട്ടികളിൽ പൂവുണ്ടാവുന്ന ചെടികളോ അലങ്കാരചെടികളോ വയ്ക്കുന്നതു കൊണ്ടു ദോഷമില്ല.

Tags:
  • Vanitha Veedu