ജനിച്ച നാൾ മുതൽ മറ്റൊരു വീടിന്റെ പോകേണ്ടവൾ എന്ന ചൊല്ല് കേട്ടു വളരേണ്ടി വന്നവർ, ഒന്നുറക്കെ ചിരിച്ചാൽ ‘ശബ്ദം ഉമ്മറത്തു കേൾക്കരുത്’ എന്ന ശകാരം കേട്ടവർ, നല്ല വിദ്യാഭ്യാസം നേടിയിട്ടും നല്ല ജോലി സ്വന്തമാക്കിയിട്ടും, ‘പെണ്ണ് ജോലി ചെയ്തു കുടുംബം പുലർത്തേണ്ട അവസ്ഥയില്ല’ എന്ന് കേൾക്കേണ്ടി വന്നവർ... അടക്കവും ഓതുക്കവും പെണ്ണ് വളർത്തേണ്ട ചട്ടവും ജോലിക്ക് വിടാത്തതുമൊക്കെ പഴയ കാലത്തിന്റെയല്ലേ... ഇപ്പോൾ അതുണ്ടോ എന്ന സംശയം അർക്കെങ്കിലുമുണ്ടോ? ഒന്നാലോചിച്ചു നോക്കൂ, സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കുന്ന എത്ര സ്ത്രീകളുണ്ട് നമുക്കിടയിൽ....
ആണിനും പെണ്ണിനും തുല്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നുണ്ട് നമ്മുടെ അധികാര കേന്ദ്രങ്ങൾ. എത്ര പെൺകുട്ടികൾക്ക് അവർ ആഗ്രഹിച്ച വിഷയം പഠിക്കാൻ കഴിയുന്നുണ്ട്? ആർക്കെല്ലാം ആഗ്രഹിച്ച കരിയർ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്? നേടിയ വിദ്യാഭ്യാസത്തിന് അനുസരിച്ച് ജോലി ലഭിക്കുന്നുണ്ട്? ലഭിച്ച ജോലി വിവാഹത്തോടെ നഷ്ടപ്പെടുത്തേണ്ടി വന്നവർ, ജനിച്ച വീടും ഭർത്തൃ വീടുമല്ലാതെ സ്വന്തമെന്നു പറയാൻ ഒരു തരി മണ്ണെങ്കിലും ഭൂമിയിലുള്ളവർ... എത്ര സ്ത്രീകളുണ്ടാവും നമുക്കിടയിൽ....
സ്വാതന്ത്ര്യം സോഷ്യൽ ഹാഷ് ടാഗുകളിൽ നിറയുന്ന കാലത്ത്, ആഗ്രഹിച്ച ഇടങ്ങളിലേക്ക് ഏതു പാതിരാവിലും പോകാൻ, സ്വന്തം ഇഷ്ടങ്ങളിലേക്ക് സഞ്ചരിക്കാൻ, സമൂഹത്തിൽ നിന്ന് അർഹിക്കുന്ന ബഹുമാനം ലഭിക്കാൻ ഏതാണിനേയും പോലെ പെണ്ണിനുമുണ്ട് അവകാശം...
അതിനാദ്യം സ്വന്തം അനുഭവങ്ങളും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തുറന്നു പറയണം. സ്വന്തം അവകാശങ്ങളെപ്പറ്റി കൃത്യമായ ബോധ്യമുണ്ടാവണം... അത്തരമൊരു തുറന്നു പറച്ചിലിനു തുടക്കമാവട്ടെ ഈ വനിതാദിനം.

ഈ വനിത ദിനത്തിൽ ‘വനിത’യിലൂടെ ഉയർന്നു കേൾക്കട്ടെ നിങ്ങളുടെ ശബ്ദം...