കാറ്റാടിമരവും എവർഗ്രീൻ ഇലകളും വർണക്കടലാസുകളും ബലൂണും കൊണ്ട് പുൽക്കൂടും അലങ്കാരങ്ങളുമെല്ലാം ഒരുക്കാൻ ഉത്സാഹിച്ച് ഓടി നടന്നിരുന്ന കുട്ടിക്കാലം. വലുതായപ്പോഴും ക്രിസ്മസിനോടുള്ള പ്രിയം പ്രിയ കൈവിട്ടില്ല. ‘‘ബർത്ഡേ ആഘോഷിച്ചില്ലേലും കുഴപ്പമില്ല എനിക്ക് ക്രിസ്മസ് ആഘോഷിക്കാതിരിക്കാൻ പറ്റില്ലെന്ന് ചാക്കോച്ചൻ കളിയായി പറയാറുണ്ട്.’’ ഓരോ ക്രിസ്മസും വ്യത്യസ്തമായി ഒരുക്കുന്ന പ്രിയ ക്രിസ്മസ് വിശേഷങ്ങളിലേക്ക് കടന്നു...
‘‘വിവാഹശേഷം ചാക്കോച്ചനൊപ്പമുള്ള ഒരു ക്രിസ്മസ്കാല അമേരിക്കൻ യാത്രയിലാണ് ക്രിസ്മസ് അലങ്കാരങ്ങളുടെ മായാ ലോകം കാണുന്നത്. വീടിനു ചുറ്റുമുള്ള ഇലകളും മരക്കമ്പുകളും കൊണ്ട് ക്രിസ്മസ് അലങ്കാരങ്ങൾ ഒരുക്കിയിരുന്ന എനിക്കാ കാഴ്ചകൾ വലിയ അദ്ഭുതമായിരുന്നു. 18 വർഷം മുൻപുള്ള ആ യാത്രയിൽ ഞാൻ ആഗ്രഹിച്ചു എനിക്കും ഇതുപോലെയൊക്കെ ക്രിസ്മസ് ഒരുക്കാൻ പറ്റിയെങ്കിൽ എന്ന്!
അമേരിക്കയിലുള്ള എന്റെ കസിൻ വഴി എല്ലാ വർഷവും കുറ ച്ച് അലങ്കാരവസ്തുക്കൾ വാങ്ങാൻ തുടങ്ങി. അവർ അവിടെ കടയിൽ പോയി ഫോട്ടോ അയച്ചു തരും. അന്ന് സോഷ്യൽ മീഡിയ ഒന്നുമില്ലല്ലോ. അങ്ങനെയാണ് പലതരം ക്രിസ്മസ് തീമുകളെക്കുറിച്ചൊക്കെ മനസ്സിലാക്കുന്നത്. അതു മോൻ ഉണ്ടാവുന്നതിനു മുന്നേയുള്ള കാലമായിരുന്നു. ആ കാത്തിരിപ്പിൽ സ്വയം സ ന്തോഷം കണ്ടെത്താനുള്ള വഴി കൂടിയായിരുന്നു അത്. അതറിയാവുന്നതു കൊണ്ടു തന്നെ എന്റെ കസിൻസ് മുടക്കം വരുത്താതെ അലങ്കാരങ്ങൾ അയച്ചു തന്നു.
അങ്ങനെ ലീമാക്സ് വില്ലേജ് എന്ന പ്രശസ്ത ക്രിസ്മസ് അലങ്കാരവസ്തുക്കളുെട ശേഖരം തന്നെയുണ്ട്. വർഷങ്ങളുടെ ഈ സമ്പാദ്യം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി സ്റ്റോറേജ് ബോക്സുകളിലാക്കി അതീവ ശ്രദ്ധയോടെയാണ് സൂക്ഷിക്കുന്നത്. അധികവും ന്യൂട്രൽ നിറങ്ങളാണ് വാങ്ങുക. ഓരോ വർഷവും ക്രിസ്മസിന് ഒരു നിറമുണ്ടായിരിക്കും. ഉദാഹരണത്തിന് ഈ വ ർഷം പിങ്കാണെങ്കിൽ അവ മൂന്നാലെണ്ണം വാങ്ങി വെള്ള അലങ്കാരങ്ങളോടൊപ്പം വയ്ക്കും. അല്ലെങ്കിൽ നഷ്ടമാണ്. നിറങ്ങൾ മാറ്റിഅടിച്ച് കയ്യിലുള്ളവ പുനരുപയോഗിക്കാറുമുണ്ട്.
ഇക്കോഫ്രണ്ട‌്ലി ക്രിസ്മസ്
ഇപ്പോഴും കുട്ടിക്കാലത്തെ ക്രിസ്മസ് ഒരുക്കങ്ങൾ ആലോചിക്കുമ്പോൾ എന്തൊരു രസമാണ്. പണം മുടക്കാതെ ക്രിയാത്മകമായി നല്ല ഭംഗിയുള്ള അലങ്കാരങ്ങൾ ചെയ്യാൻ സാധിക്കും. അതു തരുന്ന സന്തോഷം വേറെ തന്നെയാണ്. പ്ലാസ്റ്റിക് ഒഴിവാക്കി കടലാസ്, ജൂട്ട്, ക്രഷ്ഡ് പേപ്പർ തുടങ്ങിയവ കൊണ്ടെല്ലാം പ്രകൃതിദത്ത അലങ്കാരങ്ങൾ ചെയ്യുന്ന ഇഷ്ടം പോലെ ആളുകളുണ്ട്. അതാണല്ലോ ഇന്നത്തെ കാലത്തിനാവശ്യം. പത്രക്കടലാസും പാഴ്മരങ്ങളും പുനരുപയോഗിച്ചും ഉണങ്ങിയ വേരുകളും വള്ളികളും കൊണ്ടുമെല്ലാം റീത്തും റെയിൻ ഡീറും മറ്റലങ്കാരങ്ങളും നല്ല ഭംഗിയായി ഒരുക്കുന്നതു കണ്ടാൽ അതിശയിച്ചു പോകും!
പുതിയ ഫ്ലാറ്റിലെ രണ്ടാമത്തെ ക്രിസ്മസ് ആണ്. കഴിഞ്ഞ വർഷം ചുവപ്പ് ഗോൾഡൻ വൈറ്റ് തീമിലായിരുന്നു അലങ്കാരങ്ങൾ. ഈ വർഷം ഇസുക്കുട്ടനായി കാൻഡി ആൻഡ് ഷുഗർ തീമിൽ ട്രീ ഒരുക്കണമെന്നു വിചാരിക്കുന്നു. കുട്ടികൾക്കായി ജിഞ്ചർ ബ്രെഡ്, നട്ട് ക്രാക്കർ, സാന്താക്ലോസ്, ഡിസ്നി വേൾഡ്, ഏഞ്ചൽ, അണ്ടർ വാട്ടർ തുടങ്ങി വ്യത്യസ്തങ്ങളായ ഒട്ടേറെ തീമിലുള്ള ട്രീകളുണ്ട്. ഡിസംബർ ഒന്നിന് ട്രീ ലൈറ്റ് ചെയ്യണമെന്നാണ്. തുമ്പ് കാണാത്ത രീതിയിൽ അത്രയും അലങ്കാരങ്ങൾ കൊണ്ടു നിറയ്ക്കണമെന്നാണ് പറയുന്നത്.
ഇവിടെ ഇസുക്കുട്ടനും ഇതൊക്കെ ഇഷ്ടമാണ്. അലങ്കാരങ്ങളൊന്നും അവൻ അലങ്കോലപ്പെടുത്താറില്ല. ’’ ഇസുവിന്റെ കളിചിരികൾക്കൊപ്പം ക്രിസ്മസിന്റെ ഒരുക്കങ്ങൾക്കായി വീണ്ടും വീടുണരുകയായി....
ചിത്രങ്ങൾ: 123 വെഡിങ് ആൽബം, കൊച്ചി